Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ.വി. ശശി; സിനിമയിലെഴുതിയ ജീവിതം

ഒരുപിടി നല്ല സിനിമകൾ മലയാളത്തിന് സമ്മാനിച്ച് ഐ.വി. ശശി ഓർമ്മയായി. അത്ര പെട്ടെന്നൊന്നും മറവിയിൽ മറയാത്ത വിധം അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ  അടയാളപ്പെട്ടു കിടക്കുന്നു. തന്റെ സിനിമാലോകത്തെക്കുറിച്ചു ഐ.വി ശശി മനസ്സു തുറക്കുന്ന പുസ്തകമാണ് പത്രപ്രവർത്തകൻ സക്കീർ ഹുസൈൻ എഴുതിയ തിരയും കാലവും. 

'ശാന്തി എന്ന പെൺകുട്ടിയെ ഞാൻ ആദ്യമായി കാണുമ്പോൾ അവൾക്ക് എട്ടോ ഒൻപതോ വയസ്സുണ്ടാകും. തങ്കപ്പൻ മാസ്റ്ററുടെ അസിസ്റ്റന്റായിരുന്ന കമലിനെ കാണാൻ ഞാൻ വൈകുന്നേരങ്ങളിൽ ചെല്ലുമ്പോൾ അവൻ കുട്ടികളെ നൃത്തം പഠിപ്പിക്കുകയായിരിക്കും. പത്തുവയസ്സിൽ താഴെയുള്ള കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നത് കമലായിരുന്നു. കൂട്ടത്തിൽ മെലിഞ്ഞൊരു പെൺകുട്ടി തളർന്നുവീഴുന്നതും ചർദ്ദിക്കുന്നതും കാണാം. വീഴുമ്പോഴൊക്കെ കമൽ അവളെ കളിയാക്കും. ഛീ വാന്തി, ശാന്തി എന്ന്. തമിഴിൽ വാന്തി എന്നാൽ ചർദി എന്നാണ് അർഥം. അതൊന്നും ശ്രദ്ധിക്കാതെ തളർച്ച മാറ്റി അവൾ നൃത്തം തുടരും.

ഒരിക്കൽ നടി ശ്രീദേവിയെ കാണാൻ ഞാൻ ഹൈദരാബാദിൽ പോയി. അവിടെ സെറ്റിൽ വച്ച് രണ്ടാം നായികയായ ശാന്തിയെ ശ്രീദേവി എനിക്കു പരിചയപ്പെടുത്തി. ഇത് മലയാളത്തിലെ പെരിയ ഡയറക്ടർ. ഇനക്ക് മലയാളം ഫിലിമിൽ റോൾ തറുവാറ്. പെട്ടെന്നായിരുന്നു ശാന്തിയുടെ മറുപടി. ഒന്നു പോ അമ്മാ. നിറയെപ്പേര് അപ്പടി ശൊല്ലിയിരിക്ക്. പിന്നീട് ഉദയാ സ്റ്റുഡിയോയിൽ വച്ച് ഒരു നൃത്തരംഗം ചിത്രീകരിക്കുമ്പോൾ ഞാൻ ശാന്തിയെ കണ്ടു. അവൾ മാത്രം ചെരുപ്പിട്ട് നൃത്തം ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു കുരുത്തംകെട്ട പെണ്ണിനെ എന്തിനു കൊണ്ടുവന്നു? ഞാൻ ദേഷ്യപ്പെട്ടു. എന്തിനാണ് എപ്പോഴും ഭരിക്കാൻ വരുന്നതെന്ന് അവൾ തിരിച്ചും ചൂടായി. ആ നിഷ്കളങ്കതയും നേരെ വാ നേരെ പോ പ്രകൃതവും എനിക്ക് ഇഷ്ടമായി. അങ്ങനെയൊരു പെൺകുട്ടിയെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു. ‘ഇതാ ഇവിടെ വരെ’യുടെ സെറ്റിലും ഞാൻ ശാന്തിയെ കണ്ടു. ആ പടത്തിലെ ഡാൻസ് ട്രൂപ്പിലെ അംഗമായിരുന്നു അവൾ. തുടർന്ന് ഈ മനോഹര തീരം എന്ന സിനിമയിലും നൃത്തക്കാരിയായി അവൾ പ്രത്യക്ഷപ്പെട്ടു.

‘അവളുടെ രാവുകളിൽ’ ഞാൻ ശാന്തിയെ സീമ എന്ന നായികയാക്കി. ഈ പടത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഞാൻ ശാന്തിയെ പ്രേമിച്ചു തുടങ്ങിയത്.' മലയാള സിനിമയിലെ ഹിറ്റുകളുടെ ചക്രവർത്തി എന്നു വിളിക്കുന്ന സംവിധായകൻ ഐ.വി. ശശി മനസ്സുതുറക്കുകയാണ്. താൻ നായികയാക്കി മലയാളത്തിനു സമ്മാനിച്ച, തന്റെ ജീവിതസഖിയായി മാറിയ സീമ എന്ന പെൺകുട്ടിയെക്കുറിച്ച്. ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച, പത്രപ്രവർത്തകൻ സക്കീർ ഹുസൈൻ എഴുതിയ തിരയും കാലവും എന്ന പുസ്തകത്തിലാണ് ഐ.വി.ശശി തന്റെ സിനിമാലോകത്തെക്കുറിച്ചു സംസാരിക്കുന്നത്. എ.വിൻസന്റ്, കെ.എസ്.സേതുമാധവൻ, ശശികുമാർ, ഹരിഹരൻ, ഐ.വി.ശശി എന്നീ അഞ്ചു സംവിധായകരുടെ സിനിമാ ജീവിതമാണ് സക്കീർ ഹുസൈൻ അവരുടെ തന്നെ സംസാര രീതിയിൽ അടയാളപ്പെടുത്തുന്നത്. 

‘‘...അവളുടെ രാവുകളിലെ ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങൾക്കിടയിൽ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സിൽ പ്രണയം നിറഞ്ഞപ്പോൾ അക്കാര്യം ആദ്യമായി അറിയിച്ചത് കമൽഹാസനെയായിരുന്നു. ‘നന്നായി ശാന്തി നല്ല കുട്ടിയാണ്’ എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയൻ, രജനീകാന്ത്, മധുസാർ, സോമൻ, സുകുമാരൻ.... എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു." 

സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ‘‘ശശിയേട്ടൻ എന്നെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉടനെ വേണം. അല്ലെങ്കിൽ എന്നെ മറന്നേക്കണം’’.. സീമയുടെ വാക്കുകൾ ഞാൻ ഉൾക്കൊണ്ടു. 1980 ആഗസ്ത് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഞങ്ങൾ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി. 

അഗസ്റ്റിൻ പരിചയപ്പെടുത്തിയ തിരക്കഥാകൃത്ത്

ഞാനും വി.ബി.കെ. മേനോനും ശ്രീകുമാരൻ തമ്പിയും ചെയ്ത അക്ഷരത്തെറ്റ് നന്നായി പണം വാരിയ പടമായിരുന്നു. ഇതേ കൂട്ടുകെട്ടിലുണ്ടായ കള്ളനും പൊലീസും പക്ഷേ, നല്ല പടമായിരുന്നിട്ടും തിയറ്ററിൽ വീണുപോയി. സംവിധായകനായ എന്റെ പേരിനു പകരം മറ്റൊരാളുടെ പേരായിരുന്നു കൊടുത്തതെങ്കിൽ പടം ഓടിയേനെ. ആളുകൾ ഉദ്ദേശിക്കുന്ന ഐ.വി.ശശി പടം ആയിരുന്നില്ല അത്. 

മേനോൻ നിർമിച്ച ചില പടങ്ങൾ നഷ്ടത്തിലായി. അതുകാരണം കള്ളനും പൊലീസിന്റെയും അവസാനഭാഗം ഷൂട്ടുചെയ്യാൻ പണമില്ലാതെയായി. ഒടുവിൽ സീമയാണു പണമിറക്കിയത്. പടം റിലീസായ ദിവസം ഞാനും മേനോനും കോഴിക്കോട്ടു വന്നു. പ്രതികരണം മോശമായിരുന്നു. ആകെ സങ്കടപ്പെട്ടു നിൽക്കുന്ന സ്ഥിതി.

‘‘ശശിയേട്ടാ, ഒരു കഥയുണ്ട്. രഞ്ജിത്ത് എന്ന ചെറുപ്പക്കാരനാണ് എഴുതിയിരിക്കുന്നത്. ശശിയേട്ടൻ കണ്ടിട്ടുള്ള ആളാണ്’’– അഗസ്റ്റിൻ പറഞ്ഞു. അതിനു മുൻപ് രണ്ടു പടങ്ങൾ ചെയ്തിരുന്നു അയാൾ. ഉച്ചകഴിഞ്ഞു വരാൻ പറഞ്ഞു. രഞ്ജിത്തും അഗസ്റ്റിനും വന്നു. രഞ്ജിത്ത് കഥ പറഞ്ഞു. ഒരു പ്രധാന കഥാപാത്രവും സംഭവവും ഉണ്ടായിരുന്നു അതിൽ. എനിക്കതു സ്ട്രൈക്ക് ചെയ്തു. പടം ചെയ്യാമെന്നു വാക്കു കൊടുത്തു. അതായിരുന്നു ‘ദേവാസുരം’.

മുരളിയെ നായകനാക്കായിരുന്നു എന്റെ തീരുമാനം. മുരളിയാണെങ്കിൽ ഈ പടവും പൊട്ടും– മേനോൻ പറഞ്ഞു.എന്നാൽ മോഹൻലാലിനെ വെക്കാം– ഞാൻ പറഞ്ഞു.ലാലിനെ വച്ച് നമുക്ക് ചെയ്യാനാവില്ല. അതിനുള്ള സ്ഥിതിയില്ല. മാത്രമല്ല ഡേറ്റും അടുത്തൊന്നും കിട്ടാൻ പോകുന്നില്ല– മേനോൻ പറഞ്ഞു. ലാൽ തന്നെയാണു നല്ലത്. ആദ്യം എഴുതാം, എന്നിട്ടു ലാലിനെ പോയി കാണാം. ഞാനും കൂടെ വരാം. ആ  നിർദേശത്തോട് മേനോൻ യോജിച്ചു.

സ്ക്രിപ്ട് പൂർത്തിയായപ്പോൾ ഞങ്ങൾ ലാലിനെ കാണാൻ പോയി. ലാൽ പാലക്കാട്ട് ഷൂട്ടിങ്ങിലായിരുന്നു. ആദ്യമൊന്നു മടിച്ചു. എന്റെ നിർബന്ധത്തിനു വഴങ്ങി ലാൽ കഥകേൾക്കാനിരുന്നു. കഥ കേൾക്കുമ്പോൾ ലാൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. ഇതു കാണുന്ന രഞ്ജിത്തിന് ടെൻഷൻ. ആദ്യ സീനുകൾ വായിച്ചു തീർന്നതോടെ അറിയാതെ തന്നെ കഥയിൽ മുഴുകി ലാൽ. രഞ്ജിത്തും ഉഷാറായി. മുഴുവൻ വായിച്ചു തീർന്നപ്പോൾ ലാൽ ചോദിച്ചു– ശശിയേട്ടാ പടം എപ്പോൾ തുടങ്ങാം?

അപ്പോൾ ലാലിന്റെ ഡേറ്റ്

അതൊന്നും പ്രശ്നമല്ല. ഈ പടം കഴിഞ്ഞാൽ ഇതാണു ചെയ്യാൻ പോകുന്നത്. തിരക്കഥാകൃത്തെന്ന നിലയ്ക്ക് രഞ്ജിത്തിനും നായകനെന്ന നിലയ്ക്ക് ലാലിനും വലിയ അംഗീകാരം നേടികൊടുത്ത സിനിമയായിരുന്നു ദേവാസുരം.

ഹരിഹരൻ

മെലഡി തിരിച്ചുകൊണ്ടുവരണമെന്ന ആഗ്രഹത്തിൽ നിന്നാണ് മുംബൈയിലെ ഏതെങ്കിലും സംഗീത സംവിധായകനെ മലയാളത്തിലേക്കു കൊണ്ടുവരണമെന്ന ചിന്ത എന്നിലുണ്ടായത്. മുംബൈയിലെത്തുമ്പോൾ രണ്ട് സംഗീതജ്ഞരാണു എന്റെയും എം.ടി.വാസുദേവൻനായരുടെയും മനസ്സിലുള്ളത്. നൗഷാദും ഖയ്യാമും.– മലയാളത്തിൽ ഒട്ടേറെ സംഗീത സംവിധായകരെ പരിചയപ്പെടുത്തിയ സംവിധായകൻ ഹരിഹരൻ പറയുകയാണ്. 

‘‘എന്റെ ചില സുഹൃത്തുക്കൾ മുഖേന നൗഷാദുമായി ബന്ധപ്പെട്ടു. നിശ്ചയിച്ച പ്രകാരം ഞാനും എം.ടിയും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. വലിയ വീടിന്റെ രണ്ടാംനിലയിൽ വച്ചായിരുന്നു ആ സംഗീത ചക്രവർത്തിയുമായുള്ള കൂടിക്കാഴ്ച. ചായയ്ക്കുശേഷം ഞങ്ങൾ വിഷയം അവതരിപ്പിച്ചു–‘‘ എട്ടുപാട്ടുകൾ വേണം’’.

എത്ര സമയം തരും നിങ്ങൾ? അദ്ദേഹം ചോദിച്ചു.

ഷൂട്ടിങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഒരുമാസം വേണ്ടിവരും. എനിക്ക് ഒരുപാട്ടു കംപോസ് ചെയ്യാൻ തന്നെ ഒരുമാസം വേണം. അതിനാൽ എന്നോടു ക്ഷമിക്കുക. മലയാളത്തിൽ പാട്ടുചെയ്യാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ, ഈ ചെറിയ സമയത്ത് ചെയ്യാൻ പറ്റില്ല’’ നൗഷാദ് വിനയത്തോടെ പറഞ്ഞു. ഇനി അന്വേഷിക്കാനുള്ളത് ഖയ്യാമിനെയാണ്. അദ്ദേഹം വിദേശത്തെവിടെയോ പോയിരിക്കുകയാണ്. ഇനിയെന്തെന്നു ചിന്തിച്ചുനിൽക്കുമ്പോഴാണ് എന്റെ സുഹൃത്തു ചോദിക്കുന്നത്. നിങ്ങൾക്ക് രവിയെ വിളിച്ചുകൂടേ?

ഞങ്ങൾ രവിയെ പോയി കണ്ടു. ഹിന്ദിയല്ലാത്ത ഭാഷകളിൽ പാട്ടൊരുക്കാൻ അദ്ദേഹത്തിനു വലിയ താൽപര്യമില്ല രണ്ടു കാരണങ്ങളായിരുന്നു.. കുറഞ്ഞ പ്രതിഫലം, വളരെ കുറച്ചുപേരിലേ സംഗീതം എത്തൂ. ഈ സമയത്ത് എം.ടി ഇടപെട്ടു. ഒടുവിൽ രവി വരാമെന്നേറ്റു. രവിസാബ് എന്നാണു അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. ഒ.എൻ.വിയും രവി സാബും വളരെ വേഗം അടുത്തു. മനോഹരങ്ങളായ പാട്ടുകളാണ് ആ കൂട്ടുകെട്ടിൽ പിറന്നത്. പത്രപരസ്യം കൊടുക്കാൻ നേരം രവി ബോംബെ എന്നാണു വച്ചത്. നഖക്ഷതങ്ങൾ, പഞ്ചാഗ്നി എന്നീ സിനിമയിലെ പാട്ടുകൾ വൻ ഹിറ്റായി. തുടർന്നും അദ്ദേഹം എന്റെ പല സിനിമകളിലും സംഗീതം ചെയ്തു. ഒരു വടക്കൻ വീരഗാഥ, പരിണയം, സർഗം, മയൂഖം ഇങ്ങനെ പല സിനിമകൾ. 

മലയാള സിനിമയുടെ സുവർണകാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണീ പുസ്തകം. സംവിധായകരുടെ മാത്രം ജീവിതകഥയല്ല, സിനിമയ്ക്കു പിന്നിലെ ഒട്ടേറെ കഥകളാണ് സക്കീർ ഹുസൈൻ എഴുതുന്നത്. അതിൽ സന്തോഷത്തിന്റെ വെളിച്ചമുണ്ട്. കണ്ണീരിന്റെ നനവുമുണ്ട്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം