ഹോളോബ്രിക്, ഇഷ്ടിക- ഏതാണ് വീടിന് നല്ലത്?

1000 ഇഷ്ടിക കെട്ടിപ്പൊക്കേണ്ട സ്ഥലത്ത് 300 ഹോളോബ്രിക്ക്‌കൊണ്ട് കാര്യം തീരും. അതിലൂടെ പണിക്കൂലി, സിമന്റിന്റെ ഉപയോഗം എന്നിവയിൽ വരുന്ന അധിക ചെലവ് കുറയ്ക്കാനുമാകും. എന്നാൽ...

ഒരു വീട് നിർമിക്കാൻ ഒരുങ്ങുമ്പോൾ നാം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലിനു തന്നെയാണ്. കേരളത്തിൽ പ്രധാനമായും രണ്ടു വസ്തുക്കളാണ് വീട് നിർമാണത്തിനായി ഉപയോഗിക്കുന്നത്. അതിൽ ആദ്യത്തേത് ഇഷ്ടികയും രണ്ടാമത്തേത് ഹോളോബ്രിക്കുമാണ്. പണ്ടുകാലത്ത് കളിമണ്ണിൽ നിർമിച്ച് തീയിൽ ചുട്ടെടുത്ത ഇഷ്ടിക മാത്രമായിരുന്നു വീട് നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ കാലാന്തരത്തിൽ ഇഷ്ടിക നിർമാണത്തിൽ വന്ന ഇടിവും എളുപ്പത്തിൽ വീട് പണി പൂർത്തിയാക്കാനുള്ള ത്വരയും നിമിത്തം ആളുകൾ ഹോളോബ്രിക്കിലേക്ക് ചുവടുമാറി. 

ഇഷ്ടികയെക്കാൾ വലുപ്പമുള്ള ഹോളോബ്രിക്കുകൾ സിമന്റ് മിശ്രിതത്തിൽ നിന്നുമാണ് ഉണ്ടാക്കുന്നത്. 1000 ഇഷ്ടിക കെട്ടിപ്പൊക്കേണ്ട സ്ഥലത്ത് 300 ഹോളോബ്രിക്ക്‌കൊണ്ട് കാര്യം തീരും. അതിലൂടെ പണിക്കൂലി, സിമന്റിന്റെ ഉപയോഗം എന്നിവയിൽ വരുന്ന അധിക ചെലവ് കുറയ്ക്കാനുമാകും. എന്നാൽ ഇതുകൊണ്ട് മാത്രം ഇഷ്ടികയ്ക്ക് ചേരുന്ന പകരക്കാരനാകാൻ ഹോളോബ്രിക്കിന് സാധിക്കുമോ ?

ഒരിക്കലും ഇല്ല എന്നാണ് വീട് നിർമാണ രംഗത്തെ വിദഗ്ദർ പറയുന്നത്. ഹോളോബ്രിക്ക് കൊണ്ട് നിർമിച്ചാൽ എത്രയും വേഗത്തിൽ നിർമാണം പൂർത്തിയാക്കാം എന്നത് സത്യമാണ്. എന്നാൽ വീടിന് ഉറപ്പ് എന്നും ഇഷ്ടികകൾ തന്നെയാണ്. മാത്രമല്ല ഹോളോബ്രിക്ക് വീടുകൾക്ക് ഇഷ്ടിക വീടുകളെ അപേക്ഷിച്ച് ചൂട് കൂടുതലായിരിക്കും. കളിമൺ നിർമിതമായ ഇഷ്ടിക ചൂടാകുന്നതിലും എളുപ്പത്തിൽ കോൺക്രീറ്റ് നിർമിതമായ ഹോളോബ്രിക്കിന് ചൂട് പിടിക്കുന്നതിനാലാണ് അത്. 

മാത്രമല്ല, വേനൽ കാലങ്ങളിൽ ചൂട് ആഗിരണം ചെയ്യുന്ന ഈ കട്ടകൾ തണുക്കുന്നതിനും ഏറെ സമയം എടുക്കുന്നു. ഫലമോ വീടിന്റെ ഉൾവശത്ത് ചൂട് വർധിക്കുന്നു. എന്നാൽ ഇഷ്ടികകൊണ്ട് നിർമിച്ച വീടുകൾക്ക് ഉള്ളിൽ ഇപ്പോഴും ഒരു ശീതളിമ ഉണ്ടാകുന്നു. താമസിക്കാൻ സുഖം എപ്പോഴും അതാണ് എന്ന് പ്രത്യേകം പറയണ്ടല്ലോ. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ നിർമ്മിക്കുന്ന വീടുകൾക്ക് എന്തുകൊണ്ടും അനുയോജ്യം ഇഷ്ടികകൾ തന്നെ. കാരണം അടുത്തടുത്തായി ധാരാളം കെട്ടിടങ്ങൾ ഉള്ള ഈ പ്രദേശത്ത് കെട്ടിടങ്ങൾ എളുപ്പത്തിൽ ചൂട് പിടിക്കുന്നു. അത് ഒഴിവാക്കാൻ ഇഷ്ടിക ഉപയോഗിക്കുന്നതാണ് ഉചിതം. 

ഇഷ്ടികകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. നല്ല മൂപ്പെത്തിയ, പൊടിഞ്ഞു പോകാത്ത ഇഷ്ടികകൾ നോക്കി തെരഞ്ഞെടുക്കുക. ഒരുപാട് മൂത്ത ഇഷ്ടികകൾക്ക് കറുത്ത നിറവും മൂക്കാത്ത ഇഷ്ടികക്ക് ഓറഞ്ചു നിറവും ഉണ്ടാകും. ഇഷ്ടിക പൊട്ടിച്ചു നോക്കി ഉള്ളിലെ വേവ് പരിശോധിക്കാം. വെള്ളമൊഴിച്ച് കുതിർത്തശേഷം ഇഷ്ടിക പൊടിയുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും നല്ലതാണ്. 

അതുപോലെതന്നെ ഹോളോബ്രിക്ക് തെരെഞ്ഞെടുക്കുമ്പോഴും ഗുണനിലവാരം ഉറപ്പ് വരുത്തണം,നിലവാരം കുറഞ്ഞ സിമന്റാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് എങ്കിൽ അപകടമാണ്. ഗുണമേന്മയുള്ള ഹോളോബ്രിക്ക് താഴെയിട്ടാൽ പൊട്ടില്ല. ഹോൾ ഇല്ലാത്ത ഹോളോബ്രിക്ക് വേണം വീട് നിർമാണത്തിന് ഉപയോഗിക്കുവാൻ. ഇപ്പോൾ ഹോളോബ്രിക്കിനും ഇഷ്ടികയ്ക്കും പകരമായി പഴയ രീതിയിൽ ചെങ്കല്ലുകളും ഉപയോഗിക്കുന്നുണ്ട്. ഇതിലും കല്ലിന്റെ മൂപ്പ് ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്.