Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹോദരന്റെ ഗർഭം പേറിയവളുടെ കഥ 

വൈചിത്ര്യങ്ങളിലൂടെയാണ് ഓരോ ജീവിതവും ചലിക്കുന്നതും ഓർമ്മകളിൽ അവശേഷിക്കപ്പെടുന്നതും. എന്തുമാത്രം അത്തരം വിചിത്രമായ അനുഭവങ്ങൾ ഓരോ ജീവിതത്തിലും സംഭവിച്ചേക്കാം? അത്രമാത്രം വിചിത്രമാണ് ഒരു ബന്ധങ്ങളും എന്ന് പറയുന്നതാണ് ശരി. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധങ്ങൾ പലപ്പോഴും നിഗൂഡവുമാണ്. അനുഭവങ്ങളിലൂടെ മാത്രമല്ല, വായനയിൽ അത്തരമൊരു വിചിത്രമായ അനുഭവം ഉണ്ടായാലോ? അതാണ് കെ വി മണികണ്ഠന്റെ "മൂന്നാമിടങ്ങൾ" എന്ന നോവൽ. ഏതൊരു മനുഷ്യനുമുള്ള മൂന്നാമിടങ്ങളുടെ സാധ്യതകളിലേക്ക് മണികണ്ഠൻ വായനക്കാരെ കൊണ്ട് പോകുന്നു. ഇവിടെ ചിത്രകാരനായ നരേന്ദ്രൻ അദ്ദേഹത്തിന്റെ മൂന്നാമിടങ്ങളായി കാണുന്ന അനേകം സ്ത്രീയുടലുകൾ, എഴുത്തുകാരി ഇന്ദിരാദേവി സ്വയം മൂന്നാമിടമാകുന്ന കാഴ്ചകൾ... 

കഥാപാത്രങ്ങൾ എല്ലാവരും ചേർന്ന് എഡിറ്റ് ചെയ്തു എഴുതിയ ഒരു പുസ്തകത്തിന്റെ രൂപത്തിലാണ് മൂന്നാമിടങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അഭിഭാഷകയായ ഡാലിയ ദേവസ്സിയുടെ പേരിൽ എഴുതപ്പെടുന്ന നോവലിൽ പലരും അവരവരുടെ ഭാഗം പൂരിപ്പിക്കുന്നുണ്ട്. അഹല്യ. നാരോ എന്ന നരേന്ദ്രൻ, ഇന്ദിരാദേവി എന്ന പ്രശസ്തയായ എഴുത്തുകാരി പിന്നെ ഡാലിയ എന്നീ കഥാപാത്രങ്ങളാണ് നോവലിനെ മുന്നോട്ടു നയിക്കുന്നത്.

സഹോദരന്റെ കുഞ്ഞിനെ പ്രസവിച്ചവളാണ് ഇതിൽ ഇന്ദിര എന്ന കഥാപാത്രം. വിവാഹം കഴിക്കാതെ അമ്മയായവൾ, പതിനെട്ടു വയസ്സുള്ള ഒരു പെൺകുഞ്ഞിന്റെ 'അമ്മ. ഇതുവരെ അമ്മമാത്രമുണ്ടായിരുന്ന ഒരു പെൺകുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് ഇനിയെങ്കിലും ലോകമറിയണമെന്ന ആഗ്രഹത്തിലാണ് ഇന്ദിര തന്റെ കഥ ഒരു നോവലിന്റെ രൂപത്തിലെഴുതാൻ ഡാലിയയ്ക്ക് അനുമതി നൽകുന്നത്. എന്നാൽ ഇതിൽ ഓരോ കഥാപാത്രങ്ങളുടെ ഭാഗവും പൂരിപ്പിച്ചിരിക്കുന്നത് അവരവർ തന്നെയാണ്. അല്ലെങ്കിലും ജീവിതമല്ലേ, സ്വന്തം ജീവിതം പറയാൻ അവനവനെക്കാൾ മികച്ച വക്താവ് വേറെ ആരുണ്ട്?

പുരുഷത്വത്തിന്റെ നിലാവ് കണ്ടെത്തിയ നാൾ മുതൽ അത് കാണിച്ച് തന്ന ഭാനുമതി ചേച്ചിയുടെ പിയേഴ്സ് മണത്തോട് എന്നുമിഷ്ടമാണ് നരേന്ദ്രന്. പക്ഷേ ഒരിക്കലൊരു രാത്രിയിൽ പ്രണയത്തിന്റെ വല്ലാത്ത നേരങ്ങളിൽ മുന്നിൽ വന്നു നിന്ന അച്ഛനോട് പിണങ്ങി വീടുവിട്ടിറങ്ങിപ്പോയ നരേന്ദ്രൻ പിന്നീട് തിരിഞ്ഞു നോക്കിയില്ല. ചിത്രകാരൻ എന്ന മനോഹരമായ പേര് ഒപ്പം കൊണ്ട് നടക്കുമ്പോൾ ക്യാൻവാസിൽ വിരിയുന്ന ചിത്രങ്ങൾ അയാൾക്കെന്നും സമ്മാനിച്ചത് മൂന്നാമിടങ്ങളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലായിരുന്നു.

ഒരിക്കൽ ആരോടും ഒന്നുംപറയാതെ തിരികെ വന്നപ്പോൾ മുതൽ ഒപ്പമുണ്ട് അനിയത്തിയായ ഇന്ദിര. വേവിച്ച ഭക്ഷണം കഴിക്കാത്തവൾ, എപ്പോഴും ഉടലിൽ നിന്നും രാമച്ചത്തിന്റെ മണം പ്രസരിക്കുന്നവൾ, പിന്നെ അവളുടെ പ്രിയ കൂട്ടുകാരി ഡാലിയയും. നരേന്ദ്രൻ മൗനിയായിരുന്നു. ഒരായിരം ചിത്രങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ ഒരു മനുഷ്യൻ മൗനത്തിലേയ്ക്ക് കിനിഞ്ഞിറങ്ങിപ്പോകുമെന്നു ഇന്ദിരയ്ക്ക് പറഞ്ഞു കൊടുത്തതും നരേന്ദ്രനായിരുന്നു. എപ്പോഴോ നരേന്ദ്രനോട് തോന്നിയ ആരാധന പ്രണയമായി തീർന്നപ്പോൾ അരുതുകളുടെ ലോകത്തിരുന്നു ഇന്ദിര കരഞ്ഞു. നരേന്ദന്റെ വിവാഹം അവൾക്കൊരു ആഘാതവുമായിരുന്നു. അഹല്യയുടെ വരവോടെ പക്ഷേ പതറിപ്പോകുമെന്ന് കരുതിയ ജീവിതം കൂടുതൽ പശിമയുള്ളതായി ഇന്ദിരയ്ക്ക് പിന്നീട് അനുഭവപ്പെട്ടു.

ആത്മബന്ധങ്ങളുടെ ഇഴയടുപ്പം ഏറെയുള്ള നോവലാണ് മൂന്നാമിടങ്ങൾ. അഹല്യയും ഇന്ദിരയും തമ്മിലുള്ളതും ഇന്ദിരയും ഡാലിയയും തമ്മിലുള്ളതുമായ ബന്ധങ്ങളെയൊന്നും പ്രത്യേകിച്ച് ഒരു പേരിട്ടും വിവക്ഷിക്കാൻ സാധ്യമല്ല. നരേന്ദ്രന്റെയും അഹല്യയുടെയും കുഞ്ഞിന്റെ വാടകഗർഭപാത്രമായി ചുരുങ്ങിപ്പോകുന്ന ഇന്ദിരയുടെ ആധിയും സങ്കടങ്ങളും സന്തോഷങ്ങളും ഒരുപക്ഷേ ഏറ്റവും നന്നായി അറിഞ്ഞത് ഡാലിയ തന്നെയാണ്. അവളാണല്ലോ ഇന്ദിരയോടൊപ്പം താമസിക്കുന്നവൾ... അവളുടെ എല്ലാമെല്ലാം.

ഡാലിയയും ഇന്ദിരയും തമ്മിലുള്ള ബന്ധത്തിന് കൃത്യമായി ഒരു പേര് നൽകാൻ അവർ മടിക്കുന്നുണ്ട്. വായനയ്‌ക്കൊടുവിൽ ഏതോ വായനക്കാരൻ ഉന്നയിച്ചതെന്ന മട്ടിൽ അവർക്കിടയിൽ പെൺപ്രണയത്തിന്റെ ആഴങ്ങൾ വിവക്ഷിക്കാൻ ശ്രമിച്ചാൽ പോലും അവിടെ മൗനത്തിലേയ്ക്ക് വീണു പോവുകയാണ് എഴുതിയ ആളുടെ പേന. മറ്റൊരവസരത്തിൽ വരികൾക്കിടയിൽ മൗനം പൂരിപ്പിക്കാൻ മറ്റൊരു പുസ്തകമാകാം എന്ന് പറഞ്ഞുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

മൂന്നാമിടങ്ങളിൽ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെടുന്നത് ഇന്ദിരയുടെയും നരേന്ദ്രന്റെയും ബന്ധം തന്നെയാണ്. കുട്ടിക്കാലത്ത് നരേന്ദ്രൻ ഡയറിയിലെഴുതി വച്ചതു കണ്ട ഇന്ദിര ആദ്യം വല്ലാതെ കൺഫ്യൂസ്ഡ് ആവുന്നുണ്ട്, പതുക്കെ പതുക്കെ അയാളിലേക്കവൾ ചായുന്നു. ഒരു സഹോദരിയ്ക്ക് സഹോദരനെ എന്തുകൊണ്ട് പ്രണയിച്ചുകൂടാ എന്ന് അവൾ മാന്ത്രികനായ കുഞ്ഞച്ഛനോടു ചോദിക്കുന്നു. സമൂഹം അങ്ങനെയൊക്കെയാണ് ബന്ധങ്ങൾക്കിടയിൽ കളിക്കുന്നതെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ട്, നരേന്ദ്രന്റെ ഭാര്യയായ അഹല്യ പോലും അവളുടെ പ്രണയത്തിന്റെ തീക്ഷ്ണത മനസ്സിലാക്കുന്നുണ്ട്. പ്രണയം എന്ന് പറയുമ്പോൾ പോലും പല അധ്യായങ്ങളിലും പലരുടെ ഇടയിൽ പോലും രതിയുടെ വല്ലാത്ത സ്പർശം കാണാമെങ്കിലും ഇന്ദിരയ്ക്കും നരേന്ദ്രനുമിടയിൽ അങ്ങനെയൊന്ന് മനഃപൂർവ്വമാണെങ്കിലും നോവലിസ്റ്റ് ഒഴിവാക്കുന്നു. രതിയിലേർപ്പെടാതെ അമ്മയായവൾ മാത്രമാവുകയായിരുന്നു ഇന്ദിരയുടെ ദൗത്യം. 

പെൺമനസ്സിന്റെ വ്യത്യസ്തമായ വഴികളിലൂടെയാണ് മൂന്നാമിടങ്ങൾ സഞ്ചരിക്കുന്നത്. സഹോദരനെ പ്രണയിക്കുന്ന ഇന്ദിര, കൂട്ടുകാരിയുടെ എല്ലാ വഴികളിലും അവളുടെ ഒപ്പം സഞ്ചരിക്കുന്ന ഡാലിയയുടെ മനസ്സ് അത്രയധികം എഴുത്തുകാരൻ തുറന്നിട്ടില്ല,  പക്ഷേ വരികൾക്കിടയിൽ മൗനം ഒളിപ്പിച്ചിട്ടുമുണ്ട്, സാഡിസ്റ്റും ഒപ്പം മസോക്കിസ്റ്റുമായ അഹല്യ, പിയേഴ്സ് സോപ്പിന്റെ മണമുള്ള ഭാനുമതി... എല്ലാ പെൺകഥാപാത്രങ്ങളും പുരുഷനേക്കാൾ പ്രായോഗികമതികളും ശക്തിശാലികളുമാണ്. തന്നെ കിടക്കയിലേക്ക് ക്ഷണിക്കുന്ന സുന്ദരനായ ചീഫ് എഡിറ്ററെ അപമാനിച്ച ശേഷം അഹല്യ ആ പ്രതികാരം തീർക്കാൻ ചെന്ന് കയറുന്നത് ഓഫീസിന്റെ ഗാർഡായ പയ്യന്റെ മുറിയിലേക്കാണ്. തന്റെ നെഞ്ചിൽ" im not virgin " എഴുതാനുള്ള ധൈര്യവും അവൾ കാണിക്കുന്നുണ്ട്. പക്ഷെ അങ്ങേയറ്റം മസോക്കിസം ഉള്ളിൽ ഒളിപ്പിച്ച അഹല്യയുടെ മനസ്സിന്റെ വെളിപ്പെടുത്തലുകൾ വായനയിൽ അങ്ങേയറ്റം ഭീതിദമായിപ്പോകും. 

ആകർഷകമായ ഭാഷയാണ് കെ വി മണികണ്ഠന്റെത്.സദാചാര സമൂഹത്തിന്റെ തലയിൽ വൻ പ്രഹരമേല്പിക്കുന്ന ശക്തമായ കൂട്ടം വാക്കുകൾ ഈ നോവലിലുണ്ട്. മനുഷ്യന്റെ മനസ്സ് അത്രമാത്രം നിഗൂഢവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന് മണികണ്ഠൻ പറയുന്നു. മൂന്നാമിടങ്ങൾ തേടിയുള്ള യാത്രകൾക്കിടയിൽ നാമൊക്കെ എപ്പോഴൊക്കെയോ സ്വയം കഥകളായി മാറുന്നുണ്ടെന്നും മണികണ്ഠൻ ഓർമ്മിപ്പിക്കുന്നു.