മിക്ക മലയാളികളും ഇതുപോലെ ഒരു വീട് ഇഷ്ടപ്പെടുന്നു; കാരണം...

പത്തനംതിട്ട റാന്നിയിൽ 40 സെന്റിൽ 3800 ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്.

മിക്ക മലയാളികളും വീട് പണിയാൻ നേരത്ത് പറയുന്ന ആഗ്രഹങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. നന്നായി കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഒരു വീട്. പ്രവാസിയായ സുരേഷിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങളും വ്യത്യസ്തമായിരുന്നില്ല. ഇതിനനുസൃതമായാണ് ശിൽപി ആർക്കിടെക്ട്സിലെ ആർക്കിടെക്ട് സെബാസ്റ്റ്യൻ ജോസ് ഈ വീട് നിർമിച്ചു നൽകിയത്. പത്തനംതിട്ട റാന്നിയിൽ 40 സെന്റിൽ 3800 ചതുരശ്രയടിയിലാണ് വീട് നിർമിച്ചിരിക്കുന്നത്.

പരമ്പരാഗത, സമകാലിക ശൈലികളുടെ മിശ്രണമായാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. റോഡ് നിരപ്പിൽ നിന്നും നന്നേ ഉയർന്നു നിൽക്കുന്ന പ്ലോട്ടാണിവിടം. പ്രധാന ഗെയ്റ്റ് കൂടാതെ വീട്ടിലേക്കെത്താൻ പടികളും നൽകിയിട്ടുണ്ട്. പടികളുടെ താഴെ നിന്ന് നോക്കുമ്പോൾ പച്ചപ്പിനിടയിൽ മറഞ്ഞിരിക്കുന്ന വീടിന്റെ കാഴ്ച മനോഹരമാണ്.

സ്ലോപ് റൂഫും ഫ്ലാറ്റ് റൂഫും എലിവേഷനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മുൻവശത്തെ ഫ്ലാറ്റ് റൂഫ് ഇട്ട ഭിത്തിയിൽ ക്ലാഡിങ് ടൈലുകൾ വിരിച്ചിട്ടുണ്ട്. പോർച്ചും സിറ്റ്ഔട്ടും കടന്നാണ് അകത്തേക്ക് കയറുന്നത്. സെമി ഓപ്പൺ ശൈലിയിൽ ഒരുക്കിയ അകത്തളങ്ങളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ഇളംനിറങ്ങളാണ് അകത്തളത്തിലും നിറയുന്നത്. ചില ഭിത്തികളിൽ ക്രീം നിറത്തിൽ ഹൈലൈറ്റർ ടെക്സ്ചർ പെയിന്റ് നൽകി.

ഫർണിച്ചറുകൾ കുറച്ചെണ്ണം വാങ്ങി. ബാക്കി ഇന്റീരിയർ തീം അനുസരിച്ച് ഡിസൈൻ ചെയ്തു. വിട്രിഫൈഡ് ടൈലുകളാണ് പ്രധാന ഇടങ്ങൾ നിറയുന്നത്. വേർതിരിവ് നൽകാൻ വുഡൻ ലാമിനേറ്റ് ടൈലുകളും നൽകിയിട്ടുണ്ട്. ഊണുമേശയുടെ ഡിസൈൻ ശ്രദ്ധേയമാണ്. മേശയുടെ ഒരു വശത്തു കസേരകളും മറുവശത്തു ബെഞ്ചുമാണ് നൽകിയത്. സമീപം സ്വകാര്യത നൽകി വാഷ് ഏരിയ ക്രമീകരിച്ചു.

തടിയും ടഫൻഡ് ഗ്ലാസും കൊണ്ടാണ് ഗോവണിയും കൈവരികളും. ഇതിനു സമീപം ഫാമിലി ലിവിങ് നൽകി. ഇവിടെ ഡബിൾ ഹൈറ്റിലാണ് സീലിങ്. സമീപം പുറത്തേക്കിറങ്ങാൻ ഗ്ലാസ് ഡോറും നൽകി. പാഷ്യോയിലേക്കുള്ള എൻട്രിക്ക് സമീപം പൂജ സ്‌പേസ് നൽകി.

കോർട്യാർഡാണ്‌ മറ്റൊരു ആകർഷണം. ഇവിടെ വുഡൻ ഡെക്കും പെബിളും ചെടികളും നൽകി അലങ്കരിച്ചു. മുകളിൽ ഡബിൾ ഹൈറ്റിൽ സ്‌കൈലൈറ്റ് നൽകി. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തേക്ക് എത്തുന്നു. ചെറിയ പനകൾ വീടിനുള്ളിലും പച്ചപ്പ് നിറയ്ക്കുന്നു.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും നൽകിയിട്ടുണ്ട്. വൈറ്റ് തീമിലാണ് അടുക്കള. വൈറ്റ് ലാക്കർ ഗ്ലാസാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു.

ചുരുക്കത്തിൽ വീട്ടുകാരുടെ ആഗ്രഹം പോലെ തന്നെ അകത്തും പുറത്തും പച്ചപ്പ് നിറയുന്ന വീട് സഫലമായി.

Project Facts

Location- Ranni, Pathanamthitta

Area- 3800 SFT

Plot- 40 cents

Owner- Suresh

Architect- Sebastian Jose

Silpi Architects, Thevara, Kochi

e: mail@silpiarchitects.com

Ph- +91-484-2663448 / 2664748