Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കുകൾക്ക് അതീതമാണ് ഞങ്ങളുടെ സന്തോഷം, അത് അനുഭവിച്ചറിയണം

green-home-edappally

എന്റെ പേര് സെയിൻ പോൾ. അഡ്വക്കേറ്റാണ്. കൊച്ചി ഇടപ്പിള്ളിയിൽ വീട് പണിയുമ്പോൾ പ്രധാനമായും ഒരു ആഗ്രഹമാണുണ്ടായിരുന്നത്. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞു മാറി ധാരാളം മരങ്ങൾ കുടവിരിക്കുന്ന പ്ലോട്ടാണുള്ളത്. അവിടെ ഉയരുന്ന വീടും ചുറ്റുപാടുമായി ഇഴുകിച്ചേരുന്നതാകണം. എന്നാൽ പുതിയ കാലത്തിന്റെ സൗകര്യങ്ങളും ഉണ്ടാകണം. 

ഞങ്ങളുടെ ആഗ്രഹം ആർക്കിടെക്ട് റൂബൻസ് പോളിനെ അറിയിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഉപരിയായി അദ്ദേഹം വീട് പണിതുതന്നു. 11 സെന്റിൽ 2850 ചതുരശ്രയടിയാണ് വിസ്തീർണം. പ്ലോട്ടിലുള്ള മരങ്ങൾ കഴിവതും സംരക്ഷിച്ചു കൊണ്ടുവേണം വീട് പണിയാൻ എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് വീടിന്റെ പുറംകാഴ്ചയ്ക്ക് അധികം പ്രാധാന്യം കൊടുത്തിട്ടില്ല.

green-home-edappilly-elevation

ചുറ്റുമുള്ള ഹരിതാഭയുമായി യോജിച്ചു പോകുന്ന വിധമാണ് എലിവേഷൻ. ഇളം പച്ച നിറം പുറംഭിത്തികളിൽ നൽകിയതും അതിനുവേണ്ടിയാണ്. ഫ്ലാറ്റും സ്ലോപ്പും ഇടകലർത്തിയാണ് റൂഫിങ് ചെയ്തത്. അത്യാവശ്യം സീലിംഗ് ഹൈറ്റ് നൽകിയാണ് മേൽക്കൂര എന്നതിനാൽ അകത്തു കൂടുതൽ വിശാലത തോന്നിക്കുന്നു, വെന്റിലേഷൻ സുഗമമാകുന്നു.

green-home-vertical-garden

മുറ്റത്തു മഴവെള്ളം കിനിഞ്ഞിറങ്ങും വിധം കരിങ്കല്ലിന്റെ സ്ലാബുകൾ പാകി, പുൽത്തകിടിയും നട്ടുപിടിപ്പിച്ചു. ഗാർഡനിങ് ഞങ്ങൾക്ക് താൽപര്യമുള്ള മേഖലയാണ്. വീടിനുള്ളിലും ചില ചെപ്പടിവിദ്യകളിലൂടെ പച്ചപ്പ് നിറയ്ക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. എം എസ് ഫ്രയിമിൽ ചണച്ചാക്കുകൾ നിരത്തിയാണ് ഓർക്കിഡ് ഗാർഡൻ ഒരുക്കിയിരിക്കുന്നത്. 

green-home-activity-area

പോർച്ച്, സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, അഞ്ച് കിടപ്പുമുറികൾ, ലൈബ്രറി കം സ്റ്റഡി ഏരിയ, പൂൾ, റിക്രിയേഷൻ ഏരിയ എന്നിവയാണ് വീട്ടിലുള്ളത്. ഫർണിഷിങ്ങിന് കൂടുതലും തേക്കാണ് ഉപയോഗിച്ചത്.

green-home-drawing

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഒരുക്കിയ ഊണുമേശയുടെ വശത്തെ ഭിത്തി മുഴുവൻ ഗ്ലാസ് പാനലിങ് ചെയ്തതും ഇതിനുവേണ്ടിയാണ്. റോളർ ബ്ലൈൻഡുകൾ ഉയർത്തിയാൽ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ഭക്ഷണം കഴിക്കാം.

green-home-dining

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. മുറികളിൽ നിന്നും പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് ജാലകങ്ങൾ തുറക്കുന്നുണ്ട്.

green-home-bed

തേക്കും പ്ലൈവുഡും ഉപയോഗിച്ചാണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ നാനോവൈറ്റ് ഉപയോഗിച്ചു. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. മാറ്റ് ഫിനിഷ്, വുഡൻ ഫിനിഷ്, ടെറാക്കോട്ട ടൈലുകൾ പല ഇടങ്ങളിലായി ക്രമീകരിച്ചു. 

green-home-kitchen

വീട്ടിൽ ഏറ്റവും സർഗാത്മകമായി ഒരുക്കിയിരിക്കുന്ന ഇടം അപ്പർ സ്‌പേസായിരിക്കും. ഗോവണി കയറി ചെല്ലുന്നത് വിശാലമായ അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെ സിറ്റിംഗ് സ്‌പേസും ടിവി ഏരിയയും, മ്യൂസിക് റൂമും, ലൈബ്രറിയും ഒരുക്കി.

green-home-living

ടെറസിലെ സ്‌പേസിനെ വേണ്ടവിധം ഉപയോഗിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഓപ്പൺ റൂഫ് സ്‌പേസിന് പുറമെ ആമ്പൽക്കുളം, വെർട്ടിക്കൽ ഗാർഡൻ, കുട്ടികൾക്ക് ചിത്രം വരയ്ക്കാനുള്ള ആക്ടിവിറ്റി ഏരിയ എന്നിവയും ഇവിടെ ഒരുക്കി. 

green-home-terrace-pool

ഒരുപക്ഷേ മറ്റുവീടുകളിൽനിന്നും എന്റെ വീടിനെ വ്യത്യസ്തമാക്കുന്നത് ഫർണിഷിങ്ങിനായി കൃത്രിമ ഉപാധികളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതാണ്. പകരം ചെടികളാണ് അലങ്കാര വസ്തുവായി ഉപയോഗിച്ചിരിക്കുന്നത്. തൂക്കുചട്ടികളിലും വെർട്ടിക്കൽ സ്റ്റാൻഡുകളിലും വീടിന്റെ കോർണറുകളിലുമൊക്കെ ചെടികൾ കാണാം.

green-home-vertical-garden

ചുരുക്കത്തിൽ എവിടെ പോയാലും തിരികെ വീടിന്റെ കുളിർമയിലേക്കും സ്വച്ഛതയിലേക്കും എത്തിച്ചേരുമ്പോൾ കിട്ടുന്ന സന്തോഷവും സമാധാനവും ഒന്നുവേറെതന്നെയാണ്. അതാണ് ഞങ്ങളിപ്പോൾ ആസ്വദിക്കുന്നത്. അത് വാക്കുകൾക്ക് അതീതമാണ്...ആസ്വദിച്ചു തന്നെ മനസിലാക്കണം...

green-home-upper
green-home-pool

Project Facts

Location- Edappalli, Ernakulam

Area- 2850 SFT

Plot- 11 cent

Owner- Sain Paul

Architect- Rubense Paul

Thaksha architects, muvattupuzha

Mob- 9745695978