ഉരുൾപൊട്ടലിൽ നിരങ്ങി നീങ്ങി നാലുനില വീട്

കൊച്ചി– ധനുഷ്കോടി ദേശീയപാതയോരത്ത് അടിമാലി ഗവ. ഹൈസ്കൂളിന് സമീപം ഭൂമിക്കടിയിലേക്ക് താണുപോയ വീട്.

ഉരുൾപൊട്ടലിനെ തുടർന്ന് നാലുനില വീട്, പോർച്ചിലുണ്ടായിരുന്ന കാറിനൊപ്പം നിരങ്ങിനീങ്ങി താഴ്ചയിൽ അതേപോലെ നിന്നു. അടിമാലി അമ്പാട്ടുകുന്നേൽ കൃഷ്ണ ജ്വല്ലറി ഉടമ, പരേതനായ രാധാകൃഷ്ണന്റെ വീടാണ് തകർന്നു വീഴാതെ അതേപോലെ നിരങ്ങി നീങ്ങിയത്. കൊച്ചി– ധനുഷ്കോടി ദേശീയപാതയോരത്ത് അടിമാലി ഗവ. ഹൈസ്കൂളിനു സമീപമാണ് പില്ലർ ഉൾപ്പെടെ നാലു നിലകളായുള്ള വീടു നിർമിച്ചിരുന്നത്.

ഇതിൽ ഒരുനില വാടകയ്ക്കു നൽകിയിരുന്നു. മറ്റു രണ്ടു നിലകളിലാണ് രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. 

താഴത്തെ നില പില്ലറുകളിൽ പണിതാണ് വീടു നിർമിച്ചിരുന്നത്. ഓഗസ്റ്റ് 16നു രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുൾപൊട്ടലിൽ കെട്ടിടം, 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. പോർച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ടുനിലകൾ മണ്ണിനു മുകളിൽ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻദുരന്തം ഒഴിവായി. 

അടിമാലി മന്നാങ്കാലായിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോൾ താമസിക്കുന്നത്. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവർഷം മുൻപ് വീടു നിർമിച്ചത്. ഈ സ്ഥലത്തു വീടുനിർമാണത്തിന് ആളെ കിട്ടാതെ വന്നതോടെ കൊച്ചിയിൽനിന്നു വിദഗ്ധരെ കൊണ്ടുവന്നാണ് പണി നടത്തിയതെന്നു നാട്ടുകാർ പറയുന്നു.

റവന്യു അധികൃതർക്കു പരാതി നൽകിയതായും ഭൂമിക്കടിയിൽപെട്ട കാർ ഉൾപ്പെടെയുള്ളവ പുറത്തെടുക്കുന്നതിനു സഹായം ലഭിച്ചില്ലെന്നും ഷീല പറഞ്ഞു. ഒന്നേകാൽ വർഷം മുൻപാണ് ഷീലയുടെ ഭർത്താവ് രാധാകൃഷ്ണൻ മരിച്ചത്. ആ ആഘാതം വിട്ടുമാറുന്നതിനു മുൻപാണ് ഷീലയെയും രണ്ടു പെൺമക്കളെയും വിധി വീണ്ടും പരീക്ഷിച്ചത്.