25 ലക്ഷത്തിനു ആഗ്രഹിച്ച വീട് പണിയാം!

ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി നിർമിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

കണ്ണൂർ ജില്ലയിൽ പയ്യന്നൂരിൽ 12 സെന്റിൽ 1500 ചതുരശ്രയടിയിലാണ് പ്രതാപന്റെയും കുടുംബത്തിന്റെയും കിളിക്കൂട്. ഇടത്തരം ബജറ്റിൽ നിന്നുകൊണ്ടുള്ള ഇടത്തരം വീട് എന്നതായിരുന്നു ഉടമസ്ഥന്റെ ഡിമാൻഡ്. ഇതിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്.

ട്രെസ് വർക്ക് ചെയ്ത് അതിനു മുകളിൽ ഓടു വിരിച്ചത് ട്രഡീഷണൽ ഭംഗി നൽകുന്നു. ട്രസിനുള്ളിലെ സ്ഥലം യൂട്ടിലിറ്റി സ്‌പേസ് ആക്കി മാറ്റാനും സാധിക്കും. ലിവിങ്, ഡൈനിങ്, പൂജ, സ്റ്റഡി ഏരിയ, കിച്ചൻ, വർക്ക് ഏരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് ഇവിടെ ഒരുക്കിയത്. 

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലത തോന്നിപ്പിക്കുന്നു. വാതിൽ തുറന്നകത്തു കയറുമ്പോൾ വശങ്ങളിലായി സ്വീകരണമുറി സജ്ജീകരിച്ചു. ജിപ്സം ബോർഡിൽ പല ജ്യാമിതീയ രൂപങ്ങളുടെ കട്ടിങ് നൽകി കൺസീൽഡ് എൽഇഡി ലൈറ്റിങ് നൽകിയത് അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു.

ക്യൂരിയോ ഷെൽഫ് കൊണ്ട്  ലിവിങ്, ഡൈനിങ് ഏരിയകളെ വേർതിരിച്ചിരിക്കുന്നു. ഓപ്പൺ ഹാളായാണ് ഡൈനിങ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ വാഷ്ഏരിയ, പൂജാസ്പേസ്, സ്റ്റഡി ഏരിയ എന്നിവ സജ്ജീകരിച്ചു. ഡൈനിങ് ഏരിയയിലേക്ക് പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ വിരുന്നെത്തുന്നു. 

കിടപ്പുമുറികൾ വ്യത്യസ്തമാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കിഡ്സ് റൂമിന് പിങ്ക് നിറം നൽകി. 

പിയു ലാമിനേറ്റ് ഫിനിഷിലാണ് അടുക്കള. കൗണ്ടർ ടോപ്പിനു മുകളിലും താഴെയും കബോർഡുകൾ നൽകി സ്റ്റോറേജ് ഒരുക്കിയിരിക്കുന്നു.

എക്സ്റ്റീരിയർ, ഇന്റീരിയർ ഫർണിഷിങ് ഉൾപ്പെടെ 25 ലക്ഷം രൂപയാണ് ഈ വീടിനു ചെലവായത്. ചുരുക്കത്തിൽ ആവശ്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി നിർമിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

Project Facts

Location- Payyanur, Kannur

Plot- 12 cent

Area- 1500 SFT

Owner- Prathapan

Designer- Santhosh N

Sion International, Kannur

Mob- 9447689503