കുടുംബവും ജോലിയും ഇടകലരാതെ വീടു പണിയാമോ? ഇതാണ് ഉത്തരം

സ്വകാര്യത നഷ്ടമാകാതെ ഒരുക്കിയ അകത്തളങ്ങളാണ് ഈ വീടിന്റെ സവിശേഷത....

കുടുംബജീവിതവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റുന്ന വീട്. രണ്ടും പരസ്പരം കൂടിക്കലരാനും പാടില്ല- ഇതായിരുന്നു അഡ്വക്കേറ്റായ ഉടമസ്ഥന്റെ ഡിമാൻഡ്. ഇത് ഭംഗിയായി നിറവേറ്റുന്ന വിധമാണ് ഈ വീട് രൂപകൽപന ചെയ്തിരിക്കുന്നത്. എറണാകുളത്ത് ആലുവയ്ക്ക് സമീപം കടുങ്ങല്ലൂരിൽ, 8.7 സെന്റിൽ 3200 ചതുരശ്രയടിയിലാണ് ഈ റെസിഡൻസ് കം ഓഫീസ്. 

സമകാലിക ശൈലിയിൽ ഒരുക്കിയ വീട്ടിൽ മൂന്നു തലങ്ങളായാണ് റൂഫിങ് ചെയ്തിരിക്കുന്നത്. പുറംഭിത്തികളിൽ നാച്വറൽ സ്‌റ്റോൺ ക്ലാഡിങ് പതിപ്പിച്ചു. മുറ്റത്തുള്ള മാവ് നിലനിർത്തിയാണ് ലാൻഡ്സ്കേപ്പ് ഒരുക്കിയത്. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുംവിധം നാച്വറൽ സ്‌റ്റോണും പുല്ലും ഇടകലർത്തി നൽകി.

കാർ പോർച്ചും, ചെറിയ സിറ്റ്ഔട്ടും കടന്നാണ് അകത്തേക്കു കയറുന്നത്. ഫോർമൽ ലിവിങ്, ഡൈനിങ്, രണ്ട് അടുക്കളകൾ, ബാത്റൂം അറ്റാച്ച്ഡ് ആയ നാലു കിടപ്പുമുറികൾ, കോർട്‌യാർഡ്, ഓഫീസ്, രണ്ട് ബാൽക്കണികൾ എന്നിവയാണ് വീടിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. 

വാതിൽ തുറന്നകത്തു കയറുമ്പോൾ ആദ്യം സ്വീകരണമുറി കാണാം. വൈറ്റ് ലെതർ ഫിനിഷുള്ള ഫർണീച്ചറുകളാണ് ഇവിടെ നൽകിയത്. നിഷുകളിൽ ക്രമീകരിച്ച ചെറിയ ക്യൂരിയോസുകളും, പെയ്ന്റിങ്ങുകളും, വോൾപേപ്പറുകളും അകത്തളങ്ങൾ അലങ്കരിക്കുന്നു. ജിപ്സം ഫോൾസ് സീലിങ് ചെയ്തു വാം ടോൺ ലൈറ്റിങ് നൽകി. ഇത് അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

വീടിന്റെ ഫോക്കൽ പോയിന്റ് എന്നു പറയുന്നത് കോര്‍ട്‌യാർഡാണ്. വീടിനുള്ളിലെ ചൂടുവായു പുറന്തള്ളാനും ഒപ്പം വെളിച്ചത്തെ സ്വാഗതം ചെയ്യാനും ഇത് വഴിയൊരുക്കുന്നു. സ്ലൈഡിങ് ഗ്ലാസ് ഡോറുകൾ കോര്‍ട്‌യാർഡിനു ചുറ്റും നൽകിയിട്ടുണ്ട്. ഭിത്തിയിൽ ക്ലാഡിങ് വർക്കുകളും കാണാം.

ഫാമിലി ലിവിങ്, ഡൈനിങ്. സ്‌റ്റെയർ എന്നിവ ഹാളിന്റെ ഭാഗമായി വരുന്നു. ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

മൾട്ടിവുഡ് ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. നാനോവൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. കിച്ചൻ – ഡൈനിങ് ഏരിയകൾക്കിടയിൽ ഒരു പാൻട്രി കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്.

വുഡ്+ സ്റ്റീൽ+ ഗ്ലാസ് കോംബിനേഷനിലാണ് ഗോവണിയും കൈവരികളും. ഗോവണിക്ക് താഴെയാണ് കോർട്‌യാർഡ് ഒരുക്കിയിരിക്കുന്നത്. ഇതിനു മുകളിൽ സ്‌കൈലിറ്റ് നൽകിയിട്ടുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി അകത്തളത്തിലേക്കെത്തുന്നു. അപ്പർ ലിവിങ്ങിൽ നിന്നാണ് ഓഫിസ് റൂമിലേക്ക് പ്രവേശിക്കുന്നത്. വക്കീലിനെ കാണാൻ വരുന്ന കക്ഷികൾക്ക് പ്രവേശിക്കാൻ വീടിനു പുറത്ത് ഒരു ഗോവണി നൽകിയിട്ടുണ്ട്. ഇരിക്കാൻ ലോബി ഏരിയയും ഇവിടെ ക്രമീകരിച്ചു. അതിനാൽ വീടിന്റെ സ്വകാര്യത നഷ്ടമാകുന്നില്ല.

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. ഓരോ മുറികളിലും  വ്യത്യസ്ത ഡിസൈൻ എലമെന്റുകൾ പരീക്ഷിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സ്റ്റഡി ഏരിയ എന്നിവയും ഇവിടെ ഒരുക്കി.

അപ്പർ ലിവിങ്ങിന് പുറത്തുള്ള ബാൽക്കണിയിലേക്ക് കടക്കാൻ സ്ലൈഡിങ് ഗ്ലാസ് ഡോര്‍ നൽകിയിരിക്കുന്നു.  ഇവിടെ പർഗോള റൂഫിങ്  നൽകിയിട്ടുണ്ട്. പ്ലാന്റർ ബോക്സുകൾ ടെറസ് അലങ്കരിക്കുന്നു. മുകൾനിലയിൽ ജിം, യൂട്ടിലിറ്റി സ്പേസ് എന്നിവയ്ക്കും ഇടമൊരുക്കിയിട്ടുണ്ട്.

Project Facts

Location- Kadugallor, Aluva

Plot- 8.7 cents

Area- 3200 SFT

Architect- Anjith Augustine

City Futures Design

Mob- 9446874872

Interior Design- Jolly Thomas

Project Contractor- Sasikumar