Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയ മൽസ്യം, വലിയ വിപണി

guppy-fish ഗപ്പി

ഡിഗ്രിക്കു പഠിക്കുന്ന കാലത്ത്, ലിജോയുടെ ചൂണ്ടുവിരലിലെ തഴമ്പു ചൂണ്ടി കൂട്ടുകാർ ചോദിച്ചു, ‘കാശെണ്ണിയുള്ള തഴമ്പായിരിക്കും, അല്ലേ?’ ‘അതെ, അതു തന്നെ’, ചിരിയോടെ വയനാട് തൃക്കൈപ്പറ്റ ഊരക്കാട്ടുപുത്തൻപുരയ്ക്കൽ ലിജോ പോൾ സമ്മതിക്കും.

ആടും ആന്തൂറിയവും അലങ്കാരമൽസ്യക്കൃഷിയുമുള്ളതു കൂട്ടുകാർക്കറിയാം. ആ സ്ഥിതിക്ക് ചോദ്യം ന്യായം. അക്കാലത്തു പക്ഷേ മേൽപറഞ്ഞ സംരംഭങ്ങളെല്ലാം പൊളിഞ്ഞ സ്ഥിതിയിലായിരുന്നുവെന്നു ലിജോ. അതു പറഞ്ഞാൽ ആരു വിശ്വസിക്കും.

വായിക്കാം ഇ - കർഷകശ്രീ

എങ്കിലും നോട്ടെണ്ണി വീണ തഴമ്പല്ല അതെന്നു പിന്നീട് ലിജോതന്നെ കൂട്ടുകാരോടു വിശദീകരിക്കും. പിറന്നുവീണ് ദിവസങ്ങൾ മാത്രം പ്രായമെത്തിയ ഗപ്പിക്കുഞ്ഞുങ്ങൾക്കു തീറ്റ കൈകൊണ്ടു തിരുമ്മിപ്പൊടിച്ചു നൽകണം. അങ്ങനെ വിരലിൽ വീണ അടയാളമാണത്. അന്നത് വെറും തഴമ്പായിരുന്നെങ്കിൽ ഇന്നത് അലങ്കാരമൽസ്യക്കൃഷി ലിജോയ്ക്കു നൽകിയ കീർത്തിമുദ്രയാണ്. ഈ മേഖലയിൽ അത്രയ്ക്കുണ്ട് ഈ ഇരുപത്തിയേഴുകാരന്റെ നേട്ടം. അതും ഗപ്പിയെന്ന ചെറുമൽസ്യങ്ങളെ മാത്രം ആശ്രയിച്ചു നേടിയ വിജയം.

guppy-fish-farm-by-lijo-paul ഗപ്പിക്കുഞ്ഞുങ്ങൾക്കു തീറ്റ നൽകുന്ന ലിജോ

വയനാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന ലിജോ പോൾ അലങ്കാരമൽസ്യക്കൃഷിയിലേക്ക് എത്തുന്നത് ശാസ്ത്രീയമായ അറിവുകളുടെ പിൻബലത്തിലല്ല, ചെയ്തറിവുകളുടെ കരുത്തിലാണ്. കുട്ടിക്കാലത്തേയുണ്ട് വർണമൽസ്യങ്ങളിൽ കമ്പം. കൈത്തോട്ടിലെ പരൽമീനുകളെ വിട്ട് പ്ലാറ്റിയെന്ന ചെറുമൽസ്യത്തെ വാങ്ങി സംരംഭത്തിൽ ഹരിശ്രീ കുറിക്കുന്നത് പത്തിൽ പഠിക്കുമ്പോൾ. അതോടെ വയനാട്ടിലെ അലങ്കാരമൽസ്യ വിപണനകേന്ദ്രങ്ങളിൽ ലിജോ പതിവുകാരനായി.

ലിജോ പറയുന്നു. ‘‘ഏതു പുതിയ ഇനം വന്നാലും അന്നു വാങ്ങും. എല്ലാം ജോഡിയാണെന്നു പറഞ്ഞാണ് കടക്കാർ നൽകുക. ഈ മേഖലയിൽ നല്ല പരിചയമുള്ള സംരംഭകർപോലും ചിലയിനം മൽസ്യക്കുഞ്ഞുങ്ങളിലെ ആണും പെണ്ണും തിരിച്ചറിയാൻ ബുദ്ധിമുട്ടും. അപ്പോൾ പിന്നെ കടയിൽ നിൽക്കുന്ന ആൾ അതെങ്ങനെ അറിയും? രണ്ടെണ്ണത്തിനെ പിടിച്ചു കൊടുക്കും, ജോഡിയാണെന്നു പറയും, അത്രതന്നെ.

guppy-fish-juvenile മത്സ്യക്കുഞ്ഞുങ്ങളെ നിറച്ച കൂടുകൾ വിപണിയിലേക്ക്

മറ്റൊന്ന്, നമ്മുടെ പെറ്റ് ഷോപ്പുകളിൽ അന്നും ഇന്നും ചെന്നൈയിൽനിന്നു വരുന്ന മൽസ്യങ്ങളുടെ ആധിപത്യം ഉണ്ടെന്നുള്ളതാണ്. ഓവുചാലിൽനിന്നെടുക്കുന്ന വിരകളാണ് ഇവയുടെ മുഖ്യ തീറ്റ. വൃത്തിയില്ലാത്ത സാഹചര്യത്തിൽ വളർന്ന്, കീടാണുക്കളുടെ കൂമ്പാരമായി മാറിയിട്ടുണ്ടാവും ഈ മൽസ്യക്കുഞ്ഞുങ്ങൾ. ഉൽപാദനച്ചെലവു കുറവായതിനാൽ ഇവ വില കുറച്ച് കേരളത്തിൽ വിതരണം ചെയ്യാനും ചെന്നൈ ലോബിക്കു കഴിയുന്നു. ഇതു വാങ്ങി അക്വേറിയത്തിലെ ശുദ്ധജലത്തിലേക്ക് ഇടുമ്പോൾ കീടാണുക്കൾ ശക്തിയാർജ്ജിച്ച് മൽസ്യങ്ങൾ ചത്തൊടുങ്ങും. അന്നിതൊന്നും അറിയില്ലായിരുന്നു. ഡിഗ്രിക്ക് എത്തിയപ്പോഴേക്കും ആയിരക്കണക്കിനു രൂപയാണ് അങ്ങനെ നഷ്ടപ്പെട്ടത്. എന്നിട്ടും അലങ്കാരമൽസ്യങ്ങളോടുള്ള ഇഷ്ടം തെല്ലും കുറഞ്ഞില്ല.

എങ്കിലും, ഉപരിപഠനം നടത്തി വേറെ വല്ല ജോലിയും നോക്കാമെന്നായിരുന്നു മനസ്സിൽ. ആയിടയ്ക്കാണ് ഗൗരാമി മൽസ്യംകൂടി പരീക്ഷിക്കൂ എന്നൊരു സൃഹൃത്ത് നിർദേശിക്കുന്നത്. ആവശ്യമായ ശാസ്ത്രീയ അറിവുകളും സുഹൃത്തു നൽകി. നാലു ഗൗരാമികളുമായി തുടങ്ങി. അതു വിജയിച്ചു. പിന്നീട് ഗപ്പിയിലേക്കു മാറി. കണ്ണും മനസ്സും കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള ഹൈബ്രിഡ് ഗപ്പികളുടെ ലോകത്താണ് അന്നു മുതൽ’’,  സംരംഭവഴികൾ ലിജോ ഓർത്തെടുത്തു.

ഗപ്പിയെത്തേടി

അലങ്കാരമൽസ്യങ്ങളിലെ പ്രധാനികളായ ഗോൾഡ് ഫിഷ്, ഏഞ്ചൽ, ഗൗരാമി, കോയികാർപ്, ടെട്രാകൾ, ബാർബുകൾ എന്നിവയെല്ലാം മുട്ടയിടുന്ന ഇനങ്ങളാണെങ്കിൽ ഗപ്പിയും മോളിയും വാൾവാലനും പ്ലാറ്റിയുമെല്ലാം കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. അലങ്കാരമൽസ്യക്കൃഷിക്കാർ പലരും ഗപ്പിയെ അവഗണിച്ച് മുന്തിയ ഇനങ്ങളിലേക്കു നോക്കുകയാണു പതിവ്. എന്നാൽ ഗപ്പിപോലൊരു ചെറിയ മൽസ്യത്തിന്റെ വലിയ സാധ്യതകളിലായിരുന്നു ലിജോയുടെ ശ്രദ്ധയത്രയും. വർഷങ്ങൾ ഗപ്പിക്കു പിന്നാലെ ചെലവിട്ട് ഇന്ത്യയിൽതന്നെ ഗപ്പി പരിപാലനത്തിലും കൾച്ചറിങ്ങിലും ആധികാരികമായ അറിവുകളുള്ള അപൂർവം സംരംഭകരിലൊരാളായി മാറുന്നത് അങ്ങനെയാണ്.

ഗപ്പിയെന്നു കേൾക്കുമ്പോൾ കൊതുകിന്റെ കൂത്താടികളെ അകറ്റാൻ ഓടകളിലും കുളങ്ങളിലും നിക്ഷേപിക്കുന്ന, വേഗത്തിൽ പെറ്റുപെരുകുന്ന അത്ര ഭംഗിയൊന്നുമില്ലാത്ത ചെറുമൽസ്യത്തെയാണ് എല്ലാവർക്കും ഓർമ വരിക. എന്നാൽ ലിജോയുടെ ഗപ്പി വിദേശിയാണ്. ഹൃദയം കുളിർപ്പിക്കുന്ന രൂപഭംഗിയുള്ള ഇനങ്ങൾ. സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ നാടുകളിൽനിന്നാണ് മാതൃശേഖരം എത്തുന്നത്. സാധാരണ ഗപ്പി ഒരു പ്രസവത്തിൽ 150 കുഞ്ഞുങ്ങളെ വരെ ഉൽപാദിപ്പിക്കുമെങ്കിൽ ഹൈബ്രിഡ് ഗപ്പി ഒറ്റത്തവണ 3–10 കുഞ്ഞുങ്ങളെ മാത്രമാണു നൽകുക. എങ്കിലെന്ത്, സാധാരണ ഗപ്പിയെ അപേക്ഷിച്ച് വിലയും ലാഭവും പല മടങ്ങു കൂടുതൽ.

നൂറ്റിയെഴുപത്തിരണ്ടു ഫൈബർ ടാങ്കുകൾ ക്രമീകരിച്ചിരിക്കുന്ന ഹൈടെക് ഫാമിലാണ് ലിജോയുടെ ഹൈബ്രിഡ് ഗപ്പികൾ വളരുന്നത്. റെഡ് ഐ ഫുൾ റെഡ്, സ്നേക് സ്കിൻ യെല്ലോ റിബൺ ടെയ്ൽ, ജെറ്റ് ബ്ലാക്, ബിഗ് ഇയർ റെഡ് ടെയ്ൽ, ബിഗ് ഇയർ റെഡ് ഗ്രാസ് തുടങ്ങി 14 ഹൈബ്രിഡ് ഇനങ്ങളെയാണ് ഫൈബർ ടാങ്കുകളിൽ 

പരിപാലിക്കുന്നത്. റെഡ് ഐ ഫുൾ റെഡ് ആണ് കൂടുതലായും ഉൽപാദിപ്പിക്കുന്നത്. അലങ്കാരമൽസ്യങ്ങൾ ഏതിനമായാലും ചുവപ്പു നിറമുള്ളവയ്ക്കാണ് എന്നും ഡിമാൻഡ് എന്ന് ലിജോ. അക്വേറിയത്തിലെ സ്ഫടികജലത്തിൽ അങ്ങേയറ്റം ആകർഷകമായി തോന്നുമെന്നതുതന്നെ കാരണം. ഗപ്പികളിൽ ആൺമൽസ്യങ്ങൾക്കാണ് വർണഭംഗിയെന്നും ലിജോ.

guppy-fish-farm ശ്രദ്ധയോടെയുള്ള പരിപാലനം പ്രധാനം

ഏകദേശം പതിനായിരം മൽസ്യങ്ങളിൽനിന്ന് മികച്ചവയെന്നു കാണുന്ന 30–50 പെൺമൽസ്യങ്ങളെ തിരഞ്ഞെടുത്ത് അതിന്റെ മൂന്നിലൊന്ന് ആൺമൽസ്യങ്ങളെക്കൂടി ചേർത്താണ് പ്രജനനത്തിനായി ഓരോ ഫൈബർ ടാങ്കിലും നിക്ഷേപിക്കുക. പ്രജനനം നടന്ന് 30 ദിവസത്തിനുള്ളിൽ പ്രസവിക്കും. മൂന്നു മാസത്തിനുള്ളിൽ കുഞ്ഞുങ്ങൾ വിപണനത്തിനു പാകമാവും.

പരിപാലനം പ്രധാനം

മികച്ച മാതൃശേഖരം, വൃത്തിയുള്ള സാഹചര്യം, ഇറക്കുമതി ചെയ്ത ഗുണമേന്മയുള്ള തീറ്റ, ഇവ മൂന്നും ചേരുന്നതോടെ മികച്ച കുഞ്ഞുങ്ങൾ പിറക്കുന്നു. ബ്രീഡിങ് ടാങ്കുകളിൽനിന്ന് വിദൂരങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്തുമ്പോഴും തന്റെ ഗപ്പികൾ ഒന്നൊഴിയാതെ അതിജീവിക്കുന്നത് അതുകൊണ്ടെന്ന് ലിജോ.

ഓരോ വിളവെടുപ്പു കഴിയുമ്പോഴും ഫൈബർ ടാങ്കുകൾ വൃത്തിയാക്കും. ഓരോ ടാങ്കിലും രണ്ടു കിലോ ഉപ്പ് അത് ലയിക്കാൻ ആവശ്യമുള്ള വെള്ളത്തിൽ കലക്കി ടാങ്കിന് ഉൾവശത്ത് അടിക്കുന്നു. ശുദ്ധജലത്തിൽ വളരുന്ന രോഗാണുക്കളൊന്നും ഉപ്പുവെള്ളത്തെ അതിജീവിക്കില്ല എന്നതിനാൽ 2–3 ദിവസംകൊണ്ട് ടാങ്കു പൂർണമായും അണുവിമുക്തമാവും. വീണ്ടും ശുദ്ധജലത്തിൽ കഴുകി ഉപ്പു നീക്കി വൃത്തിയാക്കിയെടുക്കുന്നു.

കൈകാര്യം ചെയ്യാനുള്ള എളുപ്പമാണ് ഫൈബർ ടാങ്കുകളുടെ പ്രധാന മെച്ചം. വൃത്തിയാക്കാൻ മാത്രമല്ല, ഫാം എങ്ങോട്ടെങ്കിലും മാറ്റാനും എളുപ്പം. കോൺക്രീറ്റ് ടാങ്കുകൾ ഉപ്പുവെള്ളംകൊണ്ടു വൃത്തിയാക്കുമ്പോൾ ക്രമേണ സിമന്റ് അടരുമെന്ന ദോഷമുണ്ട്. എന്നാൽ സംരംഭം തുടങ്ങുന്ന കാലത്തു നിർമിച്ച സിമൻറ് ടാങ്കുകൾ ലിജോ ഉപേക്ഷിക്കുന്നില്ല. പരിമിതമായി പരിപാലിക്കുന്ന കോയികാർപിന്റെ വിദേശയിനങ്ങൾ, അപൂർവമായ ജമ്പോ ഗോൾഡ് എന്നിവയുടെ പ്രജനനത്തിനായി ഇവ പ്രയോജനപ്പെടുത്തുന്നു.

ഏറ്റവും ആധുനികമായ എയറേഷൻ, ഫിൽട്രേഷൻ സംവിധാനങ്ങളാണ് ഫാമിൽ സജ്ജീകരിച്ചിരിക്കുന്നത്. 1000 ലീറ്റർ വെള്ളത്തിൽ ഒരു സമയം 30,000 കുഞ്ഞുങ്ങളെ വളർത്താം. അതിസാന്ദ്രതാരീതിയിൽ വളർത്തുമ്പോഴും മൽസ്യവിസർജ്യങ്ങളിൽനിന്ന് സൃഷ്ടിക്കപ്പെടുന്ന അമോണിയ കലർന്ന ജലം മൽസ്യങ്ങൾക്ക് തെല്ലും ദോഷകരമാകാതിരിക്കാന്‍ ഈ ശുദ്ധീകരണ സംവിധാനം സഹായിക്കുന്നു.

ബെംഗളൂരു, മൈസൂരു, മുംബൈ, ഹൈദരാബാദ്, പുണെ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ മൊത്തവ്യാപാരികളാണ് ലിജോയുടെ മൽസ്യക്കുഞ്ഞുങ്ങളുടെ മുഖ്യ ആവശ്യക്കാർ. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള അക്വേറിയങ്ങളും ആവശ്യക്കാരായുണ്ട്. ഇറക്കുമതി, കയറ്റുമതി ലൈസൻസുകളുള്ള ലിജോ, ഗപ്പികളെ യുഎഇയിലും എത്തിച്ചിരുന്നു. ഇന്ത്യയിൽതന്നെ ഡിമാൻഡ് ഉള്ളപ്പോൾ എന്തിനു വിദേശം എന്നാണ് ഇപ്പോള്‍ ലിജോയുടെ ചോദ്യം.

മൽസ്യക്കുഞ്ഞുങ്ങളിലൂടെ ചുരുങ്ങിയത് മൂന്നു ലക്ഷം രൂപ മാസവരുമാനം. പകുതിയോളമെത്തും ലാഭം. വീടിന്റെ ടെറസിന് മുകളിലേക്കു കൂടി ഫാം വിപുലമാക്കാനുള്ള ഒരുക്കം നടക്കുന്നു. സംരംഭം തുടങ്ങിയ കാലത്ത് അറിവുകൾ തേടി ഒട്ടേറെ ഫാമുകൾ ചുറ്റിക്കറങ്ങി. ആരും കനിഞ്ഞില്ല. അതുകൊണ്ടുതന്നെ തനിക്കറിയാവുന്ന കാര്യങ്ങള്‍ ഈ സംരംഭത്തിൽ താൽപര്യമുള്ളവരുമായി പങ്കുവയ്ക്കുന്നതിനു പരിശീലനക്ലാസുകൾതന്നെ നടത്തുന്നു ഈ ചെറുപ്പക്കാരൻ.

ഫോൺ: 9946551082 (രാത്രി 7നു ശേഷം മാത്രം വിളിക്കുക)