Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃക്കാക്കരയിലെ ഓർക്കിഡ് കുടുംബം

molly-in-orchid-garden മോളി ഓർക്കിഡ് തോട്ടത്തിൽ

''അന്നൊക്കെ ഓർക്കിഡ് ചെടികൾ വാങ്ങിയിരുന്നത് ഒളിച്ചും മടിച്ചുമാണെന്നു പറയാം. പൂവിട്ട ഒരു ഡെൻ‍‍ഡ്രോബിയം ഓർക്കിഡിന് 1993–’94 കാലത്തുപോലും നൂറ്റമ്പതു രൂപ വിലയുണ്ട്. ഭർത്താവിന്റെ ഒരാളുടെ ശമ്പളത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകുന്ന കുടുംബത്തിൽ ഓർക്കിഡിനുവേണ്ടി ഒരുപാടു തുക ചെലവിടുക സാഹസമല്ലേ. മാത്രവുമല്ല, ഇത്ര വലിയ തുക ചെലവിട്ട് ഓർക്കിഡ് വാങ്ങുന്നതിനു ദേവസ്യച്ചേട്ടൻ അനുകൂലവുമായിരുന്നില്ല. എങ്കിലും പുള്ളിക്കാരൻ കണ്ടും കാണാതെയുമെല്ലാം ഞാൻ ഓർക്കിഡ് ശേഖരം വലുതാക്കിക്കൊണ്ടിരുന്നു’’, എറണാകുളത്തിനടുത്തു തൃക്കാക്കരയിലുള്ള ബെൽമോണ്ട് ഓർക്കിഡ് വീട്ടിലിരുന്ന് ചിരിയോടെ മോളി പറയുമ്പോൾ അടുത്തിരിക്കുന്ന ഭർത്താവ് ദേവസ്യ ഓര്‍ക്കിഡ് ഓർമകൾ ശരിവയ്ക്കുന്നു.

കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന പി.വി. ദേവസ്യ ദീര്‍ഘകാലം ജോലി ചെയ്തത് എറണാകുളത്തു തന്നെയായിരുന്നു. കുടുംബവേരുകൾ കുട്ടനാട്ടിലാണെങ്കിലും നീണ്ടനാള്‍ ജീവിച്ച കളമശേരിയോടും തൃക്കാക്കരയോടുമുള്ള ഇഷ്ടംമൂലം ഏതാണ്ടു കാൽനൂറ്റാണ്ടു മുൻപ് തൃക്കാക്കരയിൽ തന്നെ സ്വന്തം വീടു വച്ചു.

വായിക്കാം ഇ - കർഷകശ്രീ

കെഎസ്ഇബി ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന കാലംതൊട്ടേയുണ്ട് ഇരുവർക്കും പൂച്ചെടികളോടു കമ്പം. തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊച്ചി കേന്ദ്രമാക്കി എവിറ്റി–വനിത ഓർക്കിഡ് ക്ലബ് തുടങ്ങിയപ്പോൾ മോളി അതിൽ അംഗമായി. അന്നു മലയാളികൾ ഓര്‍ക്കിഡ് പരിചയപ്പെട്ടുതുടങ്ങുന്നതേയുള്ളൂ. അക്കാലത്തു പ്രചാരം നേടിയ ഡെൻ‍‍ഡ്രോബിയം ഇനങ്ങൾ ഒന്നും രണ്ടുമൊക്കെയായി വാങ്ങിത്തുടങ്ങി. ഓര്‍ക്കിഡ് ശേഖരം നാൾക്കുനാൾ വർധിച്ചുവന്നു.

ക്ലബ് ടൗൺഹാളിൽ ഓർക്കിഡ് പ്രദർശനവും വിൽപനയും നടത്തിയപ്പോൾ ഒരു സ്റ്റാളിട്ടാൽ എന്തെന്നായി മോളിയുടെ കൂട്ടുകാരി. ഭർത്താവിനോട് ആരാഞ്ഞപ്പോള്‍ ‘വേറെ പണിയൊന്നുമില്ലേ’ എന്നായി. ഒരുവിധം സമ്മതിപ്പിച്ച് സ്റ്റാളിടാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയിൽ കൂട്ടുകാരി കാലുമാറി. പ്രതിസന്ധിയില്‍ തുണയായത് ആദ്യം എതിർത്ത ഭർത്താവുതന്നെയെന്നു മോളി. സ്റ്റാളിട്ടുവെന്നു മാത്രമല്ല, മികച്ച പ്രതികരണവും വിൽപനയും ലഭിച്ചു. സംഗതി കൊള്ളാമല്ലോ എന്നായി ദേവസ്യയും.

devasia-molly-in-orchid-garden നടീൽമിശ്രിതത്തിലേക്കു തൈകൾ മാറ്റിനടുന്ന ദേവസ്യയും മോളിയും

ഓർക്കിഡ് വളർത്തൽ വിപുലമാക്കുന്നത് അന്നു മുതലാണ്. ജോലിയിൽനിന്നു ദേവസ്യ വിരമിച്ചതോടെ ബെംഗളൂരുവിലും കൊച്ചിയിലും കോട്ടയത്തുമെല്ലാമുള്ള ഫ്ലവർഷോകളിൽ സ്ഥിരം സാന്നിധ്യമായി ദമ്പതികൾ.

ഡെൻ‍‍ഡ്രോബിയത്തിലാണ് ഓർക്കിഡ് പ്രേമം തുടങ്ങിയതെങ്കിലും ഇന്ന് ഇരുവർക്കും ഒരുപോലെ പ്രിയം ഫെലനോപ്സിസ് ഓർക്കിഡുകളോടാണ്. പൂക്കളുടെ രൂപഭംഗിയും വാടാതെ നാലുമാസത്തിലേറെ ചെടിയിൽ നിലനിൽക്കുമെന്നതുമാണ് മുഖ്യകാരണം. പൂക്കൾ ഉൽപാദിപ്പിക്കുന്ന കാര്യത്തിൽ ഡെൻഡ്രോബിയത്തെ അപേക്ഷിച്ച് ഫെലനോപ്സിസ് പിശുക്കു കാണിക്കും. ഡെൻ‍‍ഡ്രോബിയം ഇനങ്ങൾ അനുകൂല കാലാവസ്ഥയിൽ വർഷം 4–5 പൂങ്കുലകൾവരെ ഉൽപാദിപ്പിക്കുമ്പോൾ ഫെലനോപ്സിസ് രണ്ടിലൊതുക്കും. എന്നാലെന്ത്, രണ്ടു തവണയായി നാലും നാലും എട്ടു മാസം മനംമയക്കുന്ന പൂക്കൾ കണ്ടുണരാനുള്ള അവസരം അവ നല്‍കുമെന്നു ദേവസ്യയും മോളിയും. ഡെൻഡ്രോബിയത്തെ അപേക്ഷിച്ച് ഫെലനോപ്സിസ് ഇനങ്ങളുടെ വില ഉയരുന്നതും ഇതുകൊണ്ടാണ്.

സോണിയയും എമ്മാവൈറ്റുംപോലുള്ള ഡെൻഡ്രോബിയം ഇനങ്ങളുമായി സംരംഭം തുടങ്ങിയ ബെൽമോണ്ടിൽ ഇന്നു ഡെൻഡ്രോബിയം ഇനങ്ങൾ തന്നെ മുപ്പത്തിയഞ്ചിനടുത്തു വരും. കേരളത്തിൽ അപൂർവമായ ഫെലനോപ്സിസ് ഇനങ്ങൾ തന്നെയാണു പക്ഷേ, സംരംഭത്തിന്റെ തുറുപ്പുചീട്ട്. തായ്‌ലന്‍ഡിൽനിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന തൈകൾ വാങ്ങി വളർത്തിയാണ് ഡെൻഡ്രോബിയം വിൽക്കുന്നതെങ്കിൽ ഫെലനോപ്സിസ് തൈകൾ ടിഷ്യൂകള്‍ച്ചർ ചെയ്തെടുത്തവയാണ്. യൂറോപ്പിലും ഓസ്ട്രേലിയയിലുമുള്ള ആൺമക്കളെ സന്ദര്‍ശിച്ചു മടങ്ങുമ്പോൾ അഞ്ചോ ആറോ അപൂർവയിനം ഫെലനോപ്സിസ് ചെടികളെ കൂടെക്കൂട്ടും. നാട്ടിലെത്തിച്ചു വിശ്വസ്ത ലാബിൽ നൽകി ടിഷ്യൂകള്‍ച്ചർ ചെയ്ത് ഈ മദർപ്ലാന്റുകളിൽനിന്നു നൂറുകണക്കിനു ഗുണമേന്മയുള്ള തൈകൾ ഉൽപാദിപ്പിക്കുന്നു. ഇവ തൈകളായും വളർത്തി പൂവിട്ടു തുടങ്ങിയ ചെടികളായും വിൽക്കുന്നു.

orchid-seedlings-tissue-culture ടിഷ്യൂകള്‍ച്ചർ ചെയ്തെടുത്ത തൈകൾ ദൃഢീകരണത്തിനുള്ള ട്രേയിൽ

നമ്മുടെ കാലാവസ്ഥയിൽ ഡെൻഡ്രോബിയവും ഫെലനോപ്സിസുമെല്ലാം പൂവിടുമെങ്കിലും തണുപ്പു കൂടിയ കാലങ്ങളാണ് ഓർക്കിഡ് ഇനങ്ങൾക്കെല്ലാം ശരിക്കും പൂക്കാലമെന്നു ദേവസ്യ. 18 മുതൽ 20 ഡിഗ്രി വരെയുള്ള താപനിലയിലാണു ഫെലനോപ്സിസ് നന്നായി പൂവിടുന്നത്. ടിഷ്യൂകള്‍ച്ചർ ചെയ്തെടുത്ത ഫെലനോപ്സിസ് തൈകൾ വേഗത്തിൽ പൂവിടുന്നതിനായി ടെറസിനു മുകളിൽ ഫാൻ ആൻഡ് പാഡ് സംവിധാനമുള്ള ഗ്രീൻഹൗസ് ഉണ്ട്. ഗ്രീൻഹൗസിന്റെ ഒരു വശത്ത് ഒരു ഫാനും എതിർവശത്തെ ഭിത്തിയിൽ പേപ്പറുകൾകൊണ്ടു നിർമിച്ച പാഡുമാണുള്ളത്. പാഡിലൂടെ നിരന്തരം വെള്ളം ഒഴുകുന്നു. എതിർവശത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ, കടലാസുചുരുളിലെ ഈർപ്പം വലിച്ചെടുത്ത് ഗ്രീൻഹൗസിനുള്ളിൽ തണുപ്പ് നിലനിർത്തുന്നു. മിക്കവരും പൂവിട്ട ചെടികൾ വാങ്ങാൻ താൽപര്യപ്പെടുന്നതിനാൽ ഫാൻ ആൻഡ് പാഡ് സംവിധാനം ഏറെ ഉപകാരപ്രദം.

ഡെൻഡ്രോബിയത്തിനും ഫെലനോപ്സിസിനും പുറമേ, ഓണ്‍സീഡിയം, ബാസ്കറ്റ് വാൻഡകൾ, കാറ്റ്ലിയ തുടങ്ങി ഒട്ടേറെ ഇനങ്ങൾ ദമ്പതികളുടെ ശേഖരത്തിലുണ്ട്. ആഫ്രിക്കൻ വയലറ്റ്സിലെ വൈവിധ്യമാണു മറ്റൊരു കൗതുകം.

വിറകിന്റെ കരിയാണ് ഓര്‍ക്കിഡ് വളരാനും പൂവിടാനും ഏറ്റവും നല്ല നടീൽ മാധ്യമം. ഒരു ചാക്കു വിറകുകരിക്കു പക്ഷേ, ആയിരം രൂപ വില വരും. കരിയും ചകിരിചിപ്സും പൊട്ടിയ മൺപാത്രക്കഷണങ്ങളും ചേർന്ന മിശ്രിതമാണ് ബെൽമോണ്ടിലെ നടീൽ മാധ്യമം. ചെലവ്, പരിപാലനം തുടങ്ങിയവ പരിഗണിക്കുമ്പോൾ ഇതുതന്നെയാണു ഗുണകരമെന്നു ദേവസ്യയ്ക്ക് അനുഭവപാഠം.

orchid-seedlings ഓർക്കിഡ് തൈകൾ

ഒച്ച്, ഫംഗസ് തുടങ്ങിയ ശത്രുക്കൾ ഓർക്കിഡിനുണ്ട്. എങ്കിലും റോസ്പോലുള്ള പരമ്പരാഗത ചെടികളിലെ കേടും കീടശല്യവും മൂലം മനസ്സു മടുത്ത പലരും ഓർക്കിഡിലേക്കു തിരിയുന്നുവെന്നു മോളി. എറണാകുളം നഗരത്തിൽ നല്ല വിപണനസാധ്യതയുണ്ട്. ഫ്ലാറ്റുകളിലും വില്ലകളിലും ഇത്തിരിവട്ടത്തിൽ താമസിക്കുന്നവർക്കു യോജിച്ച പൂച്ചെടിയാണ് ഓർക്കിഡ്. ജനലരികിലിരിക്കുന്ന ഓർക്കിഡ് ചെടിപോലും പൂക്കളുടെ ധാരാളിത്തം കൊണ്ട് ചെറു വസന്തമൊരുക്കുന്നു.

നിത്യവും കൺമുന്നിൽ നിറവസന്തം, എപ്പോഴും ഓർക്കിഡ് വാങ്ങാനും വളർത്തൽ രീതികൾ മനസ്സിലാക്കാനുമായെത്തുന്ന സന്ദർശകർ, മികച്ച വരുമാനം, മക്കൾ അടുത്തില്ലെങ്കിലും തെല്ലും വിരസതയില്ലാത്ത ദിവസങ്ങൾ. ഓർക്കിഡിനെ കൂടെക്കൂട്ടാൻ തീരുമാനിച്ച നാളുകൾക്കു നന്ദി പറയുകയാണ് ദേവസ്യയും മോളിയും.

ഫോൺ: 9846030120

Your Rating: