Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്തിരി വടിവൊത്ത കഥകൾ

എലീനയുടെ ഉള്ളില്‍ ധാരാളം ഇലകളുള്ള മൂടിക്കെട്ടിയ ഒരു വയലറ്റ് കാബേജ് ആയി അനുപമയുടെ രൂപം തെളിഞ്ഞുവന്നു. നിഗൂഢമായൊരു ഗോളം. എലീനയുടെ കാമുകന്റെ ജീവിതപങ്കാളിയാണ് അനുപമ. അനുപമയുടെ തലയിണയില്‍നിന്ന് എലീനയ്ക്കു കിട്ടിയതും കാബേജിന്റെ മണം തന്നെ. ശരിക്കും അനുപമയ്ക്കു കാബേജിന്റെ ഗന്ധമാണോ? ഒരിക്കല്‍ കോഫിഷോപ്പില്‍വച്ച്, സാലഡ് കഴിക്കുമ്പോള്‍, ഋഷി അതില്‍നിന്നു കാബേജ് ഇലകള്‍ ചികഞ്ഞുമാറ്റി കഴിക്കുന്നതു കണ്ടിരുന്നു എലീന. കാബേജിനോട് ഋഷി കാണിക്കുന്ന അനിഷ്ടവും അനുപമയുടെ തലയിണയില്‍നിന്നു പ്രസരിക്കുന്ന കാബേജ് ഗന്ധവും കൂട്ടിവായിക്കുമ്പോള്‍ എലീനയ്ക്കൊപ്പം വായനക്കാര്‍ക്കും മനസ്സിലാക്കാം ഋഷിയും അനുപമയും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ച. ആ ബന്ധത്തില്‍ എലീനയ്ക്കുള്ള സ്ഥാനവും. 

ഋഷി-അനുപമ ബന്ധത്തിലെ തുറസ്സിലാണ് വയലറ്റ് കാബേജ് വളരുന്നത്. അതിനു വെള്ളമൊഴിച്ചും വളമിട്ടും വളര്‍ത്തുന്നത് എലീനയും. ഒരിക്കല്‍ താനുമൊരു വയലറ്റ് കാബേജ് ആയി മാറുമോ എന്ന ആശങ്കയൊന്നും ഇല്ലെങ്കിലും എലീനയും ധാരാളം ഇലകളുള്ള മൂടിക്കെട്ടിയ ഒരു വയലറ്റ് കാബേജ് ആയി മാറുന്നതു കാണിച്ചുതരുന്നുണ്ട് സോണിയ റഫീക്കിന്റെ വയലറ്റ് കാബേജ് എന്ന കഥ. 

മനുഷ്യജീവിതങ്ങളിലേക്കു കടന്നുവരുന്ന ചെടികളുടെയും പൂക്കളുടെയും കായ്കളുടെയും കനികളുടെയും ഋതുഭേദങ്ങളുടെയും ഭാവപ്പകര്‍ച്ചകളാണ് സോണിയ റഫീക്കിന്റെ കഥകള്‍. ഹെര്‍ബേറിയം എന്ന നോവലിനും പെണ്‍കുരിശ് എന്ന കഥാസമാഹാരത്തിനും ശേഷം വരുന്ന ഇസ്തിരി എന്ന സമാഹാരത്തിലെ കഥകളും പകരുന്നത് അപൂര്‍വമായ ഒരു ജൈവബന്ധത്തിന്റെ മുറിപ്പാടുകള്‍. 

ഭൂമിയിലെ അവകാശികള്‍ മനുഷ്യര്‍ മാത്രമല്ലെന്ന പാരിസ്ഥിക അവബോധം മലയാള കഥയില്‍ ആദ്യം സൃഷിടിക്കുന്നതു സുല്‍ത്താന്‍-വൈക്കം മുഹമ്മദ് ബഷീര്‍. ഭൂമിയിലെ അവകാശികള്‍ ഉള്‍പ്പെടെയുള്ള കഥകളില്‍ പാമ്പും പഴുതാരയും ചിലന്തിയുമൊക്കെ നിറഞ്ഞ വൈവിധ്യമാര്‍ന്ന പ്രകൃതിയും ജീവജാലങ്ങളും അതിന്റെ സമഗ്രതയില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ട്. പിന്നീടിങ്ങോട്ട് കഥയുടെയും നോവലിന്റെയും വഴികളില്‍ സജീവധാരയായിരുന്നെങ്കിലും ചെടിയും പൂക്കളും മരങ്ങളും പച്ചക്കറികളും നിറഞ്ഞ പ്രകൃതിയുടെ വര്‍ണ വൈവിധ്യ ലോകം ജീവിതത്തിന്റെ ഭാഗമായി ആവിഷ്ക്കരിക്കപ്പെടുന്നത് ഏറ്റവും പുതിയ തലമുറയിലെ കഥാകാരിയായ സോണിയയുടെ കഥകളില്‍. ഹെര്‍ബേറിയം എന്ന ആദ്യനോവലില്‍ നാട്ടിലെയും മരുഭൂമിയിലെയും പ്രകൃതി കഥയുടെ പശ്ഛാത്തലമെന്നതിലുപരി സജീവകഥാപാത്രങ്ങള്‍ തന്നെയാകുന്നുണ്ട്. ഏറ്റവും പുതിയ കഥകളുടെ സമാഹാരമായ ഇസ്തിരിയിലെത്തുമ്പോള്‍ തുറസ്സില്‍നിന്നു പച്ചത്തഴപ്പിലെത്തുന്നതുപോലെ ജീവന്റെ നിറവും താളവും ഈണവും ലയവും വീണ്ടെടുക്കുന്നു മലയാള കഥ. വ്യത്യസ്തമായ കഥപറച്ചിലിന്റെ വീര്യം.

  

അലക്കുകാരായ മണിയനും മണിച്ചിയും തൊട്ടടുത്ത വീട്ടിലെ ഡോക്ടര്‍ കുടുംബവുമാണ് ഇസ്തിരി എന്ന കഥയിലെ പ്രധാനകഥാപാത്രങ്ങള്‍. പെട്ടെന്നൊരു ദിവസം മണിച്ചി വിട്ടുപോയെങ്കിലും മണിയനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട് ഡോക്ടറുടെ മകള്‍ വിദ്യയുടെ വീട്ടുമതിലനകത്തുനിന്നുകൊണ്ടുള്ള പ്രേമനാടകങ്ങള്‍. ഒരു ദിവസം വിദ്യയും പയ്യനും മതിലിനരികില്‍നിന്നു പോയതിനുശേഷം മണിയന്‍ അവര്‍ നിന്നിടത്തെത്തുന്നു. അവിടെനിന്നു നോക്കുമ്പോള്‍ അയാള്‍ കാണുന്നതു പുതിയ കാഴ്ചകള്‍. എല്ലാം പുതുനിറത്തില്‍. പച്ചയാകെ കൂടുതല്‍ പച്ചച്ചു. ഈ മരങ്ങളില്‍ ഇത്രയും പൂക്കള്‍ ഉണ്ടായിരുന്നുവോ? വിദ്യ കാണുന്ന ലോകത്തെ അയാള്‍ ആദ്യമായി കണ്ടു. എല്ലാം ചലിക്കുന്നു. റോഡിനിരുവശവും നാട്ടിയിരുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങള്‍ക്കുപോലും ഒരു ലാസ്യഭാവം. റോഡിലൂടെ നീങ്ങുന്നവരെല്ലാം തന്റെ എത്രയും പ്രിയപ്പെട്ടവരെന്നു തോന്നി. ഒക്കെ പരിചയക്കാര്‍. സ്നേഹമുള്ളവര്‍. നിറമുള്ള മനുഷ്യര്‍. നീരുള്ള മനുഷ്യര്‍. 

അരമതിലിനു മുകളില്‍ വന്നുവീണ ഒരു പഴുത്ത പ്ലാവില മണിയന്‍ തന്റെ കവിളില്‍ ചേര്‍ത്തു തലോടി. അയാളതു ചുണ്ടുകളില്‍ അമര്‍ത്തിയും വച്ചു. വിചിത്രകരങ്ങളുടെ സ്പര്‍ശനമേറ്റതുപോലെ മാസ്മരികമായ ഒരു അനുഭൂതിയില്‍ ലയിച്ചുനില്‍ക്കുകയാണു മണിയന്‍. 

പുകയുന്ന ഇസ്തിരിപ്പെട്ടിയുടെ ഹൃദയത്തിന്റെ ഉടമയായ മണിയനെപ്പോലും വികാരത്തിന്റെ താരള്യം അനുഭവിപ്പിക്കാന്‍ കഴിയുന്നുണ്ട് ദിവസേന കാണുമ്പോള്‍ ഒരു അസാധാരണത്വവും തോന്നാത്ത പതിവു പുറംകാഴ്ചകള്‍ക്ക്. 

ജീവിതത്തില്‍ സമീപകാലത്തു സംഭവിച്ച ശൈഥില്യങ്ങളും സങ്കീര്‍ണതകളും തന്നെയാണ് സോണിയ റഫീക്കിന്റെ പ്രമേയങ്ങള്‍. പെണ്ണിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ പറയുന്നതും. പക്ഷേ, ജീവിതത്തെ ഒറ്റയ്ക്കു സമര്‍ഥമായി നേരിടുന്ന പെണ്ണും അവളുടെ തനതു കാഴ്ചപ്പാടുകളും ജീവിതാവസ്ഥകളും കഠിനമായ അനുഭവങ്ങളും വ്യത്യസ്തമായ ഒരു മാനം നല്‍കുന്നുണ്ട് സോണിയയുടെ കഥകള്‍ക്ക്. 

രാത്രിയില്‍ ഉറക്കം വരാതെ കട്ടിങ് ബോര്‍ഡ് എടുത്തുവച്ച് പച്ചക്കറി നുറുക്കുന്ന ശാലിനിയെത്തന്നെ നോക്കുക. തീന്‍മേശമേല്‍ പാതിവെന്ത മെഴുകുതിരി. ആ വെളിച്ചത്തിലാണു ശാലിനി പച്ചക്കറി അരിയുന്നത്. വെണ്ടയ്ക്കാ കഷണങ്ങളൊക്കെ ഒരു ജ്യോമട്രി ബോക്സില്‍നിന്ന് ഇറങ്ങിവന്നതുപോലെ. എല്ലാത്തിനും ഒരേ വീതിയും നീളവും. അച്ചില്‍ വാര്‍ത്തിറക്കിയ വഴുതനങ്ങാ കഷണങ്ങളും. പെണ്ണവസ്ഥയെക്കുറിച്ചോ നേരിടുന്ന അനുഭവങ്ങളുടെ കാഠിന്യത്തെക്കുറിച്ചോ വാചാലയാകാതെ ശാലിനിയുടെ രാത്രി ജീവിതം സോണിയ നിസ്സംഗതയോടെ കുറിച്ചിടുമ്പോള്‍ അനുവാദം ചോദിക്കാതെ വായനക്കാരുടെ ഉള്ളിലേക്കു പ്രവേശിക്കുന്നുണ്ട് എഴുത്തുകാരി സംവദിക്കാന്‍ ശ്രമിക്കുന്ന വിചാരങ്ങളത്രയും. 

കഥയുടെ മാറിയ മുഖമാണ് ഇസ്തിരി. സകല ചരാചരങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലവും സമഗ്രവുമായ കാഴ്ചപ്പാടിന്റെ വൈപുല്യമുണ്ട്. മനസ്സില്‍ ആഴത്തില്‍ കൊത്തുന്നില്ലെങ്കിലും അസ്വസ്ഥമാക്കാനും വഴികളില്‍ കാത്തിരിക്കുന്ന കാരമുള്ളുകളെക്കുറിച്ച് ഓര്‍മിപ്പിക്കാനും കഴിയുന്നുണ്ട് സോണിയയ്ക്ക്. ഓരോ കഥയും ഇസ്തിരിപ്പെട്ടിയുടെ ഓരോ പൊള്ളലായി അവശേഷിപ്പിക്കുന്നതു മാറാത്ത, മായാത്ത വടുക്കളുടെ അടയാളങ്ങള്‍.

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review