Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയുണ്ടോ ഈ മുഖം?; പിന്നില്ലാതെ

കേൾക്കൂ, സംഭാഷണങ്ങളാണ് ലോകത്തെ നിർണയിച്ചത്. മൗനമാണെന്ന് വാദിക്കുന്നവരുണ്ടാകാം. അവരോട് തൽക്കാലം മിണ്ടാതിരിക്കാം. ഇത് സംഭാഷണങ്ങളെപ്പറ്റിയല്ല, സംഭാഷ ണങ്ങളെപ്പറ്റിയുള്ള ഒരു പുസ്തകത്തെപ്പറ്റിയാണ്. 

ദൃശ്യങ്ങളുടെ കലയാണ് സിനമയെന്നാണ് വയ്പ്. വിശാലാർത്ഥത്തിൽ അത് ശരിയുമാണ്. എന്നാൽ സിനിമ കാണൽ എന്ന അനുഭവം ജീവിതത്തിന്റെ തിരക്കഥയിലെ ആവർത്തന രംഗമായ നമുക്കറിയാം ലോകത്ത് പലയിടത്തുമെന്നപോലെ ഇന്ത്യയിലും അതതു ദേശത്തിന്റെ കഥപറച്ചിൽ പാരമ്പര്യത്തിലാണ് സിനിമയുടെ തായ് വേരൂന്നിയിരിക്കുന്നതെന്ന്. അത് കൊണ്ട് തന്നെ കാഴ്ചപ്പൊലിമയ്ക്കൊപ്പം കേൾവിപ്പൊലിമയും ഗംഭീര ശബ്ദവിന്യാസവും സംഗീതവും മാത്രമല്ല കർണപുടത്തിലും കരളിൻ തടത്തിലും ആണു തറയ്ക്കുന്ന സംഭാഷണങ്ങളും കൂടിയാണ് ഇന്ത്യൻ സിനിമയുടെ ജീവൻ.

നിർവചനങ്ങൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ സിനിമയെന്ന വൻമരത്തിന്റെ കാതലിടങ്ങളിലൊന്നായ മലയാളത്തിലും കഥ വേറെയല്ല. ആയതിനാൽ നൂറാണ്ടു പിന്നിട്ട ഒരു ചലച്ചിത്ര പാരമ്പര്യത്തിന്റെ ഇങ്ങറ്റത്തിരുന്നൊരാൾ– അതിന്റെ തന്നെ ഭാഗമായൊരാൾ– മലയാളി/ മലയാളം മറക്കാത്ത സിനിമാ സംഭാഷണങ്ങളോർത്തെടുക്കുമ്പോള്‍ അത് ഏറ്റവും കുറഞ്ഞത് ഒരു ദേശത്തിന്റെ ഓർമയുടെ രേഖപ്പെടുത്തലാകുന്നു. 

നവ മലയാള സിനിമയിലെ തിരക്കഥാ– സംഭാഷണ രചയിതാക്കളിൽ തനതിടമുള്ള ബിപിൻ ചന്ദ്രൻ ‘‘ഓർമ്മയുണ്ടോ ഈ മുഖം’’ എന്ന പേരിൽ സമാഹരിച്ചിരിക്കുന്നത് 72 മലയാള ചലച്ചിത്രങ്ങളിലെ അതിലുമേറെ സംഭാഷണങ്ങളാണ്.

പറഞ്ഞ് പറഞ്ഞ് നമ്മൾ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന, നമ്മുടെ ഭാഷയെ മിനുക്കിക്കൊണ്ടിരിക്കുന്ന ആ സംഭാഷണങ്ങളെ പെറുക്കിയെടുക്കുമ്പോൾ ബിപിന് അക്കാദമിക ഭാരങ്ങളില്ലാത്ത ഒരു സിനിമാചരിത്രകാരന്റെ വേഷം.

1964 –ലെ ‘‘ഭാർഗവീനിലയ’’ ത്തിൽ, സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറിൽ തുടങ്ങി 2016–ലെ ‘‘മഹേഷിന്റെ പ്രതികാര’’ത്തിൽ, വൈക്കത്തിനല്പം മാറി ആലപ്പുഴയിലെ ശ്യാം പുഷ്കരനിൽ അവസാനിക്കുന്ന ഈ പുസ്തകം അറുപതു വർഷത്തെ മലയാളി ജീവിതത്തെ അടയാളപ്പെടുത്തുന്ന ഡിസി ബുക്സ് പരമ്പരയിലുൾപ്പെട്ടിരിക്കുന്നു. 

ഇരുന്നൂറ്റിയെഴുപത്തൊന്ന് പേജുകളിലായി പരന്നു കിടക്കുന്ന ഈ പുസ്തകത്തിന് അടിസ്ഥാനപരമായി ഒരു സഞ്ചികയുടെ സ്വഭാവമാണുള്ളത്. കാലഗണനാക്രമത്തിൽ മലയാളിയെ കോരിത്തരിപ്പിച്ച, കുത്തിനോവിച്ച സംഭാഷണങ്ങളെ ശേഖരിച്ചിരിക്കുന്ന ഈ കൃതി വലിയ അക്കാദമികാവകാശങ്ങൾ ഉന്നയിക്കുന്നില്ല. എന്നാൽ സംസ്കാര പഠനം (cultural studies) സാഹിത്യ– സാമൂഹിക വൈജ്ഞാനിക ശാഖകളിൽ കൊണ്ടുവന്ന മാറ്റത്തിന്റെ ഒച്ച ഈ പുസ്തകത്തിലങ്ങോളമിങ്ങോളം കേൾക്കാം. 

‘‘അങ്ങാടി’’യിലെ ‘‘വി ആർ നോട്ട് ബെഗേർസ്’’, ‘‘ലേല’’ ത്തിൽ ‘‘നേരാ തിരുമേനി’’, ‘‘റാംജിറാവ് സ്പീക്കിംഗി’’ലെ ‘‘കമ്പിളിപ്പൊതപ്പ്’’ അടക്കമുള്ള ഒരുപിടി സംഭാഷണങ്ങൾ വിശകലനം ചെയ്യുന്നിടത്ത് ബിപിൻ ചന്ദ്രനിലെ സാഹിത്യ സാമൂഹ്യ ശാസ്ത്ര പഠിതാവ് നടത്തുന്ന നിരീക്ഷണങ്ങൾ ഉദാഹരണം. ഈ മേഖലയിൽ വിശദമായ പഠനം നടത്താനാഗ്രഹിക്കുന്ന ആർക്കും ഒരു കൈപ്പുസ്തകമാകും ‘‘ഓർമ്മയുണ്ടോ ഈ മുഖം’’ എന്നതിൽ തർക്കമില്ല. 

ആൾക്കൂട്ടത്തിന്റെ കലയായതുകൊണ്ട് തന്നെ കാണപ്പെടുന്ന അല്ലെങ്കിൽ എഴുതപ്പെട്ട ചലച്ചിത്രത്തിനേക്കാളും അതിന്റെ പിന്നാമ്പുറ കഥകളറിയാനാണ് നമുക്ക് പലപ്പോഴും കൂടുതലി ഷ്ടമെന്ന് തോന്നാറുണ്ട്. നോക്കൂ കടലാസിലും  ഇ–കടലാസിലുമായി എന്തോരം സിനിമാക്കഥയാണ് നമ്മളെഴുതിക്കൂട്ടുന്നത്! വായിച്ചു തള്ളുന്നത്! ആഗോളമായ ആ കൗതുകത്തെയും ഈ പുസ്തകം അഡ്രസ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് എടുത്തു പറയട്ടെ.  

വിശ്വവിഖ്യാതമായ മലയാള സിനിമാസംഭാഷണങ്ങളുടെ ജനന കഥകളിൽ ചിലത് ആ സിനിമകളുടെ എഴുത്തുകാരോ സംവിധായകരോ അഭിനേതാക്കളോ പങ്കുവയ്ക്കുന്ന നിരവധി സന്ദർഭങ്ങൾ ഈ പുസ്തകത്തിലുണ്ട്.

‘‘പോ മോനേ ദിനേശാ’’, എന്ന പൂവള്ളി ഇന്ദുചൂഢന്റെ (മോഹൻലാൽ, നരസിംഹം) പുച്ഛവും പരിഹാസവും സ്നേഹവും തരാതരം പോലെ ഈണമാകുന്ന പ്രയോഗം. കോഴി ക്കോട്ടെ ഒരു എലൈറ്റ് ക്ലബ്ബിലെ ഒരു കുറിയ ഡോക്ടറുടേതാണെന്നെത്ര പേർക്കറിയാം. ‘‘ഇവിടൊന്നും കിട്ടിയില്ലാ’’ എന്ന് സദ്യവട്ടങ്ങളിൽ നമ്മളാവർത്തിക്കുന്ന നെടുമുടി ഭാഷണ ത്തിന്റെ (സിനിമ: അഹം) വേര് ഭരത് ഗോപിയിലാണെന്ന്!

പോട്ടെ, ‘‘പ്രേമം’’ കണ്ട് വന്ന് ‘‘പകച്ചു പോയി എന്റെ ബാല്യം’’ എന്ന് നമ്മളെത്രവട്ടം പറഞ്ഞിരിക്കുന്നു. എന്നാൽ ഗിരിരാജൻ കോഴിയായി തകർത്താടുന്ന നിമഷങ്ങളിലെപ്പോഴോ ഷറഫുദ്ദീന്റെ നാവിൽ മിന്നിയതായിരുന്നെന്ന് പുതുതലമുറ നടന്മാരിൽ ചിരിയുടെ മർമ്മമറിഞ്ഞവരിലൊരാളായ ആ നടൻ ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. 

ഇത്തരം പിന്നാമ്പുറ കഥകളാലും ലളിതവ്യാഖ്യാനങ്ങളാലും സമാഹാരണത്തിന്റെ സമഗ്രതയാലും നിങ്ങളുടെ പുസ്തക മുറിയിലും വയാനാനുഭവത്തിലും ഇടം നേടാനുള്ള അർഹത ഈ കൃതിക്ക് തീർച്ചയായുമുണ്ട്. എന്നിരിക്കിലും, പഠിപ്പിച്ച് പഠിപ്പിച്ച് ഏതധ്യാപകനും കുട്ടിയാകുമെന്നതിനാലാകാം അപൂർവം ചില ഭാഗങ്ങളിൽ പരീക്ഷയുടെ അവസാന നിമിഷ ങ്ങളിലെഴുതുന്ന ഉത്തരങ്ങളിലെന്നപോലെയുള്ള ധൃതിയുടേതായ പരിമിതികൾ സ്കൂൾ അധ്യാപകൻ കൂടിയായ എഴുത്തുകാരന്റെ ഈ പുസ്തകത്തിൽ കാണ്ടെന്നു വരാം. 

കൽപ്പറ്റ നാരായണന്റെ കാച്ചിക്കുറുക്കിയൊരു കുറിപ്പ്  (കൗതുകകരമായ ഒരാരംഭം) ജയിംസ് കണ്ണിമലയുടെ വിശദമായ പഠനം (നമ്മളിൽ അവരെത്ര ജീവിക്കുന്നു) ബിപിൻ ചന്ദ്രന്റെ തന്നെ അനുഭവ നിഷ്ഠമായ ‘‘ചിത്രഭാഷണങ്ങൾക്ക് ഒരു ആമുഖം’’ എന്ന സാമാന്യം ദീർഘമായ കുറിപ്പ് എന്നിവ കൂടി ചേരുമ്പോൾ ‘‘ഓർമയുണ്ടോ ഈ മുഖം’’ ചലച്ചിത്രങ്ങളെ ചലിപ്പിക്കുന്ന അനുഭവങ്ങളാക്കിയ (moving experience) വർത്തമാന എഴുത്തുകാർക്കുള്ള കനപ്പെട്ട ഒരാദരം തന്നെയാകുന്നു. 

Read More Articles on Malayalam Literature & Books to Read in Malayalam