വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കുക, ചതിക്കുഴികൾ ചുറ്റിനുമുണ്ട്!

വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.

സ്വന്തമെന്നു പറയാൻ ഒരു പിടി മണ്ണും കുറച്ചു മരങ്ങളും ഒരു കൊച്ചുവീടും. വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നത്തിനു ജീവന്‍ വയ്ക്കുന്ന നിമിഷമാണ് അത്. വീടു വാങ്ങാനും വസ്തു വാങ്ങാനും കണ്ണുമടച്ചിറങ്ങിയാൽ പലപ്പോഴും അബദ്ധം പറ്റിയേക്കാം. വീടെന്ന സ്വപ്നം മനസ്സിലുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ.

∙ ടൗൺ പ്ലാനിങ് സ്കീമില്‍ ഉൾപ്പെട്ടതാണോ വസ്തുവെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് അറിയാം. ഇതിനായി സ്ഥലം ഉൾപ്പെട്ട വില്ലേജും സർവേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷൻ പ്ലാനും സഹിതം ബന്ധപ്പെടണം.

∙ അംഗീകൃത പദ്ധതികൾ പ്രകാരം റോഡ് വീതി കൂട്ടുന്നതിന് സ്ഥലം വിടേണ്ടതുണ്ടെങ്കിൽ ബാക്കി പ്ലോട്ടിൽ മാത്രമേ നിർമാണം നടത്താവൂ. ഈ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ ജില്ലാ ടൗൺ പ്ലാനറിൽ നിന്നോ അറിയാം.

∙ റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ സ്ഥലം സൗജന്യമായി നൽകുകയാണെങ്കിൽ രേഖാമൂലമുള്ള തെളിവ് വാങ്ങാം, കെട്ടിട നിർമാണച്ചട്ട പ്രകാരമുള്ള ആനുകൂല്യം ബിൽഡിങ് പെർമിറ്റ് വാങ്ങുന്ന സമയത്ത് കൈപ്പറ്റാം.

∙ സംരക്ഷിത സ്മാരകങ്ങൾ, തീരദേശ പ്രദേശങ്ങൾ തുടങ്ങിയവയ്ക്ക് ബാധകമായ നിയന്ത്രണങ്ങൾ പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നോ ശാസ്ത്രസാങ്കേതിക– പരിസ്ഥിതി വകുപ്പിൽ നിന്നോ ഇത് അറിയാം.

∙ വിമാനത്താവളം, റെയിൽവേ ബൗണ്ടറി, സൈനിക കേന്ദ്രങ്ങൾ, പുരാവസ്തു സംരക്ഷിത സ്മാരകങ്ങൾ തുടങ്ങിയവയ്ക്ക് അടുത്തുള്ള പ്ലോട്ടാണെങ്കിൽ, ബന്ധപ്പെട്ട വകുപ്പിന്റെ എൻ.ഒ.സി വാങ്ങുന്നത് ഉചിതമാണ്.

∙ ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള പ്ലോട്ടുകൾ കഴിവതും ഒഴിവാക്കുക.

∙ ഭൂവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകൾ വാങ്ങുന്നതിന് മുൻപ് ജില്ലാ ടൗൺ പ്ലാനറുടെയോ ചീഫ് ടൗൺ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പാക്കണം. അംഗീകാരം ലഭ്യമായ പ്ലോട്ടുകൾ മാത്രം വാങ്ങുക.

∙ വാങ്ങുന്ന സ്ഥലം, ഉദ്ദേശിക്കുന്ന കെട്ടിടം നിർമിക്കാൻ സാധിക്കുന്നതാണോ എന്ന് കെട്ടിടനിർമാണ ചട്ടപ്രകാരം രജിസ്റ്റർ ചെയ്ത ലൈസൻസി വഴി ഉറപ്പാക്കണം.

∙ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ സാധ്യമല്ലാത്തതിനാൽ ബിൽഡറോ, ബ്രോക്കറോ തിരക്കു പിടിച്ചാലും വിൽപ്പന കരാർ വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഒപ്പിടുക.