വീടും പ്രകൃതിയുമായുളള ബന്ധത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നവരല്ല പുതിയതായി വീടുപണിയുന്നവർ. വീടിന്റെ ഡിസൈനോടു ചേരുന്ന വിധത്തിൽ ലാൻഡ്സ്കേപ് ഒരുക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തടി, ഒാട്, ചരിഞ്ഞ മേല്‍ക്കൂര.. ഇതു മൂന്നും സംഗമിക്കുന്നതിന്റെ ഭംഗിയാണ് പൊന്നാനിയിൽ വെള്ളിങ്കോട്ടുളള നാസറിന്റെ വീടിനെ വ്യത്യസ്തമാക്കുന്നത്. പ്ലോട്ടിന്റെ വീതി പൂർണമായി പ്രയോജനപ്പെടുത്തിയെന്നത് എടുത്തുപറയേണ്ട കാര്യമാണ്. അഞ്ച് ഏക്കറിലാണ് ഈ വീടിരിക്കുന്നത്.
മേൽക്കൂരയിൽ രണ്ടുതട്ടായി ഒാട് വിരിച്ചത് വീടിന്റെ എക്സ്റ്റീരിയറിന്റെ ഭംഗിക്കു മാറ്റുകൂട്ടുന്നു. ചൈനീസ് ഒാടാണ് മേൽക്കൂരയിൽ വിരിച്ചിരിക്കുന്നത്. തൂണുകളുടെ അഴകുകൂട്ടാൻ സാൻഡ്സ്റ്റോൺ പതിച്ചു. തൂവാനവും മറ്റ് അലങ്കാരങ്ങളുമെല്ലാം തേക്കിൻതടികൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
Sitout
അൽപം വ്യത്യസ്തമായാണ് ഇവിടത്തെ സിറ്റ്ഒൗട്ട് ക്രമീകരിച്ചത്. നീളൻ വരാന്തയ്ക്കൊടുവിൽ വീടിന്റെ പ്രധാന ഘടനയിൽനിന്ന് അല്പം നീങ്ങിയാണ് സിറ്റ്ഒൗട്ട്. ചെറിയൊരു ഇടനാഴിയുപയോഗിച്ച് സിറ്റ്ഒൗട്ടിനെയും വരാന്തയെയും ചേർത്തുവച്ചിരിക്കുന്നു. സിറ്റ്ഔട്ടിൽ ഇരിക്കുന്നവരുടെയും വീടിനുളളിലുളളവരുടെയും സ്വകാര്യത ഒരുപോലെ സംരക്ഷിക്കാമെന്നതാണ് ഗുണം.
Majilis
ഫോർമൽ ലിവിങ് റൂം അല്ലെങ്കിൽ മജ്‍ലിസ് ആഡംബരത്തിന്റെ മറ്റൊരു വാക്കാണ്. രാജകീയത വിളിച്ചോതുന്ന ഇരിപ്പിടങ്ങളും ഷാന്‍ഡ്‍ലിയറും പരവതാനിയുമെല്ലാം അറേബ്യൻ ആർക്കിടെക്ചറിനെ ഒാർമിപ്പിക്കുന്നു. ഇതോടു യോജിക്കുന്ന വിധത്തിൽ ആലങ്കാരികമായാണ് സീലിങ്ങിന്റെ ഡിസൈനും.
Living Room
മജ്‍ലിസ് കൂടാതെ മറ്റൊരു ഫോർമൽ ലിവിങ് റൂമും ഈ വീട്ടിൽ നിർമിച്ചിട്ടുണ്ട്. തുറന്ന ഒരു ഹാളിന്റെ ഭാഗമാണ് ഈ സ്വീകരണമുറി. ഈ സ്വീകരണമുറിയുടെ ഭാഗമായും ഇതിനും ഊണുമുറിക്കും ഇടയിലും ഒരോ കോർട്‍യാർഡുകളുണ്ട്. ലിവിങ്ങിലെ കോർട്‍യാർഡ് തുറന്നതാണെങ്കില്‍ സ്വീകരണമുറിക്കും ഊണുമുറിക്കും ഇടയിലുളളത് മുകളിലേക്കു തുറന്നതും ചുറ്റും ഗ്ലാസ് ഇട്ടതുമാണ്. ഇറ്റാലിയൻ മാർബിൾ ആണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. സ്വീകരണമുറിയിലെ കോർട്‍യാർഡിനോടു ചേർന്ന നീളത്തിൽ ഒരു ഭാഗം മാത്രം വുഡൻ ഫ്ലോറിങ്ങാണ്.
Dining Area
വീടിന്റെ മറ്റു ഭാഗങ്ങളോടു കിടപിടിക്കുന്ന വിധത്തിലാണ് ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നത്. ലക്ഷ്വറിയാണ് ഡൈനിങ്ങിന്റെയും പൊതു സ്വഭാവം. ഇറക്കുമതി ചെയ്ത 12 സീറ്റർ ഊണുമേശ മാത്രം മതി ഡൈനിങ്ങിനെ രാജാവാക്കാന്‍. അടുക്കള, വർക്കിങ് കിച്ചൻ, സ്റ്റോർ എന്നിവിടങ്ങളിലേക്കെല്ലാമുളള വാതിൽ ഡൈനിങ്ങിൽനിന്നാണ്. ഡൈനിങ്ങിൽനിന്ന് പുറത്തെ പാഷ്യോയിലേക്കും വാതിലുണ്ട്.
Bathrooms
എല്ലാ കിടപ്പുമുറികളും ബാത്റൂം അറ്റാച്ഡ് ആണ്. കിടപ്പുമുറിയിൽനിന്ന് ഡ്രസ്സിങ് റൂമിലേക്ക്, അവിടെനിന്ന് ബാത്റൂമിലേക്ക് എന്നിങ്ങനെയാണ് വഴി. താഴത്തെ നിലയിലെ എല്ലാ ബാത്റൂമുകളോടും ചേർന്ന് ചെറിയ കോർട്‍യാർഡുകളുണ്ട്. മജ്‍ലിസിനോടു ചേർന്നും വാഷ്ഏരിയയും ടോയ്‍ലറ്റും ക്രമീകരിച്ചിട്ടുണ്ട്. മുകളിലെ നിലയിൽ ജിമ്മിനോടു ചേർന്നും ഒരു ബാത്റൂം ഉണ്ട്.
Bedrooms
രണ്ട് മെയ്ഡ്സ് റൂം ഉൾപ്പെടെ എട്ട് കിടപ്പുമുറികളാണ് ഈ വീട്ടിലുളളത്. എല്ലാം വിശാലമായ കിടപ്പുമുറികൾ. താഴത്തെ ഒരു കിടപ്പുമുറിയിലും മുകളിലെ ഒരു കിടപ്പുമുറിയിലും സിറ്റിങ് ഏരിയയുണ്ട്. സിറ്റിങ് ഏരിയയുണ്ടെങ്കിലും ഇല്ലെങ്കിലും പച്ചപ്പുനിറഞ്ഞ പൂന്തോട്ടത്തിലേക്കാണ് എല്ലാ കിടപ്പുമുറികളുടെയും ജനാലകൾ തുറക്കുന്നത്. നടുവിൽ, ഉറപ്പിച്ച ഗ്ലാസും ഇരുവശങ്ങളിലും തുറക്കാവുന്ന ജനലുകളുമാണ് എല്ലാ മുറികളിലും. വെളിച്ചവും കാഴ്ചകളും കൊണ്ട് മുറി നിറയ്ക്കാൻ ഇതു സഹായിക്കുന്നു.
Family Living Area
പബ്ലിക് – പ്രൈവറ്റ് ഏരിയകൾ രണ്ടാക്കിത്തിരിച്ചാണ് വീടിന്റെ പ്ലാൻ തയാറാക്കിയിരിക്കുന്നത്. വീട്ടുകാരുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധത്തിൽ ഫാമിലി ലിവിങ് റൂമും കിടപ്പുമുറികളുമെല്ലാം വീടിന്റെ പിറകുവശത്ത് ക്രമീകരിച്ചിരിക്കുന്നു. തുറക്കാവുന്ന ഗ്ലാസ് ഭിത്തികളാണ് ഫാമിലി ലിവിങ് റൂമിന്റേത്. ഫാമിലി ലിവിങ് റൂമിൽനിന്ന് ഒരു ഇടനാഴിവഴി കിടപ്പുമുറികളിലെത്താം.
Game Zone
ഔട്ട്ഡോർ ആക്ടിവിറ്റീസിനും ഗെയിംസിനും വർക്ഔട്ടിനുമായി ഒരുപാട് സ്ഥലങ്ങൾ ഈ വീട്ടിൽ മാറ്റിവച്ചിട്ടുണ്ട്. ഫാമിലി ലിവിങ്ങിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ ബാഡ്മിന്റൻ കോർട്ടും സ്വിമ്മിങ് പൂളുമെല്ലാം ഉപയോഗിക്കാം. ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകി മുകളിൽ ഒരു ജിം ക്രമീകരിച്ചിരിക്കുന്നു.
വായുസഞ്ചാരത്തിനും വെളിച്ചത്തിനും വളരെയധികം പ്രാധാന്യം നൽകിയാണ് ഈ വീടിന്റെ പ്ലാൻ തയാറാക്കിയിരിക്കുന്നത്.
Project Facts
Area: 12000 sqft
Architect: ഷാഹിദ് നാസർ
പേപ്പർഷാഡോ ആർക്കിടെക്ട്സ്
തൃശൂർ
shahidnassar@gmail.com
Location: വെള്ളിയങ്കോട്, പൊന്നാനി
Year of completion: ജനുവരി, 2018