Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയദർശന്റെ പുതിയ ഫ്ലാറ്റ് വിശേഷങ്ങൾ

priyadarshan-house എറണാകുളത്ത് ചിലവന്നൂരിൽ സംവിധായകൻ പ്രിയദർശന്റെ പുതിയ ഫ്ലാറ്റിലൊരു ദിവസം...

എല്ലാ കലാസൃഷ്ടികൾക്കും കാലം നൽകുന്നൊരു ആയുസ്സുണ്ട്. അതു കഴിഞ്ഞും നിലനിൽക്കുന്നവ പിന്നീട് കാലത്തിനു തന്നെ വിശേഷണമാകും. സിനിമാമേഖലയിൽ ഈ അപൂർവത അവകാശപ്പെടാൻ പറ്റുന്ന ചുരുക്കം ചിലരിലൊരാളാണ് പ്രിയദർശൻ. അപാരമായ ഫ്രഷ്നെസ്സ് ആണ് ആ ഫ്രെയിമുകളുടെ സവിശേഷത. പത്താം വയസ്സിൽ കണ്ടൊരു പ്രിയദർശന്‍ ചിത്രം നമുക്ക് 30–ാം വയസ്സിലും മടുപ്പില്ലാതെ കാണാം. അമ്പതാം വയസ്സിലും ആ ചിത്രം നമ്മെ ആനന്ദിപ്പിക്കും. കൊച്ചി ചിലവന്നൂരിലെ പുതിയ ഫ്ലാറ്റിലും പ്രിയദർശൻ തന്റെ മാജിക് ആവർത്തിച്ചിട്ടുണ്ട്. ഡിലൈഫ് ഇന്റീരിയേഴ്സ് രൂപകൽപന ചെയ്ത ഫ്ലാറ്റ് എല്ലാ ചേരുവകളുമിണങ്ങിയൊരു ഗ്ലാമറസ് പടം തന്നെ.

priyadarshan-flat-chilavannoor-interior

എന്തുകൊണ്ട് എറണാകുളത്ത് വീട് വാങ്ങി എന്ന് സിനിമാക്കാരോട് ചോദിക്കുന്നതിൽ കാര്യമില്ല. കാരണം, മലയാളസിനിമ മദിരാശിയോട് സലാം പറഞ്ഞ് എറണാകുളത്ത് കൂടിയിട്ട് നാളേറെയായി. തിരക്കുള്ള നടീനടന്മാരും ടെക്നീഷ്യൻമാരുമൊക്കെ എറണാകുളത്തൊരു വിലാസം സ്വന്തമാക്കുന്നുണ്ട്. പക്ഷേ, ജോലി മാത്രമല്ല പ്രിയനെക്കൊണ്ട് ഇങ്ങനൊരു തീരുമാനം എടുപ്പിച്ചത്. “ദാ ഈ കാഴ്ച മനസ്സിൽ കണ്ടാണ് ഞാൻ ഇങ്ങനൊരു സംരംഭത്തിനിറങ്ങിയത്”, ലിവിങ്ങിലെ കൂറ്റന്‍ ഗ്ലാസ് ഭിത്തിയിലേക്ക് ചൂണ്ടി സംവിധായകൻ പറഞ്ഞു. ആ ചില്ലുജനാലയ്ക്കപ്പുറം കൊച്ചിക്കായലാണ്. ഇരുകരകളിലുമായി നഗരം തിരക്കിട്ടു പായുന്നു. കായലും കരയുമെല്ലാം ജീവൻ തുടിച്ചു നിൽക്കുന്നൊരു കിടിലൻ ഫ്രെയിം! ലിവിങ്ങില്‍ മാത്രമല്ല മൂന്ന് കിടപ്പുമുറികളിലും ഈ കാഴ്ച വിരുന്നെത്തും.

priyadarshan-flat-chilavannoor-bed

മലയാള സിനിമയിൽ, ഭരതന് ശേഷം നിറങ്ങൾ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകരിലൊരാൾ പ്രിയദർശൻ തന്നെ. അടിസ്ഥാന തീം നിറം വെള്ളയാണെങ്കിലും മറ്റു നിറങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. “ചുവപ്പും കറുപ്പും ഇഷ്ടമുള്ള നിറങ്ങളാണ്. ഇവ ഹൈലൈറ്റ് ചെയ്യണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു.”

priyadarshan-flat-chilavannoor

പ്രിയന്റെ ഇഷ്ടം പ്രാവർത്തികമാക്കിയത് ഇൻഫോർമൽ ലിവിങ് സ്പേസിലെ ഭിത്തിയിലാണ്. ചുവപ്പും കറുപ്പും നിറമുള്ള ലാക്വേർഡ് ഗ്ലാസാണ് ഈ ഭിത്തിയിൽ പതിപ്പിച്ചത്. ജിപ്സം കൊണ്ട് ഫോള്‍സ് സീലിങ്. കോപ്പർ ഫിനിഷിലുള്ള പെൻഡന്റ് ലൈറ്റുകളാണ് ഇവിടത്തെ മറ്റൊരാകർഷണം. തൂവെള്ള ലെതർ സോഫകൾ ഇരിപ്പിടമൊരുക്കുന്നു. ഇവിടെയിരുന്ന് കായൽക്കാഴ്ചകൾ ആസ്വദിക്കാം. ഗ്ലാസ് ഭിത്തിയുടെ ഇരുവശവും തുറക്കാവുന്ന ജനാലകൾ നൽകിയിട്ടുണ്ട്. ഇവയ്ക്ക് റോളർ ബ്ലൈൻഡുകളും പിടിപ്പിച്ചു.‌

priyadarshan-flat-hall

തന്റെ പല ഹിറ്റ് സിനിമകൾക്കും പ്രിയൻ തിരക്കഥ എഴുതിയത് ലൊക്കേഷനിൽ ഇരുന്നാണ്. എന്നാൽ ഫ്ലാറ്റിന്റെ കാര്യത്തിൽ നല്ല ഹോംവർക്ക് വേണ്ടി വന്നു. പ്രധാന വാതിൽ തുറന്നാൽ വലതുവശത്തായി ഫോർമൽ ലിവിങ് സ്പേസ് കാണാം. ഇതിനോട് ചേർന്ന് ബാർ കൗണ്ടർ നൽകി. എതിർവശത്ത് ചെറിയ ഓഫിസ് സ്പേസും ഒരുക്കിയിട്ടുണ്ട്. ഫോയറിൽ ഷൂറാക്കും ഉൾപ്പെടുത്തിയിട്ടുണ്ട്.

priyadarshan-flat-family

പ്രിയന്റെ ജീവിതയാത്രയിലെ പ്രധാന നിമിഷങ്ങളെല്ലാം ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളായി അടയാളപ്പെടുത്തി ചുവരിൽ തൂക്കിയിട്ടുണ്ട്. ഇൻഫോർമൽ ലിവിങ്ങിൽനിന്ന് മറ്റ് ഭാഗങ്ങൾ മറയ്ക്കണമെങ്കിൽ റിമോട്ട് ഒന്നമർത്തുകയേ വേണ്ടൂ. സുന്ദരൻ ബ്ലൈൻഡുകൾ താഴേക്കിറങ്ങി സ്വകാര്യത ഉറപ്പാക്കും. കസെറ്റ് എസിയാണ് പൊതുഇടങ്ങളിൽ നൽകിയത്. ബെഡ്റൂമുകളിൽ സ്പ്ലിറ്റ് എസിയുണ്ട്. ഫാനുകൾ ഒരെണ്ണം പോലും നൽകിയിട്ടില്ല.

പേരിലുണ്ട് കാര്യം ‍

മൂന്ന് കിടപ്പുമുറികളും വ്യത്യസ്ത തീമിൽ ഒരുക്കിയിരിക്കുന്നു. മാസ്റ്റർ ബെഡ്റൂമിലും ചുവപ്പ് നിറം ഹാജർ വയ്ക്കുന്നുണ്ട്. ഹെഡ്ബോർഡ് ഭിത്തിയിൽ ജിപ്സം പതിപ്പിച്ച് ഇൻഡയറക്ട് ലൈറ്റിങ് നൽകി. ജിപ്സം ഭിത്തിക്കുമേൽ വോൾപേപ്പർ ഒട്ടിച്ചിട്ടുണ്ട്.

priyadarshan-flat-chilavannoor-bedroom

ഇവിടുത്തെ ഗ്ലാസ് ഭിത്തിയിലൂടെ കാണുന്ന പുലർകാഴ്ചയ്ക്ക് പകരം വയ്ക്കാനൊന്നുമില്ലെന്ന് സംവിധായകൻ പറയുമ്പോള്‍ അതിശയോക്തി ലവലേശമില്ല. മറ്റൊരു കിടപ്പുമുറിയിൽ ചുവപ്പിനു പകരം ബ്രൗണിന്റെ വിവിധ ഷെയ്ഡുകൾ കളം പിടിച്ചിരിക്കുന്നു. ഇവിടെ സ്റ്റഡി സ്പേസും നൽകിയിട്ടുണ്ട്.

priyadarshan-flat-bed

കറുപ്പും വെളുപ്പുമാണ് അടുക്കളയിലെ താരങ്ങൾ. ലാമിനേറ്റഡ് മറൈൻ പ്ലൈ കൊണ്ടാണ് കാബിനറ്റുകൾ നിർമിച്ചത്. മുഴച്ചു നിൽക്കാത്ത തരം ഹാൻഡിലുകളാണ് എല്ലാത്തിനും നൽകിയത്. ഇവിടൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഒരുക്കി.

priyadarshan-flat-kitchen

പ്രിയദർശൻ തന്നെ നിർമിച്ച അപാർട്മെന്റ് സമുച്ചയത്തിലെ ആറു ഫ്ലാറ്റുകളിലൊന്നാണിത്. സമുച്ചയത്തിന് പേരിടാൻ നേരത്തും പ്രിയൻ സിനിമയെ മറന്നില്ല. ‘ദ് മൂവീ ഹൗസസ്’ എന്ന പേരെന്തിനെന്ന് സുഹൃത്തുക്കളാരും ചോദിച്ചില്ല. ചെന്നൈയിലെ വീടിന് പ്രിയദർശൻ നൽകിയ പേര് ലൂമിയർ ഹൗസ് എന്നായിരുന്നു. കാരണം തിരക്കിയവരോടെല്ലാം പറഞ്ഞ മറുപടിയിങ്ങനെ: “ലൂമിയർ സഹോദരന്മാർ സിനിമ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ പ്രിയദർശൻ എന്ന സംവിധായകനും ഈ വീടും ഉണ്ടാകുമായിരുന്നില്ല. അപ്പോൾ ഇതിനേക്കാൾ അനുയോജ്യമായ പേരുണ്ടോ?” കൊച്ചി പഴയ കൊച്ചിയല്ലായിരിക്കാം, പക്ഷേ, സിന‌ിമ ജീവശ്വാസമാക്കിയ പ്രിയന് മാറാൻ പറ്റില്ലല്ലോ.

Read more on Celebrity House താരങ്ങളുടെ വീട്