ആധാരം എഴുതി കഴിഞ്ഞോ ? ഇനി വിവരങ്ങൾ ചേർക്കാം ഓൺലൈനിൽ

ആധാരം എഴുതി  കഴിഞ്ഞാൽ അതു റജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിയിലേക്കു കടക്കാം.

1. www.keralaregistration.gov.in എന്ന പോർട്ടലിൽ കയറി ലോഗിൻ ഐഡിയും പാസ്‌വേഡും ഉണ്ടാക്കുക. 

2. ലോഗിൻ ചെയ്ത് ആധാരവിവരങ്ങൾ ചേർക്കുന്നതിനായി ന്യൂ ടോക്കൺ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്നുള്ള വിൻഡോകളിൽ ക്രമാനുഗതമായി വിവരങ്ങൾ ചേർക്കണം. വാങ്ങുന്നയാൾ, വിൽക്കുന്നയാൾ, മുന്നാധാരം, വസ്തു വിവരണം, മുദ്രപത്രം വാങ്ങിയ തീയതി, റജിസ്റ്റർ ഓഫിസിൽ ഹാജരാക്കാൻ ഉദ്ദേശിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങളാണ് ഇതിൽ ചേർക്കേണ്ടത്. 

3. ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് സ്റ്റാംപ് ഡ്യൂട്ടിയെങ്കിൽ നിങ്ങൾ ഓൺലൈനിൽ വിവരങ്ങൾ ചേർക്കുന്ന ദിവസത്തെ ഡേറ്റ് ഡോക്യുമെന്റ് ഡീറ്റൈൽസ് എന്ന സ്ഥലത്ത് നൽകാം. ഇതോടൊപ്പം ‘ഇ സ്റ്റാംപിങ്’ എന്ന ഓപ്ഷനും സെലക്ട് ചെയ്യുക. ഒരു ലക്ഷത്തിനു താഴെയാണെങ്കിൽ മുദ്രപത്രം കയ്യിൽ വാങ്ങിവച്ച ശേഷം അതു വാങ്ങിയ തീയതി നൽകാം. ഇതോടൊപ്പം ‘ഫിസിക്കൽ ഡോക്യുമെന്റ്’ എന്ന ഓപ്ഷനാണ് സെലക്ട് ചെയ്യേണ്ടത്.

3. ആവശ്യമായ വിവരങ്ങൾ സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ റജിസ്‌ട്രേഷന് അടയ്‌ക്കേണ്ട ഫീസിന്റെ വിവരങ്ങൾ തെളിഞ്ഞുവരും. സ്റ്റാംപ് ഡ്യൂട്ടിയുടെ വിശദാംശവും കാണാം. അത് കൺഫേം ചെയ്തു റജിസ്ട്രാർക്കു സബ്മിറ്റ്

ചെയ്തുകഴിഞ്ഞാൽ ഓൺലൈനായി തന്നെ റജിസ്‌ട്രേഷൻ ഫീസും മുദ്രപത്ര വിലയും അടയ്ക്കാവുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇ പേയ്‌മെന്റ് വഴിയും നേരിട്ട് ട്രഷറിയിൽ അടയ്ക്കാനുമുള്ള ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കാം. പണമടച്ച ശേഷം  റജിസ്ട്രാർ ഓഫിസിൽ പ്രമാണം ഹാജരാക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കുക.

4. ഇ സ്റ്റാംപിങ് ആണെങ്കിൽ നിങ്ങൾ ചേർത്ത വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള മുദ്രപത്രം ഡൗൺലോഡ് ആയി വരും. ഇത് പ്രിന്റ് എടുക്കുക.(എ4 100ജിഎസ്എം കടലാസിൽ കളർ പ്രിന്റ് ആണ് എടുക്കേണ്ടത്). ഈ മുദ്രപത്രത്തിൽ നിശ്ചിത സ്ഥലത്ത് നിങ്ങൾ നേരത്തേ തയാറാക്കി വച്ചിരിക്കുന്ന ആധാര വിവരങ്ങൾ ചേർത്ത് ഒന്നാം പേജായി പ്രിന്റ് എടുക്കാം. അല്ലെങ്കിൽ എഴുതുകയും ചെയ്യാം. രണ്ടാം പേജ് മുതൽ എക്‌സ്ട്രാ ഷീറ്റ് ഉപയോഗിക്കാം.

റജിസ്‌ട്രേഷൻ

ഓൺലൈനിൽ തിരഞ്ഞെടുത്ത തീയതിക്ക് സബ് റജിസ്ട്രാർ ഓഫിസിലേക്കു ചെല്ലുകയാണ് ഇനി വേണ്ടത്. തിരിച്ചറിയൽ രേഖ, വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കക്ഷികൾ, രണ്ടു സാക്ഷി എന്നിവർ ഒപ്പമുണ്ടാകണം. നിങ്ങൾക്ക് അനുവദിച്ച സമയത്ത് ആധാരം റജിസ്റ്റർ ചെയ്യാം. സംശയനിവാരണത്തിന് വിളിക്കാം–8547344357