26 ലക്ഷത്തിന് കോൺക്രീറ്റില്ലാത്ത വീട് പണിയാം!

ഫൊട്ടോഗ്രഫറായ ഷിജു തന്റെ പ്രകൃതി സ്നേഹം കാണിച്ചത് വേറിട്ട നിർമാണരീതിയിലുള്ള വീടിലൂടെ.

ഇരുട്ടിക്കടുത്ത് വള്ളിത്തോട്ടിൽ 12 സെന്റ് സ്ഥലം വാങ്ങി വീടു പണിയുമ്പോൾ ഷിജുവിന് കൃത്യമായ ധാരണകളുണ്ടായിരുന്നു. പ്രകൃതിസ്നേഹം വാക്കുകളിൽ മാത്രം പോരാ, പ്രവൃത്തിയിലും കാണണം. 

ദേവിക ഫൊട്ടോഗ്രഫി സ്റ്റുഡിയോ നടത്തുന്ന ഷിജുവിന്റെ ആത്മവിശ്വാസം താൻ ഒരു കലാകാരനും പ്രകൃതിസ്നേഹിയും ആണെന്നതായിരുന്നു. “പ്ലാൻ വരയ്ക്കാൻ തുടങ്ങിയപ്പോഴാണ് കണക്കുകളെപ്പറ്റി വലിയ ധാരണയില്ല എന്ന കാര്യം മനസ്സിലായത്.” ഷിജു പറയുന്നു. സ്റ്റുഡിയോയിലെ ടൈലിന്റെയും മുറിയുടെയും അളവുകൾ പാദങ്ങള്‍ കൊണ്ട് അളന്ന് പഠിച്ച് ആ കടമ്പ ഷിജു മറികടന്നു.

സ്വന്തമായി വരച്ച പ്ലാൻ വാസ്തു പരിശോധിക്കാന്‍ ആശാരിയുടെ അടുത്തെത്തിച്ചപ്പോൾ വലിയ മാറ്റങ്ങളൊന്നും വേണ്ടിവന്നില്ല എന്നത് ഷിജുവിന്റെ ആത്മവിശ്വാസം കൂട്ടി. സുഹൃത്തായ എൻജിനീയറുടെ സഹായത്തോടെ നിർമാണ അനുവാദം വാങ്ങി ഷിജു ദേവിക സ്വന്തം മനസ്സിലെ ആശയങ്ങള്‍ പ്രാവർത്തികമാക്കിയ കഥയാണ് ഇനി.

പടിഞ്ഞാറ് ദർശനമായുള്ള വീടിന്റെ വിസ്തീർണം 2200 സ്ക്വയർഫീറ്റ്. നാലുവരി കട്ടകള്‍ കെട്ടി പഴയ വീടുകളിലേതുപോലെ അൽപം ഉയർന്നു നിൽക്കുന്ന രീതിയിലാണ് തറ. കോൺക്രീറ്റില്ലാത്ത വീടു വേണമെന്നാണ് ഷിജു ആഗ്രഹിച്ചത്. അഞ്ചു നിലയുള്ള കലാപരമായ റൂഫ് ചെയ്യാൻ ഷിജു കോൺക്രീറ്റിനെ ആശ്രയിച്ചില്ല. ട്രസ് വർക്കും ആറ് എംഎം കനമുള്ള സിമന്റ് ഫൈബർ ബോർഡും പഴയ ഓടുകളുമുപയോഗിച്ച് ചെയ്ത മേൽക്കൂര കാണാനും നല്ല ചേല്! ഇതിനായി നാലായിരം പഴയ ഓട് വാങ്ങി കഴുകിയെടുത്തു.

ഇന്റർലോക്ക് ഭിത്തി

ഇന്റർലോക് കട്ടകൾ കൊണ്ട് ചുമരുകൾ കെട്ടിയതിനാൽ അകത്തും പുറത്തും തേപ്പിന്റെ ആവശ്യം വേണ്ടിവന്നില്ല. അകത്തെ ഭിത്തികൾ പോയിന്റ് ചെയ്ത് പുട്ടിയിട്ട് പെയിന്റടിച്ചപ്പോൾ പുറംഭിത്തികൾ വാർണിഷ് മാത്രം ചെയ്തു.

മൂന്നു നിര സിമന്റ് കട്ട പണിത് അതിനു മുകളിൽ സ്ക്വയർ പൈപ്പ് ഇട്ടാണ് മതിൽ നിർമാണം. അതിനോടു ചേരുന്ന ഡിസൈനിലാണ് ഗെയ്റ്റും. രണ്ടുനിര മേൽക്കൂരയുള്ള പടിപ്പുര ഇതൊരു ആർട്ടിസ്റ്റിന്റെ വീടാണെന്ന് അടിവരയിടുന്നു. പടിപ്പുര കടന്നാൽ സോപാനപ്പടികളും തുളസിത്തറയുമെല്ലാം ഐശ്വര്യത്തോടെ സ്വാഗതം പറയും. വീടിനു മൂന്നു ചുറ്റുമായി വരാന്തയും കൂടിയാകുമ്പോൾ മനസ്സിനും കുളിർമ ലഭിക്കുന്നു. ആകെ പത്തു തൂണുകളോളം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

കുളിർമയുള്ള അകത്തളം

പൊതുവേ കുറച്ച് ഉയർന്ന പ്രദേശമായതിനാൽ പ്രകൃതി തരുന്നൊരു കുളിരുണ്ട് ഇവിടെ. അകത്തേക്ക് പ്രവേശിക്കുമ്പോഴും അതിനൊരു കുറവും ഇല്ല എന്നത് പ്രത്യേകം ശ്രദ്ധേയം. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും ഒരൊറ്റ ഫാൻ പോലും ഈ വീടിനകത്തില്ലെന്ന്.

ഇന്റർലോക്ക് ഇഷ്ടിക കൊണ്ടാണ് ഭിത്തികൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് അകത്തോ പുറത്തോ തേപ്പിന്റെ ആവശ്യം വേണ്ടിവന്നില്ല. അകത്തെ ഭിത്തികൾ പോയിന്റ് ചെയ്ത് പുട്ടിയിട്ട് പെയിന്റടിച്ചപ്പോൾ പുറംഭിത്തികൾ വാർണിഷ് മാത്രം ചെയ്തു. പ്രധാന വാതിലിനും ഇരുവശങ്ങളിലുമുള്ള ജനലുകൾക്കും മാത്രമേ തടിപ്പണിയെ ആശ്രയിച്ചുള്ളൂ. ഇതിന് ആഞ്ഞിലിയും പ്ലാവും ഉപയോഗിച്ചു. അകത്ത് റെഡിമെയ്ഡ് വാതിലുകളും സിമന്റ് ജനലുകളും ചെലവു കുറയ്ക്കാൻ സഹായിച്ചു.

ഹാളിന്റെ ഒരു വശത്തായി കോർട്‌യാര്‍ഡും മീനുകൾ തത്തിക്കളിക്കുന്ന വാട്ടർബോഡിയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു സമീപത്തുള്ള പൂജാമുറിയിലേക്ക് കടക്കാൻ കല്ലു പാകിയ പാതയുമുണ്ട്.

ഡബിൾഹൈറ്റിലുള്ള മധ്യഭാഗത്തുനിന്നാണ് ഗോവണി. ട്രസ് വർക്ക് ചെയ്ത് അതിൽ മറൈൻ പ്ലൈ അടിച്ചാണ് ഗോവണി ഒരുക്കിയിരിക്കുന്നത്. അതിന്മേൽ ചുവന്ന കാർപറ്റ് വിരിക്കുകയും ചെയ്തപ്പോൾ ഗോവണിക്ക് അത്യാവശ്യം ഗമയായി. ആർട്ടിസ്റ്റിന്റെ ഭാവനയിൽ വിരിഞ്ഞ കൈവരിക്ക് രൂപം നൽകിയത് സ്ക്വയർ പൈപ്പുകൾ ഉപയോഗിച്ചാണ്. ഇതിന്മേൽ അഴകു കൂട്ടാനെന്നോണം ചില ചങ്ങല പ്രയോഗങ്ങളുമുണ്ട്. റെഡിമെയ്ഡ് പില്ലറുകളാണ് വീടിനകത്ത് ഉപയോഗിച്ചിരിക്കുന്നത്.

മുകളിൽ 320 സ്ക്വയർഫീറ്റിലുള്ള ഹാളിന് വിവിധ റോളുകൾ കൈകാര്യം ചെയ്യാനാവും. ഷിജുവിന്റെ ഫൊട്ടോഗ്രഫി സ്റ്റുഡിയോ ആയും കിടപ്പുമുറിയായും രണ്ട് ഉപയോഗം കണ്ടെത്തിയിരിക്കുന്നു ഷിജുവും കുടുംബവും.

അടുക്കളയിലെ കാബിനറ്റുകൾക്ക് സിമന്റ് ഫൈബർ ബോർഡും ബെഡ്റൂമുകളിൽ വാഡ്രോബിന് അലുമിനിയം ഫാബ്രിക്കേഷനും ഉപയോഗപ്പെടുത്തി. ഭിത്തികളിലും മറ്റും റെഡിമെയ്ഡ് നീഷുകൾ വച്ച് മോടി കൂട്ടി.

കോൺക്രീറ്റ് ഉപയോഗിക്കാതെ വീട് വയ്ക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് അത്ഭുതം കൂറിയവരും ഭ്രാന്തൻ ആശയമെന്ന് പറഞ്ഞ് പരിഹസിച്ചവരും കുറവല്ല. എന്തായാലും തീരുമാനത്തിൽ നിന്ന് കടുകിട മാറാത്തതാണ് ഷിജുവിന്റെ സ്വപ്നക്കൂടിന് കിട്ടിയ അംഗീകാരം. ഇന്ന് ഈ വീട് എല്ലാവർക്കും ഒരു അദ്ഭുതമായി മാറിയിരിക്കുന്നു.

പ്ലാൻ വരയ്ക്കുന്നതിൽ തുടങ്ങി അവസാനഘട്ടമായ ഇന്റീരിയർ ചെയ്തതിൽ വരെ ഗൃഹനാഥന്റെ പങ്ക് വളരെ വലുതാണ്. പ്രകൃതിക്ക് ദോഷം ചെയ്യുന്ന ഒരു ഘടകവും വീടിന് ഉണ്ടാവരുത് എന്നതിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഓരോ കെട്ടിടം പൊളിക്കുമ്പോഴും ഉണ്ടാവുന്ന മാലിന്യക്കൂമ്പാരം നിർമാർജനം ചെയ്യാൻ പെടുന്ന പാട് ഇത്തരത്തിലൊരു ചിന്തയ്ക്ക് ഊര്‍ജമായി.

പുറം കാഴ്ചയിൽ അഞ്ച് തട്ടുകളായി ക്രമീകരിച്ചിരിക്കുന്ന സ്വപ്നക്കൂട്ടിലേക്ക് കടക്കുമ്പോൾ തന്നെ ചില അദ്ഭുതങ്ങൾ അനുഭവിക്കാൻ സാധിക്കും. പുറമെ നിന്നു നോക്കിയാൽ മുകളിൽ മുറികളുണ്ടെന്ന് മനസ്സിലാവില്ല. മീനച്ചൂടിനെ തെല്ലും വകവയ്ക്കാതെയാണ് അകത്തളം. കത്തിജ്വലിക്കുന്ന സൂര്യനുള്ളപ്പോൾ പോലും ഈ വീട്ടിൽ ഫാനിന്റെ ആവശ്യമില്ല. പകൽ കൃത്രിമവെളിച്ചത്തിന്റെ ആവശ്യവുമില്ല. കോൺക്രീറ്റ് വീടുകൾ ചൂടുവായു അകത്തേക്ക് വിടുമ്പോൾ അകത്തളങ്ങൾ വിങ്ങുന്നുവെന്ന തിരിച്ചറിവാണ് സ്വപ്നക്കൂടിനെ വേറിട്ടു നിർത്തുന്നത്.

ഇത്തരത്തിൽ പ്രകൃതിക്കിണങ്ങുന്ന വീടുകള്‍ കൂടുതലായി വരണമെന്നാണ് ഷിജുവിന്റെയും ഭാര്യ സോനയുടെയും ആഗ്രഹം. ആർഭാടങ്ങളൊഴിവാക്കിക്കൊണ്ട് വീടിന്റെ നിർമാണ ചെലവ് 26 ലക്ഷത്തിലൊതുക്കാൻ ഷിജുവിന് കഴി‍ഞ്ഞത് ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ബലം കൊണ്ടാണ്.

പ്രകൃതിക്കിണങ്ങും വിധത്തിലും ചെലവു കുറച്ചും വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും ഷിജു ദേവിക തയാറാണ്. മുന്നേ പറന്ന പക്ഷിക്ക് സ്വന്തം കുടുംബത്തോടൊപ്പം വീടിനു മുന്നിലിരിക്കുമ്പോൾ പൂർണസംതൃപ്തി.