'നാട്ടിലേക്കുള്ള യാത്രകൾ ഇപ്പോൾ ഞങ്ങൾക്ക് സ്പെഷലാണ്'...

പ്രവാസിയായ നൗഷാദ് തന്റെ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

എന്റെ പേര് നൗഷാദ്. പ്രവാസിയാണ്. കണ്ണൂർ ജില്ലയിലെ പാറാടാണ് സ്വദേശം. എല്ലാ  പ്രവാസികളെയുംപോലെ നാട്ടിലൊരു വീട് ഞങ്ങളുടെ സ്വപ്നമായിരുന്നു. മരുഭൂമിയിൽ പണിയെടുക്കുന്ന പ്രവാസിക്ക് നാട്ടിലെ മരുപ്പച്ചയാണല്ലോ വീട്. കാണാൻ ഭംഗിയുള്ള എന്നാൽ പരിപാലനം കൂടി എളുപ്പമാക്കുന്ന ഒരു വീട് വേണം എന്നതായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഇത് മനസ്സിൽ കണ്ടുകൊണ്ടാണ് ഡിസൈനർ വീട് ഒരുക്കിയത്.

ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കിച്ചൻ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയത്. 4123 ചതുരശ്രയടിയാണ് വിസ്തീർണം. പല തട്ടുകളായി നിർമിച്ച സ്ലോപ് റൂഫിന് മുകളിൽ ഓടുവിരിച്ചതോടെ വീടിനു ട്രഡീഷണൽ+കന്റെംപ്രറി കാഴ്ച ലഭിക്കുന്നു. പോർച്ചിലും വീടിന്റെ മുന്നിലെ ഭിത്തിയിലും ചാര നിറത്തിലുള്ള സ്ളേറ്റ് സ്റ്റോൺ ക്ലാഡിങ് പതിച്ചു അലങ്കരിച്ചിട്ടുണ്ട്.

പരസ്പരം ബന്ധിക്കപ്പെട്ടാണ് ഇടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അടുക്കളയിൽ നിന്നാലും സ്വീകരണമുറിയിലേക്ക് നോട്ടമെത്തും. എന്നാൽ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുമുണ്ട്. ഇറ്റാലിയൻ മാർബിളാണ് താഴത്തെ നിലയിൽ വിരിച്ചത്. മുകൾനിലയിൽ ഗ്ലോസി ഫിനിഷുള്ള വിട്രിഫൈഡ് ടൈലുകളും. സ്വീകരണമുറിയിലെ ഫർണിച്ചറും ഊണുമേശയുമൊക്കെ ഇന്തോനേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തവയാണ്. 

വീടിനുള്ളിലെ ഹൈലൈറ്റ് കോർട്യാർഡാണ്‌. മികച്ച വെന്റിലേഷനും പ്രകാശവും ഇതിലൂടെ വീടിനുള്ളിൽ ഉറപ്പുവരുത്തുന്നു. മുകളിൽ പർഗോള റൂഫിങ് നൽകി. താഴെ ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. കോർട്യാർഡിന്റെ സമീപമുള്ള നിലത്ത് വുഡൻ ടൈലുകൾ നൽകി ഹൈലൈറ്റ് ചെയ്തു. ടീക് വുഡ് കൊണ്ട് ഒരു പാർടീഷനും ഇതിനു സമീപം നൽകിയിട്ടുണ്ട്. വാഷ് ഏരിയയും ഇവിടെയുള്ള ഭീതിയിലാണ് സജ്ജീകരിച്ചത്. 

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ഊണുമേശയ്ക്കും പ്രൗഢിക്ക് ഒട്ടുംകുറവില്ല. ഗോവണിയുടെ താഴെയുള്ള സ്ഥലത്ത് ഇൻവെർട്ടർ ക്രമീകരിച്ചു സ്ഥലം ഉപയുക്തമാക്കി. ടീക് വുഡും ടഫൻഡ് ഗ്ലാസുമാണ് ഗോവണിയുടെ കൈവരികളിൽ നൽകിയിരിക്കുന്നത്. ഗോവണി കയറി എത്തുന്നത് അപ്പർ ഹാളിലേക്കാണ്. 

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. വാഡ്രോബ്, അറ്റാച്ച്ഡ് ബാത്റൂം എന്നിവയുമുണ്ട്.

രണ്ടു കിച്ചൻ ഒരുക്കിയിരിക്കുന്നു. സ്റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് പ്രധാന അടുക്കള നിർമിച്ചത്. ഗ്ലാസ് ഫിനിഷിലാണ് പാൻട്രി കിച്ചൻ. ഊണുമുറിയിലേക്കും അടുക്കളയിലേക്കും കയറാൻ പാകത്തിൽ മറ്റൊരു എൻട്രിയും നൽകിയിട്ടുണ്ട്. ഇതിനുസമീപം കാറ്റുകൊണ്ടിരിക്കാൻ പാഷ്യോ ഒരുക്കി. കിച്ചനു സമീപം സ്ത്രീകൾക്ക് സൊറ പറഞ്ഞിരിക്കാനായി ലേഡീസ് സിറ്റിങ്ങും ക്രമീകരിച്ചു. ഇവിടെ ഒരു ഭിത്തി ചുവപ്പ് നിറം നൽകി ഹൈലൈറ്റ് ചെയ്തു.

അത്യാവശ്യം മുറ്റംനൽകി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. മുറ്റം തന്തൂർ സ്റ്റോൺ വിരിച്ചു ഉറപ്പിച്ചു. വശങ്ങളിൽ പരിപാലനം കുറച്ചു മതിയാകുന്ന ചെടികളും നട്ടിട്ടുണ്ട്. ഇപ്പോൾ നാട്ടിലേക്കുള്ള ഓരോ യാത്രകൾക്കും കൂടുതൽ അർഥം കൈവരികയാണ്. കാത്തിരിക്കാൻ ഒരു വീടുണ്ടല്ലോ...

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project facts

Location- Parad, Kannur

Area- 4123 SFT

Owner- Noushad

Designer- Rafeeq

Nimfra Architects

Mob-9539989898

Completion year- 2018