Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എല്ലാ പ്രവാസികളും കാത്തിരിക്കുന്നത് ആ തിരിച്ചുപോക്കിനായി'...മനസ്സിൽ തൊടും ഈ കുറിപ്പ്

sithara-s-home തലശ്ശേരിയിലെ വീട്ടിലേയ്ക്കുള്ള തിരിച്ചുയാത്രകള്‍ ഇതിനൊക്കെയിടയിലും മനസ്സിന്‍റെ വന്‍കൊതികളാണ്.ഓരോ യാത്രയും മനസ്സില്‍, ശരീരത്തില്‍ ഇന്ധനം നിറയ്ക്കുന്നു..എന്‍റെ വീട് അങ്ങനെയങ്ങനെ എനിക്ക് നിത്യയൗവനം തരുന്നു...

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ച് പോന്ന സ്വന്തം നാട്ടിലേയ്ക്ക്/വീട്ടിലേയ്ക്കുള്ള മടക്കയാത്ര, എംടി യുടെ പ്രിയ പ്രമേയങ്ങളില്‍ ഒന്നായി കരുതപ്പെട്ടിട്ടുണ്ട്..ജനിച്ചുവളര്‍ന്ന തന്‍റെ വീടിനോടുള്ള ഗൃഹാതുരമായ ഇത്തരം ഒബ്സഷനുകള്‍, മനസ്സ്കൊണ്ടും ശരീരം കൊണ്ടും പ്രവാസികളാവേണ്ടി വരുന്ന എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുമെന്ന് തോന്നുന്നു. ലോകത്തിന്‍റെ ഏത് കോണിലേയ്ക്കകന്നുപോയാലും എന്നെങ്കിലും എപ്പോഴെങ്കിലും സംഭവിക്കാവുന്ന ഈ തിരിച്ചുപോക്കുകൾ തന്നെയാണ് ഓരോ മനുഷ്യനും എന്നും കാത്തിരിക്കുന്നത്. 

ഇതുവരെയുള്ള എന്‍റെ ജീവിതം പല പല വീടുകളില്‍ ആയിരുന്നു. ജനിച്ച് അല്‍പ്പനാള്‍ കഴിഞ്ഞ് ഒരു കുഞ്ഞുവീട്..അതിനെപ്പറ്റി അധികം ഓര്‍മ്മകളൊന്നും ബാക്കിയില്ല. രണ്ടാമത്തേത് ബാല്യത്തിലെ കുറച്ചുവർഷങ്ങൾ കഴിച്ചുകൂട്ടിയ വേറൊരു വീട്. അതിന്‍റെ പുല്ല് മേഞ്ഞ മേല്‍ക്കൂരയും തണുത്ത ചാണകത്തിണ്ണകളും, മഴയത്ത് മുറ്റത്ത് ചിതറി വീഴുന്ന വീര്‍ത്ത ചുവന്നതണ്ടുകളുള്ള പാരിജാതങ്ങളും കിണറ്റിന്‍ കരയിലെ ഒറ്റച്ചമ്പകവും കറുത്തുമിനുത്ത അലക്കുകല്ലിന്‍ മുകളില്‍ ഞാന്‍ വായിക്കാനായി ചിതറിയിടുന്ന പുസ്തകങ്ങളും..ഓര്‍മ്മകള്‍ക്ക് ധാരാളിത്തമുണ്ട്...

sithara

അടുത്തത് ചില വാടകവീടുകള്‍ ആയിരുന്നു. പിന്നെയാണ് തലശ്ശേരിയില്‍ അച്ഛനും അമ്മയും ഞാനും അനിയനും വര്‍ഷങ്ങളോളം താമസിച്ച, ഇന്നും താമസിക്കുന്ന വീട് വിലയ്ക്ക് വാങ്ങുന്നത്. സ്വന്തം വീട് എന്നോര്‍ക്കുമ്പോള്‍ അന്നും ഇന്നും മനസ്സില്‍ തെളിയുന്നത് ഈ വീട് മാത്രമാണ്. അതിനുശേഷവും നിരവധി ഇടത്താവളങ്ങള്‍ ജീവിതത്തിലുണ്ടായി. വിവാഹശേഷം സൗദി അറേബ്യയിലായിരുന്നു എന്റെ പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയത്‌. അതിനിടെ ജിദ്ദയിലും റിയാദിലും കമീസ് മുഷൈയ്ത്തിലും അനേകം വാടകവീടുകള്‍..ഓരോ വീടും സ്വന്തം തന്നെയായിരുന്നു. ഓരോന്നിനെയും ഉപേക്ഷിച്ച് പോകുമ്പോള്‍ വേരുകള്‍ അറുക്കപ്പെട്ടത് പോലെ മനസ്സ് പിടഞ്ഞിരുന്നു..പക്ഷേ തലശ്ശേരിയിലെ വീടിന്റെ സ്ഥാനം വേറൊന്നിനും ഏറ്റെടുക്കാന്‍ സാധിച്ചില്ല..

sithara-family

മരുഭൂമിയിലെ വരണ്ട ദിവസങ്ങളില്‍ മനസ്സും ശരീരവും വാടി ക്ഷീണിക്കുമ്പോൾ ഓരോ നിമിഷങ്ങളിലും ഗൃഹാതുരതയുടെ കാട്ടരുവിയായി വീടോര്‍മ്മകള്‍ ഉള്ളിലേക്ക് ഒഴുകി വരാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ എസിയുടെ മുരള്‍ച്ച എന്റെ വീടിന്റെ മേല്‍ക്കൂരയില്‍ കനത്ത് പെയ്യുന്ന മഴയാണെന്നും പൊടി പിടിച്ച അവിടുത്തെ ജനലുകള്‍ തുറന്നാല്‍ വീട്ടിലെ കിണറ്റുംകരയിലെ പച്ചപ്പും തണുപ്പും തൊട്ടറിയാമെന്നും ഞാന്‍ വെറുതെ സങ്കൽപ്പിച്ചുണ്ടാക്കും.. മനസ്സിനെ ഞെരുക്കുന്ന അനാഥത്വം ഒന്ന് ശമിച്ച് എന്റെ കണ്ണുകള്‍ ശാന്തമായ ഒരു കുഞ്ഞുറക്കത്തിലേയ്ക്ക് വഴുതി വീഴും..അതില്‍ നിന്ന് ഉണരുമ്പോഴേയ്ക്കും സോപ്പുകുമിള പോലെ എന്റെ ഇല്ലാലോകം പൊട്ടിത്തകരും..ഞാന്‍ വീണ്ടും  വീടില്ലാത്ത അനാഥക്കുട്ടിയാകും..

കുട്ടിക്കാലത്തിന്റെ നല്ലൊരു ഭാഗവും കൗമാരവും യൗവനവും എന്റെയീ വീട്ടിലാണ് ഞാന്‍ ചിലവഴിച്ചത്. ഇടയിലൊരുതവണ വീട് പുതുക്കിപ്പണിതു. അതോടെ വീട്ടില്‍ സ്വന്തമായൊരു മുറിയും എനിക്കുണ്ടായി.. ഇന്നും ആ മുറി  എനിക്ക് ലോകത്തിലേറ്റവും ഇഷ്ടപ്പെട്ട ഇടമാണ്. എന്റെ കണ്ണീരും പ്രണയവും സ്നേഹവും വെറുപ്പും തൊട്ടറിഞ്ഞ എന്റെ ഏറ്റവും പ്രിയ ഒളിവിടം. ഇവിടെ പണ്ട് ജീവിച്ച കാലങ്ങളില്‍ ജീവിതം അത്ര സുഗമമൊന്നും ആയിരുന്നില്ല..കുടുംബം തകര്‍ച്ചകളെ നേരിട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ബന്ധങ്ങളില്‍ വിള്ളല്‍ വീണിരുന്നു. പക്ഷേ ഞങ്ങളുടെ വീട് ഞങ്ങളെ എല്ലായ്പ്പോഴും കൂട്ടിച്ചേര്‍ത്ത് നിര്‍ത്തി..എന്റെയും അനിയന്റെയും വിവാഹശേഷം  വീട്ടിലെ അംഗങ്ങള്‍ കൂടി. കുഞ്ഞുങ്ങളുണ്ടായി..ഇന്നും പ്രശ്നങ്ങള്‍ക്ക് കുറവൊന്നുമില്ല..എങ്കിലും അവയിലൂടെയൊക്കെ പ്രത്യാശയോടെ ജീവിച്ച് പോകാന്‍ ഞങ്ങളും ഞങ്ങളുടെ വീടും പഠിച്ച് കഴിഞ്ഞിരിക്കുന്നു.

sithara-family-photo

മൂന്നുനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വിദേശത്തും അനിയന്‍ ബാംഗ്ലൂരും ആയിരിക്കെ അച്ഛന്‍ വീട് വിറ്റ് വേറെ എവിടെയെങ്കിലും മാറാനുള്ള പ്ലാനും കൊണ്ട് വന്നു..ഇവിടെ താമസിച്ച് മടുത്തുവെന്നും ഒറ്റപ്പെടല്‍ സഹിക്കാനാവുന്നില്ല എന്നും മറ്റും ചില കാരണങ്ങള്‍ പറഞ്ഞു..ഫോണില്‍ ഇക്കാര്യം കേള്‍ക്കെ എന്റെ നെഞ്ച് വിതുമ്പി. എന്നിട്ടും ഞാന്‍ നിശബ്ദയായി സമ്മതം കൊടുത്തു..ലോകത്തിലെ സ്വന്തമായി ബാക്കിയുള്ള ഒരേ ഒരിടം നഷ്ടപ്പെടാന്‍ പോകുന്നതിന്റെ ഉള്ളുരുക്കത്തില്‍ ഞാന്‍ അനിയനെ വിളിച്ചു. അവനും സങ്കടത്തിലായിരുന്നു. എങ്കിലും പപ്പയ്ക്ക് സന്തോഷമാവട്ടെ എന്നുകരുതി അവനും വീട് വില്‍ക്കാമെന്ന് സമ്മതിച്ചു. അതിന്‍റെ ആലോചനകള്‍ പല തവണ നടന്നു. പലരും വന്നു വീട് കണ്ടുപോയി. പക്ഷേ എന്തുകൊണ്ടോ ആ വില്‍പ്പന നടന്നില്ല. ഞാനും അനിയനും ആശ്വാസത്തോടെ നെടുവീര്‍പ്പെട്ടു. ഞങ്ങളെ വിട്ടുകൊടുക്കാന്‍ ഒരുപക്ഷേ ഞങ്ങളുടെ വീടിനും ആവുമായിരുന്നില്ല..

ഇന്ന് മാസത്തില്‍ പകുതി ദിവസം കൊച്ചിയിലെ വാടക ഫ്ലാറ്റിലാണ് എന്റെ താമസം. അവിടെയും വേരുകള്‍ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. അവിടത്തെ വായുവിനെയും ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു..എങ്കിലും തലശ്ശേരിയിലെ വീട്ടിലേയ്ക്കുള്ള തിരിച്ചുയാത്രകള്‍ ഇതിനൊക്കെയിടയിലും മനസ്സിന്‍റെ വന്‍കൊതികളാണ്.ഓരോ യാത്രയും മനസ്സില്‍, ശരീരത്തില്‍ ഇന്ധനം നിറയ്ക്കുന്നു..എന്‍റെ വീട് അങ്ങനെയങ്ങനെ എനിക്ക് നിത്യയൗവനം തരുന്നു...