'പണത്തിന്റെ മൂല്യമറിഞ്ഞു പണിത ഞങ്ങളുടെ വീട്'

എന്റെ പേര് രഞ്ജു. പത്തനംതിട്ട ജില്ലയിലെ ചെറുകോലാണ് സ്വദേശം. ഒരു മിനറൽ വാട്ടർ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. വീടു പണിയാൻ തീരുമാനിച്ചപ്പോൾ ആരെ ഏൽപ്പിക്കണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. അടുത്ത സുഹൃത്തായ ഡിസൈനർ ശ്രീജിത്തിനെ തന്നെ പണി ഏൽപ്പിച്ചു. പോക്കറ്റിലൊതുങ്ങുന്ന വീട് എന്ന ഒറ്റ ഡിമാൻഡേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ.അത് ഭംഗിയായി ശ്രീജിത്ത് നിർവഹിച്ചു. 

10 സെന്റിൽ 1080 ചതുരശ്രയടിയാണ് വിസ്തീർണം. ലിവിങ്, ഡൈനിങ്, രണ്ട് കിടപ്പുമുറികൾ, കിച്ചൻ എന്നിവയാണ് വീട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിവിങ്–ഡൈനിങ് ഓപ്പൺ ശൈലിയിൽ ഒരുക്കിയത് കൊണ്ട് വിശാലത ലഭിക്കുന്നു. പറമ്പിൽ തന്നെയുണ്ടായിരുന്നു തേക്ക്, പ്ലാവ് എന്നിവയുടെ തടികൊണ്ടാണ് ജനലുകളും വാതിലുകളും നിർമിച്ചത്. അതുകൊണ്ട് തടിപ്പണിക്കും അധികം കാശ് ചെലവായില്ല.

റോഡ് നിരപ്പിൽ നിന്നും 10 അടി ഉയരത്തിലായിരുന്നു പ്ലോട്ട്. സ്ഥലപരിമിതി കാരണം വീടിനോട് ചേർന്ന് പോർച്ച് പണിയാൻ സാധിക്കുമായിരുന്നില്ല. അതിനാൽ  മണ്ണെടുത്തു മാറ്റി ബേസ്മെന്റ് ലെവലിൽ വീടിനടിയിൽ പോർച്ച് നിർമിച്ചു.

രണ്ടു കിടപ്പുമുറികളിലും സ്‌റ്റോറേജിന്‌ കബോർഡ് നൽകിയിട്ടുണ്ട്. അടുക്കളയും ലളിതമാണ്. സമീപം വർക്കേരിയയും ഒരുക്കി.

സ്ട്രക്ച്ചറും ഫർണിഷിങ്ങും സഹിതം 14 ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ സ്വപ്നഭവനം സാധ്യമായി.

ചെലവ് കുറച്ച ഘടകങ്ങൾ

ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത ഉറപ്പുവരുത്തി.

ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടു നൽകി.

സോളിഡ് ബ്ലോക്ക് കൊണ്ട് ഭിത്തി നിർമിച്ചു.

ചെലവ് കുറഞ്ഞ വിട്രിഫൈഡ് ടൈലുകളാണ് നിലത്തുവിരിച്ചത്.

അടുക്കളയുടെ കബോർഡുകൾക്ക് അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചു.

Project Facts

Location- Cherukole, Pathanamthitta

Owner- Renju

Plot- 10 cents

Area- 1080 SFT

Budget- 14 Lakhs

Designer- Sreejith

Gauri Constructions, Cherukole