വീട് ഇനി കൂൾ കൂൾ! ചൂട് കുറയ്ക്കും മേൽക്കൂരകൾ

വീടിനുള്ളിലെ ചൂട് കുറയ്ക്കുന്ന രീതിയിൽ മേൽക്കൂര ഒരുക്കാൻ ആറ്‌ വഴികൾ...

ഓരോ വർഷം കഴിയുമ്പോഴും ചൂട് കൂടുന്നതല്ലാതെ കുറയുന്നില്ല. വേനൽക്കാലത്ത് എസിയോ ഫാനോ ഇല്ലാതെ വീടിനകത്ത് ഇരിക്കുന്നതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. ചൂട് ഉള്ളിലേക്ക് കടക്കാത്ത രീതിയിൽ വീട് രൂപകൽപന ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി. മേൽക്കൂരയുടെ ഡിസൈൻ, അവിടെയുപയോഗിക്കുന്ന നിര്‍മാണവസ്തുക്കൾ എന്നിവയ്ക്കെല്ലാം ചൂട് നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്. അറിയാം ചൂട് കുറയ്ക്കാനുള്ള ആറ് വഴികൾ.

1. മുകളിൽ ട്രസ് റൂഫ്

മുകളിൽ രണ്ടാമതൊരു മേൽക്കൂര അഥവാ ‘ട്രസ് റൂഫ്’ നൽകുകയാണ് വീടിനുള്ളിലെ ചൂട് കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദ മാർഗം. ഉള്ളിലെ മേൽക്കൂരയിൽ നേരിട്ട് വെയിലടിക്കില്ലെന്നതാണ് ട്രസ് റൂഫ് നൽകുന്നതുകൊണ്ടുള്ള മെച്ചം. അതുകൊണ്ടുതന്നെ മേൽക്കൂര ചൂടായ ശേഷം മുറിക്കുള്ളിലേക്ക് ചൂട് കടക്കുന്ന ദുരവസ്ഥ ഒട്ടൊക്കെ ഒഴിവാക്കാനാകും.

രണ്ട് രീതിയിൽ ട്രസ് റൂഫ് നൽകാം. മേൽക്കൂരയിൽ നിന്ന് ഒന്നോ രണ്ടോ അടി പൊക്കത്തിൽ മാത്രം ട്രസ് നൽകുന്നതാണ് ഒന്ന്. ഒരു നിലയുടെ പൊക്കത്തിൽ ട്രസ് റൂഫ് നൽകുന്നതാണ് രണ്ടാമത്തേത്. സാധനങ്ങള്‍ സൂക്ഷിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ കൂടുതൽ സ്ഥലം ലഭിക്കുമെന്നതാണ് രണ്ടാമത്തെ രീതിയുടെ മെച്ചം. രണ്ടായാലും വീടിന്റെ ഡിസൈനിന്റെ ഭാഗമായിത്തന്നെ ട്രസ് റൂഫ് ഉൾപ്പെടുത്തുന്നതാണ് ഏറ്റവും അഭികാമ്യം.

രണ്ടു രീതിയിലും മേൽക്കൂരകൾക്കു നടുവിലുള്ള ‘എയർ സ്പേസ്’ ആണ് ചൂട് വീടിനുള്ളിലേക്കു കടക്കാതെ തടയുന്നത്. ചൂടുവായുവിന് പുറത്തു കടക്കാനുള്ള വെന്റിലേഷൻ സൗകര്യത്തോടെ ഈ എയർ സ്പേസ് ക്രമീകരിക്കാനായാൽ കൂടുതൽ ഫലപ്രദമായി ചൂട് നിയന്ത്രിക്കാനാകും. മേൽക്കൂര തയാറാക്കാൻ ഉപയോഗിക്കുന്ന നിർമാണവസ്തുക്കൾക്കും ചൂട് തടയുന്നതിൽ നല്ല പങ്കുണ്ട്. ട്രസ് റൂഫിനു മുകളിൽ ഓട് മേയുന്നതു തന്നെയാണ് ചൂട് കുറയ്ക്കാൻ ഏറ്റവും ഫലപ്രദം. സാധാരണ കളിമൺ ഓട്, സെറാമിക് ഓട് എന്നിവയെല്ലാം ഉപയോഗിക്കാം. ഇറക്കുമതി ചെയ്യുന്ന ആകർഷകമായ നിറത്തിലും ഡിസൈനിലുമുള്ള ഓടുകളും ഇപ്പോൾ സുലഭമാണ്. വലുപ്പവും ഉറപ്പും കൂടിയ കോൺക്രീറ്റ് ഓടുകളും ധാരാളമായി വിപണിയിലുണ്ട്.

15 രൂപ മുതൽ മുകളിലേക്കാണ് കളിമൺ ഓടിന്റെ വില. 35 രൂപ മുതലാണ് സെറാമിക് ഓടിന്റെ വില. കോൺക്രീറ്റ് ഓടിന് 40 രൂപ മുതലാണ് വില.

സാധാരണയായി ജിഐ, ജിപി തുടങ്ങിയ മെറ്റീരിയൽ കൊണ്ടുള്ള പൈപ്പുകളും സ്ക്വയർ ട്യൂബുമൊക്കെയാണ് ട്രസ് നിർമിക്കാൻ ഉപയോഗിക്കുന്നത്. ചതുരശ്രയടിക്ക് 90 രൂപ മുതലാണ് ഇതിനുള്ള ഉദ്ദേശ ചെലവ്.

ട്രസ് റൂഫിന് മുകളിൽ മെറ്റല്‍ ഷീറ്റ് മേയുകയാണ് മറ്റൊരു മാർഗം. ജിഐ, അലുമിനിയം, ഗാൽവല്യൂം തുടങ്ങിയവയുടെയൊക്കെ ഷീറ്റ് ലഭ്യമാണ്. പല നിറങ്ങളിലും പ്രൊഫൈലിലും ഇവ ലഭിക്കും.

കാഴ്ചയിൽ ഓട് പോലെത്തന്നെ തോന്നിക്കുന്ന ഷീറ്റുകളും ഇപ്പോള്‍ ലഭ്യമാണ്.

2. ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ്

മേൽക്കൂരയിലെ ഓടിനോ മെറ്റൽ ഷീറ്റിനോ അടിയിൽ വിരിക്കുന്ന കനം കുറഞ്ഞ ഷീറ്റിനെയാണ് ക്ലൈമറ്റിക് കൺട്രോൾ ഷീറ്റ് അല്ലെങ്കിൽ ‘ഹീറ്റ് റിഫ്ലക്ടീവ് അണ്ടർലേ’ എന്നു പറയുന്നത്. ചതുരശ്രയടിക്ക് 20 രൂപ മുതലാണ് വില. സാധാരണയായി ഒന്നര മീറ്റർ വീതിയും 50 മീറ്റർ നീളവുമുള്ള റോളായാണ് ഇവ ലഭിക്കുക. ഇത്തരം ഒരു റോൾ 800 ചതുരശ്രയടി സ്ഥലത്ത് വിരിക്കാനാകും.

പോളി പ്രൊപ്പലീൻ, പോളി കാർബൺ തുടങ്ങിയ പദാർത്ഥങ്ങൾ കൊണ്ടാണ് ഇത്തരം ഷീറ്റ് നിർമിക്കുന്നത്. ചൂട് കടത്തി വിടില്ലെന്നതാണ് ഇവയുടെ പ്രധാന സവിശേഷത.

മുകൾഭാഗത്ത് അലുമിനിയം കോട്ടിങ്ങുള്ള ക്ലൈമറ്റിക് കൺട്രോൾ ഷീറ്റും വിപണിയിൽ ലഭ്യമാണ്. മേൽക്കൂരയിൽ പതിക്കുന്നതിൽ 90 ശതമാനം ചൂടും അകത്തേക്ക് കടത്താതെ പ്രതിഫലിപ്പിക്കുമെന്നതാണ് ഇതിന്റെ മെച്ചം. എയർ കണ്ടീഷനർ ഉപയോഗിക്കുന്ന മുറികളിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുമെന്നതും അതുവഴി വൈദ്യുതി ഉപയോഗം കുറയ്ക്കാനാകുമെന്നതും ഇത്തരം ഷീറ്റുകളുടെ മറ്റൊരു മേന്മയാണ്.

ഇവ ഓടിനും ഷീറ്റിനും അടിയിലായി പർലിൻ ഉപയോഗിച്ച് സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. വെള്ള, ക്രീം, മഞ്ഞ തുടങ്ങി പല നിറങ്ങളിൽ ലഭിക്കും.

ചൂട് കുറയ്ക്കുക എന്നതിനൊപ്പം ചോർച്ച ഒഴിവാക്കാനും ഇത്തരം ഷീറ്റുകൾ പ്രയോജനപ്പെടുത്താം. ഇവയിൽ ഈർപ്പം പിടിക്കില്ല. വെള്ളം വീണാൽ കേടാകുകയുമില്ല.

ക്ളൈമാറ്റിക് കൺട്രോൾ ഷീറ്റ് ചൂട് പ്രതിഫലിപ്പിക്കുന്നതിന്റെ പ്രതികരണം.

മേൽക്കൂരയിലെ ഓട് അല്ലെങ്കിൽ ഷീറ്റിനും ക്ലൈമറ്റിക് കൺട്രോൾ ഷീറ്റിനും ഇടയിൽ ചെറിയ വിടവ് വരുന്ന രീതിയിൽ മേൽക്കൂര നിർമിക്കുന്നതാണ് ചൂട് കുറയ്ക്കാൻ ഏറ്റവും ഫലപ്രദം. അപ്പോൾ നടുവിലുള്ള ‘വാക്വം സ്പേസ്’ ചൂടുവായുവിനെ പുറന്തള്ളാനുള്ള ‘വെന്റിലേഷൻ ട്രാക്ക്’ ആയി പ്രവർത്തിക്കും. വായു കടക്കാനായി മേൽക്കൂരയുടെ വശങ്ങളിൽ പിടിപ്പിക്കാവുന്ന പിടിപ്പിക്കാവുന്ന പ്രത്യേക വെന്റിലേറ്ററുകള്‍ ഇപ്പോൾ ലഭ്യമാണ്.

കമിഴ്ത്തോടിന് അടിയിൽ പ്രത്യേക രീതിയിൽ ക്ളൈമാറ്റിക് കൺട്രോൾ ഷീറ്റ് വിരിച്ചിരിക്കുന്നു.

പക്ഷികളും മറ്റു ജീവികളും ഉള്ളിലേക്കു കടക്കാത്ത വിധത്തിലാണ് ഇവയുടെ ഡിസൈൻ. ഭാരം കുറഞ്ഞതും അതേസമയം ആവശ്യത്തിന് ഉറപ്പുള്ളതുമായ പോളി എതിലീൻ കൊണ്ടാണ് ഇത്തരം വെന്റിലേഷൻ നിർമിക്കുന്നത്.

3. ഷിംഗിൾസ്

ചരിച്ചു വാർത്ത മേൽക്കൂരയിൽ വിരിക്കാവുന്ന മേച്ചിൽ സാമഗ്രിയാണ് ഷിംഗിൾസ്. ഒന്നിനു മുകളിൽ ഒന്നായി പല അടരുകൾ പോലെ തോന്നിക്കുന്ന ഷിംഗിൾസ് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഒരു മീറ്റർ നീളവും 33 സെമീ വീതിയുമുള്ള ഷീറ്റ് രൂപത്തിലാണ് ഇത് ലഭിക്കുക.

പ്ലാസ്റ്റർ ചെയ്ത മേൽക്കൂരയിൽ നേരിട്ട് ആണിയടിച്ച് ഉറപ്പിക്കുകയോ മേൽക്കൂരയിൽ ട്രസ് ഫ്രെയിം നൽകി അതിൽ പ്ലൈവുഡ് പിടിപ്പിച്ച് മുകളിൽ ഉറപ്പിക്കുന്ന രീതിയിലോ ഷിംഗിൾസ് പിടിപ്പിക്കാം. പ്ലൈവുഡിന് പകരം ഉയർന്ന ഗ്രേഡിലുള്ള ഫൈബര്‍ സിമന്റ് ബോർഡ് ഉപയോഗിക്കുന്നതാണ് പുതിയ രീതി. ഇതിന് കൂടുതൽ ഈടുണ്ടാകും.

രണ്ട് രീതിയിലായാലും മേൽക്കൂരയ്ക്കും ഷിംഗിൾസിനും ഇടയിൽ ചെറിയ വിടവ് അഥവാ ‘വാക്വം സ്പേസ്’ വരുംവിധം ഫ്രെയിം നൽകിയാൽ വീടിനകത്തെ ചൂട് നല്ല പങ്ക് കുറയ്ക്കാം.

ഒട്ടനവധി നിറങ്ങളില്‍ ഷിംഗിൾസ് ലഭിക്കും. നിറം മങ്ങില്ലെന്നതും പ്രത്യേകതയാണ്. ചതുരശ്രയടിക്ക് 85 രൂപ മുതലാണ് ചെലവ്. പല കമ്പനികളും 30 വർഷം വരെ വാറന്റി നൽകുന്നുണ്ട്.

തുടരും... 

വിവരങ്ങൾക്കു കടപ്പാട്:

എ.എം. മുഹമ്മദ് ഉസ്മാൻ ആൻഡ് ബ്രദർ,

ബ്രോഡ്‌വേ, എറണാകുളം

മോണിയർ റൂഫിങ് പ്രൈവറ്റ് ലിമിറ്റഡ്,

എൻഎച്ച് ബൈപാസ്, പാലാരിവട്ടം, കൊച്ചി

കീർത്തി റൂഫിങ്സ്, കോട്ടയം

റൂഫ്കോ, കലൂർ, കൊച്ചി

ജോയ് അസോഷ്യേറ്റ്സ്, ചെങ്ങരൂർ, മല്ലപ്പള്ളി

ട്രയം മാർക്കറ്റിങ് ആൻഡ് കൺസൽറ്റന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്,

കാരിക്കാമുറി ക്രോസ് റോഡ്, കൊച്ചി