ഒരു വീട് പടുത്തുയർത്താൻ ഒരു പണിമുടക്ക് മതി!

അഴി‍ഞ്ഞിലം കരുമകൻകാവിനു സമീപം വീട് നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾ.

പണിമുടക്ക് ദിനത്തിൽ വീട്ടിൽ ചടഞ്ഞിരിക്കാതെ ജീവകാരുണ്യ പ്രവർത്തനത്തിലായിരുന്നു അഴിഞ്ഞിലത്തെ ഒരുകൂട്ടം യുവാക്കൾ. കരുമകൻകാവിനു സമീപത്തു വീടുനിർമാണ പ്രവൃത്തിയിലായിരുന്നു ഈ യുവജന കൂട്ടായ്മ. പുഴക്കൽ മെഹബൂബിന്റെ വീടു നിർമാണം യുവാക്കൾ ഏറ്റെടുത്തു. ‌

പണിമുടക്ക് ദിവസം അവരെത്തി ചുമർഭിത്തി പടുത്തുയർത്തി. പ്രദേശത്തെ 30 യുവാക്കളടങ്ങുന്ന സംഘമാണ് മെഹബൂബിന്റെ കിടപ്പാടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ രംഗത്തുവന്നത്. രണ്ടു സെന്റ് ഭൂമിയിലെ താൽക്കാലിക ഷെഡിൽ കഴിയുന്ന മെഹബൂബിന്റെ ജീവിത ദുരിതം കണ്ടറി‍ഞ്ഞാണ് ഈ സദുദ്യമം.

ചോനാടത്തിൽ അബ്ദുൽ മജീദ് ചെയർമാനും, പി.കെ. ആസിബ് കൺവീനറും, പി.കെ. ഷമീൽ ട്രഷററുമായി കമ്മിറ്റിയുണ്ടാക്കിയാണ് ദൗത്യം ഏറ്റെടുത്തത്. ഇവർക്കു പരിപൂർണ സഹായവുമായി നാട്ടുകാർ ഒപ്പം ചേർന്നു. 12 ലക്ഷം രൂപയുടെ പദ്ധതി ആസൂത്രണം ചെയ്താണ് നിർമാണ പ്രവൃത്തി തുടങ്ങിയത്. അടിത്തറയുടെ പണി പൂർത്തിയായതോടെ കഴിഞ്ഞ ദിവസം ചുമരിന്റെ പടവു തുടങ്ങി. വിദഗ്ധ ജോലികൾ പണിക്കാരെ ഏൽപ്പിക്കാനാണ് തീരുമാനം.