Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർക്കണം മണ്ണായാലും പെണ്ണായാലും; ഇന്നിന്റെ കവിതകളുമായി സുകേതു

നാളേറെയായി അടഞ്ഞുകിടക്കുന്ന വീട് ഉണരണമെങ്കിൽ ഉടമസ്ഥൻ വരണം. ഒരൊറ്റ നിമിഷം കൊണ്ടു വീടുണരും. വാടിത്തളർന്ന ചെടികളും പൂക്കളും കോരിത്തരിക്കും. അലഞ്ഞുതിരിഞ്ഞ പൂച്ചക്കുട്ടി ഓടിവന്ന് സ്നേഹവാലും വിറപ്പിച്ചു മുട്ടിയുരുമ്മും. കെട്ടിമറിയും. വാക്ക് അപ്രസക്തമാകുന്ന നിമിഷങ്ങൾ. ഒരു സ്പർശം. തലോടൽ. അതുമാത്രമാണു പ്രസക്തമെന്ന ഉറച്ച ബോധ്യത്തിൽനിന്നു പിറക്കുന്നു സുകേതുവിന്റെ വാക്കുകൾ. ചെറുകഥയിലും ചെറിയ കഥയെ മിനിക്കഥയെന്നു വിശേഷിപ്പിക്കുന്നതുപോലെ ഹൈക്കുവിനോട് അടുത്തുനിൽക്കുന്ന കുറുംകവിതകൾ. സജീവമായ ഒരു മനസ്സിന്റെ ലോകത്തോടും ജീവിതത്തോടുമുള്ള പ്രതികരണങ്ങൾ. സ്നേഹിച്ചും ഉപദേശിച്ചും തെറ്റു ചൂണ്ടിക്കാട്ടിയും ഭാവിയിലേക്കു മുന്നേറാൻ മന്ത്രങ്ങൾ പകർന്നും ശുഭപ്രതീക്ഷയുടെയും ഭാവിയുടെയും ഭൂമികയിലേക്കു മുന്നേറുന്ന മനുഷ്യത്വത്തിന്റെ കവിതകൾ: ഉടുമ്പെഴുത്ത്. 

വായിച്ചുതീരും മുമ്പേ മുഖം ചുളിച്ച് ചുരുട്ടിയെറിയുന്നവരുണ്ട്. ആ മുഷ്ടിചുരുട്ടലിലും ചുരുളാത്തവയാണ് അക്ഷരങ്ങൾ എന്നെഴുതുന്നുണ്ട് സുകേതു മുഖം എന്ന ആറുവരി കവിതയിൽ. ചുരുളാത്ത അക്ഷരങ്ങളാണു സുകേതുവിന്റേത്. ചുരുങ്ങാത്തവയും. അത്രയെളുപ്പം മാഞ്ഞുപോകാതെ കാലത്തിന്റെ ചുവരിൽ ഒട്ടിച്ചുവയ്ക്കുന്ന വാക്കുകൾ. ആ വാക്കുകളെ വേഗം വിസ്മരിക്കാനോ വിലയിരുത്താതെ അവഗണിക്കാനോ ആവില്ല. കാലത്തിന്റെ കോലം കെട്ട കാഴ്ചയിൽ ജനിക്കുന്ന സുകേതുക്കവിതകൾ പ്രതിരോധത്തിന്റെ അടയാളവും തിൻമകൾക്കുനേരെയുള്ള വിരൽചൂണ്ടലുമാകുന്നു. ഇന്നത്തെ കാലത്തിന് ഒരു ആദർശവാദി നൽകുന്ന കുറ്റപത്രം. നാളത്തെ ജീവിതം എങ്ങനെയായിരിക്കണമെന്ന സ്വപ്നം. ഇനിയും നാം മുന്നേറേണ്ടതുണ്ടെന്ന ഓർമപ്പെടുത്തൽ. 

ചുറ്റും തിളച്ചുമറിയുന്ന ജീവിതത്തെ മറന്ന് ഫെയ്സ്ബുകിൽ നിമിഷങ്ങളെ ത്യജിക്കുന്നവർ വായിച്ചിരിക്കണം മുഞ്ഞിപ്പൊത്തകം എന്ന കവിത. 

വിരലും കണ്ണും ഫെയ്സ്ബുക്കിലാക്കി, അല്ലേ ? 

വെത്തിലേല് ചുണ്ണാമ്പു തേയ്ക്കുമ്പോലെ 

നിഴലക്ഷരങ്ങളെ ഞോണ്ടുന്ന പരിപാടി ? 

ചങ്ങാതീ,,, ബീവറേജു മാത്രമല്ല –

അമ്പത് പൈശേന്റെ കാർഡും

പഴയ പോസ്റ്റാപ്പീസും.. ഒക്കെ 

ഇപ്പോഴുമുണ്ട്.

താനൊന്നിറങ്ങിവാ... 

വന്നവരെയൊക്കെ നിരാശരാക്കി തിരിച്ചയക്കുന്ന ഒരാളെ എന്തു പേരിട്ടു വിളിക്കണമെന്ന് ഒരു സംശയവുമില്ല കവിക്ക്. വില്ലേജ് ഓഫിസർ. തനി വില്ലേജാപ്പീസറായിപ്പോയെടോ ഞാൻ എന്ന വാക്കുകളിൽ വിലാപമല്ല, കടുത്ത സാമൂഹിക വിമർശനവും കൂരമ്പു പോലെ തുളച്ചിറങ്ങു ന്ന ക്രൂരവിമർശനവുമാണു നിഴലിക്കുന്നത്. ഹാസ്യത്തിന്റെ ഹൃദ്യതയും അക്ഷേപഹാസ്യത്തിന്റെ മൂർച്ചയും ഒരുമിച്ചുചേർന്ന് തീക്ഷ്ണമായ ശക്തി ആവാഹിക്കുന്നു ഉടുമ്പെഴുത്തിലെ വരികൾ. കാലം കണ്ണാടി നോക്കുന്ന വരികളാണ് ഈ കവിതകൾ. ഒപ്പം പുതിയകാലത്തെ മനുഷ്യന്റെ കപടനാട്യങ്ങളും മുഖംമൂടികളും വലിച്ചുകീറുകയും ചെയ്യുന്നു. 

ഒട്ടിപ്പോയെടോ–

ഞാനും എന്നിലെ സ്വാർഥനും...

നീചനും

സാമൂഹ്യവിരുദ്ധനും

വ്യഭിചാരിയും 

അഴിമതി വീരനും....

പറിച്ചെടുക്കാനാകാവിധം

ഒന്നായിപ്പോയെടോ! 

ലയനം എന്ന കവിതയിലെ എട്ടുവരികൾ നീചമായ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ടവരുടെയും വിചാരണയ്ക്കു വിധേയരാകുന്നവരുടെയും ശിക്ഷ കാത്തുകഴിയുന്നവരുടെയും വിലാപവും ആത്മപരിശോധനയും മാത്രമല്ല അധമവികാരങ്ങൾ ഉള്ളിൽ അടിച്ചിട്ട് പുറമേയ്ക്കു പുഞ്ചിരിക്കുന്നവരുടെ ആത്മകഥ കൂടിയാണ്. സുരക്ഷിതമായ അകലത്തിലിരുന്ന് വിമർശനങ്ങളുടെ അമ്പ് എയ്യുക മാത്രമല്ല കവി  തന്നിലേക്കും തന്റെ മനസാക്ഷിയിലേക്കും കൂടി കത്തി കുത്തിയിറക്കുകയും ചെയ്യുന്നു. സമൂഹബലിക്കൊപ്പം ആത്മബലിയുടെയും ദിവ്യമുഹൂർത്തങ്ങൾക്ക് ആവിഷ്ക്കാരം കൊടുക്കുന്നതിലൂടെ കവിതയെ ആയുധമണിയിച്ച്, പടക്കോപ്പും പടവാളും നൽകി യുദ്ധസജ്ജമാക്കുകയും ചെയ്യുന്നു. 

പറയാൻ നാം മറന്നുപോയ വാക്കുകളാണ് സുകേതുവിന്റേത്. പറയാൻ ആഗ്രഹിച്ച വാക്കുകൾ. ആവർത്തിക്കാൻ കൊതിക്കുന്ന വാക്കുകൾ. സുകേതു എഴുതട്ടെ. ആ വാക്കുകളിലൂടെ സമൂഹം കേൾക്കട്ടെ നമ്മുടെ കത്തിയെരിയുന്ന ചിന്തകളും തീ പിടിച്ച സ്വപ്നങ്ങളും. 

‘വളരെ നന്നായി’  എന്ന വാക്ക് 

മതിയാകാതെ വന്നപ്പോഴാണല്ലോ 

നമ്മൾ: ഭേഷ്...ബലേ...കലക്കി...

സൂപ്പർ..അടിപൊളി...

തകർപ്പനായത്.

തകർപ്പൻ തന്നെയാണ് ഇന്നിന്റെ വാക്ക്.

മണ്ണായാലും പെണ്ണായാലും 

തകർത്തെങ്കിലേ ഒരു ത്രില്ലുള്ളൂ ! 

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review