Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോവു കലർന്ന മധുരങ്ങളുടെ പുസ്തകം

ഓർമകൾ.. അതെപ്പോഴും ഒരു കുളിരാണ്.. സ്നേഹത്തിന്റെ, ആർദ്രതയുടെ നനുത്ത കരസ്പർശം നൽകുന്ന കുളിര്‌.. കൂടെ മനസ്സിനെ ഇന്നലകളിലേക്ക്, പിന്നെയും കുറേയേറെ പഴയ കാലങ്ങളിലേക്ക് കൈപിടിച്ചു നടത്താൻ നമുക്ക് കിട്ടിയിട്ടുള്ള ഒരേയൊരു മാർഗം. മറവി ബാധിച്ചാലുള്ള ജീവിതം എങ്ങനെയിരിക്കും എന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് സജ്‌ന ഷാജഹാൻ എന്ന എഴുത്തുകാരിയുടെ 'ഞാവൽപ്പഴ മധുരങ്ങൾ' എന്ന പുസ്തകത്തിന് മാധുര്യമേറുന്നത്.

ആരും കാണാതെ കുഞ്ഞുസങ്കടങ്ങൾ എഴുതിസൂക്ഷിച്ചിരുന്ന കുട്ടി.. ഷീലച്ചേച്ചിയുടെ തമാശയിൽ താൻ കബളിപ്പിക്കപ്പെട്ടതോർത്ത് അന്തർമുഖിയായ കുട്ടി.. ട്യൂഷൻ ടീച്ചറിന്റെയും ഉണ്ണിയങ്കിളിന്റെയും പ്രോത്സാഹനത്തിൽ ആ വിഷമങ്ങളെ അതിജീവിച്ച കുട്ടി..

സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ കണ്ണുനിറയ്ക്കുന്ന കുട്ടി.. നല്ലോർമകളുടെ ഒരു വസന്തകാലം വരച്ചിടുകയാണ് ഈ പുസ്തകം.

ഒരായിരം ഓർമകളിലൂടെ ഒരു കൂട്ടം നന്മകളെയും അതിലൂടെ സ്വായത്തമാക്കിയ തിരിച്ചറിവുകളെയും പൊടിപ്പും തൊങ്ങലുമില്ലാതെ തുന്നിച്ചേർത്തിരിക്കുന്നു. 

അനിലൻ പറഞ്ഞപോലെ 'ഓർത്തോർത്തു വിഷമിച്ചിരിക്കാനുള്ളതല്ല ജീവിതം, കാലത്തിനൊപ്പം ഒഴുകിനീങ്ങാനുള്ളതാണ്' എന്ന തത്വം വായിച്ചുതീരുമ്പോഴേക്കും ഓരോ വായനക്കാരനും നെഞ്ചിലേറ്റും. നന്മകൾ മാത്രം മനസ്സിൽ നിറച്ച കുറേ പച്ച മനുഷ്യരോടൊപ്പമുള്ള നല്ല നാളുകളെ സ്നേഹനൂലിനാൽ തുന്നിയെടുത്തൊരു ഓർമക്കുറിപ്പാണ് ഈ പുസ്തകം. വളരെ ലളിതമായ ഭാഷയിൽ സാധാരണ ജീവിതത്തെ പകർത്തിയ ഈ പുസ്തകം വായിച്ചുതീരുമ്പോൾ ഞാനും ഇവിടെയെവിടെയൊക്കെയോ ഉണ്ടല്ലോ എന്ന ചിന്തയിൽ എത്തിച്ചേരും ഓരോ വായനക്കാരനും. കൈവിട്ടു പോയ  പഴമയിലെ നന്മയുടെ നല്ലകാലം പിന്നിലേക്ക് മറയുമ്പോൾ അതെത്തിപ്പിടിക്കാനുള്ള കഥാകാരിയുടെ  ശ്രമം വിജയിച്ചു എന്നുതന്നെ പറയാം.