'ഓരോ ദിവസവും വിണ്ടുകീറുന്ന വീട്; എന്താണ് ഞങ്ങൾ ചെയ്യുക?'

ശക്തമായ മഴ തകർത്തുകളഞ്ഞ വീടിനെക്കുറിച്ച് യുവകവി അക്ബറിന്റെ ഫെയ്സ്ബുക് പോസ്റ്റ്. വീട് വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ശേഷം എന്തുചെയ്യണമെന്നറിയില്ലെന്ന് അക്ബർ പോസ്റ്റിൽ പറയുന്നു. 

എറണാകുളം ജില്ലയിലെ നേര്യമംഗലത്താണ് അക്ബറും കുടുംബവും താമസിക്കുന്നത്. ദേശീയപാതയുടെ ഓരത്ത് പുറമ്പോക്ക് ഭൂമിയിലാണ് വീട്. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും അപേക്ഷ നൽകി. ജീവിതത്തിൽ വീണ്ടും നിരാശ മാത്രമാണെന്ന് അക്ബർ പറയുന്നു. ഉമ്മയും ഭാര്യയും രണ്ടുകുട്ടികളുമാണ് അക്ബറിന്റെ വീട്ടിലുള്ളത്. വിണ്ടുകീറിയ വീടിന്റെ ചിത്രങ്ങളും അക്ബർ പങ്കുവച്ചിട്ടുണ്ട്. 

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ആകപ്പാടെ ദേശീയപാത-85ന്റെ ഓരത്ത് പുറമ്പോക്ക് ഭൂമിയിലുണ്ടായിരുന്ന വീടും തകര്‍ച്ചയുടെ വക്കില്‍. കനത്ത മഴയ്ക്ക് ശേഷം ഭിത്തിയും തറയും ഓരോ ദിവസവും വിണ്ടു കീറുകയാണ്. യാതൊരു സമ്പാദ്യവുമില്ലാതെ, എവിടെ പോകും എന്നറിയില്ല. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും അപേക്ഷ നല്‍കി. വീട് വാസയോഗ്യമല്ലെന്നാണ് വില്ലേജ് ഓഫീസറുടെ കണ്ടെത്തല്‍. ഇനി എന്തു ചെയ്യും? ഒരു പിടിയുമില്ല. ജീവിതത്തില്‍ വീണ്ടും വീണ്ടും നിരാശ മാത്രം.... എന്താണ് ഞാനും ഉമ്മയും ഭാര്യയും കുഞ്ഞുങ്ങളും ചെയ്യുക?...