Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി അഥവാ പി.ആർ.ആകാശ്

Njan-Prakashan സത്യൻ അന്തിക്കാട്, ഫഹദ് ഫാസിൽ, ശ്രീനിവാസൻ

ഒരേ റൂട്ടിലോടുന്ന ബസ് എന്നാണ് സത്യൻ അന്തിക്കാടിന്റെ സിനിമകളെക്കുറിച്ചു ദേശീയ അവാർഡ് ലഭിച്ച നടൻ മുൻപൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞത്. ബസ് എവിടെ നിന്നു യാത്ര തുടങ്ങും, എവിടെയെല്ലാം നിർത്തും, ആരെല്ലാം കയറും എന്നൊക്കെ കൃത്യമായി പറയാൻ പറ്റുന്നതുപോലെയായിരിക്കും അന്തിക്കാട് സിനിമയെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാലും സത്യൻ അന്തിക്കാടിന്റെ സിനിമ വരുമ്പോൾ മലയാളി തിയറ്ററിലെത്തും. അത് ആ പേരിലുള്ള വിശ്വാസമാണ്. ഇടയ്ക്കൊക്കെ ആ പേരിലെ വിശ്വാസം തെറ്റിയിട്ടുണ്ടെങ്കിലും ഇക്കുറി ‘ഞാൻ പ്രകാശൻ’ എന്ന സിനിമയിൽ അദ്ദേഹം ആ  പേരിലെ വിശ്വസ്യത കാത്തു. പി.ആർ ആകാശിന്റെ കഥ കുറേയേറെ കാര്യവും പ്രേഷകരുമായി പങ്കുവയ്ക്കുന്നു.

ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്തുകൊണ്ട് മലയാളികൾ ഇഷ്ടപ്പെട്ടുവെന്നു ചോദിക്കുമ്പോൾ സ്വയം വിമർശനത്തിന് അയാൾ തയാറായി എന്നാണുത്തരം ലഭിക്കുക. തിരക്കഥാകൃത്ത് ശ്രീനിവാസനും സത്യൻ അന്തിക്കാടും പുതിയ ചിത്രത്തിനായി ഒന്നിച്ചിരുന്നപ്പോൾ കുറേദിവസം കഥയൊന്നും ലഭിച്ചിരുന്നില്ല. അപ്പോഴാണു മലയാളിയുടെ ജീവിതത്തെ വിമർശനാത്മകമായി സമീപിക്കാൻ ശ്രീനിവാസൻ തയാറായത്. വൈരുധ്യങ്ങളുടെ കലവറയാണല്ലോ മലയാളിജീവിതം. അപ്പോൾ പിന്നെ ഒരു സിനിമയ്ക്കല്ല ഒട്ടേറെയെണ്ണത്തിനുള്ള കഥാപരിസരം ലഭിക്കും. അങ്ങനെയാണ് പ്രകാശൻ എന്ന പി.ആർ.ആകാശിന്റെ ജീവിതത്തെ ശ്രീനിവാസൻ ഫഹദിലൂടെ നമുക്കിടയിലേക്കു കൊണ്ടുവരുന്നത്.

സ്വയം പരിഹസിക്കുക എന്നത് ശ്രീനിവാസന്റെ ഒരു രീതിയാണ്. സ്വന്തം കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം അതു കൂടുതലായും ചെയ്യാറുള്ളത്. എന്നാൽ ഇക്കുറി സ്വയം പരിഹസിക്കുന്നത് മറ്റൊരാളുടെ കഥ പറഞ്ഞുകൊണ്ടാണ്. മധ്യവർത്തി മലയാളിയുടെ ജീവിതത്തെയാണ് ശ്രീനിവാസൻ പല മുൻ സിനിമകളിലൂടെയും പരിഹസിച്ചിരുന്നത്. തലയണമന്ത്രം, സന്ദേശം, ഉദയനാണു താരം എന്നീ ചിത്രങ്ങളിലൊക്കെ ഈ വിമർശനം വലിയതോതിൽ നാം കണ്ടതാണ്.

സംസ്കാര ശൂന്യരായ അച്ഛനമ്മമാർ ഇട്ട പ്രകാശൻ എന്ന പേര് ഗസറ്റിൽ വിജ്ഞാപനം ചെയ്ത് പി.ആർ.ആകാശ് എന്നാക്കിയതു തന്നെ മലയാളിക്കുള്ള വലിയൊരു കൊട്ടാണ്. അച്ഛനമ്മമാർ ഇട്ട പേരിനൊരു ശക്തി കുറവു തോന്നി, ജാതിപ്പേരോ ഭർത്താവിന്റെ പേരോ ഇട്ടു ബലപ്പെടുത്തുന്ന പ്രക്രിയ അടുത്തിടെ കൂടിവന്നിരിക്കുകയാണ്. സ്വന്തം പേരിനൊപ്പം ജാതിപ്പേരു ചേ‍ർത്ത്, അടുത്ത തലമുറയ്ക്ക് അതിലും മുന്തിയ ജാതിപ്പേരു ചേർക്കുന്നതാണ് പുതിയ ട്രൻഡ്. അകാശിന്റെ മറ്റൊരു പതിപ്പാണ് അതെല്ലാം. അസൂയയും കുശുമ്പും കുന്നായ്മയുമെല്ലാം എല്ലാ മലയാളിയുടെ മുഖത്തും എഴുതിവച്ചിട്ടുണ്ടല്ലോ. സുഹൃത്തിനൊപ്പം പെണ്ണുകാണാൻ പോയാൽ ആ പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതും മലയാളി മാത്രമായിരിക്കും. പി.ആർ.ആകാശും അങ്ങനെ ആഗ്രഹിക്കുന്നുണ്ട്, അവളെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുമുണ്ട്. 

സദ്യ മോശം

പടയ്ക്കു പിൻപേ, പന്തിക്കു മുൻപേ എന്നതാണല്ലോ നമ്മുടെയൊരു രീതി. തിക്കിത്തിരക്കി പന്തിക്കു മുൻപിലെത്തി, മൂക്കറ്റം കഴിച്ച ശേഷമാണ് മലയാളികൾ തനിസ്വരൂപം പുറത്തെടുക്കുക. എന്തെങ്കിലുമൊരു കുറ്റം കണ്ടെത്തിയില്ലെങ്കിൽ അവനു സമാധാനമുണ്ടാകില്ല. കല്യാണപ്പെണ്ണിന്റെ മുത്തശ്ശിക്കു കാണാൻ ചൊറുക്കില്ല എന്നെങ്കിലും കണ്ടുപിടിച്ച ശേഷമേ അയാൾ അവിടെ നിന്നു മടങ്ങുകയുള്ളൂ.

മെഡിസിനു പഠിക്കാൻ ആഗ്രഹിച്ച്, നഴ്സിങ്ങ് പഠനം പൂർത്തിയാക്കി ജോലിക്കൊന്നും പോകാതെയിരിക്കുന്ന പി.ആർ.ആകാശ് മലയാളിയുടെ മറ്റൊരു മുഖമാണ്. വിദേശത്ത് എന്തു ജോലിയും ചെയ്യാൻ മടിക്കാത്ത അയാൾ സ്വന്തം നാട്ടിൽ ലഭിക്കുന്ന മാന്യമായ തൊഴിൽ പോലും സ്വീകരിക്കാൻ ഇഷ്ടപ്പെടില്ല. അറബിയുടെ ശുചിമുറി കഴുകാൻ മടിക്കാത്ത അയാൾക്ക് ഇവിടെ വിയർപ്പിന്റെ അസുഖമാണ്. നാട്ടിൽ വൈറ്റ് കോളർ ജോലിയില്ലെങ്കിൽ വെറുതിയിരിക്കാൻ ഒരുമടിയുമില്ല. 

യഥാർഥ പ്രണയമുണ്ടായിരുന്നു മലയാളിക്ക് മുൻപൊക്കെ. എന്നാൽ ഇന്ന് പ്രണയമൊക്കെ വെറും തട്ടിപ്പാണ്. സ്വന്തം ഉയർച്ചയ്ക്കും സമ്പത്തിലേക്കുള്ള പ്രയാണത്തിനുമുള്ള ഏണിയാണ് അയാൾക്കിന്ന് പ്രണയം. പ്രേമം എന്ന ഉള്ളിൽ നിന്നുപുറപ്പെടുന്ന വാക്കിൽ നിന്നു പ്രണയമെന്ന മേക്കപ്പ് ചെയ്ത വാക്കിലേക്കു മാറിയപ്പോൾ തന്നെ മലയാളിയുടെ മനസ്സ് കളങ്കപ്പെട്ടു. ആ കളങ്കമാണ് പി.ആർ.ആകാശ് ജർമനിയിലേക്കു പോകാൻ വേണ്ടി അഭിനയിക്കുന്ന പ്രണയാഭിനയത്തിലൂടെ കാട്ടിത്തരുന്നത്. 

അധ്വാനിക്കാതെ, മറ്റുള്ളവരെ പറ്റിച്ചിട്ടായാലും കാപ്പണം ഉണ്ടാക്കുക എന്നതാണ് ആകാശുമാരുടെ മറ്റൊരു കാഴ്ചപ്പാട്. അതിനുവേണ്ടി രാജ്യത്തെ സേവിക്കാനും അവർക്കു മടിയില്ല. അലക്കിത്തേച്ച വസ്ത്രം ചുളിയാതെ, എസി കാറിൽ നിന്നും എസി ഹോട്ടലുകളിൽനിന്നും പുറത്തിറങ്ങാതെ ജനങ്ങളെ സേവിച്ചുനോക്കാൻ ആകാശും ഇറങ്ങിത്തിരിക്കുന്നുണ്ട്. പക്ഷേ, ഇപ്പോൾ തന്നെ കാക്കത്തൊള്ളായിരം ജനസേവകരുള്ളതിനാൽ അയാൾക്ക് തൽക്കാലം അവസരം ലഭിക്കുന്നില്ല.

ബഹിരാകാശന്മാർ

‘‘നീ ആകാശല്ല, ബഹിരാകാശ് ആണെന്ന്’ ഗോപാൽജി (ശ്രീനിവാസൻ) പി.ആർ.ആകാശിനോടു പറയുന്നുണ്ട്. ബഹിരാകാശത്ത് കൃഷിയിറക്കാനുള്ള മലയാളിയുടെ മിടുക്കിനെയാണ് ഗോപാൽജി ഇവിടെ പരിഹസിക്കുന്നത്. മലയാളിയുടെ ഒട്ടേറെ വൈരുധ്യങ്ങളെ ഇവിടെ പരിഹസിക്കപ്പെടുന്നുണ്ട്. ‘പുഞ്ചവയൽ കൊയ്യാൻ പോണവളേ’ എന്നു ഞാറ്റിപ്പാട്ടു കേട്ടിരുന്ന കേരളത്തിലിപ്പോൾ കേൾക്കുന്നത് ബംഗാളികളുടെ ഞാറ്റിപ്പാട്ടാണ്. ഇവിടുത്തെ അവശേഷിക്കുന്ന വലയേലകൾ പിടിച്ചുനിൽക്കുന്നത് ബംഗാളികൾ അധ്വാനിക്കാൻ തയാറാകുന്നതുകൊണ്ടാണ്. ഇതരസംസ്ഥാനക്കാർ എന്ന പേരുപറഞ്ഞ് നാം അരികിലേക്കു മാറ്റിനിർത്തുന്നവരാണ് ഇപ്പോൾ നമ്മുടെ സംസ്കാര സംരക്ഷകർ. ആ യാഥാർഥ്യവും ശ്രീനിവാസൻ നമ്മെ കാട്ടിത്തരുന്നുണ്ട്.

പക്ഷേ, എല്ലാ കുറുക്കുവേലകൾക്കുമൊടുവിൽ മലയാളിക്ക് ആകാശത്തുനിന്നു ഭൂമിയിലേക്കിറങ്ങേണ്ടിവരുമെന്ന സത്യവും ഞാൻ പ്രകാശൻ അടിവരയിട്ടു പറയുന്നു. കാപട്യങ്ങളും ഇരട്ടത്താപ്പുമൊന്നുമായി അധികകാലം മുന്നോട്ടുപോകാൻ കഴിയില്ലലോ. അക്കാര്യം നമ്മെ ഓർമിപ്പിക്കാൻ പി.ആർ.ആകാശിനു സാധിച്ചു.

സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഒട്ടുമിക്ക സിനിമയും ഇതുപോലെ മലയാളിയെ പരിഹസിക്കുന്നതും വിമർശിക്കുന്നതുമാണ്. മലയാള സിനിമ വർത്തമാനകാല സമൂഹത്തിൽ നിന്ന് ഒളിച്ചോടുമ്പോൾ സത്യൻ–ശ്രീനി കൂട്ടുകെട്ട് വീണ്ടുമെത്തും. ഇതാണ് മലയാളി, ഇത്ര കാപട്യം നിറഞ്ഞതാണ് അവന്റെ ജീവിതം എന്നു തുറന്നുകാട്ടാൻ. നമ്മിലെ ഓരോരുത്തരിലെയും ആകാശുമാരെയാണ് സത്യനും ശ്രീനിയും സ്ക്രീനിൽ കുടഞ്ഞിടുന്നത്.