Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമിയിൽ മുളയ്ക്കുന്ന വിത്തുകൾ

മരുഭൂമിയെന്നു കേൾക്കുമ്പോൾ ശൂന്യതയുടെ അനുഭവമാണു മനസ്സിൽ വരിക. എന്നാൽ, ഈ ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു. മരുഭൂമിയിലെ സ‍ഞ്ചാരിക്കു ലഭിക്കുന്ന ജ്ഞാനമാണത്. അതുവരെ ശൂന്യതയിൽ മറഞ്ഞിരുന്ന മറ്റൊരു ലോകം സ‍ഞ്ചാരിക്കു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നു. മരുഭൂമിയുടെ ശൂന്യതയിലേക്കു വിളിച്ച് അതിന്റെ നിറവിലേക്കു നമ്മെ കൂട്ടികൊണ്ടുപോകുന്നു വി. മുസഫർ അഹമ്മദ് അറേബ്യയിലെ മരൂഭൂദേശങ്ങളിൽ നടത്തിയ യാത്രകൾ. ഈ യാത്രയെഴുത്തു മലയാളത്തിലിറങ്ങിയ മറ്റേതു പ്രവാസരചനയെക്കാളും തീവ്രവും സത്യസന്ധവുമാണ്. നിലാവിൽ വെട്ടിത്തിളങ്ങുന്ന മരുഭൂമി പോലെ, വിസ്മയവും ആനന്ദവും പകരുന്ന വായനയാണത്. മരുഭൂമിയിലെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ ആവിഷ്കാരവും. അതുകൊണ്ടുതന്നെ ഈ ഇംഗ്ലിഷ് പരിഭാഷ വലിയ ആഹ്ളാദവും ഉൽസാഹവും നൽകുന്നു. 

പലരും കരുതും പോലെ മരുഭൂമി ജീവജാലങ്ങളില്ലാത്ത, മനുഷ്യവാസമില്ലാത്ത, സസ്യജാലങ്ങളില്ലാത്ത, ജലപ്രവാഹമില്ലാത്ത ഒരിടമല്ല. മരുഭൂമിയുടെ സവിശേഷമായ ആവാസ വ്യവസ്ഥയിൽ ഇതെല്ലാമുണ്ട്. അവിടെ മനുഷ്യർ പാർക്കുന്നുണ്ട്. അവർക്കു കൂട്ടായി ജന്തുക്കളുണ്ട്. അപൂർവസസ്യജാലങ്ങളും നീറുറവകളുമുണ്ട്. അവിടെ മുയലുകളും കുറുക്കൻമാരും കുറുനരികളുമുണ്ട്. മണലിനടിയിൽ മറഞ്ഞുകിടക്കുന്ന വിഷപ്പാമ്പുകളും തേളുകളുമുണ്ട്. അവിടെ മഴ പെയ്യാറുണ്ട്. അവിടെ ചെറുതടാകങ്ങൾ പരിപാലിക്കപ്പെടുന്നു. 

ഒറ്റയ്ക്ക് നിങ്ങൾക്ക് മരുഭൂമിയിൽ സഞ്ചരിക്കാനാവില്ല. വഴികാട്ടി വേണം.  മരുഭൂമിയുടെ നിയമങ്ങളും സ്വഭാവങ്ങളുമറിയുന്ന തദ്ദേശവാസികളുടെ സഹായം വേണം. അറേബ്യയുടെ മരുഭൂമികളിലെ നാടോടി സമൂഹമായ ബദുക്കളാണു പ്രധാന സഹായികൾ.

മരുഭൂമിയോടു ചേർന്ന കൃഷിഭൂമിയിലിറങ്ങിയ പെരുമ്പാമ്പ് ഒരു മനുഷ്യനെ വിഴുങ്ങുകയും മൂന്നുദിവസത്തിനുശേഷം അതിന്റെ വയറു കീറി നേപ്പാളിയായ തൊഴിലാളിയെ പുറത്തെടുക്കുകയും ചെയ്യുന്ന രംഗം മുസഫർ  വിവരിക്കുന്നതു ഉൾക്കിടിലത്തോടെ വായിക്കാം. ആ വിവരണത്തിൽ മരുഭൂമിയുടെ അസാധാരണമായ പ്രകൃതിയും അന്തരീഷവും ജീവിതരീതികളുമെല്ലാം വായനക്കാരൻ കൺമുന്നിൽ

കാണും. പാമ്പിന്റെ വയറു കീറുമ്പോൾ ഒരു കേടുപാടുമില്ലാതെ, ശാന്തമായി ഉറങ്ങുന്നമട്ടിലാണ് ആ മനുഷ്യശരീരം പുറത്തേക്കു വരുന്നത്. 

മരുഭൂമിയിലെ രാത്രിയുടെ വിവരണങ്ങളാണു മറ്റൊരു ആകർഷണം. ഉത്തര സൗദി അറേബ്യയിലെ മരൂഭൂമിയിലെ കൂടാരങ്ങളിലൊന്നിൽ ഒരു നിലാവുള്ള രാത്രി ചെലവഴിച്ചതിന്റെ ഓർമകൾ. നിലാവിൽ മിന്നുന്ന മണൽത്തരികൾ. മണലാരണ്യം ഒരു കടൽപോലെ ഇളകുന്നതായി തോന്നും. മരുഭൂമിയിലെ രാത്രി പോലെ, അസ്തമയവും വേറിട്ട മനോഹാരിതയാണു പകരുന്നത്. റിയാദിൽനിന്ന് ദമാമിലേക്ക് മരുഭൂമിയിലൂടെ നടത്തിയ ട്രെയിൻ യാത്രയിലെ അസാധാരണമായ അനുഭവവും ലേഖകൻ വിവരിക്കുന്നു. 

മരുഭൂമിയില്‍ മാത്രം വളരുന്ന സസ്യങ്ങളുടെ വിശേഷങ്ങൾ മുസഫർ ദീർഘമായി വിവരിക്കുന്നുണ്ട്. ഇത്തിരി വെള്ളം തൊട്ടുനനച്ചാലുടൻ മരമായി വളരുന്ന വിത്തുകൾ. മനുഷ്യരെപ്പോലെ സസ്യങ്ങൾക്കും വികാരങ്ങളുണ്ടെന്ന് ഒരു ബദു വയോധികൻ സഞ്ചാരിയോടു പറയുന്നുണ്ട്.

മരുഭൂമിയിലെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള വിവരണം നമ്മെ അദ്ഭുതപ്പെടുത്തും. മനുഷ്യനിർമിതമായ ചെറുജലാശയങ്ങളും ഇതിൽ ഉൾപ്പെടും. ഒഴുകുന്ന ജലത്തിന്റെ മായക്കാഴ്ചയായ മിറാഷ് എന്ന അനുഭവവും മുസഫിർ വിവരിക്കുന്നുണ്ട്. ആകാശം തെളിഞ്ഞിരിക്കുമ്പോൾ ഈ മായക്കാഴ്ച ശക്തമായിരിക്കും.  ഒരിക്കൽ ജലസമൃദ്ധമായിരുന്നിടമാണല്ലോ പിന്നീടു മരുഭൂമിയായത്. അതുകൊണ്ട് എല്ലാ മിറാഷും മരുഭൂമിയുടെ മാന്ത്രികവിദ്യയാണെന്നാണു പറയുക– ജലത്തിന്റെ ഭൂതകാലം . 

മരുഭൂമിയിൽ അടയാളങ്ങളും സൂചനകളും പ്രധാനമാണ്. ഒട്ടകത്തിന്റെ കുളമ്പിന്റെ പാടുകൾ, ചില ഗന്ധങ്ങൾ, പാമ്പിൻ ഉറകൾ തുടങ്ങിയ ജീവസാന്നിധ്യം കാട്ടുന്ന പലതരം അടയാളങ്ങളാണു വഴികാട്ടുന്നത്. ചിലർ ഈ അടയാളങ്ങളെ തെറ്റായി വായിക്കുകയും മരുഭൂമിയിൽ ഒടുങ്ങിപ്പോകുകയും ചെയ്യും. ചില കാലടിപ്പാടുകൾ ദീർഘകാലത്തേക്കു ഫോസിലുകൾ പോലെ മരുഭൂമിയിൽ അവശേഷിക്കും, മറ്റു ചിലത് ഉണ്ടാകുമ്പോഴേക്കും മാഞ്ഞുപോകും.  മരുഭൂമിയിലെ ഗതകാല ചരിത്രത്തിന്റെ ശേഷിപ്പുകളും ഒട്ടേറെയുണ്ട്. ചരിത്രാവശിഷ്ടങ്ങൾ നിറഞ്ഞ അത്തരം ദേശങ്ങളിലേക്കും സഞ്ചാരി എത്തുന്നു. 

പുസ്തകത്തിലെ ഫോട്ടോഗ്രാഫുകൾ പ്രത്യേകം പറയണം. അവ എഴുത്തിനെ പൂർണമാക്കാൻ ശ്രമിക്കുന്നവയാണ്. മുഹമ്മദ് നൗഫൽ എടുത്ത മരുഭൂമിയിലെ ഇലകളില്ലാത്ത മരത്തിലെ കഴുകന്റെ കൂടാണ് എപ്പോഴും ഓർക്കാറുള്ള ഒരു പടം. മറ്റൊന്ന്, ഒരു ഒട്ടകത്തിന്റെ ജഡാവശിഷ്ടം. 

13 വർഷത്തെ സൗദി ജീവിതകാലത്ത് അറേബ്യയിലെ മരുഭൂമികളിൽ നടത്തിയ സ‍ഞ്ചാരങ്ങളാണ് മുസഫർ അഹമ്മദ് എഴുതിയത്. അവ വാരികകളിൽ അച്ചടിച്ചുവന്ന കാലത്തു വായനക്കാരെ ആഴത്തിൽ സ്പർശിച്ചിരുന്നു. പിന്നീട് അവ പുസ്തകമായി 2010 ൽ ഇറങ്ങിയപ്പോൾ മികച്ച യാത്രാഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. മലയാളത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ക്യാമൽസ് ഇൻ ദ് സ്കൈ എന്ന പേരിൽ ഇംഗ്ലിഷിലാക്കിയത് പി.ജെ. മാത്യുവാണ്. മുസഫറിന്റെ ഭാഷയുടെ ലാളിത്യവും വികാരപരതയും ഇംഗ്ലിഷ് വിവർത്തനത്തിലും നഷ്ടമായിട്ടില്ല.