Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യമാണ്! 10 ലക്ഷത്തിനു സ്നേഹവീട് പണിയാം

snehaveedu സനൂജയ്ക്കും കുടുംബത്തിനും വേണ്ടി ഒരു നാടിന്റെ സ്നേഹവും കരുതലും ഒരുമിച്ചു ചേർന്നതിന്റെ ഫലമാണ് ഈ ‘സ്നേഹ’ വീട്.

അകാലത്തിൽ വിടപറഞ്ഞ രാജൻ എന്ന ഫൊട്ടോഗ്രഫറുടെ കുടുംബത്തിന് തിരുവനന്തപുരത്തെ ഒരു നാട് മുഴുവൻ കൂടെനിന്നു പണികഴിപ്പിച്ചു കൊടുത്ത സ്നേഹവീടിന്റെ കഥ ഇതിനു മുൻപ് ഹോംസ്‌റ്റൈൽ ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെ ഒരു സ്നേഹഗാഥ..ഇക്കുറി സംഭവം നടക്കുന്നത് അങ്ങ് മലബാറിലാണ്. ആ കഥയിലേക്ക്...

10-lakh-home-lawn

കോഴിക്കോട് ജില്ലയിലെ വടകര വല്ല്യാപ്പിള്ളിയിലെ സനുജയ്ക്കും കുടുംബത്തിനും സ്വന്തമായി വീടും സ്ഥലവും ഇല്ലായിരുന്നു. വളരെ ശോചനീയമായ സാഹചര്യത്തിലായിരുന്നു അച്ഛനും അമ്മയും ഈ കുട്ടിയുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. അമ്മ സഫിയയാകട്ടെ അസുഖബാധിതയും. സനുജയുടെ അവസ്ഥ മനസ്സിലാക്കിയ സ്കൂൾ അധികൃതരാണ് വീട് നിർമ്മിക്കുവാനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചത്. വീടു വയ്ക്കുവാന്‍ ആവശ്യമായ നാലുസെന്റ് സ്ഥലം വാങ്ങി നൽകിയത് ഇവിടുത്തെ ജനകീയ കൂട്ടായ്മയായ ചങ്ങായീസാണ്. വല്ല്യാപ്പിള്ളി വാർഡ് മെമ്പർ ഫെബിന സലിമും വീടുപണിവേളകളിൽ ഒപ്പമുണ്ടായിരുന്നു.

snehaveedu-lawn

ആർക്കിടെക്റ്റുമാരായ റിസ്‌വാൻ റിയാസ്, ഷാജബീൻ എന്നിവരെയാണ് നിർമാണത്തിനായി ചുമതലപ്പെടുത്തിയത്. ഈയൊരു പ്രോജക്റ്റിന്റെ സാമൂഹിക പ്രസക്തി മനസ്സിലാക്കി ലാഭേച്ഛയില്ലാതെ ഈ യുവ ആർക്കിടെക്ടുകൾ വീടിന്റെ നിർമ്മാണം ഏറ്റെടുത്തു. ഒരൊറ്റ നിർദ്ദേശം മാത്രമാണ് എല്ലാവരും മുന്നോട്ടുവച്ചത്. എസ്എസ്എൽസി പരീക്ഷ എഴുതേണ്ട സനുജയ്ക്ക് പുതിയ വീട്ടിൽ താമസിച്ചു പഠിച്ചു പരീക്ഷയെഴുതാൻ കഴിയണം.

10-lakh-home-hall

'2017 ഡിസംബർ ഒന്നിനു പണിയാരംഭിച്ചു, ഫെബ്രുവരി 18ന് താക്കോൽ കൈമാറി. ഏതാണ്ട് 75–80 ദിനങ്ങൾ കൊണ്ട് തന്നെ പണിപൂർത്തീകരിച്ചു'. റിസ്‌വാനും ഷാജബീനും പറയുന്നു. 

10-lakh-home-interiors

605 ചതുരശ്രയടിയിൽ നിർമിച്ച വീട്ടിൽ സിറ്റൗട്ട്, ലിവിങ് കം ഡൈനിങ്, രണ്ടു കിടപ്പുമുറികൾ, ഒരു കോമൺബാത്റൂം, അടുക്കള, വർക്ക് ഏരിയ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പുറംഭിത്തികളിൽ ബ്രിക് ക്ലാഡിങ് നൽകിയത് ഭംഗിയേകുന്നു. അകത്തും പുറത്തും ചില ഭിത്തികൾ ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. ഫ്ലോറിങ്ങിന് സാധാരണ ടൈലുകൾ വിരിച്ചു. ഓപ്പൺ ശൈലിയിൽ ലിവിങ്- ഡൈനിങ് ക്രമീകരിച്ചു. രാത്രിയിൽ വിളക്കുകൾ തെളിയുമ്പോൾ വീടിന്റെ ഭംഗി ഒന്ന് കൂടി വർധിക്കും.

10-lakh-home-night

പ്ലോട്ട് പാടമായിരുന്നതിനാൽ ഫൗണ്ടേഷൻ നൽകി മുറ്റം കെട്ടിയെടുത്തു ചുറ്റുമതിലും നിർമിച്ചു. ഒരു കിണറും നിർമ്മിച്ചു നൽകി. എല്ലാവരുടേയും സ്നേഹ വായ്പിൽ നിന്നും രൂപംകൊണ്ട വീടിന് ‘സ്നേഹവീട്’ എന്നു തന്നെ പേരുമിട്ടു. എസ്എസ്എൽസി ഫലം വന്നപ്പോൾ സനൂജ മികച്ച വിജയത്തിന് അർഹയായത് കൂട്ടായ്മയുടെ സന്തോഷം വർധിപ്പിച്ചു. നാടേതായാലും നന്മയുടെ വിളക്കുകൾ ഇനിയും കെട്ടുപോയിട്ടില്ല എന്ന് ഇത്തരം സ്നേഹവീടുകൾ ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു... 

love-home-calicut

Project Facts

Location - Vadakara, Calicut

Plot- 4 Cents

Area - 605 SFT

Owner - Safiya

Architects - Ar. Rizwan Riyaz, Ar. Shajabeen

Bani Architects, Vadakara, Calicut

Mob: +919496343201, +919809690302

Email: mail.baniarchitects@gmail.com

Budget- 10 Lakhs

Year of completion - 2018