മയിലും കിളികളും വിരുന്നെത്തുന്ന വീട്! വിഡിയോ

ആഡംബരങ്ങളൊന്നുമില്ലാതെ, ലാളിത്യമാര്‍ന്ന, പരമ്പരാഗതശൈലിയിലുള്ള ഒറ്റനിലവീടെന്ന ആഗ്രഹമാണ് എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ടിനു മുന്നില്‍ സമീനയും കുടുംബവും പങ്കുവച്ചത്. തൃശൂര്‍ കുന്നംകുളത്തിനടുത്ത് തറവാടിനോടുചേര്‍ന്നുള്ള പറമ്പിലാണ് സെമീന തന്‍റെ സ്വപ്നമായ ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്. 2100 ചതുരശ്രയടിയുള്ള വീട്ടിൽ ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 

പഴയ കേരളശൈലി വീടിന്റെ ഗൃഹാതുരസ്മരണയുണർത്തുന്ന വിധം ഫ്ലാറ്റ് റൂഫ് വാര്‍ത്ത്, G I ട്രസ്സ് വര്‍ക്ക്‌ നല്‍കി, പഴയ ഓട് കഴുകി വൃത്തിയാക്കിയാണ് മേൽക്കൂര മേഞ്ഞിരിക്കുന്നത്. വീടിനു സമീപം വയലാണ്. ഇവിടെനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ക്ഷണിക്കുംവിധമാണ് നീളന്‍വരാന്തയും പൂമുഖവും രൂപകൽപന ചെയ്തിരിക്കുന്നത്. 

പരമ്പരാഗത ശൈലിയിലുള്ള തടി ഫര്‍ണിച്ചര്‍ ക്രമീകരിച്ച ക്ലാസ്സിക്‌ ഇന്റീരിയറാണ് അതിഥികളെ വരവേല്‍ക്കുന്നത്. അകത്തളത്തിലെ നടുമുറ്റം പകല്‍സമയം സ്വാഭാവിക വെളിച്ചം നല്‍കുന്നതോടൊപ്പം ശുദ്ധവായുസഞ്ചാരവും ഉറപ്പാക്കുന്നു. ഇവിടെ ഇന്‍ഡോര്‍ ചെടികള്‍ നട്ട് പ്രകൃതിയുടെ സ്വാഭാവികത അകത്തളങ്ങളിലേക്കും വിന്യസിച്ചിരിക്കുന്നു. 

നാലു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. നടുമുറ്റത്തിന്റെ ഭംഗി ആസ്വദിച്ചിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ക്രമീകരണം. ചെട്ടിനാടൻ ശൈലിയിലുള്ള വീടുകളെ അനുസ്മരിപ്പിക്കുന്ന ടൈലുകളാണ് നിലത്ത് വിരിച്ചിരിക്കുന്നത്.

മൂന്നു കിടപ്പുമുറികളിലും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകിയിട്ടുണ്ട്. പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ ജനാലകളും നൽകിയിരിക്കുന്നു. ലളിതമായ അടുക്കള. സമീപം വർക് ഏരിയയും നൽകിയിട്ടുണ്ട്.

പരിസ്ഥിതിസൗഹൃദമാതൃകകൾ ഇവിടെ അവലംബിച്ചിട്ടുണ്ട്. മഴവെള്ളം ഭൂമിയിൽ താഴ്ന്നു കിണറില്‍ ജലലഭ്യത ഉറപ്പാക്കുന്ന തരത്തില്‍ മുറ്റത്ത്‌ ചരലും നാടന്‍ ബഫലോ ഗ്രാസും നല്‍കിയിട്ടുണ്ട്. സപ്പോട്ട, നാടന്‍ മാവ്, പേര, ഞാവല്‍, നാരകം, ചാമ്പ തുടങ്ങിയ ഫലവൃക്ഷങ്ങളും മുറ്റം സമ്പുഷ്ടമാക്കുന്നു. മഴവെള്ളസംഭരണിയോടൊപ്പം സോളര്‍ പാനലുകളും നല്‍കിയിട്ടുണ്ട്. ഉറവിടത്തിലെ മാലിന്യസംസ്കരണവും ഈ വില്ലേജ് ഹോമിനെ ശ്രദ്ധേയമാക്കുന്നു. ധാരാളം കിളികൾക്കൊപ്പം ഒരു മയിലും വീട്ടിൽ വിരുന്നെത്താറുണ്ടെന്നു ഗൃഹനാഥ പറയുന്നു.

Project Facts

Location- Kunnamkulam, Thrissur

Area- 2100 SFT

Owner- Semeena KK

Designer-Sreekanth Pangapattu

PG Group Designs, Kanjirappilly

Mob: 9447114080

Email : pggroupdesigns@gmail.com