Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലത്തിനു ചിന്തേരിട്ട കവിതകൾ

പ്രവാസ ലോകത്തിന്റെ നെടുനാളത്തെ അനുഭവപരിചയങ്ങളിലൂടെ കരുത്താർജിച്ച് പൊള്ളുന്ന ഭൂതകാലത്തിന്റെ വഴികൾ താണ്ടി 

വർത്തമാനകാല യാഥാർഥ്യങ്ങളുടെ പൊരുൾ തിരിക്കുന്ന ഒരു കൂട്ടം കവിതകളുടെ സമാഹാരമാണ് ചിന്തേരിട്ട കാലം.

സ്നേഹ പ്രസരണിയായ അമ്മയുടെ വേർപാടിന്റെ ചിന്തകളെ മരണത്തിന്റെ സ്മരണികയിൽ കോറിയിട്ട് ഓർമകളുടെ വ്യത്യസ്തമായ ഒരു തലം തുറന്നു വയ്ക്കുന്നു “ചിന്തേരിട്ട കാലം” എന്ന കവിതയിലൂടെ. വർത്തമാനകാല പ്രസക്തി നഷ്ടപ്പെടാത്ത “മതിൽ” എന്ന കവിത

ബന്ധങ്ങളുടെ ജീവവായുവിന് അതിർ തീർക്കുന്നതിനെ കുറിച്ച് കവി വ്യാകുലനാകുകയാണ്. 

സയൻസിന്റെ വളർച്ചയാണ് ആധുനിക ലോകത്തിന്റെ വളർച്ചയും തളർച്ചയും എന്നു പറഞ്ഞു വയ്ക്കുന്ന “കീറിയെടുക്കപ്പെട്ട ആകാശം കവിത” മനുഷ്യന്റെ ദുരയെ ഓർമിപ്പിക്കുന്നുണ്ട് .

പ്രതീക്ഷകളുടെ കച്ചി തുരുത്തിൽ ഉരു കയറി പ്രവാസ ലോകത്തേക്ക് പറിച്ചു നടപ്പെട്ടവൻ യാതനകളും വേദനകളും പിന്നിട്ട് സ്വപ്നങ്ങളുടെ പറുദീസയിലേക്ക് പറന്നുയരാൻ കൊതിക്കുമ്പോൾ ചിറകു കരിഞ്ഞ് ഒറ്റപെടുന്നവന്റെ വേദന കവി ഈ സമാഹാരത്തിൽ പങ്കു വയ്ക്കുന്നു.

പൊള്ളുന്ന ചൂടിൽ വിയർപ്പിന്റെ ഉപ്പുകണങ്ങൾ പറ്റിപ്പിടിച്ച് സൂര്യൻ വെട്ടി തിളങ്ങുന്ന കഷണ്ടി തലയുമായി ചിന്തകളുടെ കനം തൂങ്ങി മൂട്ടയുടെയും മുഷിഞ്ഞ വസ്ത്രങ്ങളുടെയും ഇടയിൽ കഴിഞ്ഞു കൂടുന്ന തൊഴിലാളികളുടെ ഗന്ധം പരക്കുന്ന ക്യാമ്പ് സ്മരണകളും തന്മയത്വമായി ഇവിടെ കോറിയിട്ടിരിക്കുന്നു.   

ഭൂമിയോട് ചേർന്നു നിന്ന മനുഷ്യൻ ഭൂമിയെ പരീക്ഷിക്കുന്ന അവസ്ഥയെ ചൂണ്ടി കാണിക്കുന്നു “കള വീടുകൾ” എന്ന കവിത. പച്ചപ്പ് നിറഞ്ഞ വയലേലകൾ ഇന്ന് കോൺക്രീറ്റ് സൗധങ്ങൾക്കു വഴിമാറി കഴിഞ്ഞപ്പോൾ അവ പ്രകൃതിയുടെ ശവകുടീരങ്ങളായി മാറുന്ന ദയനീയത, ഒഴിഞ്ഞ കൂടുകളിൽ ബന്ധങ്ങൾ പോലും വായു കടക്കാനാകാത്തവിധം ആവാസവ്യവസ്ഥയെ ചൂഷണം ചെയ്ത മനുഷ്യന്റെ 

വിരുദ്ധത ഒക്കെ കവി ചൂണ്ടി കാട്ടുന്നു.

മഴ നനഞ്ഞും മണ്ണിൽ കളിച്ചും ബാല്യം ചെലവിട്ട കാലത്തിൽ നിന്നും ഇന്നിന്റെ ബാല്യം മാറിയതിന്റെ വിഷമാവസ്ഥ പങ്കു വയ്ക്കുന്നുണ്ട് “ഉണ്ണിക്കുട്ടന്റെ യാത്ര” എന്ന കവിത.

ഭൂതകാലത്തിന്റെ നനുത്ത ഓർമകളിൽ വ്യാപാരിക്കുമ്പോൾ വർത്തമാനകാലത്തിന്റെ വിഷസർപ്പങ്ങൾ കൊത്തി വലിക്കുന്ന ഭീകരത നമ്മെ എവിടേയ്ക്കു നയിക്കും എന്നു ചിന്തിപ്പിക്കുന്നു “ഭൂതവർത്തമാനങ്ങളുടെ ഭാവി” എന്ന കവിത.

പ്രണയത്തിന്റെ സൗകുമാര്യം വിട്ടൊഴിഞ്ഞ കാലത്തിന്റെ അസ്ഥിപഞ്ജരം സൈബർ കഫേയിൽ തൂങ്ങി ആടുകയാണ് എന്ന ദുഃഖം “പ്രണയത്തിന്റെ ആകാശം” എന്ന കവിതയിലൂടെ വെളിവാക്കുന്നു. ജീവിതം ആർഭാടങ്ങളുടെയും പൊങ്ങച്ചങ്ങളുടെയും പുറകെ പരക്കം പായുമ്പോൾ ജീവിതത്തിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയും എങ്ങനെയാണ് ജീവിതം കരുപിടിപ്പിക്കുന്നത് എന്നറിയാതെ പകച്ചു നിൽക്കുന്നവർക്കിടയിൽ കാലം വേഗത്തിൽ മറയുകയാണ് എന്ന് കവി സമർഥിക്കുകയാണ്‌ ചില കവിതകളിൽ. 

അധ്വാന ഭാരം മുഴുവൻ തലയിൽ വഹിച്ചിട്ടും എങ്ങും എത്താതെ തളർന്നു പോകുന്ന പ്രവാസിയുടെ ദുഃഖം “അദ്ധ്വാനം” എന്ന കവിതയിൽ പ്രതിഫലിക്കുന്നു.

ഗ്രാമീണതയുടെ വിശുദ്ധി നഷ്ടപെട്ട് നാഗരികതയുടെ പരിഷ്‌കൃത രൂപം നമ്മുടെ ഭാഷയെയും സംസ്കാരത്തെയും ഒക്കെ ശിഥിലമാക്കിയതിനെയും പ്രകൃതിയുടെ സ്നേഹ വായ്പുകൾ അറിയാതെ നാടിന്റെ അകമറിയാതെ പുസ്തക കെട്ടുകൾക്കിടയിൽ തലതാഴ്ത്തി ദിനരാത്രങ്ങൾ കഴിയാൻ വിധിക്കപെട്ട കുട്ടികളെ ചൂണ്ടി കാട്ടുന്ന “പാഥേയം”  വായിച്ചു കഴിയുമ്പോൾ നാം വഹിക്കുന്ന അന്ധതയുടെ ഭാരം എത്രമേൽ ഉണ്ട് എന്നു തോന്നി പോകും.

“ഇരുൾപ്പെരുമഴയിൽ മറയും 

കാലകാഴ്ചയിതൊരു സന്ധിയോ 

വന്ധ്യമാം പാഴ്മരപ്പൂവിന്നുടലോ

കർപ്പൂരദീപങ്ങളണയുന്ന 

മനസ്സിന്റെ ധൂമാന്ധകാരമോ 

നിലാവസ്തമിച്ച മാനസാകാശം 

താരകപന്തലിൻ മൂഢഗർഭം” 

ഭൂതകാലത്തിന്റെ ഓർമകളും വർത്തമാനകാലത്തിന്റെ വ്യഥകളും ഭാവി കാലത്തിന്റെ ആകുലതകളും ആവിഷ്ക്കരിച്ച ചിന്തേരിട്ട കാലം എന്ന കവിതാ സമാഹാരം കവി  സ്വയം ആർജ്ജിച്ച അനുഭവ വൈവിധ്യത്തിന്റെ ആഴത്തിലുള്ള സഞ്ചാരമാണ് .അത് സാമൂഹിക കണ്ണാടിയായി തെളിയുന്നുമുണ്ട്.കാലത്തിനു ചിന്തേരിട്ട കവിതകൾ