Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവർക്ക് ജീവിക്കാൻ കമ്പ്യൂട്ടറും ഫോണും വേണ്ട...

കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ്. സംശയമില്ല. അര നൂറ്റാണ്ടു മുമ്പത്തെ പട്ടിണിയും പരിവട്ടവും ഓർമ്മയുള്ളവർക്ക് ഇന്നത്തെ സമ്പദ്സമൃദ്ധി കണ്ടാൽ ശരിക്കും അമ്പരപ്പ് തോന്നും. പക്ഷേ, അരനൂറ്റാണ്ട് മുമ്പ് കേരളീയർക്കിടയിൽ ഉണ്ടായിരിക്കുന്ന സന്തോഷം ഇന്ന് കാണാനില്ല. സുഖഭോഗങ്ങൾക്ക് നടുവിൽ ആനന്ദം അപ്രത്യക്ഷമാവാൻ എന്താണ് കാരണം? ഇന്ന് സന്തോഷം കുറഞ്ഞു എന്നത് എന്റെ ഊഹം മാത്രമല്ലേ എന്ന് ഇവിടെ ഒരു ചോദ്യം വരാം. അല്ല. നമ്മുടെ സാമൂഹ്യജീവിതം ശ്രദ്ധിക്കുന്ന ആർക്കും ഇതെളുപ്പം തിരിഞ്ഞുകിട്ടും. ഞാൻ ചില പ്രശ്‌നങ്ങൾ എടുത്തുപറയാം. 

1. കേരളത്തിൽ ആത്മഹത്യ വർദ്ധിച്ചുവരികയാണ്. ദിവസം 23 കേരളീയർ സ്വയം തീർന്നുകളയുന്നു! ആത്മഹത്യയിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുള്ള ആദ്യത്തെ കേന്ദ്രം ഇന്ത്യയിൽ ആരംഭിച്ചത് തിരുവനന്തപുരത്താണ്.

2. മദ്യാസക്തി കൂടിക്കൂടി വരുന്നു. മൂന്നേകാൽ കോടി മലയാളികൾ അധിവസിക്കുന്ന സംസ്ഥാനത്തെ മദ്യപാനത്തിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. ജനങ്ങളിൽ വലിയൊരു ശതമാനം മദ്യപിക്കാത്ത സ്ത്രീകൾ; വലിയൊരു ശതമാനം പ്രവാസികൾ. എന്നിട്ടും പുതുവത്സരദിനാഘോഷത്തിന്റെ കണക്കിൽ ഒരു ദിവസം മാത്രം സംസ്ഥാനത്ത് 30 കോടി രൂപയുടെ മദ്യം ചെലവായി എന്നാണ് ഒരു കൊല്ലത്തെ കണക്ക്! സ്വയം മറക്കാനല്ലേ, ഇങ്ങനെ മദ്യപിക്കുന്നത്?

3. ഹിംസ തഴയ്ക്കുന്നു. വീട്ടിലും റോട്ടിലും നാട്ടിലും ഒരുപോലെ അക്രമം പെരുകുകയാണ്. വധൂവധങ്ങൾ, ഗാർഹിക കലഹങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗീയ ലഹളകൾ, ജാതീയ സംഘർഷങ്ങൾ... എല്ലാം നാള് കഴിയുംതോറും വർദ്ധിച്ചുവരികയാണ്.

4. കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്നു. വൃദ്ധജനങ്ങൾ അവഹേളനവും അക്രമവും നേരിടുന്ന കുടുംബാന്തരീക്ഷം സാധാരണമായിത്തീരുകയാണ്. അമ്പലനടയിലോ വൃദ്ധസദനത്തിലോ അഗതിമന്ദിരത്തിലോ മാതാപിതാക്കളെ കൊണ്ടുചെന്ന് തള്ളാൻ മടിയില്ലാത്ത കൂട്ടരായി മലയാളികൾ മാറിക്കൊണ്ടിരിക്കുന്നു.

5. സ്ത്രീപീഡനങ്ങൾ നിത്യസംഭവമാകുന്നതിലൂടെ വാർത്ത പോലും അല്ലാതാകുന്ന സ്ഥിതി വന്നെത്തിക്കഴിഞ്ഞു. വീടിനകത്തു പോലും സത്രീ സുരക്ഷിതയല്ല എന്നേടത്തോളം കാര്യങ്ങൾ വഷളായിട്ടുണ്ട്. പത്രം വായിക്കാൻ വയ്യ എന്നേടത്തോളം!

ഏറെ വിസ്തരിക്കേണ്ടല്ലോ. മുകളിൽ വിസ്തരിച്ചതൊന്നും ആർക്കും നിഷേധിക്കാനാവില്ല. സന്തോഷം ഉള്ള ഒരു സമൂഹത്തിന്റെ ലക്ഷണങ്ങളാണ് ഇതൊക്കെ എന്ന് ആര് പറയും?

ഇതൊക്കെ പണ്ടും ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു. പക്ഷേ, ഈ അളവിൽ ഉണ്ടായിരുന്നില്ല. പെറ്റ തള്ളയെ നോക്കാത്ത രണ്ടോ മൂന്നോ പേർ പണ്ടും ഉണ്ടായിരുന്നു. ഇന്ന് അത് പൊതുരീതിയായി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അതാണ് വ്യത്യാസം. സന്തോഷം ഉൽപാദിപ്പിക്കുവാൻ നമുക്കെന്തു ചെയ്യാൻ കഴിയും ഈ ഒരു ചോദ്യമാണ് ഏ.പി. മെഹറലിയുടെ 'ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂർവ്വം' എന്ന ഗ്രന്ഥത്തിന്റെ വായനയിൽ ഉടനീളം എന്നെ വേട്ടയാടിക്കൊണ്ടിരുന്നത്. യാത്രാവിവരണവും സാമൂഹ്യശാസ്ത്ര പഠനവും ഒത്തുചേരുന്ന ഈ പുസ്തകം ഇന്നത്തെക്കാലത്തും മനുഷ്യസമൂഹത്തിന് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുവാൻ കഴിയും എന്ന് ഉദാഹരണം സഹിതം കാണിച്ചുതരുന്നു. വേഗം, മത്സരം, ആർത്തി, പ്രതികാരം, ഹിംസ, ലാഭക്കൊതി, യന്ത്രസാന്നിധ്യം, പ്രശസ്തി, അധികാരം തുടങ്ങിയ 'ആധുനികത്വ മൂല്യങ്ങൾ' പാടേ നിരാകരിച്ചു കൊണ്ട് അധ്വാനിച്ച് കൃഷി ചെയ്തും കുടുംബബന്ധങ്ങൾ മുറുകെപ്പിടിച്ചും ഒരു പാശ്ചാത്യസമൂഹം പുലർന്നുപോരുന്നതിന്റെ ഹൃദയസ്പർശിയായ ചിത്രങ്ങളുടെ മനോഹരമായ ആൽബമാണ് ഈ പുസ്തകം.

കാർ, കമ്പ്യൂട്ടർ, ഫോൺ, എയർകണ്ടീഷണർ മുതലായ യന്ത്രങ്ങളും സാങ്കേതിക വിജ്ഞാനവും സമ്മാനിച്ച സൗകര്യങ്ങളൊന്നും വേണ്ടാതെ മനുഷ്യർക്ക് ജീവിക്കാൻ കഴിയും എന്ന് കാണുമ്പോൾ നമ്മൾ അതിശയിച്ചുപോകും - ഇവർ കഴിഞ്ഞുകൂടുന്നത് ആഫ്രിക്കൻ കാടുകളിലല്ല, അമേരിക്കൻ ഐക്യനാടുകളിലാണ് എന്നറിയുമ്പോൾ വിശേഷിച്ചും. ആധുനികത്വത്തെ ഇങ്ങനെ നിഷേധിക്കുവാൻ ഇവർക്ക് കരുത്തുപകരുന്നത് മതവിശ്വാസമാണ്. 'ആമിഷ്' എന്നറിയപ്പെടുന്ന ഈ വിഭാഗം നമ്മുടെ നോട്ടത്തിൽ 'യാഥാസ്ഥിതിക ക്രിസ്ത്യാനികളാണ്.' ദൈവത്തിനും ക്രിസ്തുവിനും ആവശ്യമില്ലാത്ത പുതുലോകത്തിന്റെ ഒന്നും കുടുംബജീവിതത്തിന്റെയും സാമൂഹ്യജീവിതത്തിന്റെയും നാലയലത്തുവരാൻ അവർ സമ്മതിക്കുകയില്ല. ഈ മതമൗലികവാദികൾ ചർച്ച് പണിയുന്നതിനുകൂടി എതിരാണ്: വീട് തന്നെ ദേവാലയം!

ക്രിസ്ത്യാനികൾക്കിടയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലെ ഒരു ഉപവിഭാഗമാണ് ആമിഷ്. ഈ മട്ടിൽ അവർ ഉരുത്തിരിയുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. ക്രി.വ. 1730-ൽ നിര്യാതനായ യാക്കോബ് 'അമൻ' എന്ന നേതാവിന്റെ പേരിന്റെ അവസാനഭാഗത്തോട് ബന്ധപ്പെട്ടതാണ് സമുദായനാമം. നിത്യസ്വർഗം നേടാനുള്ള പരലോകയാത്രയിലെ ഒരു ഇടത്താവളം മാത്രമായി ഇഹലോക ജീവിതത്തെ കാണുന്ന ഈ സമൂഹത്തിന്റെ ഏറ്റവും വലിയ ബലം സഹനശക്തിയാണ്. മരണം ഇവിടെ സൃഷ്ടിക്കുന്നത് ഭയമല്ല, ഭക്തി മാത്രമാണ്. കൊലപാതകിക്ക് അവർ മാപ്പു കൊടുക്കുന്നതിന്റെ ഒരനുഭവം ഈ പുസ്തകം ഉള്ളിൽ തട്ടുംപടി വിസ്തരിക്കുന്നുണ്ട്.

ഈ സമൂഹത്തിന്റെ വിവേകങ്ങളിൽ സർവപ്രധാനം കൃഷിയെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്നതാണ്. വ്യാപാരത്തിലേക്കും വ്യവസായത്തിലേക്കും കൃഷിയെ കൊണ്ടുചെല്ലുന്നു എന്നാവുമ്പോൾ അവർ ഉല്പാദനം കുറച്ചുകളയും! ലാഭം ലക്ഷ്യമല്ല എന്നതു തന്നെ കാരണം. കായികാധ്വാനത്തിന്റെ വൈകാരിക തൃപ്തിയിലാണ് ആനന്ദം സ്ഥിതി ചെയ്യുന്നത് എന്ന് അവർക്ക് തലമുറകളായി അറിയാം. അഗ്രികൾച്ചറിലാണ് അവരുടെ 'കൾച്ചർ' വേരാഴ്ത്തി നിൽക്കുന്നത്. അതിന് ഹിംസ അന്യമാകുന്നു.

ഗാന്ധിജി ഈ സമൂഹത്തെപ്പറ്റി മനസ്സിലാക്കിയിരുന്നുവോ? അറിഞ്ഞുകൂടാ. പക്ഷേ ഇവരുടെ സിദ്ധാന്തവും പ്രായോഗിക ജീവിതവും വലിയൊരളവിൽ 'ഗാന്ധിയൻ' ആണ്. ഗാന്ധിജിയുടെ പ്രകടനപത്രിക എന്ന് വിശേഷിപ്പിക്കാവുന്ന 'ഹിന്ദ് സ്വരാജ്' (1909)ലെ പാഠങ്ങളുടെ പ്രായോഗിക രൂപങ്ങളാണ് മെഹറലി വർണിക്കുന്ന പല ജീവിതസന്ദർഭങ്ങളും: കഴിയുന്നത്ര യന്ത്രങ്ങളെ ആശ്രയിക്കരുത് എന്ന താക്കീത് ഒരുദാഹരണം. യന്ത്രങ്ങൾക്ക് അടിമപ്പെട്ട് മനുഷ്യജീവിതം 'യാന്ത്രിക'മായിത്തീരുന്നതോടെ മൂല്യങ്ങൾ നഷ്ടമായിത്തീരും എന്ന് നിരന്തരം ഗാന്ധിജി ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന് ചരിത്രബോധമില്ലെന്നും അപ്പറയുന്നതൊന്നും പ്രായോഗികമല്ലെന്നും ആണ് നമ്മൾ പറഞ്ഞുകൊണ്ടിരുന്നത്; ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതും. യന്ത്രരഹിതമായ മറ്റൊരു ജീവിതം സാധ്യമാണ് എന്നാണ് ആമിഷുകൾ ജീവിച്ചുകാണിക്കുന്നത്; ആർഭാടം, അലങ്കാരം, ആഭരണം, അഹങ്കാരം മുതലായ കെടുതികളിൽ നിന്ന് മുക്തമായി ജീവിക്കുവാൻ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സാധിക്കും എന്നാണ് അവർ അടിവരയിടുന്നത്.

ഈ കാഴ്ചപ്പാട് ഉരുവം കൊണ്ടത് ഗാന്ധിജിയിൽ പാശ്ചാത്യാധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ രാഷ്ട്രീയമായിട്ടാണ്; ആമിഷുകൾക്കിടയിൽ അത് ആധുനികത്വത്തിന്നെതിരായ പ്രതിരോധത്തിന്റെ മതമായിട്ടും. ഇന്ത്യയിലെ ദരിദ്രകോടികൾക്കു വേണ്ടിയാണ് ഗാന്ധിജി സംസാരിക്കുന്നതെങ്കിൽ ലോകത്തെങ്ങുമുള്ള പുരാതനമായ മതാചാരങ്ങൾക്ക് വേണ്ടിയാണ് ആമിഷ് സംസാരിക്കുന്നത്. സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് ഗാന്ധിയൻ രീതികൾ മാറാം. കാരണം അതിന്റെ അടിസ്ഥാനം സാമ്പത്തികമായ ചെറുത്തുനിൽപ്പാണ്. ആമിഷ് രീതികൾ മാറുകയില്ല. അതിന്റെ അടിസ്ഥാനം 'ദൈവദത്ത'മായ വിശ്വാസങ്ങളാണ്. ഗാന്ധിയൻ നിലപാടുകളെല്ലാം ഭൗതിക സാഹചര്യങ്ങളെ ആധാരമാക്കിയുള്ളതാണ്; ആമിഷിന്റേതാകട്ടെ, കാലദേശബദ്ധമല്ലാത്ത മതമൗലികവാദത്തെ ആധാരമാക്കിയുള്ളതും.

തെറ്റുകുറ്റങ്ങളോ പോരായ്മകളോ ഇല്ലാത്ത ഒന്നാണോ ആമിഷ് ജീവിതം? അല്ല. അവർക്കിടയിലെ  പുരുഷാധിപത്യം ഗ്രന്ഥകർത്താവ് കാണിച്ചുതരുന്നുണ്ട്. എല്ലാ സ്ഥാനവും ഭക്തിക്ക് കൊടുക്കുന്നതിലൂടെ ആ സമൂഹത്തിൽ യുക്തി ദുർബലമായിത്തീരുന്നതിന്റെ കെടുതികളും ഇവിടെക്കാണാം. ആമിഷ് ജീവിതം മാതൃകാപരമാണ്, നമ്മൾ അത് പകർത്തണം എന്ന് എനിക്ക് വാദമില്ല. പക്ഷേ, അതിൽ നിന്ന് ചിലതൊക്കെ പഠിക്കാനുണ്ട്: അവർക്ക് കഴിയുന്ന അളവിൽ യന്ത്രങ്ങളെ നിരാകരിക്കാൻ പറ്റിയില്ലെങ്കിലും സ്വന്തം സാമൂഹ്യജീവിതത്തെ യന്ത്രങ്ങൾ നിയന്ത്രിക്കുന്നത് വലിയൊരളവുവരെ തടയാൻ നമുക്ക് പറ്റും; ആർത്തിയും മത്സരവും പ്രതികാരവും ഹിംസയും സുഖമല്ല, ദുഃഖമാണ് എന്ന പാഠം നമുക്ക് പഠിക്കാൻ പറ്റിയേക്കും; സൗകര്യങ്ങളല്ല, മൂല്യങ്ങളാണ് ജീവിതത്തെ അർഥപൂർണ്ണമാക്കുന്നത് എന്ന് ഇടയ്‌ക്കെങ്കിലും ഓർക്കാൻ ആമിഷ് സമൂഹം നമ്മെ പ്രേരിപ്പിച്ചേക്കും.

പുസ്തകം വായിച്ചുതീർന്നപ്പോൾ എന്റെ ഉള്ളിൽ തെളിഞ്ഞ ചിന്ത ഇതാണ്. അവനവനുവേണ്ടി ജീവിക്കുമ്പോഴല്ല, അന്യനു വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം നന്നാവുക. ആ ജീവിതമാണ് സുഖവും സന്തോഷവും കൊണ്ടുവരിക. കൂടുതൽ കൂടുതൽ സന്തോഷം തേടുന്ന നമ്മൾ മറ്റെന്ത് മറന്ന് പോയാലും ഇക്കാര്യം മറന്നുകൂടാ; ജീവിക്കുന്ന തിരക്കിൽ ജീവിതം മറന്നുപോകരുത്!

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review