വീട് വയ്ക്കാൻ മഴക്കാലത്ത് സ്ഥലം വാങ്ങുക

ഒരു വീട് പണിയുക എന്നതിന്റെ ആദ്യപടിയാണ് വീട് പണിയുന്നതിനായി സ്ഥലം കണ്ടെത്തുക എന്നത്. പലരും കുടുംബപരമായി കിട്ടിയ സ്ഥലത്താണ് വീട് പണിയാറ്. ഇത്തരക്കാർക്ക് വീട് പണിയുന്നതിനായി സ്ഥലം കണ്ടെത്തുക അത്ര ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ല. എന്നാൽ പണം മുടക്കി വീടിനായി സ്ഥലം വാങ്ങുമ്പോൾ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നത് നന്നയിരിക്കും.

വീട് വയ്ക്കുക എന്ന ഉദ്ദേശത്തോടെ സ്ഥലം വാങ്ങുമ്പോൾ ഒരു ബ്രോക്കറുടെ സഹായം തേടുന്നതാണ് ഉചിതം. ബ്രോക്കറുടെ ലിസ്റ്റിലെ സ്ഥലം ആദ്യം പരിശോധിക്കുക. ആ സ്ഥലം നമ്മുടെ ജോലിസ്ഥലത്തിനടുത്തായിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല, സ്ഥലം കാണുന്നതിന് മുൻപ് തന്നെ നമ്മുടെ ബജറ്റ് എത്രയാണ് എന്ന കാര്യം ബ്രോക്കറോട് പറയുക. 

വിലക്കുറവാണ് എന്ന് കരുതി സാമൂഹികമായ അസമത്വങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ തെരഞ്ഞെടുക്കുന്നത് അബദ്ധമാണ്. മാത്രമല്ല, സ്ഥലം വാങ്ങുന്നതിനു ഏറ്റവും ഉചിതമായ സമയം മഴക്കാലമാണ്. കാരണം നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം വെള്ളക്കെട്ടുള്ള സ്ഥലമാണോ അല്ലയോ എന്ന് മനസിലാക്കാൻ ഇത് സഹായിക്കും. ആവശ്യത്തിന് വെള്ളം ലഭിക്കുമോ, കുടിവെളം കോർപ്പറേഷൻ മുഖേനയാണോ, കിണറുകൾ ഉണ്ടോ എന്നെല്ലാം ഉറപ്പ് വരുത്തുക.

കിണറുകൾ ഉള്ള പ്രദേശമാണ് അഭികാമ്യം. ഇല്ലെങ്കിൽ നാം കിണർ കുഴിക്കുന്നതിനായി വീണ്ടും പണം മുടക്കേണ്ടതായി വരും. നാം തെരഞ്ഞെടുക്കുന്ന സ്ഥലത്തെ അയൽവാസികളുടെ ജീവിത നിലവാരം, സഹകരണ മനോഭാവം എന്നിവ കൂടി പരിശോധിക്കുന്നത് അഭികാമ്യമായിരിക്കും. മാലിന്യം നിർമാർജനം ചെയ്യാൻ വഴിയില്ലാത്ത സ്ഥലങ്ങൾ വീട് വയ്ക്കുന്നതിനായി തെരെഞ്ഞെടുക്കരുത്.

സ്ഥലം വാങ്ങിയിട്ട് വീടിനു പ്ലാൻ വരയ്ക്കുന്നതിനു പകരം, വീടിനു പറ്റിയ പ്ലാൻ വരച്ചിട്ട് അതിനു അനുയോജ്യമായ സ്ഥലം കണ്ടെത്തുക.അങ്ങനെ സ്ഥലം കണ്ടെത്തിയാൽ 

ആധാരത്തിന്റെ കോപ്പി ആവശ്യപ്പെടുക. കോപ്പി വിദഗ്‌ധനായ ആധാരം എഴുത്തുകാരന്‍, വക്കീല്‍, വില്ലേജ്‌ ഓഫീസ്‌ ജീവനക്കാരന്‍ എന്നിവരെ കാണിച്ച്‌ പ്രശ്‌നമില്ലാത്തതാണ്‌ എന്ന്‌ ബോധ്യപ്പെട്ടാല്‍ സ്ഥലം വാങ്ങുന്നതിനായി ടോക്കൺ നൽകാം.

ശേഷം, വില നിശ്ചയിച്ച്‌, എഗ്രിമെന്റ്‌ എഴുതിയ ശേഷം അഡ്വാന്‍സ്‌ കൊടുക്കാം. അഡ്വാന്‍സ്‌ കൊടുക്കുന്നതിന്‌ മുമ്പ്‌ വഴിത്തര്‍ക്കം, മാലിന്യ പ്രശ്‌നം എന്നിവ നിലനില്‍ക്കുന്നോ എന്ന്‌ അയല്‍പക്കത്ത്‌ അന്വേഷിച്ചറിയുക.