Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുള്ളൻ മരങ്ങളുടെ പിള്ളത്തൊട്ടിൽ

joseph-and-marykutty-with-bonsai ബോൺസായ്ക്കൊപ്പം ജോസഫും ഭാര്യ മേരിക്കുട്ടിയും

ഇത്തിരി വട്ടത്തിലുള്ള സാധാരണ പൂന്തോട്ടമാണോ നിങ്ങളുടേത്? അതിൽ ഒന്നോ രണ്ടോ ബോൺസായ് മരങ്ങൾ വച്ചുനോക്കൂ. എത്ര പെട്ടെന്നാണ് അത് അസാധാരണഭംഗിയുള്ള ആരാമമായി മാറുന്നത്! എന്നാൽ ഈ ബോൺസായ് മരങ്ങൾ ഒരു ദിവസമോ ഒരാഴ്ചയോ കൊണ്ട് സൃഷ്ടിക്കാനാവില്ല. വർഷങ്ങൾ അധ്വാനിച്ച് ബോൺസായ് ശേഖരമുണ്ടാക്കിയവരിൽനിന്നു വാങ്ങുകയേ നിവൃത്തിയുള്ളൂ. തലമുറകൾ നിലനിൽക്കുന്ന ബോണ്‍സായ് പ്രിയപ്പെട്ടവർക്കു നൽകാനാവുന്ന മികച്ച സമ്മാനവുമാണ്.

ഹോബിയായി ആരംഭിച്ച ബോൺസായ് വളർത്തൽ വരുമാനമാർഗമായ കഥയാണ് ദമ്പതികളായ പി.ജെ. ജോസഫിനും ഭാര്യ മേരിക്കുട്ടി ഏബ്രഹാമിനും പറയാനുള്ളത്. കൃഷിവകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചയാളാണ് ജോസഫ്. മേരിക്കുട്ടി ആലപ്പുഴ സെന്റ് ജോസഫ്‌സ് വനിതാ കോളജിൽ‌ സസ്യശാസ്ത്രവിഭാഗം പ്രഫസറായി വിരമിച്ചു. എവർഗ്രീൻ ഫാം സർവീസസിലൂടെ ബോൺസായ് വിൽപനയും പരിശീലനവും നടത്തി വിശ്രമജീവിത കാലത്ത് ആനന്ദവും ആദായവും നേടാൻ ഇവർക്കു കഴിയുന്നു. മുപ്പതു വർഷം മുമ്പാണ് ഇവർ ബോൺസായ് മരങ്ങൾ രൂപപ്പെടുത്തി തുടങ്ങിയത്. കോട്ടയം ഫ്ലവർ ഷോയിൽ ഇത്തരം മരങ്ങൾ‌ കാണാനിടയായതു പ്രചോദനമായി. വർഷങ്ങൾ കഴിയുന്തോറും വീട്ടിലെ ബോൺസായ് ശേഖരം വിപുലവും വൈവിധ്യമുള്ളതുമായി. പലരും അവ സ്വന്തമാക്കാൻ താൽപര്യം കാണിച്ചപ്പോഴാണ് ഇതിന്റെ വരുമാനസാധ്യത ഇവർ തിരിച്ചറിഞ്ഞത്.

വായിക്കാം ഇ - കർഷകശ്രീ 

നിരന്തര മാറ്റങ്ങളിലൂടെയാണ് ഓരോ ബോൺസായ് വൃക്ഷവും രൂപപ്പെടുന്നത്. ഏറെ ക്ഷമയും ഭാവനയുമുണ്ടെങ്കിലേ ഈ രംഗത്ത് നേട്ടമുണ്ടാക്കാനാവൂ എന്ന് ജോസഫ്. അതേസമയം പൂച്ചട്ടികളും ഉപകരണങ്ങളും വാങ്ങുന്നതിന്റെ ചെലവു മാത്രമാണ് മുതൽമുടക്ക്. ഏതാനും വർഷം കാത്തിരുന്നാൽ പല മടങ്ങ് വില മതിക്കുന്ന ബോൺസായ് മരങ്ങൾ വിൽപനയ്ക്കു തയാർ. കഴിഞ്ഞ വർഷം ഒന്നരലക്ഷം രൂപയുടെ ബോൺസായ് മരങ്ങൾ വിൽക്കാൻ കഴിഞ്ഞ തനിക്ക് പതിനായിരം രൂപപോലും മുടക്കേണ്ടിവന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആൽവർഗത്തിൽ പെട്ട മരങ്ങളാണ് പൊതുവേ കുള്ളനാക്കി മാറ്റുന്നത്. എന്നാൽ എല്ലാത്തരം മരങ്ങളും ഇതിന് ഉപയോഗപ്പെടുത്താം. മുള, മാവ്, പ്ലാവ് തുടങ്ങിയ നാടൻസസ്യങ്ങൾക്കൊപ്പം ചില വിദേശ ഇനം ചെടികളും ഇദ്ദേഹം ബോൺസായ് ആക്കാറുണ്ട്. അപൂർവ ഇനങ്ങളുടെ ബോണ്‍സായ് കൂടിയ വിലയ്ക്കു വിൽക്കാനാവും. പ്രായം, ആകൃതി, പ്രവർധനസാധ്യത എന്നിവയൊക്കെ വില നിർണയിക്കുന്ന ഘടകങ്ങളാണ്. ഒരു മരം സ്വാഭാവിക സാഹചര്യത്തിൽ വളരുമ്പോഴുള്ള ആകൃതിയാണ് കുള്ളൻ മരങ്ങള്‍ക്കും വേണ്ടത്. പ്രകൃതിയിൽ 30 വർഷം കൊണ്ടു നേടുന്ന ആകൃതി ബോൺസായ് പത്തുവർഷംകൊണ്ടു നേടുമെന്നു മാത്രം.

ആലപ്പുഴ ടൗണിലെ ചെറിയ വീട്ടുവളപ്പിൽ കുള്ളൻ മരങ്ങൾക്ക് ഇവർ ഇടമൊരുക്കിയിരിക്കുന്നതു കാണേണ്ടതുതന്നെ. മതിലിലും ഭിത്തിയിലും ചെറുതട്ടുകൾ ഘടിപ്പിച്ച് ചട്ടികൾ വച്ചിട്ടുണ്ട്. കൂടാതെ, വെർട്ടിക്കൽ ഗാര്‍ഡനു വേണ്ടിയുള്ള പ്ലാസ്റ്റിക് സ്റ്റാൻഡിൽ ആദ്യവർഷങ്ങളിലുള്ള ബോൺസായ് മരങ്ങളുടെ നഴ്സറി നടത്തുന്നു. താരതമ്യേന വില കുറഞ്ഞ ഇത്തരം ബോൺസായ് തൈകൾ സമ്പന്നരല്ലാത്ത ബോൺസായ് പ്രേമികൾക്ക് ആശ്വാസമാണ്.

bonsai ബോൺസായ്

ബോൺസായ് ആക്കാൻ പറ്റിയ വൃക്ഷത്തൈകൾ കണ്ടെത്താൻ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടും. ആഴം കുറഞ്ഞ മണ്ണിൽ നടുന്ന വൃക്ഷത്തൈകളുടെ വേരുകളും കമ്പുകളും കൂടുതൽ വളരാൻ അനുവദിക്കാതെ മുറിച്ചുനീക്കുകയാണ് ബോൺസായ് നിർമാണത്തിലെ പ്രധാന പ്രവർത്തനം. കമ്പുകൾ മൂപ്പെത്തും മുമ്പ് വളച്ചുവച്ച് രൂപഭംഗി വരുത്തുകയുമാവാം. അലുമിനിയം അഥവാ ചെമ്പുകമ്പി ഉപയോഗിച്ചു വളച്ചാണ് ചെടികളുടെ രൂപമാറ്റം നടത്തുന്നത്. വളർച്ച മുരടിക്കാനായി പോഷകലഭ്യത മുടക്കുമെങ്കിലും വെള്ളവും വെളിച്ചവും ബോൺസായ് വൃക്ഷങ്ങൾക്ക് അനുപേക്ഷണീയമാണ്. അതുകൊണ്ടുതന്നെ വീടുകൾക്കുള്ളിൽ ബോൺ‌സായ് വൃക്ഷങ്ങൾ അധികകാലം സൂക്ഷിക്കാനാവില്ല.

ഫോൺ: 9447650369