Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനൂപ് ചന്ദ്രന്റെ വീട്ടുവിശേഷങ്ങൾ

anoop-chandran

ആലപ്പുഴ ജില്ലയിലെ ചേർത്തലയാണ് എന്റെ സ്വദേശം. അച്ഛൻ രാമചന്ദ്ര പണിക്കർ തഹസിൽദാർ ആയിരുന്നു. അമ്മ ചന്ദ്രലേഖ ദേവി ഫാക്ട് ഉദ്യോഗസ്ഥയും. ഇവരുടെ മക്കളിൽ ഏറ്റവും ഇളയവനാണ് ഞാൻ. സഹോദരന്മാർ വിവാഹം കഴിച്ചു കുടുംബമായി വീടിനടുത്തുതന്നെ താമസമാക്കി. 

തനതുശൈലിയിൽ തറവാട്...

anoop-home

90 വർഷം പഴക്കമുള്ള തറവാടാണ് ഞങ്ങളുടേത്. കാലപ്പഴക്കത്തിൽ സ്ഥലപരിമിതികൾ ഏറിയപ്പോൾ പലതവണയായി പുതുക്കിപ്പണിതു. അപ്പോഴും തനതുശൈലി നിലനിർത്തിയാണ് പുതുക്കിയത്. വർഷങ്ങൾക്ക് മുൻപു നടി സുകുമാരി ചേച്ചി വീട്ടിൽ എത്തിയപ്പോൾ വീടിന്റെ സ്ഥലപരിമിതി കണ്ടു എന്നോട് വീട് കുറച്ചുകൂടി വിശാലമാക്കി കൂടെ എന്നു ചോദിച്ചു. അങ്ങനെയാണ് അവസാനതവണ വീട് പുതുക്കിപ്പണിതത്. തറവാടിനോട് വൈകാരികമായ അടുപ്പമുള്ളതുകൊണ്ട് പഴയ കെട്ടിടം നിലനിർത്തി ഓപ്പൺ ശൈലിയിൽ കൂടുതൽ ഇടങ്ങൾ കൂട്ടിച്ചേർത്തു. ഇപ്പോൾ 50 പേർ വന്നാലും സുഖമായി ഇടപെടാനുള്ള സ്ഥലം വീടിനുള്ളിലുണ്ട്.

ജീവനാണ് കൃഷി...

anoop-farming

പരമ്പരാഗതമായി കർഷക കുടുംബമാണ്. അതുകൊണ്ട് കൃഷിയോടുള്ള സ്നേഹം എന്റെ രക്തത്തിൽ ഉള്ളതാണ്. വീട്ടിലേക്കുള്ള അരി മുതൽ പച്ചമുളക് വരെ സ്വയംപര്യാപ്തമായി ഉത്പാദിപ്പിക്കുന്നു. പറമ്പിലേക്ക് ഇറങ്ങിയാൽ ഉച്ചയ്ക്കത്തെ ഊണിനുള്ള പച്ചക്കറിയുമായി തിരിച്ചുകേറാം. മറ്റു ഭൂരിഭാഗം മലയാളികളെ പോലെ വിഷമടിച്ച പച്ചക്കറി വാങ്ങിക്കഴിക്കേണ്ട ഗതികേടില്ല...

പ്രകൃതിയിൽ നിന്നും ഉണ്ടാകുന്നത് പ്രകൃതിയിലേക്ക് തിരിച്ചുകൊടുക്കുക എന്ന ഏർപ്പാടാണ് വീട്ടിൽ പിന്തുടരുന്നത്. അതുകൊണ്ട് മാലിന്യം എന്ന പ്രശ്നം ഉദിക്കുന്നില്ല. തികച്ചും ജൈവികമായ രീതിയിലാണ് കൃഷി. വീട്ടിൽ അത്യുൽപാദനശേഷിയുള്ള കാസർകോട് കുള്ളൻ പശുക്കളുണ്ട്. ഇവയുടെ ബ്രീഡിങ്ങിനുള്ള ക്രമീകരണവും സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ ചാണകവും ജൈവ കമ്പോസ്റ്റുമാണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്.

അയൽപക്ക ബന്ധങ്ങൾ...

anoop-house

ഒരു ഗ്രാമപ്രദേശത്തിന്റെ നന്മയും സഹകരണവും ഇവിടെ അയൽപക്ക ബന്ധങ്ങളിലുണ്ട്. എന്നെക്കണ്ടാൽ നാട്ടുകാർ 'ഇപ്പൊ സിനിമയൊന്നുമില്ലേ?' എന്നല്ല ചോദിക്കുന്നത്, പകരം 'നെല്ല് കൊയ്യാറായോ, പശു പ്രസവിച്ചോ, ചീര മൂപ്പെത്തിയോ' എന്നേ ചോദിക്കൂ...അടുത്തിടെ ബ്രീഡ് ചെയ്ത ആറു കിടാവുകളെ ഞാൻ അയൽപക്കത്തുള്ള സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് കൊടുത്തു. അവർക്ക് ഒരു ജീവനോപാധിയുമാകും, നമുക്കൊരു സന്തോഷവും...

സ്വസ്ഥം ഗൃഹഭരണം...

സ്‌കൂൾ കാലം മുതൽ നാടകവേദികളിൽ സജീവമായിരുന്നു. പഠനം ചേർത്തല സ്‌കൂളിലും ചേർത്തല എൻഎസ്എസ് കോളജിലുമായിരുന്നു. തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. നാടകവേദികളിൽനിന്നു സിനിമയിലേക്കെത്തി. ഇതിനിടയ്ക്ക് സ്വന്തമായി ഒരു കൂട്ട് വേണമെന്നൊന്നും ചിന്തിക്കാൻ സമയം കിട്ടിയില്ല. ഇനിയൊരു കുടുംബമൊക്കെയായി സ്വസ്ഥം ഗൃഹഭരണം ജീവിതം നയിച്ചാൽ കൊള്ളാമെന്നുണ്ട്.