Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സ്നേഹത്തിന്റെ ഗന്ധമുള്ള ആ വീട്'...

chithira-home എഴുത്തുകാരിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ചിത്തിര കുസുമൻ തന്റെ വീട് ഓർമകൾ പങ്കുവയ്ക്കുന്നു.

വീടോർമ്മകൾ ധാരാളം മണങ്ങളായിട്ടാണ് മനസ്സിൽ റെക്കോർഡ് ചെയ്തുവെച്ചിട്ടുള്ളത്. ഓരോ വീടിനും ഓരോ മണം. ജനനം മുതലിങ്ങോട്ട് വാടകവീടുകളായിരുന്നു, ഒരു പത്തുവർഷം മുൻപു വരെ. അതിലോരോവീടും പ്രിയങ്കരങ്ങളാണ്. മുട്ടിലിഴഞ്ഞുതുടങ്ങിയ വീട് മുട്ടോളം പോന്ന പാവാടയിട്ട പ്രായത്തിലാണ് കണ്ടിട്ടുള്ളത്. അന്നേരം അതുവലിയ കൗതുകമായിരുന്നു. ആ സമയത്ത് താമസിച്ചുകൊണ്ടിരുന്നത് ഒരു മുഴുവൻ വീടിന്റെ ഒരു ഭാഗത്തിലാണ്, അവിടെ വച്ചാണ് എന്നെ സ്‌കൂളിൽ ചേർത്തത്. ഓടിനു ചോർച്ചയുണ്ടായിരുന്നു അവിടെ മഴയത്ത്. രാത്രി ചോർച്ചസമയത്ത് സ്റ്റീൽപാത്രത്തിന്റെ അടിഭാഗം കൊണ്ട് ഓരോ തുള്ളിവെള്ളത്തിനെ ക്ളിങ് ക്ളിങ് എന്ന് തെറിപ്പിച്ചുകളയുന്നൊരു കളിയുണ്ടായിരുന്നു എനിക്കുമച്ഛക്കും. 

പിന്നെ മൂന്നാംതരത്തിലേക്ക് ജയിച്ച വെക്കേഷന് വേറൊരു വീടായി. ഒറ്റക്കുട്ടിയായതുകൊണ്ട് അടഞ്ഞുകിടക്കുമായിരുന്ന എന്റെ ലോകത്തിനെ ധിം! എന്ന് തുറന്നിട്ടത് ആ വീടാണ്, അല്ലെങ്കിൽ ആ വീടിന്റെ ഉടമസ്ഥരുടെ നീണ്ടുനീണ്ടു കിടന്ന പറമ്പാണ്, അതിലെ തോടുകളും കുളങ്ങളുമാണ്. മീനുകളും ഞവണിക്കകളും മാത്രമല്ല, ചെരിഞ്ഞു കിടന്നൊരു പൂപ്പരുത്തിക്കൊമ്പും അർദ്ധരാത്രികളിൽ അതിന്മേലിരുന്ന് കുളത്തിലെ വെള്ളത്തിലേക്ക് വിരൽ മുട്ടിക്കുമായിരുന്ന യക്ഷിയും വരെ അന്നാണ് കൂട്ടുകാരായത്.

chithira-tharavad

ആ വീടിന്റെ മുറ്റത്താണ് അച്ഛയുമമ്മയും ചേർന്നുണ്ടാക്കിയ എന്റെയോർമ്മയിലെ ആദ്യത്തെ പച്ചക്കറിത്തോട്ടം, അച്ഛയുടെ കുറെ വരകളുണ്ട് ആ വീടും അതിനകവും. പെയിൻറ് മണക്കുമായിരുന്നു അവിടെയാകെ. ആ വീട്ടിൽ നിന്ന് മാറിയത് അതേ ഉടമസ്ഥരുടെ തൊട്ടപ്പുറത്തെ വേറെ വീട്ടിലേക്കാണ്, അവിടേക്കാണ് ലോകത്തെ മുഴുവൻ കലാചരിത്രവുമായി അച്ഛയുടെ കൂട്ടുകാർ വന്നുചേരുമായിരുന്നത്, ഞാൻ കവിതകളെയും ചിത്രങ്ങളെയും കേട്ടുതുടങ്ങിയത് . 

ചുമരുകളോട് വർത്തമാനം പറയുന്നൊരു പതിവുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. ഉറങ്ങുമ്പോൾ ചുമരിൽ കവിൾ അമർത്തിക്കിടക്കുകയോ കാൽമുട്ട് ഉയർത്തി ചുമരിൽ മുട്ടിക്കുകയോ ചെയ്യും. ഓരോ വാടകവീട്ടിൽ നിന്നും സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി എല്ലാവരും ഇറങ്ങിക്കഴിയുമ്പോൾ അവസാനമായിട്ട് എന്തെങ്കിലും എടുക്കാൻ മറന്നോന്ന് നോക്കട്ടെയെന്നു പറഞ്ഞ് അകത്തുകയറും. ചുമരിൽ മുഖം ചേർത്തുകരയും. ഒരു വീടുപോലും എന്റെ ഒടുവിലത്തെയാ സങ്കടത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി എനിക്കോർമ്മയില്ല . 

മഹാരാജാസ് പഠനകാലത്ത് താമസിച്ചിരുന്ന പഴകിയ നാലുകെട്ടാണ് മുതിർന്ന വീടോർമ്മയിലെ ഏറ്റവുമിഷ്ടപ്പെട്ടത്. പുറകിൽ കുളവും കിണറും മുൻപിൽ വലിയ മുറ്റവും അകത്ത് മച്ചും പൂജാമുറിയും ഒക്കെക്കൂടെ എന്നെ ആകെയങ്ങ് ഭ്രമിപ്പിച്ചു കളഞ്ഞിട്ടുണ്ട് ആ വീട് . അന്നേരമുണ്ടായ നീണ്ട മുടിയും പട്ടുപാവാടയും തനിച്ചിരിക്കലും കൂടെ സങ്കൽപ്പങ്ങളുടെയും സ്വപ്നങ്ങളുടെയും പരിധിവിട്ട ഒരു സുന്ദരകാലം തന്നിട്ടുണ്ട് എനിക്ക്. അവിടടെയിപ്പോൾ എഴുത്തുകാരൻ നാരായൺ കുടുംബമായി താമസിക്കുന്നുണ്ട്, ഇടക്കൊന്നു പോയിരുന്നു .  അണ്ണാനും കിളികൾക്കും ഭക്ഷണം കൊടുത്തും നിറയെ പച്ച നട്ടും അവരാ വീടിനെയങ്ങനെ സ്നേഹിക്കുകയാണ്. 

 ഇക്കാലമത്രയും എന്റെ "സ്വന്തം" വീട് എന്നുപറയുന്നത് അമ്മച്ചിയമ്മയുടെ (അമ്മയുടെ അമ്മ) വീടിനെയാണ്, ഇപ്പോഴതില്ലെങ്കിലും എന്റെ സ്വന്തം വീട് അതുമാത്രമാണ്. ആദ്യമാദ്യം ചാണകം മെഴുകിയ തറയായിരുന്നു ആ വീടിന്. പിന്നീട് റെഡ് ഓക്സൈഡ് ചെയ്തു. എല്ലാവരും വരുമ്പോൾ തിണ്ണ നിറയെ പായ നീട്ടിവിരിച്ച് വലിയമ്മയും ചിറ്റയും ഞങ്ങൾ കുട്ടികളും ഒക്കെയങ്ങനെ നിരന്നുകിടക്കും, പാളികളില്ലാത്ത ജനലിലൂടെ നിലാവ് അകത്തുകയറി നിറയും.

ആരുമില്ലാത്തപ്പോൾ ആ വീട് എന്റെയാണ്, ഓരോ ആഴ്ചാവസാനവും ഓരോ വെക്കേഷൻ കാലത്തും അമ്മാവൻ എന്നെയങ്ങോട്ടു കൊണ്ടുപോകും, അവിടെയാണ് വളർന്നത്, അവിടെയാണ് ജീവനുള്ളത്. ആ വീടിന്റെ പിൻമുറ്റത്ത് കുളത്തിന് അരികിലായി നിറയെ പൂപ്പരുത്തികളും മുറ്റത്തിന് നടുവിൽ ഒരു ആഞ്ഞിലിയും അതിനപ്പുറം അതിരിൽ ഒരു കുടമ്പുളിയും. വലതുവശത്തെ വേലി നിറയെ നിറമുള്ള ഇലകളും പാരിജാതവും. വരാന്തയിലിരുന്നാണ് കല്ലുകളിക്കാനും ഓല മെടയാനും തല നോക്കാനും കുഴിയാനയെ തിരയാനും ഉറുമ്പുനടത്തങ്ങൾക്ക് വിരൽ വട്ടം വെക്കാനും ഇറവെള്ളത്തിലേക്ക് കൈ നീട്ടിത്തട്ടാനും കടലാസ് വഞ്ചിയിറക്കാനും പഠിച്ചത്.

chithira-house

മുൻവശത്തെ കുളത്തിൽ അഞ്ചു തലയുള്ള നാഗങ്ങളുടെ ശില്പങ്ങളുണ്ടായിരുന്നു, ഒരിലഞ്ഞിമരവും. വീടുവാങ്ങിയപ്പോഴേ കൂടെക്കിട്ടിയ ആ നാഗത്താന്മാരുടെ ശാപം എനിക്കും പിന്നെ എന്റെ മൂത്ത അമ്മാവനും മാത്രമേ കിട്ടിയിരുന്നുള്ളൂ, ശല്യം ചെയ്തിട്ട്. പിന്നെപ്പിന്നെ അമ്മാവനെ അമ്മായി ആ ശാപത്തിൽ നിന്ന് വലിച്ചുപുറത്തിട്ടു. ഞാനിപ്പഴും അതിന്റകത്താണ്, ഒരു വട്ടക്കുളത്തിൽ.  പൊളിച്ചുകളയും വരെ ഓടിട്ടതായിരുന്ന ആ വീടിന് സ്നേഹത്തിന്റെ മണമായിരുന്നു. പിന്നീടത്  സ്വാർത്ഥതകൾക്കു വേണ്ടി പണമായി മാറിപ്പോയി, ഓർക്കാൻ  ഇഷ്ടമില്ലാത്ത ഓർമ്മകൾ . 

കുറെയേറെ കാലങ്ങൾക്കുശേഷം അമ്മച്ചിയമ്മയുടെ വീടിനെ ഓർമ്മിപ്പിച്ച മറ്റൊരുവീടുണ്ടായി ജീവിതത്തിൽ, വളരെ കുറച്ചു നാളത്തേക്ക് . 'എന്റെയിടം' എന്ന് അങ്ങനെയിങ്ങനെ ഒരിടത്തും തോന്നാത്ത ഒരാൾക്ക് അത്തരം വീടുകൾ വിലപ്പെട്ട ഓർമ്മകളാണ് , ബന്ധങ്ങളൊന്നുമില്ലാതെ ആ വീട് ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയി. 

ഇപ്പോൾ വീട്ടിനകത്ത് ഉണ്ടാവുന്നതിനേക്കാൾ സ്വന്തപ്പെട്ട ഒരു തോന്നലുണ്ട് എറണാകുളം നഗരത്തിന്റെ ഏതു ഭാഗത്തു നടക്കുമ്പോഴും. ഉവ്വ്, വേരുകളില്ലാത്ത ഒരുത്തിക്ക് ഒരു നഗരം അതിന്റെ ആകാശം കൊടുത്തതാണ്, വളരാൻ .  

വാടകവീടുകൾക്കൊടുവിൽ ഇനി വാടക കൊടുക്കേണ്ടാത്ത ഒരു വീടുണ്ടായി. പത്തുകൊല്ലം ലോൺ കൃത്യമായി അടച്ച് അത് നമ്മുടേതായി എന്ന് അച്ഛക്കും അമ്മക്കും ഉറപ്പുവന്നിട്ടും ഞാനതിനെ സംശയിച്ചിങ്ങനെ നോക്കുകയാണ്. അതിനുമീതെ കാലങ്ങളിൽ മാറിമാറി പടർത്തിയ പാഷൻ ഫ്രൂട്ട്, ആകാശമുല്ല , കോവൽ , പാവൽ , തണ്ണീർമത്തൻ വള്ളികളൊക്കെ പറയുന്നുണ്ട് ഇവിടെയാണ്, ഇവിടെയാണ് എന്ന്.

എന്റെയും അച്ഛയുടെയും പുസ്തകങ്ങളും ഞങ്ങളുടെ അടുക്കളയും പറയും ഇവിടെയാണ് ഇവിടെയാണ് എന്ന് . പക്ഷേ മാറിമാറിശീലിച്ചുപോയ മനസ്സിന് അത് ദഹിക്കാത്ത ഒരു തോന്നലാണ്. ആഴ്ചാവസാനത്തിലോ മറ്റോ സൈക്കിൾബെല്ലടിച്ചുകൊണ്ട് എന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ അമ്മാവൻ വന്നേക്കും എന്നൊരു സ്വപ്നത്തിൽ ഞാനവിടെ കാത്തിരിപ്പാണ് .

ഉരുവം കൊണ്ടത് കൽക്കട്ടയിലായിരുന്നെങ്കിലും പ്രസവിക്കാൻ അമ്മ നാട്ടിലേക്കു പോന്നു, ഇല്ലെങ്കിൽ കേരളത്തിനപ്പുറം ഒരോർമ്മവീടുകൂടെ ബാക്കിയായേനെയെനിക്ക് .