Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലു പ്രസാദ് യാദവ് വിദ്യാർഥികളോടു പറയാതിരുന്നത്

കാലം കടന്നുപോകുമ്പോൾ മാറിപ്പോകുന്നുണ്ട് അധ്വാനത്തിന്റെ സിദ്ധാന്തങ്ങൾ. അധ്വാനവർഗത്തിന്റെ ജീവിതം. അവരെ ഉണർത്താനും ഉയർത്താനും മുന്നിട്ടിറങ്ങിയവരുടെ പ്രവർത്തനരീതികളും പ്രയോഗമാതൃകകളും. സൈദ്ധാന്തിക–പ്രായോഗിക തലങ്ങളിൽ അധ്വാനസങ്കൽപത്തിനു സംഭവിച്ച മാറ്റങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരന്റെ കഥകളാണ് അധ്വാനവേട്ട – ഇ.പി. ശ്രീകുമാറിന്റെ എട്ടുകഥകളുടെ സമാഹാരം. 

അധ്വാനം സമ്പത്ത്. ആ സമ്പത്ത് ഉപയോഗിക്കേണ്ടതു ജനനൻമയ്ക്ക്. കഴിഞ്ഞുപോയ കാലത്തിന്റെ മുദ്രവാക്യം മാറുകയും അധ്വാനം വേട്ടയുടെ ലക്ഷ്യമാകുകയും ചെയ്യുന്നതിന്റെ അടയാളങ്ങള്‍ പ്രകടമാണ് സാമൂഹികജീവിതത്തിൽ. നന്നായി പഠിച്ച് ഉയര്‍ന്ന മാര്‍ക് വാങ്ങി വിജയിച്ചപ്പോൾ ലഭിച്ച ബഹുരാഷ്ട്രകമ്പനിയുടെ ജോലിവാഗ്ദാനം സ്വീകരിച്ച ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ പുതിയ കാലത്തു ജോലിയുടെ സ്വഭാവത്തിലും ജീവിതരീതിയിലും വന്ന മാറ്റം ആവിഷ്കരിക്കാൻ ശ്രമിക്കുകയാണ് ശ്രീകുമാർ അധ്വാനവേട്ടയിൽ. ആശങ്കപ്പെടുത്തുന്ന വാർത്ത ലഭിച്ചതിനെത്തുടർന്ന് മകളെ കാണാൻ പുറപ്പെടുന്ന അച്ഛനമ്മമാരുടെ കാഴ്ചപ്പാടിലൂടെ വികസിച്ച് വേദ എന്ന പെൺകുട്ടിയുടെയും കൂട്ടുകാരിയുടെയും അനുഭവങ്ങളിലൂടെ വികസിക്കുന്നു അധ്വാനവേട്ട. പുതുതലമുറ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുൾപ്പെടെ അതിഭാവുകത്വം കൂടിപ്പോയോ എന്നു സംശയിക്കാമെങ്കിലും സമൂഹത്തിലെ ഏറ്റവും മികച്ച മസ്തിഷ്കങ്ങളെ ഇരകളാക്കുന്നതിന്റെ ക്രൂരത അക്ഷരങ്ങളിലൂടെ അനുഭവിപ്പിക്കാൻ കഴിയുന്നുണ്ട് എഴുത്തുകാരന്. പ്ലസ്ടുവിനു പഠിക്കുമ്പോൾതന്നെ ജോലി വാഗ്ദാനം ലഭിക്കുകയാണ് മിടുക്കിയായ വേദയ്ക്ക്. ബഹുരാഷ്ട്രകമ്പനിയുടെ ഏജന്റുമാർ സ്കൂളിൽവന്ന് ടെസ്റ്റും അഭിമുഖവും നടത്തി നായാടിയെടുത്ത കുട്ടി. ഒരാളെ മാത്രമാണ് അവർ തിരഞ്ഞെടുത്തത്. അതുകൊണ്ടുതന്നെ ആ ഓഫർ നിരസിക്കാനും വയ്യ. ക്യാംപസിൽനിന്നു നായാടിയെടുത്ത ഒരു പെൺകുട്ടിയുടെ ദുരിതകഥ വായിച്ചിട്ടുള്ള അച്ഛൻ ഈ ജോലി നമുക്ക് വേണ്ട എന്നു മകളെ ഉപദേശിക്കുന്നുണ്ട്. പക്ഷേ, പഠനം തടസ്സമില്ലാതെ കൊണ്ടുപോകാമെന്ന ആശ്വാസവും അമ്മയുടെ കൂടി  പിന്തുണയും ലഭിക്കുമ്പോൾ മറിച്ചൊരു തീരുമാനം എടുക്കാനാവുന്നില്ല കുടുംബത്തിന്. 

വേദ ജോലി ഏറ്റെടുക്കുന്നില്ലെങ്കിൽ അവസരം തങ്ങൾക്കു തരണം എന്നാവശ്യപ്പെട്ടുകൊണ്ട് വെയ്റ്റ് ലിസ്റ്റിൽനിൽക്കുന്നുണ്ട് മറ്റൊരു കുട്ടിയുടെ കുടുംബം. ഈ ജോലി വേദ വേണ്ടെന്നുവയ്ക്കുകയാണെങ്കിൽ വലിയൊരു തുക ഉപഹാരമായി കൊടുക്കാൻപോലും അവർ തയ്യാറുമാണ്. അതോടെ നേരിയ സംശയം പോലും നീങ്ങി വാഗ്ദാനത്തിന്റെ ചൂണ്ടയിൽ കയ്യെത്തിപ്പിടിക്കുന്നു വേദയും കുടുംബവും. ജോലി തുടങ്ങിയതോടെ മാറിപ്പോകുകയാണു മകൾ. ഉറക്കം മതിയാകാതെ, ഭക്ഷണത്തിനുപോലും സമയം തികയാതെ ടീം ലീഡറിന്റെ നിർദേശങ്ങൾക്കനുസരിച്ചു മസ്തിഷ്കത്തെ പ്രവർത്തിപ്പിക്കുക. വിശ്രമവേളകൾ പരിമിതം. ഇടവേളകളും. കമ്പനി സുലഭമായി ലഭ്യമാക്കുന്ന ആരോഗ്യപാനീയങ്ങൾ കുടിച്ച് അനുവദിക്കപ്പെട്ട സമയവും അധികസമയവുമെല്ലാം കുടുംബവും ജീവിതവും മറന്ന് ജോലിയെടുക്കുകയാണു വേദ. 

അമ്മയ്ക്കറിയാം മകളുടെ പ്രാതലും ഉച്ചഭക്ഷണവും ഭ്രാന്തുപിടിച്ച ഉറക്കത്തിൽതട്ടി അകന്നുപോവുകയാണ്. രാപകലുകൾ മാറിവരുന്നത് അവൾ അറിയുന്നില്ല. ഭക്ഷണക്രിയ ദിനചര്യയിൽ ഉൾപ്പെടുന്നേയില്ല. വിശപ്പുതോന്നാത്തവിധം അവളുടെ വയറിൽ ആന്ത്രവായുവും മനസ്സിൽ സമ്മർദ്ദവായുവും കരിങ്കല്ലായി കെട്ടിനിൽക്കുകയാവും. മകൾ പട്ടിണി കിടന്നാൽ ഭക്ഷണനേരത്ത് പെറ്റമ്മയുടെ വയർ പിടയ്ക്കും. മകൾക്കു വയ്യാതായാൽ അമ്മയുടെ ഉള്ളിൽ പനിച്ചൂട് ഉയരും. 

ആശങ്കകൾ യാഥാർഥ്യമാകുകയും മകൾ അത്യാഹിത വിഭാഗത്തിൽ ജീവനുവേണ്ടി മല്ലിടുകയും ചെയ്യുമ്പോൾ പുറത്തു രാത്രിയിരിപ്പുകാർക്കായി പ്രവർത്തിക്കുന്ന ടെലിവിഷനിൽ അച്ഛൻ ഒരു വീഡിയോ കാണുന്നു. ലാലു പ്രസാദ് യാദവ് ഹാർവാർഡ് സർവകലാശാലയിലെ മാനേജ്മെന്റ് വിദ്യാർഥികൾക്കായി ക്ലാസെടുക്കുന്നതിന്റെ വീഡിയോദൃശ്യം. തുടർന്നു ലാലുവിന്റെ വസതിയിലെ തൊഴുത്തിൽനിരത്തിക്കെട്ടിയ ഗോക്കളുടെ ദൃശ്യം. കറവക്കാരൻ ആയാസപ്പെട്ട് പാൽ കറന്ന് ഊറ്റിയെടുക്കുകയാണ്. കറവ നീണ്ടുപോകുമ്പോൾ പാലിൽ അൽപാൽപമായി ചുവപ്പുരാശി പടരുന്നു. തുടർന്നു കറന്നെടുക്കുന്നതത്രയും ചുവന്ന പാലായി. അതു ശ്രദ്ധിക്കാതെ കറവക്കാരൻ പിന്നെയും കറന്നുകൊണ്ടിരുന്നു. 

ആധുനിക സാമൂഹിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണു ശ്രീകുമാറിന്റെ കഥകൾ. കഥകളെന്നതിനേക്കാൾ പ്രതികരണങ്ങൾ. വിമർശനവും ആക്ഷേപഹാസ്യവും. 

Books In Malayalam LiteratureMalayalam Literature NewsMalayalam Book Review