Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ് വിദേശപ്പൂമരങ്ങൾ

simpoh-ayer-tree-flower സിമോഫ് എയർട്രീ പൂവ്

പ്രകൃതിയുടെ വിസ്മയങ്ങളിലൊന്നാണ് കടുത്ത വേനലിലും പച്ചപ്പോടെ നിൽക്കുന്ന മരങ്ങൾ. പൂമരങ്ങളാകട്ടെ, പൂന്തോട്ടത്തിന് നിത്യയൗവനവും നൽകുന്നു. പൂക്കൂട നെയ്യുന്ന മുത്തപ്പനല്ലേ പൂമരം. വളരുംതോറും ഭംഗി വർധിച്ചുവരുന്ന പൂമരം പൂർണവളർച്ചയെത്തുമ്പോഴാണ് കൂടുതൽ ആകർഷകമാകുന്നത്. മരങ്ങൾ നട്ടു വളർത്തുമ്പോൾ ഉദ്യാനം കൂടുതൽ മോടിയാകുന്നു. ഒപ്പം തണലുമൊരുക്കും. എത്രയോതരം ജീവജാലങ്ങളുടെ ആവാസകേന്ദ്രവുമാകുന്നു മരങ്ങൾ.

ഉദ്യാനത്തിലേക്കു തിരഞ്ഞെടുക്കുന്ന പൂമരം നമ്മുടെ കാലാവസ്ഥയ്ക്കു യോജിച്ചതും നിത്യഹരിത സ്വഭാവമുള്ളതുമായിരിക്കണം. പല സമയത്തായി പൂവിടുന്ന മരങ്ങളുണ്ടെങ്കിൽ എല്ലാക്കാലത്തും ഉദ്യാനത്തിൽ പൂക്കളുണ്ടാവും. പല നിറത്തിൽ പൂക്കൾ ഉള്ള മരങ്ങൾ നടാനും ശ്രദ്ധിക്കണം. ശൈശവദശ കഴിഞ്ഞ മരങ്ങളാണ് നടേണ്ടത്. നമ്മുടെ നാട്ടിൽ മഴക്കാലം ആരംഭിക്കുന്ന സമയമാണ് മരങ്ങൾ നടാൻ ഏറ്റവും നന്ന്. അലങ്കാരവൃക്ഷങ്ങളുടെ പുതിയ ഒട്ടേറെ ഇനങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്.

സിമോഫ് എയർട്രീ

ആഞ്ഞിലിയുടെ ഇലകളോടു സാദൃശ്യമുള്ള ഇലകളുമായി ഈ മലേഷ്യൻ അലങ്കാരമരം നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലായിട്ടില്ല. എന്നാൽ പല ഏഷ്യൻ രാജ്യങ്ങളിലും ഇതു പൂമരമായി നട്ടു പരിപാലിച്ചുവരുന്നു. നിത്യഹരിത സ്വഭാവമുള്ള ഈ മരത്തിന്റെ ചോലയിൽ കിട്ടുന്നത്ര തണലും തണുപ്പും മറ്റ് അലങ്കാരവൃക്ഷങ്ങൾക്കു നൽകാനാവില്ല. 9–10 മീറ്റർ മാത്രം ഉയരത്തിൽ വളരുന്ന സിമോഫ് എയർട്രീയുടെ വലിയ ഇലകളിൽ ഞരമ്പുകൾ വളരെ പ്രകടമാണ്. ഇലഞെട്ട് അൽപം തടിച്ചു പരന്നതാണ്. ഇളം ഇലകൾക്ക് ചുവപ്പുരാശിയുള്ള തവിട്ടുനിറമായിരിക്കും.

simpoh-ayer-tree-flower-seeds സിമോഫ് എയർട്രീ കായ്കൾ

വായിക്കാം ഇ - കർഷകശ്രീ

വർഷം മുഴുവൻ പൂവിടുന്ന പ്രകൃതമുള്ള ഈ അലങ്കാരവൃക്ഷത്തിൽ കടുത്ത മഴക്കാലത്തുപോലും പൂക്കൾ ഉണ്ടാകും. 8–10 പൂക്കൾ ചെറുകൂട്ടമായി ശാഖാഗ്രങ്ങളിലാണ് ഉണ്ടായി വരിക. അതിരാവിലെ വിരിയാൻ തുടങ്ങുന്ന പൂവ് സൂര്യനുദിച്ചാൽ മുഴുവനായി വിരിഞ്ഞു കഴിയും. പൂക്കൾക്ക് മരത്തിൽ 2–3 ദിവസത്തെ ആയുസ്സേയുള്ളൂ. മഞ്ഞനിറമുള്ള പൂവിന്റെ ഇതളുകൾ എല്ലാം നന്നായി വിടർന്ന് പരന്നാണ് കാണപ്പെടുക. ഒത്ത നടുവിൽ വെള്ളനിറത്തിൽ കേസരങ്ങൾ നിറയെ കാണാം.

പൂവിട്ടുനിൽക്കുന്ന ഈ മരത്തിൽ തേനീച്ചകളും ചെറുവണ്ടുകളും ധാരാളമായി വന്നെത്തും. ഇവ പൂക്കളിൽ പരാഗണം നടത്തി കായ്കൾ ഉണ്ടായിവരും. പരാഗണം നടന്ന പൂവ് കായാകാൻ അഞ്ച് ആഴ്ചക്കാലമെടുക്കും. കായ്കൾ മുകളിലേക്കു നിവർന്നാണ് നിൽക്കുക. നക്ഷത്രത്തിന്റെ ആകൃതിയുള്ള കായ്കൾക്ക് തിളക്കമാർന്ന ചുവപ്പുനിറമാണ്. ഒറ്റനോട്ടത്തിൽ കായ്കൾ പൂക്കളാണെന്നേ തോന്നൂ. വിത്ത് പൊഴിഞ്ഞു നിലത്തുവീണാൽ അനുകൂല കാലാവസ്ഥയിൽ തൈകളായി വളർന്നുവരും. വിത്തിന്റെ കിളിർപ്പുശേഷി വേഗത്തിൽ നഷ്ടപ്പെടുമെന്നതുകൊണ്ട് മരത്തിൽനിന്നു ശേഖരിച്ചവ വൈകാതെ പാകിമുളപ്പിക്കണം.

ഈ മരം നന്നായി വളരുന്നപക്ഷം മണ്ണിൽ ഭൂഗർഭജലം നന്നായി ഉണ്ടെന്നു മനസ്സിലാക്കാം. വരണ്ട കാലാവസ്ഥയിൽ സിമോഫ് എയർട്രീ നന്നായി വളരാറില്ല. വിത്തുവഴി ഉൽപാദിപ്പിച്ച തൈയും ഇളം കമ്പുകളുമാണ് നടേണ്ടത്. കമ്പുകൾ നടീൽവസ്തുവാക്കി ഉപയോഗിച്ചാൽ വേഗത്തിൽ വളർന്നുവന്ന് മരമായി മാറും.

ബട്ടർഫ്ലൈ പീ ട്രീ

butterfly-pea-tree-flowers ബട്ടർഫ്ലൈ പീ ട്രീ പൂക്കൾ

പടർന്നു പന്തലിച്ചു നിൽക്കുന്ന തണൽമരത്തിൽ നിറയെ ശംഖുപുഷ്പങ്ങളുള്ള കുലകൾ. ഞാന്നു കിടക്കുന്ന പൂങ്കുലയിൽ 8–10 പൂക്കളും ധാരാളം പൂമൊട്ടുകളും ഉണ്ടാകും. 10–12 മീറ്റർ മാത്രം ഉയരത്തിൽ വളരുന്ന ബട്ടർഫ്ലൈ പീ മരത്തിന്റെ വശങ്ങളിലേക്കു ഞാന്നുകിടക്കുന്ന ശാഖകളിലാണ് ധാരാളം പൂക്കൾ ഉണ്ടാകുന്നത്. ബ്രസീലിലെ ആമസോൺ വനങ്ങളിൽ സ്വാഭാവികമായി വളരുന്ന ഈ പൂമരം നമ്മുടെ നാട്ടിൽ വന്നെത്തിയിട്ട് അധികനാളായിട്ടില്ല.

കമ്പുകളിൽ ഇലക്കൂട്ടുകളാണ് ഉണ്ടായിവരിക. ഓരോ ഇലക്കൂട്ടത്തിലും മൂന്നു ലഘുപത്രങ്ങൾ വീതം കാണും. ഇലകൾക്ക് 3–7 സെ.മീ. നീളമുണ്ട്. ഇളം ഇലകള്‍ക്ക് താഴെ നഖംപോലുള്ള സ്റ്റിപ്യൂൾ (Stipule) പ്രത്യേകതയാണ്. നല്ല നീളമുള്ള ബീൻസിന്റെ ആകൃതിയാണ് കായ്കൾക്ക്. പയറിനങ്ങളില്‍ എന്നപോലെ നൈട്രജൻ ആഗിരണം ചെയ്യാൻ കഴിവുള്ള ബാക്ടീരിയ ഇതിന്റെ വേരുകളിലെ ചെറുമുഴകളിൽ സ്വാഭാവികമായി കാണപ്പെടുന്നു.

പൂങ്കുലകൾ ശാഖാഗ്രങ്ങളിലും ഇലകളുടെ മുട്ടുകളിലുമാണ് ഉണ്ടായി വരിക. 8–40 സെ.മീ. വരെ പൂങ്കുലയ്ക്ക് നീളമുണ്ടാകും. പൂക്കൾക്ക് ഇളം വയലറ്റ് അല്ലെങ്കിൽ ലൈലാക് നിറമാണ്. തേനീച്ചയും ചെറുവണ്ടുകളും വഴി പരാഗണം നടന്ന് ഉണ്ടായിവരുന്ന കായ്കൾ വിളഞ്ഞാൽ തവിട്ടുനിറമായിരിക്കും. ഒരു കായ്ക്കുള്ളിൽ 5–10 വിത്തുകൾ കാണും. വിത്തുകൾക്ക് ഇളം കറുപ്പുനിറമാണ്. കായ്കൾ മൂത്തു പാകമായാൽ പൊട്ടിത്തുറന്ന് വിത്തുകൾ അൽപം ദൂരേക്കു വിന്യസിക്കും. വിത്തുവഴി സ്വാഭാവിക വംശവർധന നടത്തുന്ന ബട്ടർഫ്ലൈ പീ ട്രീയുടെ വിത്തുപയോഗിച്ച് വളർത്തിയെടുത്ത തൈകളാണ് നട്ടുവളർത്തുന്നത്.

കമ്പു മുറിച്ചും നടാം. 30–50 സെ.മീ. നീളമുള്ള കമ്പ് ഇലകൾ നീക്കിയശേഷം നട്ടാൽ എളുപ്പം വളർന്നുവരും. വേഗത്തിൽ വളരുന്ന ഈ അലങ്കാരവൃക്ഷം വഴിയോരത്തും, പാർക്കിലുമെല്ലാം നട്ടുപരിപാലിക്കാൻ നന്ന്.

ഓസ്ട്രേലിയൻ അംബ്രല്ല ട്രീ

australian-umbrella-tree-flowers ഓസ്ട്രേലിയൻ അംബ്രല്ല ട്രീ

ഉദ്യാനത്തിൽ പാതി തണലുള്ളിടത്ത് കുറ്റിച്ചെടിയായി പരിപാലിക്കുന്ന ഷഫ്ളീറ എന്ന ഇലച്ചെടിയുടെ ജനുസ്സിൽപെടുന്നതാണ് ഓസ്ട്രേലിയൻ അംബ്രല്ല മരം. ഓസ്ട്രേലിയയും ജാവാ ദ്വീപുകളും ജന്മേദേശമായ ഈ തണൽമരം പല രാജ്യങ്ങളിലും പൂമരമായി പ്രചാരത്തിലുണ്ട്. പാതി തണലുള്ളിടത്തും ഇതു വളർന്നുകൊള്ളും. മറ്റ് അലങ്കാരവൃക്ഷങ്ങളിൽനിന്നു വ്യത്യസ്തമായി തായ്ത്തടി അത്രയ്ക്കു വ്യക്തമായി ഉണ്ടാകാറില്ല. പകരം ചുവട്ടിൽനിന്നു കുത്തനെ വളരുന്ന തണ്ടുകളാണുള്ളത്. 6–10 മീറ്ററോളം ഉയരത്തിൽ വളരുന്ന അംബ്രല്ല ട്രീയുടെ പോതുകളിൽ ഈ മരത്തിന്റെ തന്നെ വിത്തുകൾ വീണു കിളിർത്ത് ഓർക്കിഡിന്റെ രീതിയിൽ വായുവിൽ വേരുകളുമായി തൈകൾ ഉണ്ടാകും. പിന്നീട് ഈ വേരുകൾ താഴേക്കു വളർന്നിറങ്ങി മറ്റൊരു മരമായി മാറും.

കുടപോലെ കാണുന്ന നല്ല വലുപ്പമുള്ള ഇലക്കൂട്ടുകളാണ് ഈ മരത്തിന്റെ ഭംഗി. 7–16 ഇലകൾ ചേരുന്നതാണ് ഓരോ ഇലക്കൂട്ടും. 15–60 സെ.മീ നീളമുള്ള ഞെട്ടിന്റെ അഗ്രഭാഗത്താണ് ഇലകൾ ഉണ്ടായിവരിക. കടുംപച്ചനിറമുള്ള ഇളം ശാഖകളിൽ പൊഴിഞ്ഞുവീണ ഇലകളുടെ പാടുകൾ വ്യക്തമായി കാണാം.

ദൂരെനിന്നുപോലും വളരെ വ്യക്തമായി കാണുന്ന വിധത്തിൽ ശാഖാഗ്രങ്ങളില്‍ ഇലപ്പടർപ്പിനു മുകളിലാണ് പൂങ്കുലകൾ ഉണ്ടായിവരിക. ധാരാളം ശാഖകളോടു കൂടിയ പൂങ്കുലയിലെ ഓരോ ശാഖയ്ക്കും 80 സെ.മീ വരെ നീളമുണ്ടാകും. പൂങ്കുലകൾ കുത്തനെ നിവർന്നു നിൽക്കുന്നു. പൂക്കൾ ചെറുതും കടുംചുവപ്പു നിറമുള്ളതുമാണ്. ഓരോ പൂങ്കുലയിലും ആയിരത്തിലേറെ പൂക്കൾ ഉണ്ടാകും. വേനൽക്കാലത്താണ് നന്നായി പൂവിടുന്നത്.

ചെറുപക്ഷികളും തേനീച്ചകളും പൂക്കളുടെ പരാഗണം നടത്തുന്നു. ഇവയെ ആകർഷിക്കാൻ പൂക്കള്‍ സമൃദ്ധമായി തേൻ ഉൽപാദിപ്പിക്കും. അംബ്രല്ല ട്രീയുടെ കായ്കൾ ചെറു ജന്തുക്കൾക്കും പക്ഷികൾക്കും ഇഷ്ടവസ്തുവാണ്. ഇവയാണ് മരത്തിന്റെ സ്വാഭാവിക പ്രജനനം നടത്തുന്നത്. കായ്കൾ വിളഞ്ഞ് പാകമായാൽ പർപ്പിൾ നിറമാണ്.

വിത്തുവഴിയും കമ്പ് മുറിച്ചുനട്ടുമാണ് മരം സാധാരണയായി വളർത്തിയെടുക്കുക. നന്നായി വളർച്ചയെത്തിയ മരത്തിന്റെ ഒരടിയോളം നീളമുള്ള കമ്പ് മുറിച്ചെടുത്ത് നടാം. ഇളം കമ്പുകളാണ് കൂടുതൽ യോജിച്ചത്. കുറെക്കാലം ചട്ടിയിൽ കുറ്റിച്ചെടിയായി പരിപാലിക്കാനാകും.

ലേഖകൻ: പ്രഫ. ജേക്കബ് വർഗീസ് കുന്തറ, അസോഷ്യേറ്റ് പ്രഫസർ, ബോട്ടണി വിഭാഗം, ഭാരതമാതാ കോളജ്, തൃക്കാക്കര, കൊച്ചി—21

ഫോൺ: 94470 02211

Email: jacobkunthara123@gmail.com