Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊടിക്കാറ്റിൽ മൂടിയ ക്രസിഡ

പ്രവാസത്തിന്റെ കഥകളേറെയുണ്ടായിട്ടുണ്ട്. മലയാളത്തിലെങ്കിലും ആടുജീവിതം പോലെ ശ്രദ്ധിക്കപ്പെടുന്നതും മനസ്സിൽതൊടുന്നതും അപൂർവം പുസ്തകങ്ങൾ മാത്രം. മികച്ച പ്രവാസ കൃതികളിലേക്കുള്ള എണ്ണപ്പെട്ട സംഭാവനകളിൽ ഒന്നാണു പൊടിക്കാറ്റിൽ മൂടിയ ക്രസിഡ. പ്രവാസത്തിന്റെ മാത്രം കഥയല്ല ഈ നോവൽ. മണലാരണ്യത്തിലെ ചൂടിന്റെയും മരുഭൂമിയുടെ വിജനതയുടെയും മാത്രം കഥയുമല്ല. കൊച്ചിയിലെ മട്ടാഞ്ചാരിയിൽനിന്നു തുടങ്ങി സൗദി അറേബ്യയിൽ റിയാദിലെ പൊടിക്കാറ്റും അതിജീവിച്ച ഒരു സാധാരണ മനുഷ്യന്റെ അതിസാധാരണമായ കഥയാണ്. അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളോ ഭീതി ജനിപ്പിക്കുന്ന വിവരണങ്ങളോ വിപുലമായ അറിവോ പ്രദാനം ചെയ്യാത്ത സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യന്റെ കഥ. സാധാരണ കഥയെ അസാധാരണമാക്കുന്നത് ആഖ്യാനത്തിന്റെ ലാളിത്യവും, ജീവിതാവബോധവും, ജീവിതത്തോടു പുലർത്തുന്ന ആരോഗ്യകരമായ കാഴ്ചപ്പാടും. നഷ്ടസൗഭാഗ്യങ്ങളുടെ വേദനയിൽ തളരാതെ, ഭാവിയെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാതെ ജീവിതം സമ്മാനിക്കുന്ന അനുഭവങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ജീവിതത്തിന്റെ ആഖ്യാനം. 

രണ്ടു ഭാഗങ്ങളുണ്ട് പൊടിക്കാറ്റിൽ മൂടിയ ക്രസിഡയ്ക്ക്. മട്ടാഞ്ചേരിയുടെ ജീവിതമാണ് ആദ്യഭാഗത്തു നിറഞ്ഞുനിൽക്കുന്നത്. കേരളത്തിലെ മറ്റെല്ലാ സ്ഥലത്തുനിന്നും വ്യത്യസ്തവും സമ്പന്നവുമാണ് മട്ടാഞ്ചേരിയും ആ സ്ഥലത്തിന്റെ അരങ്ങിൽ വന്നുപോകുന്ന കഥാപാത്രങ്ങളും. കലയും സംഗീതവും ലഹരിയും ആഘോഷവുമെല്ലാം നിറഞ്ഞ, നൻമ നിറഞ്ഞ മനസ്സുകളുടെ പുണ്യഭൂമി. മട്ടാഞ്ചേരിയുടെ ജീവിതം അതിന്റെ വൈവിധ്യത്തോടെ ആദ്യഭാഗത്ത് ഒപ്പിയെടുത്തുവെങ്കിൽ‌ പ്രവാസിയുടെ ആകുലതകളും പ്രവാസത്തിന്റെ ചിരിയും കണ്ണീരുമാണ് രണ്ടാം ഭാഗം. 

ജൻമനാട്ടിൽ പല തൊഴിലുകൾ ചെയ്തിട്ടും കായലിലെ പൊങ്ങുതടി പോലെ ഗതി കിട്ടാതെ ആടിയുലഞ്ഞ മട്ടാഞ്ചേരിക്കാരൻ കോയാമു സൗദി അറേബ്യയിൽ വിമാനമിറങ്ങുമ്പോൾ നേരിട്ട ഒരനുഭവം മാത്രം മതി പൊടിക്കാറ്റിൽ മൂടിയ ക്രസിഡയുടെ സൗന്ദര്യവും ആഴവും നർമഭംഗിയും വ്യക്തമാകാൻ.

സൗദി എയർലൈൻസിന്റെ വിമാനത്തിൽ ആദ്യമായി വിദേശരാജ്യത്തിന്റെ മണ്ണിൽ കാലുകുത്തുന്നു കോയാമു. ഉള്ളിൽ തീയാണ്. വൈകിയാണു വിമാനമെത്തിയത്. കാത്തുനിൽക്കാമെന്നു സമ്മതിച്ച കൊച്ചിക്കാരായ സുഹൃത്തുക്കൾ സമയം തെറ്റിയതുകൊണ്ടു തിരിച്ചുപോയിക്കാണുമോ? കമ്പനിയിൽനിന്ന് ആരെയും വിമാനത്താവളത്തിലേക്ക് അയക്കേണ്ടെന്നും പറഞ്ഞിരുന്നു. ആശങ്ക പെരുകുന്നു. ദഹറാൻ കിങ് ഖാലിദ് വിമാനത്താവളം. ഉറ്റവരെയും ഉടയവരെയും കാത്തുനിൽക്കുന്ന വലിയ ജനക്കൂട്ടം. തന്നെ കൂട്ടാനെത്തുമെന്നു പറഞ്ഞവരെ തിരഞ്ഞു. ആരെയും കാണുന്നില്ല. പെട്ടെന്ന് ഒരറബി വന്ന് ഇന്ത കോയാമു എന്നു പറഞ്ഞ് കയ്ക്കു പിടിച്ചു. ആരാണെന്നു മനസ്സിലാകുന്നില്ല. ഉറ്റവരെ തേടി അലയുന്നവരെ പിടിച്ച് മസറയിൽ കൊണ്ടുപോയി അടിമപ്പണി ചെയ്യിക്കുന്നരുടെ ഗ്യാങ് ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവരിൽ ഒരാളാണോ അറബി എന്നാണു സംശയം. കൈ പിടിച്ചു വലിക്കുകയാണ് അറബി. ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നുമുണ്ട്. പലരോടും സഹായമഭ്യർഥിച്ചു. അറബി ഇടപെട്ട പ്രശ്നമായതിനാൽ മറ്റാരും ഇടപെടുന്നില്ല. കോയാമു ജോലി ചെയ്യാൻ വന്ന കമ്പനിയുടെ പിആർഒ ആണെന്നും കമ്പനിയിലേക്കു വരാതെ ചാടിപ്പോകാൻ ശ്രമിക്കുകയാണെന്നുമാണ് അറബി പറയുന്നത്. അറബിയിൽ നിന്ന് ഓടിരക്ഷപ്പെടണമെന്നുണ്ട് കോയാമുവിന്. വഴികളൊന്നും അറിയാതെ എങ്ങോട്ട് ഓടാൻ. ആരെ സഹായത്തിനു വിളിക്കാൻ. ഓടി പിടിക്കപ്പെട്ടാൽ ജയിൽവാസം ഉറപ്പാണ്. സങ്കടം കൊണ്ട് വാവിട്ടു നിലവിളിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു മറവിൽനിന്ന് പൊട്ടിച്ചിരികളും അട്ടഹാസങ്ങളും കേൾക്കുന്നത്. കോയാമു നോക്കിയപ്പോൾ തന്നെ കൂട്ടാൻ വന്ന സുഹൃത്തുക്കളാണ്. പരിഹാസ്യനായല്ലോ എന്നു ബോധ്യമായപ്പോൾ സങ്കടവും ദേഷ്യവും സഹിക്കാനാകാതെ വായിൽവന്ന പുളിച്ചതൊകെ വിളിച്ചുപറഞ്ഞു കോയാമു. എന്തു പണിയാടാ പന്നികളെ കാണിച്ചത്. ഞാനാകെ പേടിച്ചുപോയല്ലോ, തെണ്ടികളെ ഇങ്ങനെയാണോടാ പുറംനാട്ടിൽനിന്നു വരുന്നവരെ കളിപ്പിക്കുന്നത്. നാട്ടിൽ വല്ലയിടത്തുമായിരുന്നെങ്കിൽ ഞാൻ കാണിച്ചുതന്നേനേ..

സുഹൃത്തുക്കളും ബന്ധുക്കളും കൂടി കോയാമുവിന് ഒരു പണി കൊടുത്തതാണ്. ചിരിപ്പിക്കുന്ന ഈ സന്ദർഭത്തിൽ വേദനയുടെ അടിയൊഴുക്കുണ്ട്. അനേകം മലയാളികൾ കടന്നുപോയ അനുഭവത്തിന്റെ ചൂടും ചൂരുമുണ്ട്. ഇത്തരം അനുഭവങ്ങളാൽ സമ്പന്നമാണ് നോവൽ. 

കാപട്യം ഒട്ടുമില്ലാത്ത കൃതിയാണ് പൊടിക്കാറ്റിൽ മൂടിയ ക്രസിഡ. വ്യാജമായതൊന്നും ഇല്ലാത്ത പൂർണമായും ആത്മാർഥത നിറഞ്ഞ ജീവിതാഖ്യാനം. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review