Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് വച്ചപ്പോൾ ഒരു ഡിമാൻഡ് ഉണ്ടായിരുന്നു: ശാലു കുര്യൻ

shalu-kurian-home നടി ശാലു കുര്യൻ തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

നാലോളം വീടുകളുമായി ചുറ്റപ്പെട്ടു കിടക്കുകയാണ് എന്റെ ജീവിതം. ആദ്യം ഓർമ വരുന്നത് കോട്ടയം പാമ്പാടിയിലുള്ള എന്റെ കൂട്ടുകുടുംബമാണ്. അന്നൊക്കെ എല്ലാവരും ഒത്തൊരുമയോടും സഹവർത്തിത്വത്തോടും കൂടെയാണ് ഒരു കൂരയ്ക്ക് കീഴിൽ കഴിഞ്ഞിരുന്നത്. അറയും പുരയും വിശാലമായ മുറ്റവും മരങ്ങളും വളർത്തുമൃഗങ്ങളുമൊക്കെയുള്ള വീടായിരുന്നു. പശുവും, ആടും, താറാവും, ടർക്കിക്കോഴിയും, തത്തയും, മൈനയുമൊക്കെ വീട്ടിൽ വളർത്തിയിരുന്നു.  

പപ്പ കുര്യൻ ജേക്കബ്, മമ്മി ജയ് കുര്യൻ. എനിക്കൊരു സഹോദരൻ ജേക്കബ് കുര്യൻ. സ്‌കൂൾ, കോളജ് പഠനവും കോട്ടയത്തു തന്നെയായിരുന്നു. അതുകൊണ്ട് ഹോംസിക്നസ് അധികം അറിഞ്ഞിട്ടില്ല. പ്ലസ്‌ടുവിനു പഠിക്കുമ്പോഴാണ് മിനിസ്ക്രീനിലേക്കെത്തുന്നത്.

വാസ്തു വീട്...

shalu-kurian-house

പപ്പ സ്വന്തമായി ഒരു വീടുവച്ച് മാറിത്താമസം തുടങ്ങിയിട്ട് രണ്ടു വർഷം ആകുന്നതേ ഉള്ളൂ. പാമ്പാടിക്കടുത്ത് കങ്ങഴയിലാണ് പുതിയ വീട്. വീടു വയ്ക്കുമ്പോൾ എനിക്ക് ഒറ്റ ഡിമാൻഡേ ഉണ്ടായിരുന്നുള്ളൂ. വാസ്തു പ്രകാരമായിരിക്കണം വീട് വയ്ക്കേണ്ടത്. എനിക്ക് വാസ്തുവിൽ വിശ്വാസമുണ്ട്. അതില്ലാതെ വീടു വച്ചവർക്കുണ്ടായ ദുരനുഭവങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടുമുണ്ട്. അതുകൊണ്ട് മുറികളുടെ സ്ഥാനവും കണക്കുകളും വാസ്തുവിദഗ്ധനെ കൊണ്ട് പരിശോധിപ്പിച്ച ശേഷമാണു വീട് പണിതത്. സമകാലിക ശൈലിയിലുള്ള ഇരുനില വീടാണ്. മമ്മിയാണ് വീടിന്റെ അലങ്കാരപ്പണികളൊക്കെ കൈകാര്യം ചെയ്യുന്നത്.

ഭർത്താവിന്റെ വീട്....

shalu-ranni-home

മെൽവിന്റെ വീട് റാന്നിയാണ്. പക്ഷേ അച്ഛനും അമ്മയും മുംബൈയിലാണ് സ്ഥിരതാമസം. അതുകൊണ്ട് പരിപാലനം എളുപ്പമാവുന്ന വിധത്തിൽ മിനിമൽ ശൈലിയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. അവർ നാട്ടിലെത്തുമ്പോൾ ഞങ്ങളെല്ലാം അവിടെ ഒത്തുചേരും.

ഫ്ലാറ്റ് ജീവിതം...

shalu-flat

ഷൂട്ടുകളുടെ സൗകര്യത്തിന് ഞാനും മെൽവിനും ഇപ്പോൾ കൊച്ചിയിൽ ഫ്ലാറ്റിലാണ് താമസം. ഇത്രയും കാലം മണ്ണിൽ ചവിട്ടി നടന്നു ശീലിച്ചതുകൊണ്ട് ഫ്ളാറ്റുകളെ കുറിച്ച് ചില മുൻവിധികളോടെ വാങ്ങാൻ ചെന്നത്. ഞാൻ ആദ്യം പരിശോധിച്ചത് അടുക്കളയാണ്. എനിക്ക് അടുക്കള വിശാലമായി വേണമായിരുന്നു. അവസാനം അത്തരമൊരു ഫ്ലാറ്റ് ഒത്തുവന്നപ്പോൾ മേടിച്ചു. 3 BHK ഫ്ലാറ്റാണ്. അത്യാവശ്യം വിശാലമായ അകത്തളങ്ങളുള്ള ഫ്ലാറ്റാണ്. ബാൽക്കണിയിൽ നിന്നാൽ നല്ല കാറ്റുകൊണ്ട് കാഴ്ചകൾ കാണാം.

ഫേവറിറ്റ് കോർണർ...

shalu-family

എന്റെ മുറിയാണ് ഇഷ്ട ഇടം. ഞാൻ ചെറിയൊരു ലൈബ്രറി ഒരുക്കിയിട്ടുണ്ട്. പിന്നെ എനിക്ക് ഇപ്പോഴും ടെഡി ബിയറുകൾ ഇഷ്ടമാണ്. മുറിയിൽ അതിന്റെ ഒരു ശേഖരവും ഞാൻ സൂക്ഷിക്കുന്നുണ്ട്. ചുരുക്കത്തിൽ ഞാൻ ഏറ്റവും സന്തോഷവും സമാധാനവും അനുഭവിക്കുന്ന ഇടമാണ് എന്റെ വീട്.