Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ നല്ല മനസ്സിന് ഒരു സല്യൂട്ട്...

renovated-traditional-home-palakkad പുനരുപയോഗിച്ച സാമഗ്രികൾ കൊണ്ട് പുതുക്കിപ്പണിതതു വഴി വൻതോതിൽ ബജറ്റ് കുറയ്ക്കാനായി

വിജിലൻസ് ഉദ്യോഗസ്ഥനായ കുമാറിന് പഴയ വസ്തുക്കളോട് കലശലായ ഇഷ്ടമാണ്. ആദ്യം വാങ്ങിയ മാരുതി കാർ ഇപ്പോഴും പുത്തന്‍പോലെ സൂക്ഷിച്ചിരിക്കുന്നു. കാലപ്പഴക്കം കാരണം പഴയ വീട് അപകടാവസ്ഥയിലായപ്പോൾ പുതിയ വീടിനെക്കുറിച്ച് ചിന്തിച്ചതു പോലുമില്ല. പകരം പഴയ വീടിനെയങ്ങ് പുതുക്കിയെടുത്തു.

traditional-renovation

പാലക്കാട് ജില്ലയിൽ ആലത്തൂരിന് സമീപം കാവശ്ശേരിയിലാണ് ഈ പറഞ്ഞ വീട്. ‘അനന്തപുരി’ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് പുതുക്കിപ്പണിയലിലും തനിമ നിലനിർത്തിയിരിക്കുന്നു.

രണ്ട് നിലയായിരുന്ന വീട്ടിൽ വെളിച്ചക്കുറവും ചൂടുമായിരുന്നു പ്രധാന പ്രശ്നങ്ങൾ. ഉത്തരവും തട്ടും അഴിച്ചെടുക്കുകയായിരുന്നു ആദ്യത്തെ നടപടികൾ. ഒാട് കഴുകി സ്പ്രേ പെയിന്റ് അടിച്ചു. ഇഷ്ടിക കെട്ടിപ്പൊക്കി മച്ചിന്റെ ഉയരം കൂട്ടി.

renovated-traditional-home-interior

കഴിവതും പഴയ സാധനങ്ങൾ പുനരുപയോഗിച്ചാണ് കുമാർ വീടുപണി പൂർത്തിയാക്കിയത്. പഴയ ഹുരുഡീസ് ബ്ലോക്കുകളും പനയുടെ തടിയും കൊണ്ടാണ് പുതിയ തട്ട് നിർമിച്ചത്. ഒന്നരയടി നീളമുളള കട്ടയ്ക്ക് 40 രൂപയും രണ്ടടിയുടേതിന് 50 രൂപയുമായി. ഹുരുഡീസ് തട്ട് വന്നതോടെ ഉളളിലെ ചൂടിന് പരിഹാരമായി. ഇതുപോലെ തടി ഉരുപ്പടികളും പഴയത് വിൽക്കുന്ന കടകളിൽ നിന്ന് തേടിപ്പിടിച്ചു. ഏഴു ജനലുകൾ പഴയത് സംഘടിപ്പിച്ചു. വലിയ മൂന്നെണ്ണത്തിന് 5000 രൂപ വീതമായപ്പോൾ ചെറുതിന് 3500 രൂപ വീതമായി. എല്ലാംകൂടി 30,000 രൂപയിൽ താഴെയേ ചെലവു വന്നുളളൂ. കോണിപ്പടിയുടെ കാര്യവും ഇങ്ങനെതന്നെ. 13 അടി നീളമുളള കോണിപ്പടി അല്പം അറ്റകുറ്റപ്പണികൾ ചെയ്ത് പുതുക്കിയെടുത്തപ്പോൾ ചെലവായത് 25,000 രൂപ. പുതിയ തടി ഉപയോഗിച്ച് ഇതേ അളവിൽ കോണിപ്പടി തീർക്കാൻ ഒരു ലക്ഷം രൂപയ്ക്കടുത്ത് ചെലവാകുമെന്നും കുമാർ പറയുന്നു.

renovated-traditional-home-swing

ഒട്ടും സ്വകാര്യയില്ലാത്ത രീതിയിലായിരുന്നു മുറികളുടെ വിന്യാസവും ഡിസൈനും. ഏതു മുറിയിൽ നിന്ന് എങ്ങോട്ടും പോകാവുന്ന അവസ്ഥ. എല്ലാ മുറികളേയും ബന്ധിപ്പിച്ച് നെടുനീളത്തിൽ രണ്ട് പാസേജുകൾ! ഇതിലൊരു പാസേജിനെ ഹാൾ ആക്കി മാറ്റിയെടുത്തു.അതിഥികൾ വന്നാല്‍ ഇവിടം ബെഡ്റൂം ആയിട്ടും ഉപയോഗിക്കാം. പഴയകിടപ്പുമുറിക്ക് രണ്ട് വാതിലുകളുണ്ടായിരുന്നത് ഒന്നായി ചുരുക്കി. അടുക്കളയിലേക്ക് കയറാൻ മാത്രം മൂന്ന് വാതിലുകളുണ്ടായിരുന്നത് ഒന്നായി മാറി. പുറത്തെ ബാത്റൂമിലേക്ക് പോയിരുന്നതും അടുക്കളയിലൂടെയായിരുന്നു. ബാത്റൂമിനു പുറത്തുനിന്നുതന്നെ വാതിൽ നൽകി ആ പ്രശ്നവും പരിഹരിച്ചു.

renovated-traditional-dining

മേൽക്കൂരയുടെ പിറകുവശത്ത് താഴ്ച തീരെ കുറവായിരുന്നു. നാല് അടിയോളം മേൽക്കൂര പൊക്കിയതോടെ ഇന്റീരിയറിൽ സൗകര്യം കൂടി. തറയിലെ റെഡ്ഒാക്സൈഡെല്ലാം ചുരണ്ടിക്കളഞ്ഞ് വിട്രിഫൈഡ്, സെറാമിക് ടൈലുകൾ പാകി. 

renovated-traditional-home-bed

മുൻവശത്തുണ്ടായിരുന്ന ചൊറിയൊരു ഇടനാഴി ലിവിങ്, ഒാഫീസ് സ്പേസ് ആയി ഭാഗിച്ചു. കിടിലനൊരു പൂമുഖവും വന്നതോടെ വീട് പൂർണമായി. കാർ കഴുകുന്ന വെള്ളം പോർച്ചിൽ തന്നെ ഇറങ്ങുന്ന രീതിയിലാണ് ടൈലുകൾ വിരിച്ചത്. പോര്‍ച്ച് നിർമിക്കുമ്പോൾ മുന്‍വശത്തുണ്ടായിരുന്ന ഉങ്ങ് മരത്തിനെ സംരക്ഷിച്ച കുമാറിന്റെ നല്ല മനസ്സിനും ഒരു സല്യൂട്ട് നൽകാം.