വസ്തു ഇടപാടുകൾ ചെലവേറിയതാകും; നിങ്ങളെ ബാധിക്കുന്നത് ഇങ്ങനെ

സാമ്പത്തിക ഞെരുക്കത്തിൽനിന്നു കരകയറാൻ ഒടുവിൽ‌ സർക്കാർ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ടു. ഭൂമിയുടെ ന്യായവില കൂട്ടിയതാണു ജനങ്ങൾക്കുള്ള കനത്ത ഇരുട്ടടി. വെറും 10 ശതമാനമല്ലേ കൂട്ടിയുള്ളൂ എന്നു വാദിക്കാമെങ്കിലും ഇതു ഭൂമി ഇടപാടുകാർക്കുമേലുണ്ടാക്കുന്ന ഭാരം ചില്ലറയല്ല. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും ഇത് ആനുപാതിക വർധന ഉണ്ടാക്കും.

നോട്ടു നിരോധനം, ജിഎസ്ടി, പ്രവാസികളുടെ മടങ്ങിവരവ് എന്നിവ കാരണം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഒന്നുകൂടി ക്ഷീണം പകരുന്നതാണു തീരുമാനം. കുടുംബാംഗങ്ങൾ തമ്മിലെ ഭൂമി ഇടപാടിലെ നിരക്കു വർധനയും സാധാരണക്കാർക്കു മേലുള്ള ഭാരമാണ്. അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതലാണു വർധനയെല്ലാം പ്രാബല്യത്തിലാകുക. നിയമസഭയിൽ ശക്തമായ എതിർപ്പുണ്ടായാൽ നിരക്കുകളിൽ ഇളവു പ്രഖ്യാപിക്കാനും ഇടയുണ്ട്.

പ്രഖ്യാപനം:

ഭൂമിയുടെ ന്യായവില 10% വർധിപ്പിക്കും. അടുത്ത വർഷം ന്യായവില സമ്പൂർണമായി പരിഷ്കരിക്കും.

എങ്ങനെ ബാധിക്കും?

ഏറ്റവും ഉയർന്ന ന്യായവിലയുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. സ്റ്റാംപ് ഡ്യൂട്ടിയുടെയും റജിസ്ട്രേഷൻ ഫീസിന്റെയും ദേശീയ ശരാശരി അഞ്ചുശതമാനമാണെങ്കിൽ കേരളത്തിൽ 10 ശതമാനമാണ്. ഭൂമിയുടെ ന്യായവില 10% വർധിക്കുന്നതോടെ ആനുപാതികമായ വർധന സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും ഉണ്ടാകും. ഉദാഹരണത്തിന് ഒരു സെന്റിന് 50,000 രൂപയാണു ന്യായവിലയെങ്കിൽ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസുമായി നൽകേണ്ടത് 5000 രൂപയാണ്. ഇനി ന്യായവില 55,000 രൂപയായി ഉയരും. സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും 5,500 രൂപയാകും. ഇടപാടുകാരനുമേൽ അധികഭാരം 500 രൂപ.

പ്രഖ്യാപനം:

കേരള ഭൂനികുതി ഓർഡിനൻസ് 2014 പ്രകാരം വർധിപ്പിച്ച നികുതി നിരക്കുകൾ പുനഃസ്ഥാപിക്കും

എങ്ങനെ ബാധിക്കും

2014ൽ യുഡിഎഫ് സർക്കാർ ഭൂനികുതി വർധിപ്പിച്ചത് ഇങ്ങനെയാണ്: പഞ്ചായത്തിൽ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. 20 സെന്റിനു മുകളിൽ സെന്റിന് രണ്ടു രൂപ. മുനിസിപ്പാലിറ്റിയിൽ ആറു സെന്റ് വരെ സെന്റിന് രണ്ടു രൂപ. ആറു സെന്റിനു മുകളിൽ സെന്റിന് നാലു രൂപ. കോർപറേഷനിൽ നാലു സെന്റു വരെ സെന്റിനു നാലു രൂപ. നാലു സെന്റിനു മുകളിൽ സെന്റിന് എട്ടു രൂപ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് അന്നു വർധന പിൻവലിച്ചു. അതേ വർധന ഇപ്പോൾ വീണ്ടും നടപ്പാക്കുന്നു.

പ്രഖ്യാപനം:

കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ഭൂമി കൈമാറ്റങ്ങൾക്ക് 1000 രൂപയോ അല്ലെങ്കിൽ 0.2 ശതമാനം, ഇതിൽ ഏതാണോ കൂടുതൽ ആ തുക മുദ്രവിലയായി ഇൗടാക്കും. 25 കോടി രൂപ ഇൗയിനത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നു.

എങ്ങനെ ബാധിക്കും?

നിലവിൽ, കുടുംബാംഗങ്ങൾ തമ്മിലെ ഭൂമി ഇടപാട് അഞ്ച് ഏക്കറിൽ താഴെയാണെങ്കിൽ 1000 രൂപയുടെ മുദ്രപ്പത്രം മതി. അഞ്ച് ഏക്കറിൽ കൂടുതലാണെങ്കിൽ ഭൂമി ന്യായവിലയുടെ ഒരുശതമാനമാണു മുദ്രപ്പത്ര നിരക്ക്. പുതിയ പ്രഖ്യാപനം നടപ്പാകുമ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള ഭൂമിയിടപാടുകളുടെ മുദ്രപ്പത്ര നിരക്കിൽ വർധനവരില്ല. അതുകഴിഞ്ഞുള്ള ഓരോ ലക്ഷത്തിനും 200 രൂപ വീതം മുദ്രപ്പത്ര നിരക്ക് വർധിക്കും. റജിസ്ട്രേഷൻ ഫീസ് ഒരുശതമാനമായിത്തന്നെ തുടരും.

പ്രഖ്യാപനം:

ഭൂമിക്കു പുറമെ, ഫ്ലാറ്റുകൾക്കു മാത്രമാണ് ഇപ്പോൾ ന്യായവില നിശ്ചയിച്ചിട്ടുള്ളത്. ഇനി ഫ്ലാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ആദായനികുതി നിയമപ്രകാരം മൂല്യം നിർണയിക്കുന്നതിനായി നിയമം കൊണ്ടുവരും.

എങ്ങനെ ബാധിക്കും?

ഫ്ലാറ്റുകൾ ഒഴികെ, വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കു കെട്ടിടനികുതിയുടെ 1000 മടങ്ങ് ന്യായവിലയായി ഇൗടാക്കുന്ന രീതിയാണു പലയിടത്തും ഇപ്പോഴുള്ളത്. ഇനി വീടുകൾക്കും മറ്റും ന്യായവില വരുന്നതോടെ വില കുറച്ചുകാട്ടിയുള്ള ഇടപാടുകൾ നടക്കില്ല. ഏതുതരത്തിൽ ന്യായവില നിശ്ചയിക്കുന്നുവെന്നു നിയമം നിർമിക്കുമ്പോഴേ വ്യക്തമാകൂ.

പ്രഖ്യാപനം:

സബ് റജിസ്ട്രാർ ഓഫിസുകളിലെ സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾക്കു 10 പേജ് കവിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധിക ഫീസ്

എങ്ങനെ ബാധിക്കും?

ആധാരത്തിന്റെ പകർപ്പിന് ഇപ്പോൾ അപേക്ഷാ ഫീസ് 10 രൂപ, തിരച്ചിൽ ഫീസ് 100 രൂപ, പകർപ്പെടുക്കൽ ഫീസ് 200 രൂപ. ഇനി 10 പേജ് കഴിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധികം നൽകണമെന്നല്ലാതെ മറ്റു നിരക്കുകളിൽ മാറ്റമില്ല.

പ്രഖ്യാപനം:

പൊതുമരാമത്തു പ്രവൃത്തികൾക്കും മറ്റു സേവന കരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ മുദ്രവിലയായി ഇൗടാക്കും.

എങ്ങനെ ബാധിക്കും?

കെട്ടിടനിർമാണത്തിനും മറ്റുമുള്ള കരാർ പത്രങ്ങൾക്ക് 200 രൂപയുടെ മുദ്രപ്പത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇനി രണ്ടു ലക്ഷം രൂപ വരെയുള്ള കരാറുകൾക്ക് 200 രൂപയുടെ മുദ്രപ്പത്രം മതി. അതു കഴിഞ്ഞുള്ളവയ്ക്ക് 0.1% എന്ന നിരക്കിൽ മുദ്രപ്പത്ര നിരക്കു വർധിക്കും.

പ്രഖ്യാപനം

സ്ഥാവരവസ്തുക്കളുടെ കൈമാറ്റത്തിനായി കുടുംബാംഗങ്ങൾ തമ്മിൽ തയാറാക്കുന്ന മുക്ത്യാറുകൾക്കുള്ള മുദ്രവില 300 രൂപയിൽനിന്ന് 600 രൂപയാക്കും.

എങ്ങനെ ബാധിക്കും?

വിദേശത്തുള്ളവർ നാട്ടിലെ ബന്ധുക്കളെ ഭൂമി ഇടപാടുകൾക്കു ചുമതലപ്പെടുത്തുന്നതാണു മുക്ത്യാർ അധവാ പവർ ഓഫ് അറ്റോർണിയായി ഇവിടെ പറയുന്നത്. ചെറിയൊരു ശതമാനം ജനങ്ങളെ മാത്രമേ ഇൗ വർധന ബാധിക്കൂ.

പ്രഖ്യാപനം:

കാർഷികേതര വാണിജ്യ ഇടപാടുകളിൽ, കാലാവധിക്കു മുൻപുള്ള പാട്ട ഒഴിവുകുറിക്ക് 1000 രൂപ മുദ്രപ്പത്ര വില ഇൗടാക്കും.

എങ്ങനെ ബാധിക്കും?

കാലാവധി ആകുന്നതിനു മുൻപുള്ള ഒഴിവുകുറികൾക്കു തോന്നുംപടിയാണ് ഇപ്പോൾ മുദ്രപ്പത്ര നിരക്ക് ഇൗടാക്കുന്നത്. ഇത് 1000 രൂപയായി നിശ്ചയിച്ചത് ഒരുതരത്തിൽ ഗുണകരമാണ്.

പിഴയടച്ചു രക്ഷപ്പെടാം

ന്യായവില കുറച്ചുകാട്ടിയതിനു നടപടി നേരിടുന്നവർക്ക് ആശ്വാസം. 5000 രൂപ വരെ ആധാരത്തിൽ കുറച്ചു കാട്ടിയ എല്ലാ കേസുകളും ഒഴിവാക്കും. ബാക്കിയുള്ളവർ മുദ്രവിലയുടെ 30% അടച്ചാൽ നടപടികളിൽനിന്ന് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലും തീർപ്പാക്കൽ കമ്മിഷൻ രൂപീകരിക്കും. മാർഗരേഖൾ വൈകാതെ പുറപ്പെടുവിക്കുകയും ചെയ്യും. 300 കോടിയാണു സർക്കാർ ഇതിൽനിന്നു പ്രതീക്ഷിക്കുന്നത്. കേസുകൾ തീർക്കാത്തവർക്കെതിരെ റവന്യു റിക്കവറി നടപടികൾ സ്വീകരിക്കും.

2010നു മുൻപു ഭൂമിയുടെ ന്യായവില കുറച്ചുകാട്ടിയതിനു 10 ലക്ഷം പേർ പിഴ അടയ്ക്കാനുണ്ട്. കെട്ടിടങ്ങളുടെ ന്യായവില സംബന്ധിച്ചും കേസുകളുണ്ട്. 1986 മുതൽ 2017 വരെ റിപ്പോർട്ട് ചെയ്ത വിലകുറച്ചുകാട്ടിയ കേസുകളെല്ലാം തീർപ്പാക്കുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തും.