ഭവനവായ്പ ഭാര്യയുടെ പേരിൽ എടുത്തോളൂ; ഗുണങ്ങൾ നിരവധി

ബാങ്കുകള്‍ നിരക്കുകള്‍ താഴ്ത്തിയതോടെ വനിതകള്‍ക്ക് ഗുണം ലഭിക്കുമെന്നാണ് ബാങ്കിങ് വിദഗ്ധരുടെ വിലയിരുത്തല്‍.

വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ കാലമാണിത്. ഒരു സംശയവും വേണ്ട. എല്ലാവര്‍ക്കും വീട് പോലുള്ള പദ്ധതികളുടെ പ്രോത്സാഹനത്തിന്റെയും മറ്റും ഭാഗമായി ഭവന വിപണിയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ അച്ഛേ ദിന്‍ എത്തിയെന്നു പോലും പലരും സംശയം പ്രകടിപ്പിക്കുന്നു. 

നിരവധി ബാങ്കുകളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും ഭവനവായ്പാ നിരക്കില്‍ വന്‍ കുറവാണ് വരുത്തിയിരിക്കുന്നത്. 30 ബേസിസ് പോയ്ന്റ് വരെ കുറവ് വരുത്തിയിട്ടുണ്ട്. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളെല്ലാം തന്നെ വായ്പാ നിരക്ക് കുറച്ചവരുടെ കൂട്ടത്തിലുണ്ട്. 

പല ബാങ്കുകളും ഏതാനും മാസങ്ങള്‍ക്ക് മുൻപ് വായ്പാ നിരക്കില്‍ കുറവ് വരുത്തിയെന്നതും ഓര്‍ക്കുക. ഇപ്പോള്‍ വീണ്ടും നിരക്ക് താഴ്ത്തിയതോടെ മികച്ച അവസരമാണ് വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ തേടി എത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഭവനവായ്പാനിരക്ക് എത്തിയിരിക്കുകയാണ്. 

കൂടുതല്‍ ഗുണം സ്ത്രീകള്‍ക്ക്

ബാങ്കുകള്‍ നിരക്കുകള്‍ താഴ്ത്തിയതോടെ വനിതകള്‍ക്ക് ഗുണം ലഭിക്കുമെന്നാണ് ബാങ്കിങ് വിദഗ്ധരുടെ വിലയിരുത്തല്‍. 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശയില്‍ ഐസിഐസിഐ ബാങ്ക് 30 ബേസിസ് പോയ്ന്റാണ് കുറച്ചിരിക്കുന്നത്. അതായത് ഇപ്പോള്‍ ശമ്പളക്കാരായ സ്ത്രീകള്‍ക്ക് 8.35 ശതമാനം നിരക്കിന് ഭവനവായ്പയെടുക്കാം. മറ്റുള്ളവര്‍ക്ക് 8.40 ശതമാനം നിരക്കിലും. മറ്റ് ബാങ്കുകളുടെ കാര്യത്തിലും ഏകദേശം ഇതുതന്നെയാണ് സ്ഥിതി. 

വനിതാ സൗഹൃദ വായ്പകളുമായി ബാങ്കുകള്‍ മുന്നോട്ടുവരുന്നത് നിരക്ക് കുറച്ചതോടെ വിപണിയെ കൂടുതല്‍ കാര്യക്ഷമമാക്കും.