Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണെഴുത്തിന്റെ കപട ഉദ്ധാരണങ്ങൾക്കുമേൽ ഗർഭം മുളപ്പിക്കുന്ന പുതിയ പെൺവിത്തുകൾ

ശ്രീ പാർവ്വതി എന്ന എനിക്ക് അജ്ഞാതയായ എഴുത്തുകാരി പെൺകുട്ടി എന്നോട് ചോദിച്ചു അവർ എഴുതിയ 'മീനുകൾ ചുംബിക്കുന്നു" എന്ന നോവലിന് ഒരു അവതാരിക എഴുതിത്തരാമോയെന്ന്.ഞാൻ തിരിച്ചു ചോദിച്ചു "എന്ത് അടിസ്ഥാനത്തിലാണ് എന്നെ ഇതിനു തിരഞ്ഞെടുത്തത്?"

എഴുത്തുകാരി പറഞ്ഞു "അറിയില്ല.ഇങ്ങിനെ ഒരു കാര്യം ആലോചിച്ചപ്പോൾ എനിക്ക് നിങ്ങളെ സമീപിക്കാനാണ് ആദ്യം തോന്നിയത് " 

അപ്പോൾ പിന്നെ എന്ത് ചെയ്യും? എന്നാൽ ഈ പുസ്തകം വായിച്ചിട്ടു തന്നെ കാര്യം. എന്നെക്കൊണ്ട് അവതാരിക എഴുതിച്ചെ അടങ്ങൂ എന്ന തോന്നൽ ഒരെഴുത്തുകാരിക്ക്  വന്നുപെടുക എന്നത് ഒരവസ്ഥയാണ്. ഇത്തരം ഓരോരോ അവസ്ഥകളിൽ പലരും പലതും ചെയ്യും, പ്രണയം മുതൽ കൊലപാതകം വരെ അതിൽ ഉൾപ്പെട്ടേക്കാം ചില  മനുഷ്യർ നോവൽ എഴുത്തിലേക്കോ അല്ലെങ്കിൽ സിനിമയിലേക്കോ അതുമല്ലെങ്കിൽ ഉന്മാദമൊഴിഞ്ഞ മസ്തിഷ്കവുമായി വീണ്ടും ജീവിതത്തിലേയ്ക്ക് തന്നെ തിരിഞ്ഞേക്കാം. അപ്പോൾ അവസ്ഥകളാണ് പ്രധാനം. ശ്രീ പാർവതിയുടെ നോവൽ എഴുത്തും എന്റെ അവതാരികയും ഒക്കെത്തന്നെ ഓരോരോ അവസ്ഥകളാണ്. എനിക്ക് വേണമെങ്കിൽ ഒഴിയാമായിരുന്നു. കുറെയൊക്കെ അതിനു ശ്രമിക്കയും ചെയ്തു. വിടാതെ പിടികൂടുന്ന ചിലരുണ്ട് അവർ സ്വയം പ്രകാശനത്തിന്റേതായ വഴികൾ സുഗമമല്ല എന്നറിഞ്ഞിട്ടും പിന്നിട്ട വഴികൾ പാതിയിൽ ഉപേക്ഷിക്കാൻ തയ്യാറില്ലാത്തവർ, അവരുടെ കൂടെ നിൽക്കുന്നത് എനിക്ക് ഒരു ഹരമാണ്, ജീവിതം പോലെ, അതിന്റെ വരുംവരായ്കകൾ എന്നെ ബാധിക്കുകയെ ഇല്ല. കാരണം ഇതെല്ലാം ഒരു ഉന്മാദത്തിന്റെ സുഖകരമായ ലക്ഷണങ്ങളിലായി കണ്ടാൽ മതി.

നോവൽ എന്ന പേരിലാണ് ഈ പുസ്തകം നിങ്ങൾ കൈയ്യിലെടുക്കുന്നതെങ്കിൽ ഞാനാദ്യമേ പറയട്ടെ, വ്യവസ്ഥാപിത സങ്കല്പങ്ങൾക്കനുസരിച്ചുള്ള ഒരു നോവൽ അല്ല ഈ പുസ്തകം. വിഖ്യാതരായ നിരൂപകർ നോവലിനെക്കുറിച്ച്, അതിന്റെ ഭാവം, രൂപം, ഘടന എന്നിവയെക്കുറിച്ചെല്ലാം സവിസ്തരം പ്രതിപാദിച്ചും നിർവചിച്ചിട്ടുമുള്ള പുസ്തകങ്ങൾ സമുദ്രംപോലെ പരന്നുകിടക്കുന്നു. അതിൽത്തന്നെ സ്ത്രീസ്വവർഗഗാനുരാഗത്തെ മുൻ നിർത്തി എഴുതപ്പെട്ട നോവലുകളും അതിനെക്കുറിക്കുന്ന പഠനങ്ങളും ഇഷ്ടംപോലെയാണ്. ആംഗലേയ സാഹിത്യത്തിൽ ഏറെ വിവാദമായുണ്ടാക്കിയ റാഡ് ക്ലിഫ് ഹാൾസിന്റെ  The well of Lonliness തുടങ്ങി വായനയുടെ ലോകത്ത് സ്‌ഫോടനങ്ങൾ സൃഷ്ടിച്ച നിരവധി ലെസ്ബിയൻ നോവലുകൾ ഉണ്ടായിക്കൊണ്ടിരുന്നെങ്കിലും നാൻസി ഗാർഡൻസ് എഴുതിയ Annie On My Mind എന്ന നോവൽ ഒരു സ്‌കൂൾ ലൈബ്രറിയിൽ എത്തിപ്പെട്ടത് സംബന്ധിച്ച  ഒരു വിവാദം പൊട്ടിപ്പുറപ്പെടുകയും ആ നോവൽ പൊതു സ്ഥലത്ത് വെച്ച് ഒരു മന്ത്രിയുടെ നേതൃത്വത്തിൽ അഗ്നിക്കിരയാക്കിയതും ചരിത്രം. ഇതേ വിഷയത്തിലൂന്നി സാഹിത്യത്തിൽ മാത്രമല്ല ചലച്ചിത്രം മറ്റു കലാരൂപങ്ങൾ എന്നിവയിലൂടെയും നിരവധി സൃഷ്ടികൾ ഉണ്ടായിട്ടുണ്ട്, ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട് .

മലയാള സാഹിത്യത്തിലാകട്ടെ സ്ത്രീകളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന രചനകളിൽപ്പോലും പരിശീലിപ്പിക്കപ്പെട്ട(conditioned) ആൺകാഴ്ചകളിൽക്കൂടിത്തന്നെയാണ് സ്ത്രീയും അവളുടെ സ്വകാര്യ കാമനകളും വസ്ത്രം ധരിച്ചെത്തുന്നത്. വി.ടി.നന്ദകുമാറിന്റെ "രണ്ടു പെൺകുട്ടികൾ", മാധവിക്കുട്ടിയുടെ "ചന്ദനമരങ്ങൾ ", സംഗീതയുടെ "ആസിഡ്" എന്നിവയാണ് പ്രസ്തുതവിഷയത്തെ സൗന്ദര്യാത്മകമായി സമീപിച്ച രചനകളിൽ പ്രധാനം. ഇതിൽ "രണ്ടു പെൺകുട്ടികൾ" ആൺപക്ഷത്ത് നിന്നുള്ള പെൺനോട്ടമായതിനാൽത്തന്നെ അതിന്റേതായ പരിമിതികൾ വെച്ച് അടഞ്ഞുപോയ പുസ്തകമാണ്. പുതിയകാലത്തെ സ്ത്രീ കഥാകൃത്തുക്കളിൽ പലരും ധീരമായിത്തന്നെ സ്വവർഗാനുരാഗത്തെ കഥാവിഷയമാക്കുമ്പോൾ പുരുഷകേസരികളായ എഴുത്തുകാർ കേരളീയ സാമൂഹ്യജീവിതത്തിലെ പുരുഷസ്വവർഗ്ഗസ്നേഹത്തെക്കുറിച്ച്‌ ആത്മഹർഷത്തെക്കുറിച്ച് അത് മലയാളിയുടെ സാമൂഹിക ജീവിതത്തിൽ നടത്തിയിട്ടുള്ള ലൈംഗികവും അനുരാഗബദ്ധവുമായ ശീലങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നത് മലയാള സാഹിത്യത്തിലെ ആൺവൽക്കരിച്ച കാപട്യത്തിന് അടിവരയിടുന്നു. ഇവിടെയാണ് മലയാളത്തിലെ പെണ്ണെഴുത്തുകാർ ആൺവൽക്കരിച്ച സാഹിത്യത്തിന്റെ ഉദ്ധാരണ നഷ്ടങ്ങൾക്ക് മേൽ തങ്ങളിൽ ഉറങ്ങിക്കിടക്കുന്ന ഗർഭങ്ങൾ മുളപ്പിച്ചെടുക്കുന്നത്.  

വ്യവസ്ഥാപിത സങ്കൽപ്പങ്ങളുടെ നൈരന്തര്യം ചോദ്യം ചെയ്യുമ്പോഴാണ് യഥാർഥ കല ജനിക്കുന്നത് എന്നതിന് ദൃഷ്ടാന്തങ്ങൾ നിരവധിയാണ്. "മീനുകൾ ചുംബിക്കുന്നു" എന്ന നോവൽ പുസ്തകത്തിലേക്ക് വരുമ്പോഴാകട്ടെ വായിച്ചു പഴകിയ ഒരു നോട്ടുപുസ്തകത്തിലൂടെയല്ല നമ്മൾ കടന്നു പോകുന്നത് എന്ന് വ്യക്തമാകും. യുവതി/ ഭാര്യ / അമ്മ/  മകൾ /  എന്നിങ്ങിനെ ഒരു സ്ത്രീയുടെ തന്നെ വിഭിന്ന മുഖങ്ങളിലൂടെ ആനാവൃതമാക്കപ്പെട്ട നിരവധി കഥാപാത്രങ്ങളെ നമുക്കറിയാം. എന്നാൽ ഇതിനെല്ലാമപ്പുറം അവളിൽ അന്തർലീനമായിക്കിടക്കുന്ന സ്വവർഗ്ഗാനുരാഗിയായ  ഒരു പെണ്മനസിന്റെ ആന്തോളനത്തിലൂന്നിയാണ് ഇതിന്റെ ഇതിവൃത്തം എന്നതാണ്  ഈ പുസ്തകത്തിന്റെ പ്രഥമ ആകർഷണീയത

താര എന്ന കേന്ദ്ര കഥാപാത്രത്തിന്റെ മനോവിഹ്വലതകളിലൂടെയും, അതിൽത്തന്നെ താരയുടെ കൂട്ടുകാരി-അവൾ നല്ലൊരു ചിത്രകാരിയുമാണ് - ആഗ്‌നസ്സ് എന്ന ആഗി ഉപേക്ഷിച്ചുപോയ ഡയറിക്കുറിപ്പുകളിലൂടെയും വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത് പെണ്ണുടലുകളുടെ രഹസ്യങ്ങളിലേക്കല്ല മറിച്ച് പെൺ മനസ്സിന്റെ അബോധ ഗർത്തങ്ങളിൽ, ആൺഉടലുകൾക്കും മനസ്സുകൾക്കും നല്കാനാവാത്ത അനുരാഗവായ്‌പിന്റെ പുതിയ ഭൂമികകളിലേക്കാണ്. അത് പെണ്മനസ്സിനു മാത്രം സാധ്യമാകുന്ന പ്രണയത്തിന്റെ കടലാഴങ്ങളാണ്

പ്രണയമില്ലാതെ ഒരു പുസ്തകത്തിനും നിലനിൽപില്ലെന്നേ.. അത് ദൈവത്തിന്റേതാണെങ്കിലും ശരി ചെകുത്താന്റേതാണെങ്കിലും ശരി എന്ന് നോവലിസ്റ്റ് തന്നെ പുസ്തകത്തിൽ പറയുന്നുണ്ട്. പ്രണയമാണീ പുസ്തകത്തിന്റെ കാതൽ എന്ന് പറയുമ്പോൾതന്നെ നമ്മൾ ശീലിച്ചുപോന്ന ആൺ പെൺ പ്രണയങ്ങളുടെ സങ്കൽപത്തിൽനിന്നും കുതറിമാറുന്ന എന്നാൽ നമ്മൾക്കറിയാത്ത ഒരു ഭൂമികയിലേക്ക് നമ്മളെ പറിച്ച് നടുന്ന, കാമാതുരമല്ലാത്ത തികച്ചും പ്രണയാതുരമായ ഒരവസ്ഥ, അതായത് കടലിന്നടിത്തട്ടിലേക്കുള്ള അനുരാഗികളുടെ യാത്ര എന്നതാണ് താര എന്ന കഥാപാത്രം നമുക്ക് മുന്നിൽ വെക്കുന്ന അവസ്ഥ. താരയുടെ മാനസികാവസ്ഥ നോവലിസ്റ്റ് വരച്ചിടുന്നത് ഇങ്ങിനെ: 

"കടലിന്റെ അടിത്തട്ട് ഏറ്റവും ശാന്തമായ ഇരിപ്പിടമാകുന്നു. കടലിന്നുള്ളിലൊരു കാറ്റുണ്ട്. എന്നെക്കണ്ട നൂറുകണക്കിന് മൽസ്യങ്ങൾ കാട്ടിലൊളിക്കുന്നു. ജലത്തിൽ പറന്നുപോകുന്ന എന്റെ മുടിയിഴകൾ എനിക്ക് കാണാം. പക്ഷെ തൊടാൻ വയ്യ. ഞാൻപോകുന്നത് അതിന്റെ ആടിത്തട്ടിലേക്കാണ്.... കാറ്റിന്റെ മർമ്മരം.. കടലിനുള്ളിലെ കാട് " 

ഇങ്ങിനെ കടലിന്നടിത്തട്ടിലെന്നപോലെയാണ്, അവിടെ പണ്ടെന്നോ അണിയം തകർന്നു കടലിലാണ്ടുപോയ കപ്പലും കപ്പിത്താന്റെ ക്ലാവ് പിടിച്ച ദൂരദർശിനിയും, ദ്രവിച്ച വീഞ്ഞിൻ  വീപ്പകളും ഒക്കെ കണ്ടേക്കാം, എങ്കിലും പ്രണയത്തിന്റെതായ ആത്മീയപെട്ടകത്തിൽ ബാക്കിയെല്ലാ ഉത്തരവാദിത്വങ്ങളും അധികപ്പറ്റാണ് എന്ന വെളിപാടിലാണ് താര. 

ഭാര്യയെന്നതിലുപരി ജീവിതപങ്കാളിയെ ഒരു സുഹൃത്തിനെപ്പോലെ സ്നേഹിക്കുന്ന ഭർത്താവ്  ദിലീപും മകൾ അന്നുമോളും എല്ലാം തനിക്ക് അധിക ഭാരമാണ് നൽകുന്നതെന്ന് തിരിച്ചറിവുണ്ടാകുന്നത് പ്രണയഭംഗത്തിൽ തകർന്നു ഒരു ആത്മഹത്യാശ്രമത്തിനു ശേഷം തന്നോടോപ്പം താമസിക്കാൻ ആഗിയെന്ന ഫേസ്ബുക്ക് കൂട്ടുകാരി വരുമ്പോഴാണ്. ആത്മാവിന്നകത്ത് ചാരം മൂടികിടന്ന കനൽ പഴയ ഹോസ്റ്റൽമേറ്റ് വീണ നൽകിയ ഒരേയൊരു ചുംബനത്തിന്റെ കനലിൽ വീണ്ടും തീപിടിക്കുന്നത് ആഗിയുടെ വരവോടെയാണ്.

എന്റെ പ്രണയം മഞ്ഞിന്റെ മടക്കുകളിൽ പുഷ്പ്പിക്കുകയും ഇലഞ്ഞി പൂക്കളിൽ ഗന്ധം പരത്തുകയും വൈൻ കുപ്പികളിൽ ലഹരിയായി പടരുകയും എന്റെ ആത്മാവിൽ ഞാനായി തീരുകയും ചെയ്യുന്നതായി താര തിരിച്ചറിയുന്നു.

പ്രണയത്തിന്റേതായി നിരവധി രൂപകങ്ങൾ നോവലിലുടനീളം ചിതറിക്കിടക്കുന്നുണ്ടെങ്കിലും ഇലഞ്ഞിപൂക്കൾ  എന്ന രൂപകത്തിൽപ്പിടിച്ചാണ് ഇതിലെ സ്ത്രീ കാമനകൾ നോവലിസ്റ്റ് വർണ്ണിക്കുന്നത്.ഇലഞ്ഞിപ്പൂക്കളുടെ നിറം,ഗന്ധം എന്നിങ്ങിനെ പ്രണയത്തെ  ഉന്മാദകരമായ ഇലഞ്ഞി ഗന്ധം പൊതിഞ്ഞ  ഒരു തുരുത്തായ്  പലപ്പോഴും ഈ നോവലിൽ കടന്നു വരുന്നുണ്ട് .പ്രണയത്തെക്കുറിക്കുന്ന അവസരങ്ങളിലൊക്കെ താരയുടെ ഭാഷ ആഗിയുടെ  പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ വാൻഗോഗിന്റെ  നക്ഷത്രചകിതമായ ആകാശത്തെക്കുറിക്കുന്ന കാവ്യഭാഷയോടടുക്കുന്നതായിക്കാണാം 

"പ്രണയം എന്നത് വലിയൊരു ചിത്രത്തുന്നലാണ്‌.... ആദ്യം അടിസ്ഥാനമിടുക... .... പിന്നെ ഓരോ നൂലുകളും കയ്യിലെടുത്ത് കൊരുത്ത് അതിനെ ഉറപ്പിക്കൽ "

ഇങ്ങിനെ തുന്നിത്തീർക്കുന്ന പ്രണയത്തിന്റെ തിരശീലക്കപ്പുറം താര ആഗിയിൽ കാണുന്ന ഒരു പെൺ ഉടലുണ്ട്, അത് ഗ്രാമീണവും വന്യവുമാണ്, താരയുടെ തന്നെ ഭാഷയിൽ "എത്രമാത്രം നഗരങ്ങളിലേക്ക് ചേക്കേറിയാലും ഉള്ളിലുള്ള കാറ്റിനെ എനിക്ക് ആഗിയിൽ കണ്ടെത്താം. കാരണം അവൾ സ്വയമൊരു ഗ്രാമമാണ്. എണ്ണതേച്ച് അഴിച്ചിട്ട മുടി പാമ്പ് പോലെ പുളഞ്ഞു കിടക്കും. നെറ്റിയിലെ ചുവന്ന വട്ടപൊട്ടിനു എന്നും വിയർപ്പിന്റെ നീണ്ട വരകളുടെ വിളർച്ച. കണ്ണുകളിൽ കൃത്യമായി ഒരു കാറ്റിന്റെ ആഴം"

എന്നാൽ ആൺശരീരങ്ങളെപ്പറ്റിപ്പറയുമ്പോൾ ആഗിയുടെ കൗമാര വീഥികളിൽ തളിർക്കുകയും പിന്നീട് ആഗിയാൽ തല്ലിക്കൊഴിക്കപ്പെടുകയും ചെയ്ത ആൺ ഓർമ്മകൾ താര ഇങ്ങിനെ വായിച്ചെടുക്കുന്നു.

ആണനുഭവിക്കുന്ന സുഖങ്ങൾക്കപ്പുറം പെണ്ണായി മാറുമ്പോൾ മനസൊരുക്കുന്ന ഭൂതകാലക്കുറ്റത്തിൽ സ്വയം തിളച്ചുമറിയാൻ വിധിക്കപ്പെട്ടവളാകരുത്. നിർഭാഗ്യത്തിന്റെ പെൺശരീരങ്ങളുടെ പുഷ്പവൃഷ്ടികൾ ഉണ്ടാകുന്നതുപോലെ ശരീരങ്ങളിലേക്ക് തുളഞ്ഞു കയറുന്ന അപരദേഹങ്ങളുടെ ഗന്ധം, അവ മത്ത് പിടിപ്പിക്കുന്നവയല്ല. അറപ്പു തോന്നിപ്പിക്കുന്നവയാണ്. മൂന്നാം ക്ലാസ്സിൽ നിന്നും സ്ഥാനകയറ്റം കിട്ടി പോകുന്തോറും സുഖം എന്നത് എത്രമാത്രം അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും, ആൺ ശരീരങ്ങളെന്നാൽ പെൺ ശരീരങ്ങളോട് ചേർത്തുവെക്കാൻ പാടില്ലാത്തതാണെന്നും അവൾക്ക് തോന്നിത്തുടങ്ങി. പിന്നീടൊരിക്കൽ പൊടുന്നനെ മുറിയിൽക്കയറിവന്ന അവനോട് നിശബ്ധത പാലിച്ച  ആഗ്നസ് അവന്റെ ചടുലമായ പ്രയോഗത്തിൽ കസേര വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു പ്രതികരിച്ചത്. പിന്നീടൊരിക്കലും അവൻ അവളുടെ ശരീരത്ത് തൊട്ടതേയില്ല. പക്ഷെ അവന്റെ വിയർപ്പ് തൊട്ട ശരീരം അവളെ തളർത്തിക്കൊണ്ടിരുന്നു. ചിത്രകഥാ പുസ്തകത്തിൽ വായിച്ചതുപോലെ തല മാറട്ടെ എന്ന മന്ത്രം കൊണ്ടോ മറ്റാരുടെയെങ്കിലും ശരീരം സ്വന്തമാക്കാൻ അവൾ കൊതിച്ചു. എന്നാൽ ജീവിതം അവളെ കൊതിപ്പിക്കുകയും നോവിക്കുകയും ഇടയ്ക്കെപ്പെഴോ പ്രണയാതുരമാക്കുകയും ചെയ്തു.

ആഗിയുടെ പ്രണയം ഒരു മിന്നൽപിണറായി താരയുടെ മനസ്സിലേക്കിറങ്ങുകയും പെൺഉടലുകളിലെ സമുദ്രങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന പരസ്പരാശ്ലേഷണം നോവലിസ്റ്റിന്റെ വരികളിലൂടെ ഇങ്ങിനെ വായിക്കാം 'ഓരോ ചുംബങ്ങൾക്കിടയിലും ഓരോ നക്ഷത്രങ്ങൾ പാഞ്ഞുപോകുന്നു. അപ്പോൾ ആകാശത്തുനിന്ന് ആയിരക്കണക്കിനായ നക്ഷത്രങ്ങൾ ചിതറിപ്പറക്കും. ലക്ഷ്യമില്ലാത്ത യാത്രക്കൊടുവിൽ അവ എവിടെയൊക്കെയോ മരിച്ചു വീഴും. അത്തരമൊന്നും ഞങ്ങളുടെ ചുണ്ടുകൾക്കിടയിൽ കുരുങ്ങിക്കിടന്നു. പരസ്പരം അത്രമേൽ ഒന്നാവുകയല്ലാതെ വേർപെടുക എന്നൊരു മാർഗ്ഗമേ ഉണ്ടായിരുന്നില്ല. പക്ഷെ എപ്പഴോ നക്ഷത്രത്തിന്റെ മരണഗന്ധം വർത്തമാന കാലമായി കിനിഞ്ഞിറങ്ങിയപ്പോഴാണ് ചുണ്ടുകൾക്കുള്ളിൽകൊണ്ട് നടന്ന സമുദ്രത്തെ പരസ്പരം കുടിച്ച്  വറ്റിച്ച് ഞങ്ങളകന്നത്. ബാക്കിയൊന്നും അവശേഷിക്കുന്നില്ല (പേജ് 21)

ഒടുവിൽ പ്രണയം പൂത്തുലഞ്ഞ രണ്ടു പെണ്ണുങ്ങൾക്കിടയിൽ അവർ കുടിച്ചുതീർത്ത സമുദ്രത്തിന്റെ അവശേഷിപ്പുകൾ അമ്പരന്നു കിടന്നു (പേജ് 21) അതെ അമ്പരപ്പ് തന്നെയാണ് ഓരോ സ്ത്രീയും വ്യത്യസ്തരാണെന്നുള്ള കണ്ടെത്തൽ, ചിലർ കടൽ പോലെയാണെന്നും ചിലർ കാറ്റുപോലെയാണെന്നും മറ്റു ചിലർ പുഴപോലെ ഇനിയും ചിലർ മരുഭൂമി പോലെയാണെന്നും നോവലിസ്റ്റ് സ്ത്രീകളിലെ ബഹുസ്വരതയെ നിരീക്ഷിക്കുന്നുണ്ട്. ഭാര്യയെ അതീവ സ്നേഹത്തോടെയും കരുതലോടെയും അവളുടെ സ്വാതന്ത്ര്യത്തിനുമേൽ കടിഞ്ഞാണിടാതെയും കുടുംബജീവിതമെന്ന മുട്ടത്തോട് പൊട്ടാതെ നോക്കുന്ന ദിലീപുമായുള്ള ഇണചേരൽ നോവലിസ്റ്റ് വിവരിക്കുമ്പോൾ മലയാള സാഹിത്യത്തിൽ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ കഴിഞ്ഞാൽ ഇണചേരലിന്റെ അറപ്പുളവാക്കുന്ന ശീൽക്കാരം നമുക്ക് കേൾക്കാൻ സാധിക്കുന്നത് ശ്രീപാർവതിയുടെ "മീനുകൾ ചുംബിക്കുമ്പോളി"ലാണ് 

"നിറമില്ലാത്ത ദ്രവങ്ങളാൽ ശരീരം നിറയുന്നു. മുങ്ങിത്താഴുന്ന എനിക്ക് ഭാരമില്ല. ശ്വാസം കിട്ടാൻ വായ മാത്രം മലർക്കെ തുറന്നു പിടിച്ചിരിക്കുന്നു. അതിലൂടെ സർപ്പത്തിന്റെ നാവ് പുറത്തേക്ക് വരുന്നു ഞാനെന്നെ തൊട്ടുനോക്കി..  എനിക്ക് ചെതുമ്പലുകൾ മുളച്ചിരിക്കുന്നു വഴുവഴുത്ത ഉടൽ, നീണ്ട പല്ലുകളിൽ വിഷസഞ്ചികൾ ആഞ്ഞുകൊത്താൻ അവന്റെ ഉടലിൽ ഇടം ബാക്കിയുമുണ്ടായിരുന്നില്ലെന്നു തോന്നുന്നു. നീലിച്ച ശരീരം അരണ്ട വെളിച്ചത്തിലും കണ്ടു ഞാൻ സമാധാനത്തോടെ ഉറങ്ങി" 

സാഹിത്യത്തിലായാലും സിനിമയിലായാലും, (സിനിമ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ചില പെണ്ണുങ്ങളായാലും) പ്രണയത്തെക്കുറിച്ചാണെങ്കിലും ഇണചേരലിനെക്കുറിച്ചാണെങ്കിലും എത്രയോകാലമായി ആവർത്തിച്ചുപഴകിയ പുരുഷകേന്ദ്രീകൃതമായ കാഴ്ചകളോ വിവരങ്ങളോ ആയി തുടരുന്നിടത്താണ് ശ്രീ പാർവ്വതിയുടെ ഈ സത്യവാങ്മൂലം എന്നത് ശ്രദ്ധേയമാണ്. ഭാഷാപരമായ ഒഴുക്കും ലളിതമായ പദാവലികളും ചിലപ്പോഴൊക്കെ ശ്രീ പാർവ്വതിയുടെ തന്നെ വാക്കുകൾ കടമെടുത്ത് പറഞ്ഞാൽ "കുട്ടിക്കാലത്തേക്കുള്ള ഒരു പായ വിരിക്കലായിട്ടാണ്" വായനക്കാർക്കനുഭവപ്പെടുക. രതിയുടെയും പ്രണയത്തിന്റെയും ബിംബസമൃദ്ധി ഈ പുസ്തകത്തിലെ ഓരോ വരികളിലും നമുക്ക് വായിച്ചെടുക്കാം.

ലോകം പറയുന്ന പോലെ ജീവിക്കാൻ വിസമ്മതിക്കുന്ന സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഈ നോവൽ. ഒരു സ്ത്രീയുടെ ജീവിതമെന്നത് ഒരു ഫ്‌ളാറ്റിന്റെ നാല് ചുവരുകൾക്കുള്ളതിൽ എല്ലാ സ്വാതന്ത്യത്തോടും കൂടി ഒരു ശവപ്പെട്ടിക്കുള്ളിലെന്നപോൽ അളിഞ്ഞു തീരാനുള്ളതല്ലെന്നും, മറിച്ച് അത് പ്രണയമാകുന്ന മഞ്ഞിൻ മടക്കുകളിൽ പുഷ്പിക്കുകയും ഇലഞ്ഞി പൂക്കളിൽ സുഗന്ധം പരത്തുകയും വൈൻ കുപ്പികളിൽ ലഹരിയായി പടരുകയും എന്റെ ആത്മാവിൽ ഞാനായി തീരുകയും ചെയ്യുന്ന ഒന്നാണെന്ന്  നോവലിസ്റ്റ് എഴുതി വക്കുന്നു. അതെ കുടിച്ചിട്ടും കുടിച്ചിട്ടും വറ്റാത്ത ഒന്നാണ് പ്രണയം. അതിന്റെ വീര്യം നാൾക്ക് നാൾ കൂടിവരുന്നു എന്ന യാഥാർഥ്യം തിരിച്ചറിയുമ്പോഴേക്കും  പ്രണയിനിയുടെ മനോനില ആശുപത്രിയുടെ വെള്ള വിരിപ്പിലേക്കോ ഉന്മാദത്തിന്റ ഭയാനക നിശ്ശബ്ദതയിലേക്കോ കെട്ടിത്താഴ്ത്തപ്പെടുന്നു. ഇങ്ങിനെ യാഥാർഥ്യവും മതിഭ്രമവും ഇഴപിരിക്കാനാവാത്ത ഒരു പെണ്മനസ്സിന്റെ നഗ്നത മലായാള സാഹിത്യത്തിൽ സൃഷ്ടിക്കാൻ പോകുന്ന ഇടിമുഴക്കങ്ങൾക്ക് നമുക്ക് കാതോർക്കാം.