സാധനം കയ്യിലുണ്ടോ? സഹായപദ്ധതിയുമായി ചെറുപ്പക്കാർ

ആവേശത്തിന് വാങ്ങിക്കൂട്ടി പ്രദർശനവസ്തുക്കളായി തുടരുന്ന നിരവധി ഉപകരണങ്ങൾ നമ്മുടെയൊക്കെ വീട്ടിലുണ്ടാകും. താൽപര്യമുള്ളവർക്ക് കൂടൊരുക്കാം എന്ന വെബ്‌സൈറ്റ് വഴി അത് സംഭാവന ചെയ്യാം.

പ്രളയത്തിൽ വീട് തകർന്നവരും നാശനഷ്ടങ്ങൾ സംഭവിച്ചവരും ഗൃഹോപകരണങ്ങൾ നഷ്ടമായവരും ലക്ഷക്കണക്കിന് പേരുണ്ട് നമ്മുടെ നാട്ടിൽ. ഇവരുടെ പുനരധിവാസമാണ് കേരളം ഇപ്പോൾ നേരിടുന്ന വെല്ലുവിളി. സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രളയത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ശ്രമിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. 

ആവേശത്തിന് വാങ്ങിക്കൂട്ടി പ്രദർശനവസ്തുക്കളായി തുടരുന്ന നിരവധി ഉപകരണങ്ങൾ നമ്മുടെയൊക്കെ വീട്ടിലുണ്ടാകും. താൽപര്യമുള്ളവർക്ക് കൂടൊരുക്കാം എന്ന വെബ്‌സൈറ്റ് വഴി അത് സംഭാവന ചെയ്യാം. രസകരമായി ശൈലിയിലാണ് സമൂഹമാധ്യമങ്ങളിൽ കൂട്ടായ്മയുടെ പ്രവർത്തനം ഇവർ അവതരിപ്പിക്കുന്നത്.

വീട്ടിലുണ്ടോ? ഒരു തേപ്പുപെട്ടി? ഒരു ഫാൻ? അല്ലെങ്കിൽ കുറച്ച് പാത്രങ്ങൾ? ചെറിയ സ്റ്റൂളോ, കസേരയോ? ഒരു അലമാരയോ മറ്റോ?

ഒന്ന് മനസ്സിരുത്തി എത്തി നോക്കിയാലറിയാം, എന്തൊക്കെ സാധനങ്ങളാണ് നമ്മുടെ വീട്ടിൽ അത്യാവശ്യങ്ങൾ ഒന്നുമില്ലാതെ നമ്മൾ വാങ്ങികൂട്ടിയത് എന്ന്. ചിലതൊക്കെ 'ഉപ്പെടുത്താൽ കപ്പ് ഫ്രീ' മട്ടിൽ വന്നു കയറിയതും ആകാം.

ഇതൊക്കെ ഇങ്ങനെ പൊടി പിടിച്ച് കിടന്നാൽ മതിയോ? വെള്ളപ്പൊക്കത്തിൽ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?

ഓ, കൊടുക്കണം എന്നൊക്കെ ഉണ്ടെടാ ഉവ്വേ;

1) പക്ഷേ, എവിടെ ആർക്ക് കൊടുക്കണം എന്നറിയില്ല.

2) പക്ഷേ, അത്രടം വരെ ഇതും താങ്ങി പോകണ്ടേ. വയ്യ.

3) പക്ഷേ, ഇതൊക്കെ കിട്ടേണ്ടവർക്ക് തന്നെ കിട്ടുമെന്ന് എന്താണുറപ്പ്?

 

അങ്ങനെ കുറെ 'പക്ഷേ'കൾ. ഇനി ആ പക്ഷേകൾ ഒക്കെ മറന്നേക്കുക. പിള്ളേർ പുതിയ വെബ്സൈറ്റും കൊണ്ട് വന്നിട്ടുണ്ട്. നിങ്ങൾ സാധനം തരാൻ റെഡിയാണെങ്കിൽ https://koodorukkam.in വരെ ഒന്നു പോയി അവിടെ ആ വിവരം ഒന്ന് ചേർക്കുക. വളന്റിയർമാർ ആവശ്യക്കാരെ (അത്യാവശ്യക്കാരെ എന്ന് വായിക്കുക) കണ്ടു പിടിച്ച് എത്തിച്ചോളും. പിക്കപ്പ് ഫ്രീ, ഡെലിവറി ഫ്രീ. സാധനവും ഫ്രീയായിരിക്കണം കേട്ടോ! ഇപ്പൊ തൽക്കാലം കേരളത്തിൽ മാത്രമേ പിക്കപ്പ് സർവീസ് ഉള്ളു.

 

ഇതിൽ പോസ്റ്റ് ചെയ്യുന്ന ഓരോ സാധനങ്ങളും എവിടെ എത്തി, ആർക്ക് കൊടുത്തു എന്ന് സുതാര്യമായി വെബ്സൈറ്റിൽ തന്നെ ചേർക്കും (വ്യക്തിഗത സ്വകാര്യത സംരക്ഷിച്ചുകൊണ്ടു തന്നെ). ഇത് ഞങ്ങളുടെ വാക്ക്.

 

'ശോശാമ്മേ, ആ ചളുങ്ങിയ ഇഡ്ഡലിപ്പാത്രം ഇങ്ങെടുത്തേ, ദാ പിള്ളാർക്ക് കൊടുത്ത് ഒഴിവാക്കാം'—ഉണ്ട! അതങ്ങ് കയ്യിൽ വച്ചാ മതി മാത്തുക്കുട്ടിച്ചായാ. ആ വേല ഇങ്ങോട്ടെടുക്കണ്ട. ഒന്നില്ലേൽ പുതിയത്, അല്ലെങ്കിൽ അധികം ഉപയോഗിക്കാത്ത, പുതിയത് പോലെ ഉള്ളത് മാത്രം! വാങ്ങുന്നവരും മനുഷ്യരാണ് ഹേ!

 

എന്ത്! ബാംഗ്ലൂരിൽ നിന്നും, ചെന്നൈയിൽ നിന്നും ഒക്കെ അയക്കാൻ റെഡി ആണെന്നോ? മുത്താണ് നിങ്ങൾ. വെബ്സൈറ്റിൽ എഴുതാമോ? നമ്മുടെ പിള്ളേർ വിളിക്കും!

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം നിരവധി പേർ ഇവരുടെ  ആശയത്തിന് പിന്തുണയുമായി എത്തിക്കഴിഞ്ഞു.