Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറീനയുടെ വീട്ടുവിശേഷങ്ങൾ

mareena-michael ന്യൂജെൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മറീന മൈക്കൽ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

കോഴിക്കോട് ജില്ലയിലെ വെള്ളിമാടുകുന്നാണ് എന്റെ സ്വദേശം. പപ്പ, അമ്മ, ഞാൻ, പപ്പയുടെ സഹോദരി എൽസിയാന്റി എന്നിവരാണ് കുടുംബം. അച്ഛൻ മൈക്കിൾ കുരിശിങ്കൽ ആർട്ടിസ്റ്റാണ്. പെയിന്റ് ചെയ്യും, പാടും, തബല വായിക്കും. അമ്മ വീട്ടമ്മയാണ്. സ്‌കൂൾ, കോളജ് കാലമെല്ലാം കോഴിക്കോടായിരുന്നു. ഷൂട്ടും കരിയറും ശ്രദ്ധിക്കാനായി കഴിഞ്ഞ ഒന്നര വർഷമായി ഞാൻ കൊച്ചി കാക്കനാടാണ് താമസം.  

കോളജ് കാലത്ത് ഞാൻ മോഡലിങ് ചെയ്തു തുടങ്ങി. പിന്നെ ചെറിയ ടിവി ആഡുകളിൽ അവസരം ലഭിച്ചു. അതുവഴിയാണ് സിനിമയിലേക്കെത്തുന്നത്.  2014 ൽ പുറത്തിറങ്ങിയ 'സംസാരം ആരോഗ്യത്തിനു ഹാനികര'മാണ് ആദ്യ ചിത്രം. സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. കുമ്പാരി എന്നൊരു ചിത്രത്തിലും അഭിനയിക്കുന്നു.

Mareena Michael

വീടോർമകൾ...

ഒരു നാട്ടിൻപുറത്താണ് വീട്. കേരളശൈലിയിലുള്ള വീട്. സമീപവീടുകളിൽ നിറയെ സമപ്രായക്കാരായ കുട്ടികളുണ്ടാകും. ശനിയും ഞായറും ഞങ്ങൾ ഒത്തുകൂടി കളിയും ചിരിയുമായിരിക്കും. രാത്രി വൈകിയാണ് വീട്ടിൽ കയറുക. വീടിനു സമീപം കാവും അമ്പലവുമുണ്ട്. വൈകിട്ട് നാലഞ്ച് മണിയാകുമ്പോൾ അവിടെ പാട്ടു തുടങ്ങും. തറയോട് വിരിച്ച ഉമ്മറമുണ്ട് വീട്ടിൽ. നല്ല തണുപ്പാണ് അവിടെ ഇരിക്കാൻ. അവിടെ ഇരുന്നു പാട്ടു കേൾക്കുന്നതും കാഴ്ചകൾ കാണുന്നതുമായിരുന്നു മറ്റൊരു വിനോദം.

ഫേവറിറ്റ് കോർണർ..

കൊച്ചിയിൽ വാടക വീടായതുകൊണ്ട് വലുതായി ഇന്റീരിയർ ഒന്നും ചെയ്തിട്ടില്ല. ബാൽക്കണിയാണ് പ്രിയ ഇടം. ഓരോ സമയത്തും ഓരോ മൂഡ് തരുന്ന കാഴ്ചകളാണ് ഇവിടെ നിന്നാൽ കാണാനാവുക. മനസ്സിൽ എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഇവിടെ ഒരു കപ്പ് കാപ്പിയുമായി വന്നു അൽപനേരം കാറ്റുകൊണ്ട് നിന്നാൽ തനിയെ മാറും. ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ആലിൻചുവട് ഒരു വീട്ടിൽ ഒത്തുകൂടാറുണ്ട്. ബഡായ് എന്നാണ് ആ വീടിന്റെ പേര്. അതും sനല്ല ഒരു ആംബിയൻസുള്ള വീടാണത്.

സ്വപ്നവീട്..

ഉയരം ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടൊക്കെ എനിക്ക് ഫ്ളാറ്റുകളാണ് ഇപ്പോൾ കൂടുതൽ ഇഷ്ടം. ഇപ്പോൾ നാലാമത്തെ നിലയിലാണ് താമസിക്കുന്നത്. ഭാവിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ് മേടിക്കുകയാണെങ്കിൽ മുകൾനിലകളിൽ മേടിക്കണം എന്നാണ് എന്റെ ആഗ്രഹം. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ പച്ചപ്പിന്റെ വിദൂര കാഴ്ചകൾ കാണാനാകണം. അത്യാവശ്യം സ്‌പേസ് വേണം. പഴയ ആന്റിക് ശൈലിയിലുള്ള വീടുകൾ ശ്രദ്ധിക്കാറുണ്ട്. നല്ല കാറ്റും വെളിച്ചവും നിറയുന്ന ഒരു വീടാണ് എന്റെ മനസ്സിൽ ഉള്ളത്. ഒരു വീടിനകത്തെ പോസിറ്റീവ് എനർജി ഈ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.