Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിനെ പ്രണയിക്കുന്നവർക്കായ്...

കാടിനെ പ്രണയിക്കാത്തവർ ആരാണുള്ളത്? മതിവരാത്ത കാഴ്ചകൾ ഒരുക്കുന്ന ആരണ്യകം അപൂർവ സസ്യങ്ങളും ഒട്ടേറെ പക്ഷിമൃഗാദികളും കൊണ്ട് സമൃദ്ധമാണ്. കാടിനെ അറിയാനും വന്യജീവികളുടെ വശ്യസൗന്ദര്യം ആസ്വദിക്കാനും കാട്ടിലേക്ക് യാത്ര പോകുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ഭയപ്പെടുത്തിയും ഭയപ്പെട്ടും ജീവിക്കുന്ന കാടിന്റെ മക്കളിലെ കരുത്തന്മാരെയും ദുർബലരെയും അറിയുവാൻ നമുക്കു മുൻപിൽ ഒരു പുസ്തകം. 

കുഞ്ഞുങ്ങളെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്ന സസ്തനികളായ കാട്ടുമൃഗങ്ങളാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. ചെറു ചുണ്ടെലി മുതൽ ആന വരെയുളള നൂറ്റി ഇരുപതോളം സസ്തനികളുടെ ചരിത്രം, ശാരീരികമായ പ്രത്യേകതകൾ, ഇര പിടിക്കുന്ന രീതികൾ, പ്രാദേശികമായി അറിയപ്പെടുന്ന പേരുകൾ, ശാസ്ത്രീയ നാമങ്ങൾ എല്ലാം സവിസ്താരമായി അവതരിപ്പിച്ചിരിക്കുന്നു.

ഓരോ മൃഗത്തിനും ജീവിക്കാനാവശ്യമായ ആവാസ സാഹചര്യങ്ങൾ എത്ര കരുതലോടെയാണ് പ്രകൃതി ഒരുക്കിയിരിക്കുന്നതെന്ന് ഈ പുസ്തകം പറയുന്നു. വേട്ടയാടപ്പെടാനും കൊന്നുമുടിക്കാനുമുള്ളവരല്ല ഇവരെന്നും വരും തലമുറകൾക്കായി ഈ വന്യജീവികളെയും അവരുടെ ആവാസ സാഹചര്യങ്ങളെയും ശ്രദ്ധാപൂർവം പരിരക്ഷിക്കേണ്ടതുമാണെന്നുള്ള വലിയ തിരിച്ചറിവ് നൽകുവാൻ കഴിയുമെന്നതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.

ആന, കാണ്ടാമൃഗം, ഏഷ്യൻ കാട്ടുകഴുതകൾ, കാട്ടുപോത്ത്, യാക്ക്, കാട്ടെരുമ, കാട്ടുകാള, കാട്ടു ചെമ്മരിയാട്, പുള്ളിമാൻ, സിംഹവാലൻ കുരങ്ങ്, പുള്ളിപ്പുലി, കടുവ, ചീറ്റ, കഴുതപ്പുലി, ചെമ്പൻകരടി, കുട്ടിത്തേവാങ്ക്, റെഡ് പാണ്ട, നച്ചെലി, നരിച്ചീ റുകൾ, തുടങ്ങി 120 ൽ അധികം സസ്തനികളാണ് ചിത്രങ്ങൾ സഹിതം ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

സസ്തനികളിൽ ആകാരവലുപ്പം കൊണ്ട് മുൻപന്തിയിൽ സ്ഥാനം പിടിച്ച ആനയെക്കുറിച്ചുള്ള ആദ്യ അധ്യായം തുടങ്ങുന്നത് ആനയുടെ മുൻഗാമികളുടെ ചരിത്രത്തോടെയാണ്. 

‘ദശലക്ഷം വർഷങ്ങൾക്കു മുൻപ് ഭൂമുഖത്തുണ്ടായിരുന്ന മാമത്തുകളാണ് ആനയുടെ ആദ്യ തലമുറക്കാരെന്നു കരുതുന്നു. ആരിലും അമ്പരപ്പുണ്ടാക്കുന്ന ഭീമാകാരവും വിചിത്ര രൂപ വൈകൃതങ്ങളും മാമത്തുകൾക്കുണ്ടായിരുന്നു. സൈബീരിയയിലെ  ഉരുകി മാറാത്ത മഞ്ഞുപാളികൾക്കിടയിൽ നിന്നു കണ്ടെടുത്ത മാമത്തുകളുടെ അജീർണങ്ങളായ ശവശരീരങ്ങളാണവയെക്കുറിച്ച് കൂടുതലറിയാൻ സഹായിയായത്.’ 

ആനപുരാണം ചരിത്രവഴികളിലൂടെ അവതരിപ്പിച്ച് ആനയുടെ മറ്റു സവിശേഷതകളിലേക്ക് കടക്കുകയാണ് ഗ്രന്ഥകർത്താവ്. ആനയുടെ ശാരീരിക പ്രത്യേകതകൾ ഇരതേടൽ രീതി, കുടുംബഗ്രൂപ്പുകൾ, ഉറക്കം, ഇണചേരൽ തുടങ്ങിയവയെല്ലാം വിവരിക്കുന്നു. 

ഓരോ മൃഗത്തെയും അവതരിപ്പിക്കുമ്പോൾ രസകരമായ എന്തെങ്കിലും ഉൾപ്പെടുത്താൻ ഗ്രന്ഥകർത്താവ് പ്രത്യേകം ശ്രദ്ധിക്കുന്നു. കാണ്ടാമൃഗത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം നോക്കാം.

‘മുൻ കാലങ്ങളിൽ കാണ്ടാമൃഗത്തെ കൊന്നൊടുക്കിയതിന് കയ്യും കണക്കുമില്ല. നാട്ടു ചികിത്സാ വിധിപ്രകാരം ഉത്തേജക ഔഷധമുണ്ടാക്കാൻ കാണ്ടാമൃഗങ്ങളുടെ കൊമ്പ് ധാരാളമായി ഉപയോഗിച്ചിരുന്നു. കൂടാതെ രക്ത മാംസങ്ങളെന്നു മാത്രമല്ല കാണ്ടാമൃഗത്തിന്റെ മൂത്രം പോലും ആഭിചാരകർമങ്ങൾക്ക് ഉപയോഗിച്ചിരുന്നു’ വായനയെ പിടിച്ചു നിർത്താൻ കഴിയുന്നവയാണ് ഇവയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമഗ്രമായ പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും കഠിന തപസ്യയുടെയും ഫലമായി പിറന്നതാണ് ഈ ഗ്രന്ഥമെന്ന് ഇവയിലൂടെ കടന്നു പോകുന്ന ആർക്കും മനസ്സിലാക്കുവാൻ കഴിയും. ഓരോ സസ്തനികളെയും അവതരിപ്പിക്കുമ്പോൾ കാതോർത്താൽ കാടിന്റെ സംഗീതം കൂടി കേൾക്കുവാൻ ഇടയാകുന്നുണ്ട് വനസംരക്ഷണത്തിന്റെയും വംശനാശം വരാതെ മൃഗങ്ങളെയും മറ്റു ജീവജാലങ്ങളെയും പരിരക്ഷിക്കേ ണ്ടതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന പുസ്തകം.