Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിസ്കി നുണഞ്ഞ് ബോബ് ഡിലൻ, കയ്യടിച്ച് ആരാധകർ!

bob dylan ചിത്രത്തിന് കടപ്പാട്: ഫെയ്സ് ബുക്ക്

ഡിലനെപ്പോലെ പാടാൻ ഡിലനല്ലാതെ മറ്റാർക്കും കഴിയില്ല എന്നൊരു ചൊല്ലുതന്നെയുണ്ട് അമേരിക്കയിൽ. ഗിത്താറുമേന്തി സജീവ രംഗാവതരണങ്ങളിലൂടെ കവിതയുടെയും സംഗീതത്തിന്റെയും ലഹരി പടർത്തിയ ബോബ് ഡിലനു ലഭിച്ച ഏറ്റവും വലിയ അംഗീകാരം. പാട്ടിൽ മാത്രമല്ല സ്വഭാവത്തിലും പ്രതികരണങ്ങളിലും പെരുമാറ്റത്തിലും ഏകനാണു ഡിലൻ. അനുകർത്താക്കളില്ലാത്ത ആരാധ്യപുരുഷൻ. ആഗോളതലത്തിലെ ഉന്നത ബഹുമതിയായ നൊബേൽ സമ്മാനം ലഭിച്ചപ്പോൾപ്പോലും പ്രതികരിക്കാനോ പ്രസംഗിക്കാനോ നിൽക്കാതെ ഏറ്റെടുത്ത സംഗീതപരിപാടി മുടക്കമില്ലാതെ നടത്തിയ ഒറ്റയാൻ. പാട്ടുകളിലൂടെയല്ലാതെ പ്രതികരിക്കാൻ ഇഷ്ടപ്പെടാത്ത എഴുപത്തിയാറുകാരനായ ഡിലൻ ഒരിക്കൽക്കൂടി ലോകത്തെ അത്ഭുതപ്പെടുത്തുന്നു; ഒരു പരസ്യത്തിന്റെ മോഡലായി രംഗത്തുവന്നുകൊണ്ട്. അതും ലഹരി നുരയുന്ന ചൂടൻ വിസ്കിയുടെ. 

അഞ്ചു ദശകങ്ങളിലധികമായി പ്രതീക്ഷകളെ പാളം തെറ്റിച്ചും പുതുമാതൃകകൾ സൃഷ്ടിച്ചും എന്നും അത്ഭുതമായി നിലകൊള്ളുന്ന ബോബ് ഡിലൻ മദ്യവ്യവസായത്തിന്റെ ഭാഗമാകുന്നത് ആദ്യമായി. മദ്യവ്യവസായിയും ഡിലന്റെ അരാധകനുമായ മാർക് ബുഷാലയ്ക്കൊപ്പമാണ് ലോകത്ത് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റുപോയ പാട്ടുകാരന്റെ വരവ്. വിസ്കിയുടെ മോഡലായി ഡിലൻ വരുന്നതിനെക്കുറിച്ച് ഏറെ ചിന്തിക്കുകയും ആ രംഗം മനസ്സിൽകണ്ട് ആവേശഭരിതനാകുയും ചെയ്തു മാർക് ബുഷാല കുറച്ചുനാൾ. അപ്പോഴും അദ്ദേഹത്തിനു വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ഒടുവിൽ ഡിലന്റെ അടുപ്പക്കാരെ കണ്ടു കാര്യം പറഞ്ഞു. കുറച്ചധികം ധൈര്യം വേണ്ട പ്രവൃത്തിയായിരുന്നു ഡിലനെ സമീപിക്കുന്നതെന്ന് ഓർമിക്കുന്നു ബുഷാല. പക്ഷേ കാര്യം നടന്നു; വിചാരിച്ചതിലും ഭംഗിയായി. അടുത്തമാസം ബുഷാലയും ഡിലനും കൂടി ഹെവൻസ് ഡോർ എന്നു പേരിട്ട മൂന്നുതരം വിസ്കികളുടെ ബ്രാൻഡ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കും. ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 

FILES-SWEDEN-US-NOBEL-LITERATURE

നൊബേൽ സമ്മാനം പ്രഖ്യാപിച്ചതിനുശേഷം ഡിലനെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചിരുന്നു സ്വീഡിഷ് അക്കാദമി. ഒരുതരത്തിലും അക്കാദമിക്കു പിടി കൊടുക്കാതിരുന്ന ഗായകൻ ഒടുവിൽ സ്റ്റോക്കോമിൽ വച്ചുനടന്ന സംഗീത പരിപാടിക്കിടെ രഹസ്യമായി നൊബേൽ സമ്മാനം കൈപ്പറ്റിയെന്നു പറയുന്നു. നൊബേൽ സ്വീകരിച്ചുകൊണ്ടു മറുപടി പ്രസംഗം നടത്തണം എന്നൊരു കീഴ്‍വഴക്കമുണ്ട്. ഡിലൻ അതിനു തയ്യാറാകില്ലെന്ന് അറിയാവുന്നതുകൊണ്ട് ഒരു പാട്ടായാലും മതിയെന്നു നിബന്ധന വച്ചു സ്വീഡിഷ് അക്കാമദമി. പക്ഷേ പാട്ടിനും കവിതയ്ക്കുമൊന്നും നിന്നുകൊടുത്തില്ല ഡിലൻ. അദ്ദേഹത്തിന്റെ ചിന്താശകലങ്ങൾ ഒരു പ്രസംഗമെന്നപോലെ അക്കാദമി വെബ്‍സൈറ്റിൽ കൊടുത്ത് ഒരുവിധം തടിയൂരി നൊബേൽ കമ്മിറ്റിക്കാർ. 

എത്ര തവണ മുകളിലേക്കു നോക്കിയാലാണ് ‌ഒരാൾക്ക് ആകാശം കാണാനാകുക എന്നും എത്ര ചെവികളുണ്ടായാലാണ് നിലവിളികൾ കേൾക്കാനാകുക എന്ന തന്റെ പ്രശസ്തനായ ഗാനത്തിലൂടെ ചോദിച്ച്, യുദ്ധവിരുദ്ധ സന്ദേശം പടർത്തിയ, പാട്ടുകളുടെ ലഹരി പടർത്തിയ ഗായകൻ ഇനി യഥാർഥ ലഹരിയുടെയും പ്രചാരകനാകുന്നു. തന്റെ ചിത്രവും പേരും വിസ്കിക്കുവേണ്ടി ഉപയോഗിക്കുക മാത്രമല്ല ഡിലൻ ചെയ്യുന്നത്. ബുഷാലയ്ക്കൊപ്പം അദ്ദേഹം സ്പിരിറ്റ് വ്യവസായത്തിലെ പങ്കാളികൂടിയാകുകയാണ്. 

ഞങ്ങൾ രണ്ടുപേരും കൂടി അവതരിപ്പിക്കുകയാണ് ഈ അമേരിക്കൻ വിസ്കി. സ്വന്തമായി ഒരു കഥ പറയാൻ കഴിയുന്ന വിസ്കി– ഡിലൻ തന്റെ മദ്യവ്യവസായത്തിലുള്ള അരങ്ങേറ്റത്തെക്കുറിച്ചു പറയുന്നു. എത്രയോ വർഷങ്ങളായി യാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിസ്കി രുചിക്കാനും എനിക്കു ഭാഗ്യമുണ്ടായി. ഇതു ഗംഭീര സാധനം തന്നെ– ഡിലൻ ഉറപ്പു പറയുന്നു. 

ഹെവൻസ് ഡോർ വിസ്കിയുടെ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ ചിത്രത്തിൽ ഇരുട്ടുവീണ ഒരു മൂലയിൽ കയ്യിൽ ഒരു ഗ്ളാസ്സുമായി ഇരിക്കുന്ന ബോബ് ഡിലനെ കാണാം. തൊട്ടടുത്തുതന്നെയുണ്ട് ലഹരിയുടെ നിറഞ്ഞ പാനപാത്രം. 

മറക്കാനാവില്ലല്ലോ ഡിലന്റെ ആ പ്രശസ്ത ചോദ്യം: ഏറെപ്പേർ മരിച്ചെന്നറിയാൻ ഇനിയുമെത്രപേർ മരിക്കണം ? 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം