Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവാർഡുകൾക്കു പിന്നിലെ തട്ടിപ്പുകഥകൾ..

Trophy

സാഹിത്യകാരൻമാർ ശ്രദ്ധിക്കുക, അപ്രതീക്ഷിത സമയത്ത് അവാർഡുകൾ വാതിലിൽ വന്നു മുട്ടുമ്പോൾ പകച്ചുപോകരുത്. അങ്ങനെ പകച്ചുപോയ മൂന്നുപേരുടെ അനുഭവങ്ങളാണ് ഇവിടെ പറയുന്നത്. ഇതു വായിച്ചതിനു ശേഷം അവാർഡ് വാങ്ങണോ നിരസിക്കണോ എന്നു തീരുമാനിക്കാം.

കഥാകൃത്ത് ടി. പത്മനാഭനും കവി ബാലചന്ദ്രൻ ചുള്ളിക്കാടുമെല്ലാം അവാർഡ് നിരസിച്ചവരാണല്ലോ. അതേ ശ്രേണിയിലെത്താൻ കഴിയുമോ എന്നതാണ് ഇവിടുത്തെ സാഹിത്യകാരന്മാർ നേരിടുന്ന ഇപ്പോഴത്തെ വലിയ വെല്ലുവിളി.

കവിത കൊണ്ടുവന്ന സൗഭാഗ്യം

കേരളത്തിലെ പ്രശസ്തമായ ഒരു കോളജിലെ അധ്യാപിക. ചെറുപ്പകാലം മുതലേ കവിത എഴുതുമായിരുന്നെങ്കിലും ആദ്യമായി അച്ചടി പുരണ്ടത് അടുത്തിടെയാണ്. കവിത വായിക്കാനിടയായ സുഹൃത്ത് അതു പ്രസിദ്ധീകരണ യോഗ്യമാണെന്ന് പറഞ്ഞ് തിരുവനന്തപുരത്തുനിന്നിറങ്ങുന്ന ഒരു ആഴ്ചപ്പതിപ്പിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കവിതയുടെ ഗുണം തിരിച്ചറിഞ്ഞ പത്രാധിപർ അതു പ്രസിദ്ധീകരിച്ചു. സാഹിത്യകാരന്മാരുടെ സൃഷ്ടിക്കൊപ്പം ഫോൺ നമ്പരും ഈ പ്രസിദ്ധീകരണത്തിൽ അച്ചടിച്ചുവരാറുണ്ട്. വായനക്കാരന് തന്റെ വായനാനുഭവം എഴുത്തുകാരനോടു നേരിട്ടു പറയാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഈ കവിതയെക്കുറിച്ച് കവയിത്രിക്ക് ഏറെ പ്രശംസ ലഭിച്ചു. 

അടുത്തിടെ ആലപ്പുഴയിൽ നിന്ന് ഒരാൾ അധ്യാപികയെ വിളിച്ചു. നവോത്ഥാനമെന്ന പേരിലുള്ള ഒരു സംഘടനയുടെ ആളാണു വിളിച്ചത്. അവരുടെ ഈ വർഷത്തെ സാഹിത്യ പുരസ്കാരം അധ്യാപികയുടെ ഈ കവിതയ്ക്കാണെന്ന സന്തോഷ വാർത്ത അറിയിച്ചു. അതിനു ഞാൻ അവാർഡ് പരിഗണനയ്ക്ക് സൃഷ്ടി അയച്ചിട്ടില്ലെന്ന് അധ്യാപിക നിഷ്കളങ്കം പറഞ്ഞു. തങ്ങളങ്ങനെ മത്സരം നടത്തിയല്ല അവാർഡ് പ്രഖ്യാപിക്കുന്നതെന്നും ഒരു വർഷത്തെ മികച്ച കവിത കണ്ടെത്തി പുരസ്കാരം നൽകുകയുമാണെന്ന സംഘടനാ ബൈലോ അധ്യാപികയ്ക്ക് വായിച്ചുകൊടുത്തു. അതിൽ അധ്യാപിക സന്തുഷ്ടയായി.

രണ്ടുദിവസം കഴിഞ്ഞ് നവോത്ഥാന നായകൻ വീണ്ടും വിളിച്ചു. അവാർഡ് ഫലകത്തിൽ വയ്ക്കാൻ ഒരു ഫോട്ടോ വേണമെന്നായിരുന്നു ആവശ്യം. അതോടൊപ്പം അധ്യാപിക ഒരാവശ്യം മുന്നോട്ടുവച്ചു. പരിപാടിയുടെ ക്ഷണക്കത്ത് ഒന്ന് അയച്ചുതരണം. ഉടൻ തരാമെന്ന് സംഘാടകൻ ഏറ്റു. ഇനിയാണ് അവാർഡ് കമ്മിറ്റിയുടെ തനി സ്വരൂപം പുറത്തുവരാൻ പോകുന്നത്. സാഹിത്യത്തെ പരിപോഷിപ്പിക്കാൻ അവർ പെടുന്ന കഷ്ടപ്പാട് കണ്ടാൽ ആരും സഹായിച്ചുപോകും. 

രണ്ടുദിവസം കഴിഞ്ഞ് അധ്യാപികയ്ക്ക് വീണ്ടും ഫോൺ. അവാർഡ് നൽകുന്ന ചടങ്ങ് വലിയ പരിപാടിയാണെന്നും അതിന്റെ നടത്തിപ്പിലേക്കായി  അയ്യായിരം രൂപ സംഭാവനയായി നൽകണമെന്നും. മറുപടി പറയുന്നതിനു മുൻപേ അദ്ദേഹം അധ്യാപികയ്ക്ക് തന്റെ ബാങ്ക് അക്കൗണ്ട് നമ്പറും പറഞ്ഞുകൊടുത്തു. ഇത്തരം തട്ടിപ്പു പരിപാടിയൊന്നും അറിയാത്ത അധ്യാപിക തന്റെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. അവാർഡിന്റെ പേരിൽ സാഹിത്യലോകത്ത് നടക്കുന്ന ഉള്ളുകള്ളികളെക്കുറിച്ച് അദ്ദേഹം പറഞ്ഞതറിഞ്ഞ് അധ്യാപിക ഞെട്ടിപ്പോയി. രണ്ടുദിവസം കഴിഞ്ഞ് നവോത്ഥാന നായകന്റെ കോൾ വീണ്ടുമെത്തി. തന്റെ ബാങ്ക് അക്കൗണ്ടിൽ മണികിലുക്കം കേൾക്കാത്ത പരിഭവത്തോടെയാണ് വിളിച്ചത്. വെറും 350 രൂപയുള്ള ഫലകം വാങ്ങാൻ താനെന്തിനു അയ്യായിരം രൂപ നൽകണമെന്ന ചോദ്യത്തിന് സംഘാടകന് ഉത്തരമില്ലായിരുന്നു. ഫോണിന്റെ മറുതലയിൽ നിന്ന് ഉത്തരം ലഭിക്കാതെയായതോടെ അധ്യാപിക ആ സംഭാഷണം അവസാനിപ്പിച്ചു. പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ അവാർഡിതയായി എന്നൊരു വാർത്തയും ചിത്രവും വരാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന്റെ സന്തോഷത്തോടെ ആ അധ്യാപിക അന്ന് നന്നായി ഉറങ്ങിയെന്ന് പറഞ്ഞാൽ അതിശയോക്തിയല്ല.

ഒറ്റകൃതി– സമഗ്ര സംഭാവന

മലയാളത്തിലെ പ്രമുഖനായ ഒരു നടന്റെ പേരിലുള്ള അവാർഡ് പ്രഖ്യാപിക്കുന്നതിനു രണ്ടുദിവസം മുൻപ്. പത്രപ്രവർത്തനും സാഹിത്യകാരനുമായ യുവാവിനൊരു ഫോൺ. മലയാള സിനിമയ്ക്ക് തിലകം ചാർത്തിയ നടന്റെ പേരിലുള്ള അവാർഡ് നിർണയ കമ്മിറ്റിയുടെ ഭാരവാഹിയാണു വിളിക്കുന്നത്. അവരുടെ ഈ വർഷത്തെ അവാർഡ് പ്രഖ്യാപിക്കാൻ പോകുകയാണ്. ഇടതുമുന്നണിയിൽ ആർജവത്തോടെ നിലപാടു പറയുന്ന നേതാവിനാണ് രാഷ്ട്രീയത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്. മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്നുവിളിക്കുന്ന നടിക്കാണ് സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്. സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് താങ്കൾക്കാണെന്ന് ഭാരവാഹി സന്തോഷത്തോടെ പറഞ്ഞപ്പോൾ പത്രപ്രവർത്തകൻ ഞെട്ടിപ്പോയി. താങ്കളുടെ പുതിയ പുസ്തകം കേരളം മുഴുവൻ ചർച്ച ചെയ്യുന്നതായി തങ്ങളറിഞ്ഞെന്നും അതുകൊണ്ടാണ് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് താങ്കളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വർധിച്ച സന്തോഷത്തോടെ പറഞ്ഞു. ഇനിയുള്ള ചോദ്യം കേട്ട് യുവ എഴുത്തുകാരൻ ഞെട്ടിപ്പോയി. ‘‘സാറിന്റെ പുസ്തകത്തിന്റെ പേരൊന്നു പറഞ്ഞുതരാമോ?’’ 

ആദ്യമായി എഴുതിയ പുസ്തകം സാഹിത്യസാംസ്കാരിക ലോകത്ത് ഗൗവരത്തോടെ ചർച്ച ചെയ്യുന്ന സന്തോഷത്തിൽ കഴിയുകയായിരുന്ന എഴുത്തുകാരൻ ശരിക്കും ഞെട്ടിപ്പോയി. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന പുസ്തകം എന്നു പറഞ്ഞ സംഘാടകൻ തന്നെ ചോദിക്കുന്നു സാറിന്റെ പുസ്തകത്തിന്റെ പേരെന്തെന്ന്?

ഒറ്റ പുസ്തകം മാത്രമെഴുതിയ തനിക്ക് സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാനുള്ള ത്രാണിയില്ലെന്ന് അദ്ദേഹം സംഘാടകനോടു പറഞ്ഞെങ്കിലും അദ്ദേഹം വിടാൻ ഭാവമുണ്ടായിരുന്നില്ല. മലയാളത്തിലെ പ്രമുഖ നടിക്കൊപ്പം വേദി പങ്കിടാനുള്ള അവസരമാണു നഷ്ടപ്പെടുത്തുന്നതെന്ന് സംഘാടകൻ നഷ്ടബോധം വ്യക്തമാക്കി പറ‍ഞ്ഞു. 

‘‘സുഹൃത്തെ, അവാർഡുകളുടെ മത്സരത്തിലേക്ക് ഞാൻ പുസ്തകവും ലേഖനങ്ങളും അയയ്ക്കാറുണ്ട്. അവിടെ മത്സരിച്ചു കിട്ടുന്ന അവാർഡ് മാത്രമേ വാങ്ങൂ എന്നൊരു തീരുമാനം എനിക്കുണ്ട്. നിങ്ങൾ നൽകാൻ പോകുന്ന അവാർ‍ഡിനൊപ്പം പേരുള്ള നടനെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ദയവു ചെയ്ത് അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടപ്പെടുത്തരുത്’’. ഇത്രയും പറഞ്ഞ് യുവ എഴുത്തുകാരൻ ഫോൺ കട്ട് ചെയ്തു. എഴുത്തുകാരന് അവാർഡ് നഷ്ടമായി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. തൊട്ടടുത്ത ദിവസം അവർ അവാർഡ് പ്രഖ്യാപിച്ചു. മറ്റൊരു എഴുത്തുകാരന്റെ സമഗ്ര സംഭാവനയ്ക്കുള്ള ആദരമായിരുന്നു അത്. 

അവാർഡിനായി കാത്തിരിക്കുന്നു

എഴുത്തുകാരി കണ്ണൂരാണെങ്കിലും അവാർ‍ഡ് പ്രഖ്യാപനം നടക്കാൻ പോകുന്നത് ന്യൂഡൽഹിയിലാണ്. മലയാള കവിതയ്ക്കു നൽകിയ സംഭാവന കണക്കാക്കി അംബേദ്കറുടെ പേരിലുള്ള പുരസ്കാരമാണ് എഴുത്തുകാരിയെ തേടിയെത്താൻ പോകുന്നത്. കണ്ണൂരിലെ ചില വേദികളിൽ സ്വാഗതഗാനം ആലപിക്കാറുണ്ടെന്നല്ലാതെ കവിതയുമായി അവർക്കുള്ള ബന്ധം ഉറ്റുസുഹൃത്തുക്കൾക്കുപോലും അറിയില്ല. ഏതായാലും ന്യൂഡൽഹിയിൽ നിന്നു വിളിച്ച മലയാളി അവാർഡ് സംഘാടകൻ അവരോടു കാര്യം വിശദീകരിച്ചു. ഈ അവാർ‍ഡ് താങ്കൾക്കു നൽകുന്നതിലൂടെ ആദരിക്കപ്പെടുന്നത് മലയാള കവിതയാണെന്നു കേട്ടതോടെ അവർ സന്തുഷ്ടയായി. പക്ഷേ, ചില നിബന്ധനകളുണ്ട്. അവാർഡ് പ്രഖ്യാപനത്തിനും മറ്റുമായി ആദ്യം തന്നെ അയ്യായിരം രൂപ അദ്ദേഹം പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണം. ന്യൂഡൽഹിയിലായതിനാൽ ചെലവ് കൂടുതലാണ്. പോരാത്തതിന് അംബേദ്കറുടെ പേരിലുള്ള അവാർഡും. മലയാളത്തിലെ കവികൾ കിട്ടാൻ വേണ്ടി കാത്തിരിക്കുന്ന അവാർഡാണ്. അയ്യായിരം കൊടുത്താലും നഷ്ടമുണ്ടാകില്ല. അടുത്തദിവസം കവയിത്രി ബാങ്കിൽ പോയി അയ്യായിരം രൂപ സംഘാടകൻ നൽകിയ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്.. വർഷം ഒന്നു കഴിഞ്ഞു. ഏതു സമയത്തും ന്യൂഡൽഹിയിൽ നിന്നുള്ള അവാർഡ് വാതിലിൽ വന്നുമുട്ടും.. ന്യൂഡൽഹിയിൽ പോകുമ്പോൾ ധരിക്കാനായി വാങ്ങിയ വസ്ത്രങ്ങളിലെല്ലാം പഴമയുടെ മണമെത്തിത്തുടങ്ങി. പക്ഷേ, കവയിത്രി കാത്തിരിക്കുന്നു... ആ കാത്തിരിപ്പിനുമുണ്ടല്ലോ ഒരു സുഖം....

നിങ്ങളൊരു എഴുത്തുകാരനാണെങ്കിൽ ഇനി തീരുമാനിക്കാം.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം