പുറമെ കണ്ടാൽ കുഞ്ഞൻ, പക്ഷേ ശരിക്കും?...

അകത്തേക്ക് കയറുമ്പോഴാണ് വീടിന്റെ വിശാലത ബോധ്യമാവുക.

പല തട്ടുകളായി കിടന്നിരുന്ന പ്ലോട്ടിന്റെ സ്വാഭാവികപ്രകൃതി നിലനിർത്തിക്കൊണ്ടാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പുറംകാഴ്ചയിൽ ചെറിയ ഒരുനില വീടിന്റെ പ്രതീതിയാണ് ലഭിക്കുക. എന്നാൽ അകത്തേക്ക് കയറുമ്പോഴാണ് വീടിന്റെ വിശാലത ബോധ്യമാവുക. മലപ്പുറം ജില്ലയിലെ എടപ്പാളിൽ വിശാലമായ 1.87 ഏക്കറിൽ 10650 ചതുരശ്രയടിയിലാണ് ഈ ബംഗ്ലാവ് തലയുയർത്തി നിൽക്കുന്നത്. 

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, ഏഴു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. വീടിന്റ ഫോയർ വഴി അകത്തേക്ക് കയറാം. തുറസായ അകത്തളങ്ങളാണ് സ്വാഗതം ചെയ്യുന്നത്. സ്വകാര്യത നൽകി സ്വീകരണമുറി.

അവിടെ നിന്നും കടക്കുന്നത് വിശാലമായ ഹാളിലേക്കാണ്. ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ് തുടങ്ങിയവ ഇവിടെയാണ് വരുന്നത്. തടിയുടെ പ്രൗഢി നിറയുന്ന ഗോവണി. ടഫൻഡ് ഗ്ലാസാണ് കൈവരികളിൽ നൽകിയത്.

വീടിനുള്ളിൽ പലയിടത്തും ഉയരവ്യത്യാസമുള്ള ഇടങ്ങൾ കാണാം. കാഴ്ച പതിയുന്ന ഇടങ്ങളിലെല്ലാം പച്ചപ്പിന്റെ ചെറുതുരുത്തുകൾ ഒരുക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. പത്തുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. ലിവിങ്, ഡൈനിങ് ഏരിയകൾ തുറക്കുന്നത് സമീപത്തുള്ള വയലിന്റെ കാഴ്ചകളിലേക്കാണ്. ഇവിടെനിന്നുള്ള കാറ്റ് വീടിനുള്ളിൽ ഒഴുകിയെത്തുന്നു. 

ഏഴു കിടപ്പുമുറികളാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. എല്ലാ മുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.

ഓപ്പൺ ശൈലിയിൽ പാൻട്രി കിച്ചനും സ്വകാര്യത നൽകി വർക്കിങ് കിച്ചനും ഒരുക്കിയിട്ടുണ്ട്.

ലാൻഡ്സ്കേപ്പിനു വലിയ പ്രാധാന്യമാണ് ഇവിടെ നൽകിയിരിക്കുന്നത്. തട്ടുകളായി കിടക്കുന്ന പ്ലോട്ടിൽ പുൽത്തകിടിയും പൂച്ചെടികളും നട്ടു മനോഹരമാക്കിയിട്ടുണ്ട്. വീടിന്റെ പിന്നിലായി ചെറിയ കുളവും സമീപം സിറ്റിങ് സ്‌പേസും ഒരുക്കിയിട്ടുണ്ട്.

Project Facts

Location- Edappal, Malappuram

Plot- 1.87 acre

Area- 10650 SFT

Owner- Sidheeq

Designer- Attiks Architecture, Calicut

Mob- 0483 271 1308 

Completion year- July 2017