Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീൻകുളത്തിലും കർമസേന

sreekumar-near-fish-cage-pizhala പിഴലയിലെ മത്സ്യക്കൂടുകൾക്കു സമീപം ശ്രീകുമ‌ാർ

സ്വന്തമായൊരു കുളമുണ്ട്. അതു വൃത്തിയാക്കി കുമ്മായമിട്ടശേഷം മത്സ്യവിത്ത് നിക്ഷേപിക്കണം. പക്ഷേ സമയമില്ല, സാഹചര്യവുമില്ല, മറ്റൊരാൾക്ക് കുളവും മത്സ്യവിത്തും തയാർ. പക്ഷേ മീൻകുഞ്ഞുങ്ങളെ പക്ഷികളിൽനിന്നു വല കെട്ടി സംരക്ഷിക്കാൻ ആരുടെയെങ്കിലും സഹായം വേണം. കായലരികത്തു വീടുള്ള മറ്റു ചിലർക്കാവട്ടെ കൂടുമത്സ്യക്കൃഷിയിലാണ് താൽപര്യം. പക്ഷേ യോജിച്ച മത്സ്യക്കൂട് എവിടെ കിട്ടുമെന്നറിയില്ല– ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുകയാണ് എറണാകുളം സിഎംഎഫ്ആർഐ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ (കെവികെ) കർമസേന.

വായിക്കാം ഇ - കർഷകശ്രീ

എറണാകുളം നഗരത്തോടു ചേർന്ന് ഒറ്റപ്പെട്ടുകിടക്കുന്ന പിഴല ദ്വീപിലെ ഒരു സംഘം ചെറുപ്പക്കാരാണ് ഈ കർമസേനയിലെ ജവാന്മാർ. മത്സ്യക്കൃഷിയിലെ എല്ലാ ജോലികളിലും വിദഗ്ധപരിശീലനം നൽകി ഇവരെ കുളത്തിലിറക്കുക വഴി കൂടുതൽ സംരംഭകരെ ജലക്കൃഷിയിലേക്ക് ആകർഷിക്കാമെന്ന ആത്മവിശ്വാസമാണ് കെവികെയ്ക്കുള്ളത്. അക്വാകൾ‌ച്ചർ സംരംഭകൻ കൂടിയായ ശ്രീകുമാർ ആണ് ഈ സൈന്യത്തിന്റെ ക്യാപ്റ്റൻ. ഒരു വർഷം മുമ്പ് ശ്രീകുമാറും സുഹൃത്തുക്കളായ നാലുപേരും ചേർന്ന് ആരംഭിച്ച സ്വാശ്രയസംഘത്തെ കേരളത്തിലെ പ്രഥമ ജലക്കൃഷി കർമസേനയാക്കി വളർത്തുകയായിരുന്നു. മത്സ്യക്കൃഷി തുടങ്ങ‍ാനാഗ്രഹിക്കുന്നവർക്കു വേണ്ടി കുളമൊരുക്കൽ മുതൽ മത്സ്യവിളവെടുപ്പ് വരെയുള്ള ജോലികൾ കെവികെയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ഇവർ ചെയ്തുകൊടുക്കും. ഈ മേഖലയിലെ പ്രധാന ആവശ്യമെന്ന നിലയിൽ കൂടുകൾ നിർമിക്കുന്ന ജോലിയാണ് കർമസേന ഇപ്പോൾ പ്രധാനമായും ഏറ്റെടുത്തിരിക്കുന്നതെന്നു ശ്രീകുമാർ പറഞ്ഞു. രണ്ട് മീറ്റർ നീളവും വീതിയും ഒന്നര മീറ്റർ ആഴവുമുള്ള പിവിസി കൂടുകൾക്ക് 7,000 രൂപയാണ് ഈടാക്കുക. നാല് മീറ്റർ വീതം നീളവും വീതിയും രണ്ട് മീറ്റർ ആഴവുമുള്ള ഇരുമ്പുകൂടുകൾക്ക് 45,000 രൂപ ചെലവ് വരും. എന്ന‍ാൽ ഇത്തരം കൂടുകളുടെ മുകളിൽ കയറിനിന്നു വിളവെടുക്കാമെന്ന സൗകര്യമുണ്ട്.

പുതിയ അക്വ‍ാകൾച്ചർ സംരംഭകർക്ക് പ്രോജക്ട് തയാറാക്കുന്നതിനുവേണ്ട വിവരശേഖരമുണ്ടാക്കുന്ന ചുമതലയും കൃഷി വിജ്ഞാൻ കേന്ദ്രം കർമസേനയെ ഏൽപിച്ചിരിക്കുകയാണ്. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട വിവിധ ജോലികളിൽ കർമസേനയിലെ അംഗങ്ങൾക്ക് ഒരു വർഷത്തോളം നീണ്ട അനൗപചാരിക പരിശീലനമാണ് നൽകിയതെന്നു കെവികെ മേധാവി ഷിനോജ് സുബ്രഹ്മണ്യൻ പറഞ്ഞു. മത്സ്യക്കൃഷിയുമായി ബന്ധപ്പെട്ട് കെവികെയിലെത്തുന്ന സഹായ അഭ്യർഥനകൾ ഈ കർമസേനയാവും ഏറ്റെടുക്കുക. വിവിധ പ്രവൃത്തികൾക്കുള്ള ഫീസ് കെവികെ നിർണയിച്ചു നൽകിയിട്ടുണ്ട്. പുതിയ സംരംഭകർക്ക് ന്യായമായ ചെലവിൽ സാങ്കേതിക മികവുള്ള സേവനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും. ഇതിനകം പല ജില്ലകളിലും ഇവർ മത്സ്യക്കൃഷിക്കു കൂടുനിർമാണം നടത്തിയതായി അദ്ദേഹം അറിയിച്ചു.

മത്സ്യമേഖലയുമായി ബന്ധപ്പെട്ട സാങ്കേതികജോലികൾ പരിശീലിപ്പ‍ിക്കുന്ന അക്വാകൾച്ചർ ടെക്നീഷ്യൻ കോഴ്സിനു കെവികെ തുടക്കം കുറിച്ചുകഴിഞ്ഞ‍ു. അഗ്രികൾച്ചർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റുകളാണ് ഈ കോഴ്സ് പാസാകുന്നവർക്ക് നൽകുക. ഇപ്രകാരം സർട്ടിഫിക്കറ്റ് നേടിയവരിൽനിന്ന് 20 പേരെ തിരഞ്ഞെടുത്ത് നാല് കർമസേനകൾക്കു കൂടി രൂപം നൽകും. കെവികെയുടെ സാറ്റലൈറ്റ് സർവീസ് സെന്ററുകളായി പരിഗണിക്കപ്പെടുന്ന ഈ കർമസേനകൾ മികച്ച സംരംഭസാധ്യതയാണ് യുവാക്കൾക്ക് നൽകുന്നതെന്ന് ഷിനോജ് പറഞ്ഞു.

നാലുവശവും കായൽ ജലത്താൽ ചുറ്റപ്പെട്ടതും ഉൾഭാഗത്ത് ചെമ്മീൻകെട്ടുകൾ നിറഞ്ഞതുമായ ഈ തീരദേശഗ്രാമത്തിൽ ആദ്യമായി പൊതുസ്ഥലത്ത് കൂടുമത്സ്യക്കൃഷി തുടങ്ങിയത് ശ്രീകുമാറായിരുന്നു. കടമക്കുടി പഞ്ചായത്തിൽനിന്നു ലൈസൻസ് നേടി നടത്തിയ ഈ കൃഷി കൂടുതൽ സംരംഭകരെ ഈ രംഗത്തേക്ക് ആകർഷിച്ചു. ഇപ്പോൾ ഇവിടെ മാത്രം ഇരുപതോളം കൂടുമത്സ്യക്കർഷകരുണ്ട്. കരിമീൻ, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളെയാണ് കൂടുകളിൽ വളർത്തുന്നതെന്ന് ശ്രീകുമ‌ാർ പറഞ്ഞ‍ു.

ഫോൺ– 89439 09469 (ശ്രീകുമാർ)

0484 2277220 (കെവികെ, എറണാകുളം)

Your Rating: